Monday 28 October 2024 12:54 PM IST : By സ്വന്തം ലേഖകൻ

‘മരിച്ച ആത്മാക്കൾ തിരിച്ചുവന്ന പോലെ സംസാരിക്കും, ചേഷ്ടകൾ കാണിക്കും, അറിയാത്ത ഭാഷ സംസാരിക്കും’: ഹിസ്റ്റീരിയ താളംതെറ്റിക്കുന്ന മനസ്

kumarhyst

സാധാരണ സംഭാഷണങ്ങളിൽ പോലും മലയാളി വ്യാപകമായി ഉപയോഗിക്കുന്ന മാനസികാസ്വാസ്ഥ്യങ്ങളേയും വ്യക്തിത്വ വൈകല്യങ്ങളേയും വിചാരണ ചെയ്യുന്ന, മുതിർന്ന മനോരോഗ പെരുമാറ്റ ചികിത്സാവിദഗ്ധനായ ഡോ. കെ. എ. കുമാർ എഴുതുന്ന പംക്തി. 

ദേശാടന ഹിസ്റ്റീരിയ

സ്മൃതിഭംഗം (Amnesia), നിദ്രാടനം (Somnambulism) എന്നിവ എപ്പോഴും ഹിസ്റ്റീരിയയുടെ ലക്ഷണമാണെന്ന് പലരും ധരിക്കാറുണ്ട്. മസ്തിഷ്കസംബന്ധമായ കാരണങ്ങൾ, പ്രത്യേകിച്ചും ടെംപറൽ ലോബിനെ ബാധിക്കുന്ന കാരണങ്ങൾ കൊണ്ട് അതുണ്ടാകാം. ചില ഔഷധങ്ങളും ലഹരി പദാർഥങ്ങളും അതിനു കാരണമാകാം.

ടെംപറൽ ലാബ് എപ്പിലെപ്സി എന്ന അപസ്മാര രോഗത്തിലും അതുണ്ടാകാം. മസ്തിഷ്കത്തിലെ രക്തയോട്ടത്തിലെ തകരാറുകൾ കൊണ്ടും ഇവയുണ്ടാകാം. എന്നാൽ ഹിസ്റ്റിരിക്കൽ സ്മൃതിഭംഗമോ, നിദ്രാടനമോ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന രീതിയിലാവില്ല മസ്തിഷ്കത്തെ ബാധിക്കുന്ന കാരണങ്ങളാൽ ഉണ്ടാകുന്ന രോഗത്തിന്റെ രീതി. എങ്കിലും വിശദമായ ഒരു നാഡീശാസ്ത്ര (Neurological) പരിശോധന മിക്ക രോഗികളിലും ആവശ്യമാണ്.

സ്വന്തം വ്യക്തിത്വം മറന്ന് ദേശാടനത്തിൽ

സുൾഫിക്കർ കോർപ്പറേഷനിലെ ജീവനക്കാരനായ നാൽപ്പത്തിരണ്ടു വയസ്സുകാരനാണ്. ഒരു ദിവസം ഓഫീസിൽ നിന്നു വൈകിട്ട് ഇറങ്ങിയ സുൾഫിക്കർ വീട്ടിലെത്തിയില്ല. പോകാൻ സാധ്യതയുള്ള സ്ഥലത്തൊന്നും എത്തിയിട്ടില്ല റെയിൽവേ സ്േറ്റഷനിൽ കണ്ടവരുണ്ട്. പൊലീസും ബന്ധുക്കളും അയാളെ അറിയുന്നവരെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ആറേഴ് ആഴ്ചകൾക്കുശേഷം സ്വയം വീട്ടിൽ മടങ്ങിയെത്തിയ സുൾഫിക്കർ കുറെയേറെ നേരം അപരിചിതനെപ്പോലെ പെരുമാറി. തോളിൽ തൂക്കിയിരുന്ന സഞ്ചിയിൽ തപ്പി നോക്കിയ ഭാര്യ ഞെട്ടിപ്പിയി ക്ഷേത്രങ്ങളിൽ നിന്നു ഇലച്ചീന്തുകളിൽ നൽകുന്ന കുങ്കുമം, ചന്ദനം, ഭസ്മം, ഉണങ്ങിക്കഴിഞ്ഞ പുഷ്പങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം. ചില ബില്ലുകളിൽ നിന്നും രസീതുകളിൽ‌നിന്നും ഈ കാലത്ത് സുൾഫിക്കർ താമസിച്ച സ്ഥലം മനസ്സിലായി. അയൽ സംസ്ഥാനത്തുള്ള പ്രസിദ്ധമായ ക്ഷേത്രനഗരം.

അവിടെ തുടർന്നന്വേഷിച്ചപ്പോൾ മണിയെന്ന പേരിൽ സത്രത്തിൽ ഉറങ്ങുകയും ക്ഷേത്രത്തിനകത്തും പുറത്തുമായി നടക്കുകയും ചെയ്യുകയായിരുന്നു അയാൾ എന്നു മനസ്സിലായി. മൂന്നുനാലു ദിവസങ്ങൾക്കകം സുൾഫിക്കർ സാധാരണപോലെ പെറുമാറാനും പ്രതികരിക്കാനും തുടങ്ങി. പക്ഷേ, ക്ഷേത്രത്തിലും ക്ഷേത്രനഗരത്തിലും മണി എന്ന പേരോടെ കഴിഞ്ഞുകൂടിയ ആറേഴ് ആഴ്ചകൾ അയാളുടെ ഓർമയിലില്ല. ഓഫീസ് വിട്ടിറങ്ങിയപ്പോഴോ, തുടർന്നോ അയാൾ മണിയെന്ന പേരിലുള്ള വ്യക്തിയായിരുന്നു. തന്റെ തനതായ വ്യക്തിത്വത്തെ പൂർണമായി വിസ്മരിച്ച് മണിയെന്ന പേരിൽ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിച്ചു. ഇതാണു ഹിസ്റ്ററിക്കൽ ദേശാടനം (Hysterical fugue).

