Tuesday 22 February 2022 02:02 PM IST : By സ്വന്തം ലേഖകൻ

ഉണക്കിയ അത്തിപ്പഴം, പാൽക്കട്ടി, മുള്ളുള്ള മീനുകൾ: കാത്സ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

dewr34543

വല്ലാത്ത ക്ഷീണം, പതിവില്ലാത്ത നടുവേദന, മുടി കൊഴിച്ചിലാണേൽ പറയേം വേണ്ട". ഇത്തരം പ രാതികളുമായെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു. കാത്സ്യം ആവശ്യത്തിനുള്ള അളവിൽ ശരീരത്തിലില്ല എന്നതാണ് പലരിലും ഈ ബുദ്ധിമുട്ടിന് കാരണം. ഇവ കൂടാതെ ആശയക്കുഴപ്പം, ഓർമക്കുറവ്,മാംസപേശികളുടെ വലിച്ചിൽ, കൈകളിലും കാലുകളിലും മുഖത്തും പെരുപ്പും തുടിക്കുന്ന പോലുള്ള തോന്നലും, ഉൻമേഷക്കുറവ്, ഇല്ലാത്തവ ഉണ്ടെന്ന് തോന്നുക,പേശികൾ കോച്ചിവലിക്കുക, നഖങ്ങളുടെ ബലം കുറയുകയും പൊട്ടിപ്പോകുകയും ചെയ്യുക, അസ്ഥികൾ ഒടിയുവാൻ കൂടുതൽ സാധ്യത എന്നിവയാണ് കാത്സ്യം കുറയുന്നത് കാരണമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾ.

ആവശ്യമായ കാത്സ്യത്തിന്റെ നാലിൽ മൂന്ന് ഭാഗവും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്നുണ്ട്. എ ന്നാൽ കാത്സ്യവും ഫോസ്ഫറസും ശരീരത്തിൽ ശരിയായി ആഗീരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി ആവശ്യമാണ്. വൈറ്റമിൻ ഡി ശരിയായി പ്രവർത്തിക്കാത്തവരിൽ സൂര്യപ്രകാശമേൽക്കുന്നത് കൊണ്ട് മാത്രം ശരിയായ അളവിൽ കാത്സ്യം ഉണ്ടായിരിക്കണമെന്നില്ല. അതിൽ തന്നെ കോളീകാൽസിഫെറോൽ എന്ന വൈറ്റമിൻ ഡി 3 ആണ് പ്രധാനമായി കാത്സ്യം ആഗിരണത്തിനെ സഹായിക്കുന്നത്. എന്നാൽ പ്രകൃതിദത്തമായി ഇവ കാണുന്നത് മത്സ്യം, മീനെണ്ണ, മുട്ടയുടെ മഞ്ഞ തുടങ്ങിയ നോൺവെജ് ആയിട്ടുള്ള ആഹാരവസ്തുക്കളിലാണ്.

കഴിക്കേണ്ടുന്ന ഭക്ഷണം

പാൽ, പാൽക്കട്ടി, യോഗർട്ട്, ബീൻസ്, ബദാം, കടൽ വിഭവങ്ങൾ, പച്ചനിറമുള്ള ഇലക്കറികൾ, പയറുവർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, എള്ള്, ചണവിത്ത്, മത്തി, കോര തുടങ്ങിയ മീനുകൾ, ഉണക്കിയ അത്തിപ്പഴം, പശുവിന്റേയും ആടിന്റേയും പാൽ തുടങ്ങിയവ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ്. ഇവിടെ പറഞ്ഞ മത്സ്യങ്ങൾ മുള്ളുകളുൾപ്പെടെ ചവച്ച് കഴിക്കുന്നതാണ് ഉത്തമം. കൊഞ്ച്, ഞണ്ട്, ചുണ്ണാമ്പ് വാള, കക്ക, നെത്തോലി, കാരൽ തുടങ്ങിയ മീനുകളും നല്ലതാണ്.

ഉണക്കിയ പഴങ്ങളിൽ കാത്സ്യം അടങ്ങിയിട്ടുണ്ടെങ്കിലും അത്തിപ്പഴം (Fig) തന്നെയാണ് ശ്രേഷ്ഠം. പാലിലും പാലുല്പന്നങ്ങളിലും അടങ്ങിയിട്ടുള്ള കാത്സ്യം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുവാൻ സാധിക്കുമെന്നതിനാൽ പശു, ആട് എന്നിവയുടെ പാലിന് പ്രാധാന്യമേറും. സസ്യഭുക്കുകളായവർ പാൽക്കട്ടി (Cheese) ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

ഒരു ദിവസത്തേക്ക് ആവശ്യമായ കാത്സ്യത്തിന്റെ അളവ് കണക്കാക്കി കാത്സ്യം കൂടുതലുള്ള ഭക്ഷണം പലതവണകളായി കഴിക്കുക. ഒരു
ദിവസത്തേക്ക് ആവശ്യമായ കാത്സ്യം ഒറ്റത്തവണയായി ശരീരത്തിന് ലഭിക്കേണ്ട യാതൊരു
ആവശ്യവുമില്ലെന്ന് മാത്രമല്ല അത് ദോഷകരവുമാണ്.

ഒഴിവാക്കേണ്ടത്

കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുറയ്ക്കണം. പഞ്ചസാര കാത്സ്യത്തിന്റെ ആഗിരണം കുറയ്ക്കും.

ചുരുക്കത്തിൽ സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തവർ പകരമായി ആവശ്യമായ അളവിൽ പ്രകൃതിദത്ത കാത്സ്യമടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തേണ്ടിവരും. പ്രായം കൊണ്ടും പലവിധ അസുഖങ്ങൾ കാരണവും അതത്ര എളുപ്പമാകണമെന്നില്ല. കാത്സ്യം അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കുവാൻ ദഹനശേഷിയും അനുവദിക്കണമെന്നില്ല. അപ്പോൾ പിന്നെ പരിഹാരമെന്നോണം കാത്സ്യം സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം.

ഡോ. ഷർമദ്ഖാൻ

സീനിയർ മെഡിക്കൽ ഒാഫിസർ

ഗവ. ആയുർവേദ ഡിസ്പെൻസറി

നേമം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips