Friday 14 June 2024 05:20 PM IST

മില്ലറ്റുകൊണ്ട് ചിക്കന്‍ ബിരിയാണി മുതല്‍ കൊഴുക്കട്ട വരെ- രുചി കളയാതെ ആരോഗ്യം നേടാം....

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

milletr34543

മില്ലറ്റ് എന്നു കേൾക്കുമ്പോൾ പോഷകസമൃദ്ധമായ ചെറുധാന്യങ്ങളാണെന്ന് അറിയാമെങ്കിലും മില്ലറ്റ് വിഭവങ്ങളുടെ രുചി ഇഷ്ടമാകുമോ എന്നതാണു മിക്കവരേയും അലട്ടുന്ന ചിന്ത. എന്നാൽ ബിരിയാണി മുതൽ കൊഴുക്കട്ട വരെ നീളുന്ന കൊതിയൂറുന്ന ഒട്ടേറെ രുചിക്കൂട്ടുകൾ വിവിധ തരം മില്ലറ്റുകൾ കൊണ്ടു തയാറാക്കാം.

1. മില്ലറ്റ് ചിക്കൻ ബിരിയാണി

ചേരുവകൾ

കുതിരവാലി മില്ലറ്റ് - അരക്കിലോ
ഏലക്കായ് - മൂന്നെണ്ണം

ഗ്രാംപൂ - 6 എണ്ണം

കറുവാപ്പട്ട - രണ്ടു കഷണം

പെരുംജീരകം - ഒരു ടീസ്പൂണ്‍

ജാതിപത്രി - രണ്ടെണ്ണം

തക്കോലം - മൂന്നെണ്ണം

മല്ലിയില -കാൽ കപ്പ്

പുതിനയില -കാൽ കപ്പ്

നെയ്യ് - കാൽ ടീസ്പൂണ്‍

എണ്ണ, ഉപ്പ് - ആവശ്യത്തിന്

മസാലയ്ക്കുവേണ്ടി

ചിക്കന്‍ ചെറിയ
കഷണങ്ങളാക്കിയത് - അരക്കിലോ

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - രണ്ടു ടീസ്പൂണ്‍ വീതം

തക്കാളി - ഒന്ന്

സവാള ചെറുതായി അരിഞ്ഞത് - ഒന്നര കപ്പ്

മുളകുപൊടി - അരടീസ്പൂണ്‍

പച്ചമുളക് ചെറുതായി
അരിഞ്ഞത് - രണ്ട്

കറിവേപ്പില - അര ടീസ്പൂണ്‍

മഞ്ഞള്‍പൊടി - അരടീസ്പൂണ്‍

കുരുമുളക് പൊടി-

കാൽ ടീസ്പൂണ്‍

മല്ലിപ്പൊടി - മൂന്ന് ടീസ്പൂണ്‍

മല്ലിയില - ആവശ്യത്തിന്

തൈര് - അരക്കപ്പ്

നാരങ്ങാനീര് -

അര നാരങ്ങയുടേത്

അലങ്കരിക്കാന്‍

അണ്ടിപ്പരിപ്പ്- 15 എണ്ണം
രണ്ടായി പിളര്‍ന്നത്

സവാള നീളത്തിലാക്കിയത്-

അര കപ്പ്

നെയ്യ് - അരക്കപ്പ്

തയാറാക്കുന്ന വിധം

ആദ്യം അലങ്കരിക്കാനുള്ള അണ്ടിപരിപ്പ് അരക്കപ്പ് നെയ്യില്‍ വറുത്തു കോരുക. കുതിരവാലി മില്ലറ്റ് മൂന്നു മണിക്കൂർ കുതിർക്കുക.
ശേഷം പാത്രത്തിൽ രണ്ടു സ്പൂൺ നെയ്യ് ഒഴിച്ച് തക്കോലം, പട്ട, ഗ്രാംപൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി ഇവ ഇട്ട് വഴറ്റുക. ഇതില്‍ വെള്ളം വാലാനായി വച്ച മില്ലറ്റ് ഇട്ട് മറ്റൊരു പാത്രത്തില്‍ രണ്ടു കപ്പ്

വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്, കുറച്ച് പുതിനയില, മല്ലിയില, ഇവ ചേര്‍ത്ത് മൂടി വച്ചു വേവിക്കുക.

ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി, പൊടിവർഗങ്ങള്‍ ഇവ ചേര്‍ത്തു വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കിയ കോഴികഷണങ്ങള്‍, തൈര് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്തു മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ഇവ ചേര്‍ക്കുക. കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലിയില, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലിയില, പുതിനയില, വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി 3 മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്ക്കുകയോ നിരത്തുകയോ ചെയ്യുക. മൈക്രോഗ്രീൻസ് കൂടി വച്ച് വിളമ്പാം.

