Saturday 21 May 2022 05:43 PM IST : By ഡോ. എം. എൻ ശശിധരൻ

ഇഞ്ചി തൊലികളഞ്ഞ് തേനും ചേർത്ത് വെറുംവയറ്റിൽ കഴിക്കാം: കൊളസ്ട്രോൾ കുറയ്ക്കും ഇഞ്ചി മാജിക്

fewrft343

കൊളസ്ട്രോൾ എന്നു കേ ൾക്കുന്നതേ ഭയമാണ് നമുക്ക്. മരുന്നുകഴിച്ചും ഭക്ഷണം നിയന്ത്രിച്ചും കൊളസ്ട്രോൾ അളവ് പിടിച്ചുകെട്ടാൻ ഏവരും കിണഞ്ഞു പരിശ്രമിക്കും.

ഏതു രോഗത്തിനുമുള്ള പരിഹാരം നമുക്കു ചുറ്റും തന്നെയുണ്ട്. അവ കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് കാര്യം. ഇതേ തത്വം കൊളസ്ട്രോൾ നിയന്ത്രിക്കുന്ന കാര്യത്തിലും പ്രയോഗിക്കാവുന്നതാണ്. 

നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കൊളസ്ട്രോളിനുള്ള പരിഹാരം ഒളിഞ്ഞിരിക്കുന്നുണ്ട്. നിത്യവും നാം കറികളിൽ ചേർക്കുന്ന കറിവേപ്പില, വെളുത്തുള്ളി, മുതിര, കറുവപ്പട്ട എന്നിവ മുതൽ ഇഞ്ചി, മഞ്ഞൾ എന്നിവയിൽ വരെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 

ഇഞ്ചിയുടെ ഔഷധമൂല്യം മനസ്സിലാക്കിയാണ് പണ്ടുണ്ടായിരുന്നവർ ഇതിനെ ഭക്ഷണപദാർത്ഥങ്ങളിലെ പ്രധാന ചേരുവയായി ഉപയോഗിച്ചിരുന്നത്.

ഇഞ്ചിയിൽ 80% ജലം 2.3% പ്രോട്ടീൻ, 0.9% കൊഴുപ്പ്, 2.4% നാര്, 12.3% കാർബോഹൈഡ്രേറ്റ്, ഇവ കൂടാതെ കാത്സ്യം, ഫോസ്ഫറസ്, ലോഹാംശങ്ങൾ തുടങ്ങിയവും അടങ്ങിയിട്ടുണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രശാഖകൾ എല്ലാം തന്നെ ഇഞ്ചിയുടെ സാരാംശം ഔഷധനിർമാണത്തിനായി ഉപയോഗിക്കുന്നു.

രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇഞ്ചിക്കു കഴിയും. ഇഞ്ചി, ദോഷങ്ങളെ ശമിപ്പിക്കും, അഗ്നിദീപ്തിയെ ഉണ്ടാക്കും, രുചി വർധിപ്പിക്കുകയും ചെയ്യും.

നീരിനെയും വേദനകളെയും കുറയ്ക്കാൻ ഇഞ്ചിയ്ക്കു കഴിയും. ഇഞ്ചിയുടെ കടുരസത്തോടും ഉഷ്ണവീര്യത്തോടും കൂടിയ ഇഞ്ചിയിലെ ബാഷ്പശീലതൈലവും റെസിനും കഫത്തെയും കൊഴുപ്പിനേയും ഇല്ലാതെയാക്കി ദുർമേദസ്സിനെ കുറയ്ക്കുന്നു.

ശരീരത്തിലെ കൊളസ്ട്രോൾ ലെവലും ട്രൈഗ്ലിസറൈഡ് ലെവലും നിയന്ത്രിക്കാൻ ഇഞ്ചിയ്ക്കു കഴിയുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2014Ðൽ നടത്തിയ ഗവേഷണ ഫലങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

15ഗ്രാം ഇഞ്ചി തൊലി കളഞ്ഞ് നന്നായി അരച്ച് ചൂടുവെള്ളത്തിൽ കലക്കുക. അതു നന്നായി തെളിയുമ്പോൾ ഒരു സ്പൂൺ തേനും ചേർത്തു പതിവായി കാലത്ത് വെറും വയറ്റിൽ സേവിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയും എന്നു മാത്രമല്ല ആരോഗ്യവും ദീർഘായുസും വർധിപ്പിക്കുകയും ചെയ്യും. ഇഞ്ചിയുടെ കൃത്യവും നിത്യവുമായ ഉപയോഗം ഒരിക്കലും ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ വർധിപ്പിക്കുകയില്ല.

ഇഞ്ചി 5 ഗ്രാം, മലർ 50 ഗ്രാം, കൂവളവേർ 10 ഗ്രാം ഏലക്കയിലെ അകത്തെ കുരു 11 എണ്ണം ഇവ 11/2 ലീറ്റർ വെള്ളത്തിൽ വെന്തു ഒരു ലീറ്ററാക്കി ദിവസം പല പ്രാവശ്യമായി കുടിച്ചാൽ കൊഴുപ്പു കുറയും.

ഇഞ്ചി ചതച്ചു പിഴിഞ്ഞ നീര് എടുത്ത് വച്ച് ഊറൽ നീക്കിയ ശേഷം മാത്രമേ ഏതാവശ്യങ്ങൾക്കും ഉപയോഗിക്കുവാൻ പാടുള്ളൂ. ഊറലോടെ കഴിച്ചാൽ ഛർദിക്കാൻ സാധ്യതയുണ്ട്. കൂടാതെ തീക്ഷ്ണതയും കൂടുതലായിരിക്കും.

ഇഞ്ചി ശുചിയാക്കി ഉണക്കി ജലാംശംനീക്കം ചെയ്ത് എടുക്കുന്നതാണ് “ചുക്ക്”. ഇഞ്ചിയോളമോ അതിൽ കൂടുതലോ പ്രയോഗ സാധ്യതകൾ ഉള്ള ദ്രവ്യമാണ് ചുക്ക്. ചുക്ക് നന്നായി ഉണക്കി പൊടിച്ചത് ഒരു ഗ്രാം ഒരു സ്പൂൺ തേനിൽ ചാലിച്ച് മൂന്നു നേരവും ഭക്ഷണത്തിനു മുൻപു സേവിച്ചാൽ കൊളസ്ട്രോൾ കുറയും.

ചുക്ക്, ഏലയ്ക്കാ, വെളുത്തുള്ളി, കുരുമുളക് ഇവ അഞ്ച് ഗ്രാം വീതം എടുത്ത് കഷായം വച്ച് 25 മീലിവീതം സേവിച്ചാൽ രക്തത്തിലെ കൊഴുപ്പിന്റെ അളവ് വളരെ വേഗം
കുറയും. ചുക്ക് കഷായം ഉണ്ടാക്കി അതിൽ അൽപം കായവും തുവർച്ചിലയുപ്പും കലർത്തി സേവിച്ചാൽ രക്തത്തിലെ കൊഴുപ്പു കുറയും.

ഡോ. എം.എൻ. ശശിധരൻ

ചീഫ് ഫിസിഷൻ

അപ്പാവു വൈദ്യൻ ആയുർവേദിക് മെഡിക്കൽസ്, തിരുനക്കര
കോട്ടയം

Tags:
  • Manorama Arogyam