Monday 10 October 2022 03:36 PM IST

അമിതകാലറി കാൻസർ വരുത്തുമോ? കൊഴുപ്പിനെ പേടിക്കണോ? വിദഗ്ധ അഭിപ്രായം അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

cancerandfood22

നമ്മുടെ നാട്ടിൽ ഏതാണ്ട് 5–7 ശതമാനം കാൻസറുകൾക്കും പിന്നിൽ തെറ്റായ ഭക്ഷണരീതിയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഭക്ഷണക്രമത്തിലെ തകരാറുകളാണ് 20 ശതമാനം കാൻസറുകളും ഉണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണവും കാൻസറും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറെ ഊഹാപോഹങ്ങളുണ്ട്. പണ്ട് 50 ശതമാനം കാൻസറിന്റെയും കാരണം പുകവലിയായിരുന്നു. ഇപ്പോൾ കാൻസർ കാരണങ്ങളെ ഒരു പൈ ചാർട്ടിൽ രേഖപ്പെടുത്തിയാൽ അതിൽ മൂന്നിലൊരു കാരണം ഭക്ഷണക്രമമാണ്. മൂന്നിലൊന്ന് പാരിസ്ഥിതിക കാരണങ്ങളും. അതായത് ഭക്ഷണമെന്ന ഘടകത്തിന്റെ സ്വാധീനം പെട്ടെന്നു കൂടി. ഏതെങ്കിലും പ്രത്യേക ഭക്ഷണത്തിന്റെ സ്വാധീനമാണിതെന്നു പറയാനാവില്ല. എന്നാൽ പൊടുന്നനെയുള്ള ഈ മാറ്റത്തിനു പിന്നിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളുണ്ട്.

  1. ഭക്ഷണവിഭവങ്ങളിലെ മാറ്റം– വല്ലപ്പോഴും മാംസം കഴിച്ചിരുന്നതിൽ നിന്നും ദിവസവും ഏതെങ്കിലും മാംസം കഴിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. സ്ഥലവും ഭൂപ്രകൃതിയും കാലാവസ്ഥയും ഒക്കെ അനുസരിച്ചുള്ള ഭക്ഷണക്രമമായിരുന്നു പണ്ടത്തേത്. വലിയ തണുപ്പില്ലാത്ത കാലാവസ്ഥയാണ് നമ്മുടേത്. അപ്പോൾ കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണ് ദഹനത്തിനു നല്ലത്. ചോറും സാമ്പാറും തന്നെ ധാരാളം. എന്നാൽ ഇന്ന് ചൈനീസ് ഫൂഡും അറേബ്യൻ ഫൂഡുമാണ് നമ്മുടെ പ്രധാനഭക്ഷണം.

  2. പാചകരീതി–പച്ചക്കറികൾ ഉപ്പിൽ പറ്റിച്ച് കടുകുവറുത്തിടുന്ന രീതി പഴഞ്ചനായി. പാനിൽ വറുത്തും മൊരിച്ചും ഗ്രില്ലു ചെയ്തും ബാർബിക്യു അടുപ്പിൽ ചുട്ടും പാതി വേവിച്ചുമുള്ള രീതികളാണ് മോഡേൺ. അതിന് അതിന്റെതായ ദോഷങ്ങളുമുണ്ട്. പാതി വേവിച്ച ഭക്ഷണം ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നതു വഴി പോഷണമല്ല വിഷമാണ് ഉള്ളിലെത്തുന്നത്.

  3. അളവും മാറി. എല്ലു മുറിയെ പണിയെടുത്താൽ മതി പല്ലു മുറിയെ ഭക്ഷണം. അവനവന്റെ അധ്വാനത്തിനു വേണ്ടതിലുമധികം കഴിച്ചാൽ അതു ശരീരത്തിൽ കൊഴുപ്പായി കെട്ടിക്കിടക്കും. കാലറി കുമിഞ്ഞുകൂടും.

  4. കഴിക്കുന്ന രീതി– റെഡിമേയ്ഡായി ലഭിക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നത് കൂടുതലും. മിനിറ്റുകൾ കൊണ്ട് പാചകം തീരും. പക്ഷേ കഴിക്കുന്നത് വിഷപദാർഥങ്ങളുടെ കോക്ടെയിലായിരിക്കുമെന്നു മാത്രം. വിവിധ പ്രിസർവേറ്റീവുകൾ, അജിനോമോട്ടോ എന്നിങ്ങനെ ദോഷകരങ്ങളായ ധാരാളം രാസവസ്തുക്കൾ ഇത്തരം ഭക്ഷണങ്ങളിലുണ്ട്.

