ആകെ തളർന്നിരിക്കുമ്പോൾ ഒരു സ്മൂത്തി കിട്ടിയാലോ? ക്ഷീണം മാറ്റി പഴയ ഉൻമേഷത്തിലേക്ക് ദാ പെട്ടെന്നു തന്നെ മടങ്ങിപ്പോകാം. ഒാട്സും പാലും ഏത്തപ്പഴവും ബീറ്റ്റൂട്ടും ബദാമും ശർക്കരയും ചേരുന്ന ഒരു സൂപ്പർ സ്മൂത്തിയുടെ വിശേഷങ്ങളാണിവിടെ പറയുന്നത്.
ധാരാളം ആന്റിഒാക്സിഡന്റുകളും ദഹനത്തിനു സഹായിക്കുന്ന നാരുകളും ഈ സ്മൂത്തിയിലുണ്ട്. ഭക്ഷണത്തെ അഞ്ചു വിഭാഗങ്ങളായാണു പൊതുവെ തരം തിരിച്ചിരിക്കുന്നത്. ഇതിൽ തന്നെ നാലു വിഭാഗങ്ങളിൽ നിന്നുമുള്ള ആഹാരപദാർഥങ്ങൾ ഈ റെസിപ്പിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റും നാരുകളും പ്രോട്ടീനും സമൃദ്ധമായുള്ള ഒാട്സ്, ഫോളേറ്റും മാംഗനീസും അടങ്ങിയ ബീറ്റ്റൂട്ട്, സമ്പൂർണ പോഷകാഹാരമായ പാൽ, നാരുകളും പൊട്ടാസ്യവും വൈറ്റമിനുകളും നിറഞ്ഞ ഏത്തപ്പഴം, നാരുകളും മഗ്‌നീഷ്യവുമുള്ള ബദാം, നിറയെ ഇരുമ്പിന്റെ സാന്നിധ്യമുള്ള ശർക്കര...
അങ്ങനെ നോക്കുമ്പോൾ ഒരു സൂപ്പർ സ്മൂത്തി തന്നെയാണിത്. കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗത്തിലെ ഇന്റേൺ ന്യൂട്രിഷനിസ്‌റ്റായ സാന്ദ്രാ മേരി ജോളി ആണ് ഈ സ്മൂത്തി നമുക്കായി തയാറാക്കുന്നത്. വിഡിയോ കാണാം.