Friday 14 June 2024 04:45 PM IST

മുലപ്പാല്‍ കുറയ്ക്കാന്‍ പിച്ചിപ്പൂ അരച്ചു പുരട്ടാം, ചെവിവേദനയ്ക്ക് പികച്ചയില നീര്...

Dr C V Achunni Varrier, Retd. Deputy Chief Physician, Kottaykal Aryavaidyasala, Malappuram

picha43543

ഇന്ത്യ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളിൽ കാടുകളിൽ നൈസർഗികമായി വളരുന്ന ഒരു ആരോഹി സസ്യമാണ് പിച്ചകം. ഔഷധാവശ്യത്തിനും ഉദ്യാനങ്ങളിൽ അലങ്കാര സസ്യമായും സുഗന്ധതൈലത്തിന്റെ ആവശ്യത്തിനും വ്യാപകമായി കൃഷി ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് ഒലിയേസി കുടുംബത്തിൽ പെട്ടതാണ്. ശാസ്ത്രനാമം Jasminum Grandiflorum എന്നാണ്. സംസ്കൃതത്തിൽ മാലതി, ഹൃദ്യഗന്ധി, രാജപുത്രികം, സൗമനസ്യായനി എന്നീ പര്യായങ്ങളുണ്ട്. ഇംഗ്ലിഷിൽ സ്പാനിഷ് ജാസ്മിൻ, കോമൺ ജാസ്മിൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഇലകളും പൂക്കളും വേരുകളും ഔഷധാവശ്യത്തിന് ഉപയോഗിച്ചു വരുന്നു. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനും ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇതിൽ കയ്പും ചവർപ്പും രസങ്ങൾ അടങ്ങിയിരിക്കുന്നു.

ഇലകളിൽ റെസിൻ

ഇലകളിൽ റെസിൻ (Resin) സാലിസിലിക്ക് ആസിഡ് (Salicylic Acid) എന്നീ രാസ ഘടകങ്ങളും ജാസ്മിനിൻ (Jasminin) എന്ന ആൽക്കലോയ്ഡും അടങ്ങിയിട്ടുണ്ട്. പൂവിൽ ബൻസാൽ അസറ്റേറ്റ് (Bensal Acetate) മിഥൈൽ അന്ത്രാനിലേറ്റ് (Methyl Antranilate) എന്നീ രാസഘടകങ്ങൾ ഉണ്ട്.

ജാത്യാദികേരം, ജാത്യാദിഘൃതം, മാലത്യാദികേരം, പാരന്ത്യാദികേരം, വ്രണരോപണതൈലം, വജ്രകതൈലം, കല്യാണകഘൃതം എന്നീ മരുന്നുകളിൽ പിച്ചകം അടങ്ങിയിട്ടുണ്ട്.

പിചകത്തിന്റെ എല്ലാ ഭാഗങ്ങളും വ്രണങ്ങളെ ഉണക്കുവാൻ സഹായിക്കുന്നു. രക്തധമനികളിലെ തടസം നീക്കുന്നതാണ്. അർദ്ദിതം (Facial Paral ysis), പക്ഷാഘാതം (Paralysis) തുടങ്ങിയ വാതരോഗങ്ങൾക്കു ശമനം നൽകുന്നു. മാനസിക വിഷമങ്ങൾ കുറയ്ക്കുന്നു. മലബന്ധം, മൂത്രതടസ്സം, ആർത്തവ സമയത്തെ വിഷമങ്ങൾ, വന്ധ്യത, കൃമി, ത്വക് രോഗങ്ങൾ എന്നിവയിലും ഇതിന്റെ ഉപയോഗം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ചെവിപഴുപ്പ്, വയറ്റിൽ പുണ്ണ് എന്നിവയിലും വിധിക്കപ്പെട്ടിട്ടുണ്ട്.

∙ പിച്ചകയില നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ ചെവിയിൽ ഒഴിക്കുന്നത് ചെവിയിലെ പഴുപ്പും വേദനയും കുറയ്ക്കുന്നു. പിച്ചകത്തിനില അരച്ച് പാദങ്ങളിൽ പുരട്ടുന്നത് മുള്ളുകൾ (Corns) ശമിക്കുന്നതിന് നല്ലതാണ്.

∙പിച്ചകയില നീര് പ്രധാന ഘടകമായിട്ടുള്ള ജാത്യാദിതൈലം, ജാത്യാദിഘൃതം, പാരന്ത്യാദി തൈലം എന്നിവ വ്രണങ്ങളിൽ പുരട്ടുന്നത് വ്രണം വേഗത്തിൽ ഉണങ്ങുവാൻ സഹായിക്കും. ചിലതരം ത്വക്‌രോഗങ്ങളിലും, വിഷപ്രാണികൾ കടിച്ചുണ്ടാകുന്ന ചൊറിച്ചിലിനും ഇവ നല്ലതാണ്. മുടികൊഴിച്ചിൽ, താരൻ, ഇന്ദ്രലുപ്തം (Alopecia) എന്നിവയുടെ ശമനത്തിന് ജാത്യാദിതൈലം പുരട്ടുന്നത് വളരെ ഫലപ്രദമാണ്.

∙ സ്തനങ്ങളിൽ ഉണ്ടാകുന്ന വിദ്രധി (Abscess), വ്രണം എ ന്നിവയിൽ ജാത്യാദിതൈലം പുരട്ടുന്നത് ഫലപ്രദമാണ്. മുലപ്പാൽ കൊടുക്കുന്ന അമ്മമാരിൽ ഉണ്ടാകുന്ന ഇത്തരം ഉപദ്രവങ്ങളിൽ പാൽ ഉൽപാദനം കുറയ്ക്കുകയും ചെയ്യേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ പിച്ചിപ്പൂവ് അരച്ച് മാറിടങ്ങളിൽ പുരട്ടുന്നത് മുലപ്പാൽ കുറയ്ക്കുവാൻ ഫലപ്രദമാണ്.

പ്രയോഗങ്ങൾ

∙പിച്ചകത്തിന്റെ പൂക്കളുടെ സത്തിൽ നിന്നും എടുക്കുന്ന സുഗന്ധതൈലം ശരീരത്തിൽ പുരട്ടി കുളിക്കുന്നതു കുളിർമയും ശരീരസുഗന്ധവും നൽകുന്നു. ലൈംഗിക ഉത്തേജകവുമാണ്.

കണ്ണിന് തണുപ്പു നൽകുകയും ചെയ്യുന്നു. 

∙ പിച്ചകത്തിന്നില നെയ്യിൽ വറുത്ത് പൊടിച്ചു ആ നെയ്യിൽ തന്നെ ചേർത്ത് വരണ്ട ചൊറിച്ചിലുള്ള (Dry Eczema) ഭാഗത്ത് പുരട്ടുന്നതു ഫലപ്രദമാണ്.

∙ പിച്ചകയില നീരിൽ തേൻ ചേർത്ത് കവിൾ കൊള്ളുന്നത് (Gargling) കവിളിലും നാവിന്നടിയിലും ഉള്ള വ്രണങ്ങൾ കരിയുവാൻ നല്ലതാണ്

Tags:
  • Manorama Arogyam