 ഒാരോ 100 കാൻസറുകളിൽ മൂന്നെണ്ണത്തിനും കാരണം ചുവന്ന മാംസത്തിന്റെയും സംസ്കരിച്ച ഭക്ഷണത്തിന്റെയും അമിത ഉപയോഗമാണെന്നു ലണ്ടനിൽ നടന്ന ശാസ്ത്രീയമായ നിരീക്ഷണം പറയുന്നു. അതായത് ഒരു വർഷം ഏതാണ്ട് 8000–ത്തോളം കാൻസറുകൾക്കു കാരണമാകുന്നുണ്ടെന്ന്. ഭാവിയിൽ നമ്മുടെ അവസ്ഥയും ഇങ്ങനെയാകാം.

ഭക്ഷണത്തിലെ നമ്മുടെ പാശ്ചാത്യസ്വാധീനം അത്രയേറെ പ്രകടമാണ്. പണ്ടൊക്കെ സസ്യവിഭവങ്ങളായിരുന്നു നാം പ്രധാനമായി കഴിച്ചിരുന്നത്. ഇന്ന് പലർക്കും മാംസവിഭവങ്ങൾ ഒഴിവാക്കാനേ പ്രയാസമാണ്. മാത്രമല്ല കൊഴുപ്പും എണ്ണയുമേറിയ ഭക്ഷണങ്ങളുടെ (സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫൂഡ് എന്നിവ) ഉപയോഗവും വർധിച്ചു. ഇന്ത്യയിലേറ്റവും കൂടുതൽ മാംസാഹാര ഉപഭോഗമുള്ള സംസ്ഥാനം കേരളമാണെന്നാണ് പറയുന്നത്.

ഇത്തരം ഭക്ഷണങ്ങളും കാൻസറും തമ്മിൽ നേരിട്ടൊരു ബന്ധമുണ്ടെന്ന് ഉറപ്പിച്ചു പറയാനുള്ള പഠനങ്ങൾ കുറവാണ്. എന്നാൽ അമിത മാംസ ഉപയോഗത്തിലൂടെയും കൊഴുപ്പു തീറ്റയിലൂടെയും ഉള്ളിലെത്തുന്ന കാലറികൾക്ക് കാൻസർ സാധ്യത കൂട്ടുന്നതിൽ പങ്കുണ്ട്. കാലറികളുടെ പ്രധാന ഉറവിടമാണല്ലൊ കൊഴുപ്പ്. അമിതമായി ശരീരത്തിലെത്തുന്ന കാലറി ശരീരഭാരം വർധിക്കാൻ ഇടയാക്കും. ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അമിതഗാഢതയ്ക്കും ഇതു കാരണമാകും.

മൃഗമാംസത്തിലെ പ്രോട്ടീനിൽ കാൻസർ സാധ്യതയുള്ള ഘടകങ്ങളുണ്ട്. മാംസഭക്ഷണം കഴിക്കുന്നവരിൽ ദഹനം കഴി‍ഞ്ഞ ശേഷമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടണമെങ്കിൽ 55 മുതൽ 100 മണിക്കൂർ വരെയെടുക്കും. ശുദ്ധ സസ്യാഹാരം കഴിക്കുന്നവരിൽ ഇത് 20 മണിക്കൂറിനുള്ളിൽ പുറത്തുപോകും. ദീർഘനേരം ഈ അവശിഷ്ടങ്ങൾ കുടലിൽ കെട്ടിക്കിടക്കുമ്പോൾ കുടലിലെ കോശങ്ങളിലേക്ക് വിഷപദാർഥങ്ങൾ വലിച്ചെടുക്കപ്പെടും.