(റെസിപ്പിക്കു കടപ്പാട്- പോർഷൻസ് ദ ഡൈനർ, കലൂർ,കൊച്ചി)

2. ചാമ ഇഡ‌്ലി

ചേരുവകൾ
ചാമ - രണ്ടു ഗ്ലാസ്,

കടല പരിപ്പ് - ഒരു ഗ്ലാസ്,

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടലപരിപ്പും ചാമയും കഴുകി വൃത്തിയാക്കി വെവ്വേറെ നാലു മണിക്കൂർ കുതിർത്തു വയ്ക്കുക. രണ്ടും വേറെ വേറെ അരച്ചെടുക്കണം. നന്നായി അരച്ച രണ്ടും ആവശ്യത്തിന് ഉപ്പു ചേർത്തു യോജിപ്പിച്ച് പത്തു മണിക്കൂറെങ്കിലും കഴിഞ്ഞ് (തലേദിവസം രാത്രി അരച്ചു വച്ചാൽ രാവിലെ ഉപയോഗിക്കാം) എടുത്ത് ഇഡ്‌ലി പാത്രത്തിലൊഴിച്ച് വേവിച്ചെടുക്കാം.ദോശയായും തയാറാക്കാവുന്നതാണ്. തേങ്ങാ ചമ്മന്തിയോ സാമ്പാറോ ചേർത്തു കഴിക്കാം.

3. തിനകിണ്ണത്തപ്പം

ചേരുവകൾ

തിന- ഒരു കപ്പ് (എട്ടു മണിക്കൂർ കുതിർത്തതിനു ശേഷം അരച്ചെടുത്തത് )

ശർക്കര - 100 ഗ്രാം

പാനിയാക്കിയത്.

അണ്ടിപരിപ്പ് - നുറുക്കിയത് നാല്/ അഞ്ച്

ഏലയ്ക്ക പൊടി- അല്പം

നല്ല പഴുത്ത പാളയൻതോടൻ പഴം- രണ്ട്

തേങ്ങാവെള്ളം - രണ്ടു തേങ്ങയുടേത് (48 മണിക്കൂർ മുൻപ് തേങ്ങയുടെ വെള്ളം എടുത്തു വയ്ക്കണം. ഇല്ലെങ്കിൽ യീസ്റ്റ് ചേർക്കേണ്ടി വരും)

തയാറാക്കുന്ന വിധം

തിന അരച്ചത്, ശർക്കര, പഴം, അണ്ടിപരിപ്പ്, ഏലയ്ക്ക പൊടി, പുളിപ്പിച്ച തേങ്ങാവെള്ളം എല്ലാം ചേർത്ത് ഇളക്കി യോജിപ്പിച്ച് മൂന്ന് മണിക്കൂർ വയ്ക്കുക. അതിനു ശേഷം ചെറിയ ചെറിയ പാത്രങ്ങളിലാക്കി ഇഡ്‌ലി പാത്രത്തിൽ വച്ച് വേവിക്കുകയോ ഇഡ്‌ലി പാത്രത്തിലൊഴിച്ചു വേവിക്കുകയോ ചെയ്യാം. ആവശ്യമെങ്കിൽ വേവിക്കുന്നതിനു മുൻപ് രണ്ടോ മൂന്നോ ഉണക്ക മുന്തിരി കൂടി മാവിന്റെ മുകളിൽ വയ്ക്കാം. കിണ്ണത്തപ്പം തയാർ.

4. റാഗി കൊഴുക്കട്ട

ചേരുവകൾ
റാഗിമാവ് - ഒരു കപ്പ്

ചമ്പ പച്ചരിപൊടി - കാൽകപ്പ്,

പാളയംതോടൻ പഴം - ഒന്ന്.

ഫില്ലിങ്ങിന്

തേങ്ങാ -ഒരു മുറി,

ശർക്കര - 100 ഗ്രാം,

ഏലയ്ക്ക പൊടി - അൽപം

തയാറാക്കുന്ന വിധം
ചട്ടിയിൽ അൽപം വെള്ളമൊഴിച്ചു ശർക്കര ഉരുക്കുക. ഇതിലേക്കു തേങ്ങ ചിരകിയതും ഏലയ്ക്ക പൊടിയും ചേർത്തിളക്കി ഇറക്കി വയ്ക്കുക. റാഗിമാവും അരിപ്പൊടിയും പഴവും ചേർത്തു കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക. ശേഷം റാഗി മാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു നടുഭാഗം പരത്തുക. നടുഭാഗത്തു തേങ്ങയും ശർക്കരയും ഏലയ്ക്ക പൊടിയും ചേർത്തു വച്ചതു നിറച്ച് ഉരുളകളാക്കി ഇഡ്‌ലി പാത്രത്തിൽ പുഴുങ്ങിയെടുക്കുക.

(തിന, ചാമ, റാഗി വെജ് റെസിപ്പികൾക്കു കടപ്പാട് - പത്തായം മില്ലറ്റ്സ് കഫേ, തിരുവനന്തപുരം )