ഓർമയുടെ ഖണ്ഡം നഷ്ടപ്പെട്ട്

സ്മൃതിഭംഗം, നിദ്രാടനം, ദേശാടനം എന്നിവ വിഘടന ഹിസ്റ്റീറിയ (Dissociation Hysteria) വിഭാഗത്തിൽ പെടുന്നു. ബോധമനസ്സിന് സംഭവിക്കുന്ന വിഘടനത്തെ തുടർന്ന് ഓർമയുടെ ഒരു ഖണ്ഡം. മണിക്കൂറുകളോളം നഷ്ടപ്പെടുന്നത് ആദ്യത്തേത്. ഇതുപോലൊരു വിഘടനം ദിവസങ്ങളോളം സ്വന്തം വ്യക്തിത്വബോധത്തെ മായ്ചു കളഞ്ഞ് മറ്റൊരു വ്യക്തിത്വം (സ്വത്വം) വഹിച്ചുകൊണ്ട് മറ്റൊരാളായി ജീവിക്കുന്നതാണ് ഫ്യൂഗ്. നിദ്രാടനത്തിലാകട്ടെ, ബോധത്തിന്റെ ഈ വിഘടനം ഉറക്കത്തിനിടയിൽ മാത്രം സംഭവിക്കുകയും ഏതാനും മിനിറ്റുകൾ എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്തിട്ട് ഉറക്കത്തിലേക്ക് മടങ്ങുകയാണ് ഒരാൾ ചെയ്യുന്നത്.

അപസ്മാരത്തോട് സാമ്യം

വിഘടന ഹിസ്റ്റീരിയയും രൂപാന്തര ഹിസ്റ്റീരിയയും (Conversion Hysteria) ഒരുമിച്ചു ബാധിക്കുമ്പോൾ അപസ്മാരം പോലെ ബോധക്ഷയവും ശരീരത്തിലെ വെട്ടലുകളും (Convulsions) ഒരാൾക്കുണ്ടാകാം. ഹിസ്റ്ററിക്കൽ സന്നി (Fit) എന്നു വിളിക്കപ്പെടുന്ന ഈ രോഗം അപൂർവ്വമല്ല. ബോധം നഷ്ടപ്പെടുന്ന രീതി. വെട്ടലുകളുടെ സ്വഭാവം, മുറിവുകളും പരിക്കുകളും ഒഴിവാക്കുന്നത്, സന്നിബാധയുടെ ദൈർഘ്യം, സാഹചര്യം എന്നിവ യഥാർഥ അപസ്മാര (Epilepsy) ത്തിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കും. ഇ. ഇ. ജി (E. E. G) പരിശോധനയും തിരിച്ചറിയാൻ പ്രയോജനപ്പെടാറുണ്ട്. വ്യക്തിയെ മാത്രമല്ല മൂന്നോ നാലോ പേരെയോ ഗ്രൂപ്പിനെയോ ഹിസ്റ്റീര്യ ബാധിക്കാറുണ്ട്

പ്രേതബാധയോ?

കൂടുതല്‍ ചടുലവും വിപുലവും വൈവിധ്യമുള്ളതുമായ രീതിയിൽ പ്രത്യക്ഷപ്പെടുന്ന വിഘടന ഹിസ്റ്റീറിയ പ്രേതബാധ, ഭൂതാവേശം തുടങ്ങിയ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെടാറുണ്ട്. മരിച്ച ആത്മാക്കൾ തിരിച്ചുവന്ന രീതിയിൽ രോഗി സംസാരിക്കുകയും ചേഷ്ടകൾ കാണിക്കുകയും ചെയ്യും. രോഗിയുടെ ശരീരത്തിൽ ‘പ്രവേശിക്കുന്ന’ത് ഒരു ദുർദേവതയാകാം. ഈ സമയം രോഗി തനിക്ക് ഒരക്ഷരം പോലും അറിയാത്ത മറ്റൊരു ഭാഷ (മറുഭാഷ) സംസാരിച്ചുവെന്ന് പറയപ്പെടാറുണ്ട്. മന്ത്രവാദികളുടെയും ‘വിശുദ്ധ’ വൈദ്യന്മാരുടെയും അടുക്കലാണ് സ്വാഭാവികമായി ഈ രോഗികൾ ആദ്യം എത്തുന്നത്.

ഇപ്പറഞ്ഞതെല്ലാം ഒറ്റപ്പെട്ട രോഗികളുടെ കഥയാണ്. മൂന്നോ നാലോ പേരെ ഒരേ സമയം ബാധിക്കുന്ന വിഘടന ഹിസ്റ്റീറിയയുണ്ട്. ചിലപ്പോൾ വളരെയധികം പേർ ഒരേ സമയം താളംതെറ്റി പെരുമാറുന്ന ഗ്രൂപ്പ് ഹിസ്റ്റീറിയയും കാണാറുണ്ട്. ഒന്നോ രണ്ടോ പേരിൽ ഉണ്ടാകുന്ന വിഘടനം ഒരു പകർച്ചവ്യാധിപോലെ, അവരോട് അടുപ്പമുള്ള മറ്റുള്ളവരിലേക്ക് പടരുന്നതാണ് ഇവിടെയുണ്ടാകുന്നത്. (തുടരും)

Tags:
  • Manorama Arogyam
  • Health Tips