ഉയർന്ന കൊഴുപ്പ് മൂലം വരാൻ ഏറ്റവും സാധ്യതയുള്ള കാൻസർ സ്തനാർബുദമാണ്. പ്രത്യേകിച്ച് ആർത്തവ വിരാമമെത്തിയവരിലെ സ്തനാർബുദ സാധ്യത വർധിക്കാൻ പൊണ്ണത്തടി കാരണമാകുന്നുണ്ട്. ചുവന്ന മാംസവും സംസ്കരിച്ച മാംസവിഭവങ്ങളും കുടൽ കാൻസറിനുള്ള സാധ്യതയേറ്റുന്നതായി ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ വന്ന പഠനം പറയുന്നു. ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ചുവന്ന മാംസം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുവെന്നാണ്. ഇവയിലെ അമിതമായ ഹോർമോൺ–ആന്റിബയോട്ടിക് സാന്നിധ്യമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 ഭക്ഷണത്തിലൂടെയെത്തുന്ന കൊഴുപ്പിന്റെ കാര്യത്തിലും നിയന്ത്രണം വേണം. ഭക്ഷണത്തിൽ ദിവസവും 30 ഗ്രാമിലധികം കൊഴുപ്പ് കൂടരുത്. ശരീരത്തിലെത്തുന്ന ആകെ കാലറിയുടെ 10 ശതമാനം മാത്രമേ പൂരിത കൊഴുപ്പിൽ നിന്നുള്ളതാകാവൂ. കുക്കികൾ, സ്നാക്കുകൾ, പേസ്ട്രികൾ എന്നിവയിൽ ട്രാൻസ്ഫാറ്റ് കൂടുതലാണ്. അവയും ഒഴിവാക്കണം.

പൂപ്പലിനെ സൂക്ഷിക്കുക

അച്ചാറിലും ടിൻ ഫൂഡിലുമുള്ള പൂപ്പലിലെ അഫ്ളാടോക്സിൻ എന്ന വസ്തു കരൾ കാൻസർ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. ഇവ കൂടാതെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണം, പ്രിസർവേറ്റീവുകൾ, ഭക്ഷണത്തിലെ കീടനാശിനി അംശം, പാരമ്പര്യം, എക്സ്–റേ പോലുള്ള റേഡിയേഷൻ, സൂര്യപ്രകാശം, പ്ലാസ്റ്റിക്, ഹെയർ ഡൈകൾ എന്നിവയൊക്കെ കാൻസറിനു സാധ്യതയുണ്ടാക്കുന്ന ഘടകങ്ങളാണ് എന്നു പറയപ്പെടുന്നു.

തടയുന്ന ഭക്ഷണമേത്?

കാൻസർ വരാതെ സംരക്ഷിക്കുന്ന ഭക്ഷണമേത് എന്ന ചോദ്യത്തിന് എല്ലാവരുടേയും ഉത്തരം ഒന്നു തന്നെയാണ്. ശുദ്ധ സസ്യാഹാരം പതിവായി കഴിക്കുക. കാൻസർ സാധ്യതയും ഭക്ഷണവും സംബന്ധിച്ചു നടത്തിയ പഠനങ്ങളിൽ ഏറ്റവും സുസമ്മതമായ കാര്യവും പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നത് വിവിധ കാൻസറുകൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ്. കഴി‍ഞ്ഞ 30 വർഷത്തിനുള്ളിൽ ഏതാണ്ട് 250–ഒാളം പഠനങ്ങളെങ്കിലും ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. ഇതിൽ 80 ശതമാനം പഠനങ്ങളും സ്ഥാപിക്കുന്നത് പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നത് ഗണ്യമായ ഗുണഫലങ്ങൾ നൽകുന്നുവെന്നു തന്നെയാണ്. ഉദാഹരണത്തിന് ദിവസവും 500 ഗ്രാമെങ്കിലും പഴങ്ങളും പച്ചക്കറികളും ദൈനംദിന ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാൻസറുകൾ 25 ശതമാനം കണ്ടു കുറയുമെന്ന് ഒരു പഠനം പറയുന്നു. ഇവയിൽ ധാരാളമായുള്ള നാരുകളും വിറ്റമിനുകളും ധാതുക്കളും പോലുള്ള സൂക്ഷ്മപോഷകങ്ങളുമാണ് സംരക്ഷണമേകുന്നത്. സസ്യഭക്ഷണത്തിൽ കൊഴുപ്പു കുറവാണെന്നതും ഒരു മേന്മയാണ്. 

വിവരങ്ങൾക്ക് കടപ്പാട്

മനോരമ ആരോഗ്യം ആർ‌കൈവ്

Tags:
  • Daily Life
  • Diet Tips
  • Manorama Arogyam
  • Health Tips