കൈകൾ എത്രത്തോളം നന്നായി വൃത്തിയാക്കുന്നുവോ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകുമെന്നാണ്. 20 സെക്കൻഡു നേരമെടുത്ത് കൈകൾ കഴുകാം. ഇളംചൂടുള്ള സോപ്പുവെള്ളം തന്നെ ഉപയോഗിക്കുക. കൈകളുടെ ഉൾവശവും പുറംഭാഗവും കൈത്തണ്ടയും നഖങ്ങളുടെ അടിഭാഗവും വൃത്തിയാക്കണം.തുടർന്ന് ശുദ്ധജലത്തിൽ കൈകൾ നന്നായി കഴുകുക.അതിനു ശേഷം വൃത്തിയുള്ള തുണിയിൽ കൈകൾ തുടച്ചുണക്കുക. ഇനി പാചകം തുടങ്ങാം.
വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്തതിനു ശേഷം കൈകൾ നന്നായി കഴുകണം. ആഹാരം പാകപ്പെടുത്തിയതിനു ശേഷവും ടോയ്‌ലറ്റ് ഉപയോഗത്തിനു ശേഷവും കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പർ മാറ്റിയതിനു ശേഷവും കൈകൾ കഴുകുക എന്നതു പ്രധാനമാണ്. ചുമയ്ക്കും തുമ്മലിനും ശേഷവും വേസ്‌റ്റ് മാറ്റിയതിനും അഴുക്കു പാത്രങ്ങൾ കഴുകിയതിനു ശേഷവും കൈകൾ വൃത്തിയാക്കണം. സിഗരറ്റിൽ സ്പർശിക്കുക, ഫോൺ ഉപയോഗിക്കുക, അരുമകളെ ഒാമനിക്കുക, മുറിവിൽ സ്പർശിക്കുക ഇവയ്ക്കു ശേഷം കൈകൾ നന്നായി വൃത്തിയാക്കാതെ പാചകത്തിനൊരുങ്ങരുത്.
പ്രതലങ്ങൾ സംശുദ്ധമാകണം
അടുക്കളയിലെ പ്രതലങ്ങൾ, കൗണ്ടർ ടോപ്പുകൾ, കട്ടിങ് ബോഡുകൾ, മിക്സി , ജൂസർ , അവ്ൻ ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം സാമാന്യം ചൂടുള്ള സോപ്പുവെള്ളം കൊണ്ടു വൃത്തിയാക്കണം. അടുക്കളയിൽ പാറ്റ, പല്ലി, ചിലന്തി എന്നിവയെയും നിയന്ത്രിക്കണം. പ്രതലങ്ങൾ വൃത്തിയുള്ളതാകുമ്പോൾ ഇത്തരം ജീവികളുടെ ശല്യവും കുറയും. തലേ ദിവസത്തെ വേസ്‌റ്റ് അടുക്കളയിൽ സംഭരിക്കുന്ന ശീലവും ഒഴിവാക്കുക.
പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികളും ടവലുകളും വാഷിങ് മെഷീനിലോ, അല്ലാതെയോ ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം. ഇത്തരം തുണികൾ കുറച്ചധികം കരുതി വയ്ക്കാം. ദിവസേന പുതിയ തുണികൾ ഉപയോഗിക്കണം. പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികൾ ഒരു കാരണവശാലും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കൈകൾ തുടച്ചുണക്കാനും പാത്രങ്ങൾ തുടയ്ക്കാനും കൗണ്ടർ ടോപ് തുടയ്ക്കാനും വെവ്വേറെ ടവലുകൾ സൂക്ഷിക്കുക.
പാത്രങ്ങൾ വൃത്തിയാക്കാനുപയോഗിക്കുന്ന സ്പോഞ്ചുകൾ നിശ്ചിത ഇടവേളകളിൽ കളയണം. അത് അണുക്കളുടെ ഒരു ആസ്ഥാനം തന്നെയാണ്. ഇടയ്ക്ക് അവ ക്ലോറിൻ ബ്ലീച്ച് സൊലൂഷനും സോപ്പും ഉപയോഗിച്ചു കഴുകി വെയിലിൽ ഉണക്കിയെടുക്കാം. പച്ചക്കറികളും മറ്റും വാങ്ങുന്നതിന് വീണ്ടും ഉപയോഗിക്കുന്ന തരം ബാഗുകളുണ്ടാകും. അവ ഉപയോഗശേഷം വൃത്തിയായി കഴുകി സൂക്ഷിക്കണം. അടുത്ത പർച്ചേസിനു മുഷിഞ്ഞ ബാഗുമായി പോകരുത്. അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്നതരം ബാഗുകൾ ഉപയോഗിക്കാം.
പച്ചക്കറികളിലേയും പഴങ്ങളിലേയും മലിനീകരണം തടയണമെങ്കിൽ പാചകത്തിനു മുൻപേ ഒരുക്കങ്ങൾ ആ രംഭിക്കണം. പച്ചക്കറികളും പഴങ്ങളും കഴുകുന്നതു പ്രധാനമാണ്. ഉപ്പ് , വിനാഗിരി, മഞ്ഞൾ, വാളൻപുളി എന്നിവ ചേർത്ത വെള്ളത്തിൽ പച്ചക്കറികളും പഴങ്ങളും കുറഞ്ഞതു പത്തു മിനിറ്റോളം കുതിർത്തു വയ്ക്കാം. പിന്നീട് ശുദ്ധമായ ഒഴുക്കു വെള്ളത്തിൽ പല തവണ കഴുകിയെടുക്കാം. പച്ചക്കറികൾ വൃത്തിയായി കഴുകിയ ശേഷമാണു മുറിക്കേണ്ടത്. മുറിച്ചതിനു ശേഷം കഴുകുന്നതിലൂടെ പോഷണനഷ്ടം സംഭവിക്കാം. വലിയ അളവിൽ പാചകം ചെയ്യുന്നവർ ഗ്ലൗസ് ധരിക്കണം. റസ്‍റ്ററന്റുകളിലും മറ്റും പാചകക്കാരുടെ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ശ്രദ്ധിക്കണം. അങ്ങനെയുള്ള സാഹചര്യത്തിൽ അവരെ മാറ്റി നിർത്താം. പാചകം ചെയ്യുന്ന സ്ഥലത്തെ വെളിച്ചവും വായുസഞ്ചാരവും ഏറെ പ്രധാനമാണ്. പാത്രങ്ങളുടെ വൃത്തി പാചകത്തിലും കഴിക്കുന്നതിലും പ്രധാനമാണ്. മാംസത്തിനും മത്സ്യത്തിനും പാലിനും ചോറു വയ്ക്കുന്നതിനും പ്രത്യേകം പാത്രങ്ങൾ കരുതണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ
കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
റെയിൻബോ പോളി ക്ലിനിക് , പടമുഗൾ, കൊച്ചി