Monday 29 May 2023 04:17 PM IST : By സ്വന്തം ലേഖകൻ

യാത്രകളിൽ കഴുത്തുവേദന പ്രശ്നമാണോ? പരിഹാരമായി ട്രാവൽ നെക്ക് പില്ലോ...

pillow544

ഇന്ന് ട്രെയിൻ യാത്രകളിലും മറ്റും നമ്മൾ സാധാരണയായി കാണുന്ന കാഴ്ചയാണ് കഴുത്തിനു താങ്ങ് നൽകുന്ന തലയണകൾ. ദീർഘയാത്രകളിൽ കഴുത്തിനു സമ്മർദ്ദം ഏൽക്കാതിരിക്കാൻ ഇത്തരം നെക്ക് സപ്പോർ‌ട്ടുകൾ സഹായിക്കും.

ശരാശരി ഒരു മനുഷ്യന്റെ തലയുടെ ഭാരം 4.5-5 കിലോഗ്രാം വരെയാണ്. നല്ല ഒരു ശരീരനിലയിൽ തല തോളുകളുടെ പുറത്താണ് ഭാരം കൊടുത്ത് ഇരിക്കുന്നത്. ശരാശരി 4-5 കിലോ ഭാരം കഴുത്തിന്റെ പേശികൾ താങ്ങുന്നു. തലയുടെ ഭാരം അങ്ങനെ നട്ടെല്ലിൽ കൂടി കടത്തി വിടുന്നത് കഴുത്താണ്. തലയെ താങ്ങി നിർത്തുന്നതിനും അപ്പുറം തലയുടെ തിരിയലിനും കഴുത്തിന്റെ ചനലങ്ങൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ നിസ്സാരമാക്കരുത്. ഇന്ന് വളരെ സാധാരണമായി കാണുന്ന ആരോഗ്യപ്രശ്നമാണ് കഴുത്ത് വേദന. പല രോഗങ്ങൾ കാരണവും കിടപ്പുരീതി ശരിയാകാത്തതു കാരണവും കഴുത്തിനു വേദന വരാം. കഴുത്തിനു സപ്പോർട്ട് നൽകുന്ന ചില ഉപകരണങ്ങൾ പരിചയപ്പെടാം.

∙ നെക്ക് പില്ലോ: നെക്ക് പില്ലോയുടെ ഉപയോഗത്തിലൂടെ കഴുത്തിന്റെ സ്വാഭാവികത നിലനിർത്തി വേദനകൾ കുറയ്ക്കാം. പുറം അല്ലെങ്കിൽ വശം തിരിഞ്ഞു കിടക്കുന്നവർക്കാണ് സാധാരണയായി നെക്ക് പില്ലോ ഉപയോഗപ്രദം. 

∙ ട്രാവൽ‌ നെക്ക് പില്ലോ: കാർ, വിമാനം, ട്രെയിൻ എന്നിവയിലുള്ള യാത്രകൾ സുഖപ്രദമാകാൻ ട്രാവൽ നെക്ക് പില്ലോകൾ സഹായിക്കും. പലതരം ഷേപ്പുകളും വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയും ഉണ്ട്. വാങ്ങുന്നതിനു മുൻപ് കഴുത്തിൽ വച്ചുനോക്കിയതിനുശേഷം മാത്രം വാങ്ങുക. നമ്മുടെ കഴുത്തിന്റെ ആകൃതിയിലേക്ക് ചേർന്നിരിക്കുന്ന നെക്ക് പില്ലോകളാണ് കൂടുതൽ സുഖപ്രദം. ദീർഘനേരമുള്ള വിമാനയാത്രയിൽ നെക്ക് പില്ലോ നല്ല ഉറക്കത്തിനു മാത്രമല്ല വിമാനത്തിന് ഉലച്ചിൽ സംഭവിക്കുമ്പോൾ കഴുത്തിനു പെട്ടെന്നുണ്ടാകുന്ന ചലനങ്ങൾ തടയാനും സഹായിക്കും. യു (U) ആകൃതിയിലുള്ള നെക്ക് പില്ലോകളാണ് സാധാരണയായി കണ്ടുവരുന്നത്. ഇത് പലതരത്തിൽ കഴുത്തിനു ചുറ്റും കറക്കി, പൊസിഷൻ മാറ്റി ഉപയോഗിച്ച് തലയ്ക്കും കഴുത്തിനും താങ്ങ് നൽകും. കാറിന്റെ സീറ്റിൽ ചേർത്തു വയ്ക്കാവുന്നുതും ഉണ്ട്. വില – 200 രൂപ മുതൽ.

∙ കാറ്റ് നിറയ്ക്കാവുന്ന തരത്തിലുള്ള നെക്ക് പില്ലോകളും ലഭ്യമാണ്. യാത്ര പോകുമ്പോൾ ഇവ ഉപകാരപ്രദമാണ്. കാറ്റിന്റെ അളവ് അനുസരിച്ച് പില്ലോയുടെ ഘനം നമുക്ക് തന്നെ നിശ്ചയിക്കാം.

∙ നെക്ക് കോളർ: സാധാരണയായി നെക്ക് കോളർ ഉപയോഗിക്കുന്നത് ഡിസ്ക് പ്രശ്നങ്ങൾ, സ്പോണ്ടിലോസിസ്, റോഡപകടങ്ങൾ കാരണം ഉണ്ടാകുന്ന വേദന എന്നീ അവസ്ഥകളിലാണ്. ചെറിയ അപകടങ്ങളിൽ കഴുത്തിനു താങ്ങ് നൽകുന്നതിനൊപ്പം കഴുത്തിന്റെ ചലനം നിയന്ത്രിച്ച് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു.

ഡോ. രാജേഷ് വി.

ഓർത്തോപീഡിക് സർജൻ,

മാതാ ഹോസ്പിറ്റൽ, കോട്ടയം.

Tags:
  • Manorama Arogyam