Tuesday 02 January 2024 04:56 PM IST : By സ്വന്തം ലേഖകൻ

കാൽ മസാജിന്റെ ഗുണങ്ങൾ: കണ്ണിന്റെ ആരോഗ്യത്തിനു മുതൽ മനശ്ശാന്തിക്കു വരെ...

foot3143

അഭ്യംഗം എന്നാൽ എണ്ണ തേപ്പ്. പാദങ്ങളിൽ എണ്ണ തേയ്ക്കുന്നതിനാണ് പാദ അഭ്യംഗം എന്നു പറയുന്നത്. അഭ്യംഗം ആയരേത് നിത്യം എന്നാണു ശാസ്ത്രബോധനം. അതായത് സർവശരീരത്തും നിത്യവും എണ്ണ തേച്ച് തടവണം. അങ്ങനെ സാധിക്കാത്തപക്ഷം നിറുകയിലും ചെവികളിലും പാദങ്ങളിലും എങ്കിലും നിത്യവും എണ്ണ തേയ്ക്കണം. പ്രത്യേകിച്ച് ദിവസം മുഴുവൻ നമ്മുടെ ഭാരം വഹിക്കുന്ന പാദങ്ങളുടെ പരിപാലനം വളരെ പ്രധാനമാണ്.

നിറുക നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാകയാൽ ചെടിയുടെ മൂലസ്ഥാനത്ത് ഒഴിക്കുന്ന വെള്ളം സർവഭാഗങ്ങളിലും പാഞ്ഞെത്തുന്നതുപോലെ നിറുകയിലെ എണ്ണ തേയ്പ് സർവശരീരത്തിനും ഗുണപ്പെടും. പാദതലങ്ങൾ നാഡീഞരമ്പുകളുടെ അവസാന ഭാഗങ്ങളാകയാൽ ആയിടങ്ങളിൽ എണ്ണ തേച്ചാൽ ആഗിരണം മികവുറ്റതായിരിക്കും.

കണ്ണുകളിൽ നിന്നുള്ള നാഡീഞരമ്പുകൾ പാദതലങ്ങളിൽ സന്നിവേശിക്കപ്പെട്ടിട്ടുള്ളതിനാൽ പാദതലങ്ങളിലെ എണ്ണ തേയ്പ് നേത്രാരോഗ്യത്തിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും സുഖനിദ്രയ്ക്കും ഏറെ ഗുണകരമാണ്.

നിത്യവും പാദങ്ങളിൽ എണ്ണ തേയ്ക്കുന്നത് കാലു വിണ്ടുകീറുന്നതു തടയും. മരവിപ്പ്, തരിപ്പ്, വേദനകൾ അകലും. മൃദുത്വവും ബലവും സൗന്ദര്യവും പ്രദാനം ചെയ്യുകയും ചെയ്യും. നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവയിൽ ഏതെങ്കിലും പുരട്ടി തടവുന്നത് ഉത്തമം.

സഹചരാദിതൈലം, ധാന്വന്തരം തൈലം, ക്ഷീരബല തൈലം തുടങ്ങിയവയുടെ ഉപയോഗം ചില രോഗാവസ്ഥകളിൽ അനിവാര്യമാണ്.

മുട്ടു മുതൽ കാൽപാദം വരെയുള്ള ഭാഗം എണ്ണ തടവി മസാജ് ചെയ്യുന്നു. കാൽ വിരലുകളും ഉപ്പൂറ്റിയും എല്ലാം മൃദുവായി മസാജ് ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വി.എം സാലി

ആയുർവേദ വിദഗ്ധ

Tags:
  • Manorama Arogyam