ഉറങ്ങാൻ കട്ടിലിലേക്കു കിടക്കുമ്പോൾ ആദ്യം അന്വേഷിക്കുന്നത് തലയണയെയാണ്. എത്ര മൃദുവായ മെത്ത ഉണ്ടെങ്കിലും തല ചായ്ക്കാൻ തലയണ കൂടി ഉണ്ടെങ്കിലെ ഉറക്കം പൂർണമാകൂ. എന്നാൽ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യപ്രദം എന്ന വാദവും നിലനിൽക്കുന്നുണ്ട്. തലയണ എന്നാൽ തലയണ എന്നാൽ തലയ്ക്കു മാത്രമല്ല കഴുത്തിനും സപ്പോർട്ട് ലഭിക്കാനായി ഉപയോഗിക്കുന്നതാണ്. തലയണ ഉപയോഗവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനസിലാക്കാം.
• നമ്മുടെ കിടപ്പിനനുസരിച്ചാണ് തലയണയുടെ ഉപയോഗം. ചരിഞ്ഞു കിടക്കുമ്പോൾ തോളുകളെ അപേക്ഷിച്ച് തലയും കഴുത്തും താഴ്ന്നിരിക്കും. ഈ രീതിയിൽ ദീർഘനേരം കിടന്നാൽ കഴുത്തിനു വേദനയും തോളിനു കഴപ്പും അനുഭവപ്പെടും. ഇങ്ങനെ ചരിഞ്ഞു കിടക്കുമ്പോൾ തലയും കഴുത്തും ശരീരത്തിനു നേരെ നിൽക്കുന്നതിനു വേണ്ടി തലയണ ഉപയോഗിക്കാം.
• തലയ്ക്കു മാത്രമല്ല കഴുത്തിന് താങ്ങായിരിക്കണം തലയണ . കഴുത്തും തലയണയും അമർന്നു കിടക്കുന്ന രീതിയിൽ കിടക്കുന്നതാണ് ഉചിതം.
• അത്യാവശ്യം കട്ടിയുള്ളതും അതേ സമയം മൃദുവായതുമായ തലയണ ഉപയോഗിക്കാം.
• തലയുടെയും കഴുത്തിന്റെയും സ്വാഭാവിക വടിവ് നിലനിർത്തുന്ന തലയണയാണ് ഉത്തമം. ഒരുപാട് മൃദുവായ തലയണ തലയ്ക്കും തോളിനും ഇടയ്ക്കുള്ള വിടവ് നികത്താതെ പോകും.
• രണ്ട് തലയണ വച്ചു ഉറങ്ങരുത്.
• സ്ഥിരമായി ചരിഞ്ഞു കിടക്കുന്നവർ, ജലദോഷം ഉള്ളവർ, ആസിഡ് റിഫ്ലെക്സ് ഉള്ളവർ എന്നിവർക്ക് ഉയരം കൂടിയ തലയണ ഉപയോഗിക്കാം.
• പഞ്ഞി നിറഞ്ഞ തലയണകളാണ് നല്ലത്. കാലപ്പഴക്കം ഏറുമ്പോൾ പഞ്ഞിയും സ്പോഞ്ചും അവിടവിടെ കൂടി ചേരുന്നതുമൂലം തലയണയുടെ ഉയരം കുറയുകയും മൃദുത്വം നഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെ ആകുന്നതിനു മുൻപ് തലയണ മാറ്റണം.
• യാത്രകളിൽ കഴുത്തിനു മാത്രമായി റൗണ്ട് തലയണ വയ്ക്കുന്നതും നല്ലതാണ്.
∙ രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുെട കഴുത്തിനു നീളം കുറവായതിനാൽ തലയണ ഉപയോഗിക്കണമെന്നില്ല.
∙ സ്പോണ്ടിലോസിസ് പോലെയുള്ള പ്രശ്നമുള്ളവർക്ക് ഒരുപാട് മൃദുവായതോ കട്ടിയായതോ ആയ തലയണ ഉപയോഗിക്കരുത്. മീഡിയം തരത്തിലുള്ളവ മതിയാവും. ഇവർ കിടക്കുമ്പോൾ കഴുത്തിനും കൂടി താങ്ങു ലഭിക്കുന്ന തരത്തിൽ തലയണ വയ്ക്കണം.
ഡോ. രാജേഷ് വി.
കൺസൽറ്റന്റ് ഒാർത്തോപീഡിക് സർജൻ
മാതാ ഹോസ്പിറ്റൽ, കോട്ടയം