Saturday 14 September 2024 03:13 PM IST : By Manorama Arogyam

വിവാഹം വേണ്ട, ലൈംഗികസുഖത്തിനു പോണ്‍ മതി- പുതിയതലമുറയുടെ പോണ്‍ അഡിക്ഷന്‍ അതിരു കടക്കുന്നുവോ?

porn434

വിവാഹം കഴിക്കാൻ തയാറാകുന്നില്ലെന്ന പരാതിയോടെയാണ് 28 കാരനെ കൊണ്ടുവന്നത്. യുവാവുമായി വിശദമായി സംസാരിച്ചപ്പോൾ, അയാൾ വെളിപ്പെടുത്തി, ‘‘ എനിക്ക് അവയവ വലുപ്പം കുറവാണ്, ഉദ്ധാരണം വേണ്ടത്ര നിൽക്കുന്നില്ല. പിന്നെ എന്തിനാണു സർ വിവാഹം കഴിക്കുന്നത്. ഒരു പെൺകുട്ടിയുെട ജീവിതം ഞാനായിട്ടു നശിപ്പിക്കേണ്ടതുണ്ടോ? ഇതൊന്നും എനിക്കു വീട്ടുകാരോടു പറയാനാകില്ല.’’

ആ യുവാവിന്റെ സെക്സിനെക്കുറിച്ചുള്ള സങ്കൽപങ്ങളെല്ലാം രൂപപ്പെട്ടതു വർഷങ്ങളായി ആസ്വദിക്കുന്ന പോൺ വീഡിയോകളിൽ നിന്നായിരുന്നു എന്നതാണു പ്രശ്നം. അവയവ വലുപ്പത്തെക്കുറിച്ചുള്ള ഉത്കണ്ഠയും രതിയിെല തന്റെ മികവിനെക്കുറിച്ചുള്ള സംശയവും (പെർഫോമൻസ് ആങ്സൈറ്റി) ആയിരുന്നു യുവാവിനെ അലട്ടിയത്. ഇതു വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, പതിവായി കാണുന്ന പോൺ സിനിമകൾ ആണ്.

പോണിന്റെ പുതിയ ലോകം

ലൈംഗികത കുഴപ്പം പിടിച്ച ഒന്ന് എന്ന മട്ടിലുള്ള മുൻതലമുറയുടെ കാഴ്ചപ്പാടിൽ നിന്നും മാറി അതു വളരെ സാധാരണവും ആസ്വാദ്യകരവുമായ സംഗതിയാണെന്നുള്ള കാഴ്ചപ്പാടാണു പുതുതലമുറയ്ക്ക്. ഈ മാറ്റത്തിന് ഒരു പ്രധാന പങ്കു വഹിച്ചത് ഇന്റർനെറ്റിലൂടെ യുവതലമുറ കണ്ടുംകേട്ടും അനുഭവിച്ചും അറിഞ്ഞപോണോഗ്രഫിയാണ്. ആരും അറിയാതെ ഇഷ്ടമുള്ള സ്ഥലത്തിരുന്നുകൊണ്ടു യാതൊരു നിയമലംഘനങ്ങളും നടത്താതെ ആസ്വദിക്കാം എന്നതാണു പോണോഗ്രഫി ഇത്രയും പ്രചാരം നേടാൻ കാരണം. മാത്രമല്ല വിവിധ രാജ്യങ്ങളിലെ വിവിധ പ്രായത്തിലുള്ള വിവിധ സംസ്കാരത്തിലുള്ള വ്യക്തികളുടെ വ്യത്യസ്തമായ നഗ്നതയും ലൈംഗികതയും കാണാനും ഒന്നിൽ നിന്നും മറ്റൊന്നിലേക്കു പോകുവാനുള്ള സൗകര്യവും പോണോഗ്രഫിയിലുണ്ട്. ഇതു ലൈംഗികാസ്വാദനത്തിന്റെ പുതിയ മുഖമായി പുതിയസമൂഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു.

സ്വാർഥതയുെട സെക്സ്

രതിയെന്നതു പങ്കുവയ്ക്കലാണ്, ഒരുമിച്ച് ആസ്വദിക്കലാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് പോണോഗ്രഫിയിലൂെട ലഭിക്കുന്ന രതിസുഖം. ഇവിടെ പങ്കാളിയെ സംതൃപ്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല.മറിച്ച് അവനവന്റെ ലൈംഗികതൃപ്തി മാത്രം ശ്രദ്ധിച്ചാൽ മതി. മാത്രമല്ല, തന്റെ ഫാന്റസികളും താൽപര്യങ്ങളും പരിഗണിച്ച് ഏതു രീതിയിലുള്ള ലൈംഗികക്കാഴ്ചകളിലേക്കും ആസ്വാദനത്തിലേക്കും പോണോഗ്രഫി അവസരമൊരുക്കുന്നു. അവനവന്റെ പോൺ ഇഷ്ടങ്ങൾ തേടിപ്പിടിക്കാനുള്ള സാങ്കേതികമായ വിരുതു പുതിയ തലമുറയ്ക്കു കൂടുതലുമാണ്.

അഡിക്‌ഷനിലേക്ക്

മുൻതലമുറകളുെട ലൈംഗികമായ അജ്ഞതയുടെ സ്ഥാനത്തു പുതിയതലമുറ ടീനേജിലേക്ക് എത്തുന്നതിനു മുൻപു പോലും പോണോഗ്രഫി കണ്ടാണ് ലൈംഗികതയെക്കുറിച്ചുള്ള ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത്. സ്കൂൾ സിലബസുകളിൽ സെക്സ് എജ്യുക്കേഷൻ പരാമർശിക്കുന്നുണ്ടെങ്കിലും പോണോഗ്രഫിയാണു പുത്തൻ തലമുറക്കാരിലേറെപ്പേരുടെയും സെക്സ് ഗുരു. മറ്റേതു സന്തോഷകരമായ അവസ്ഥകളിലുമെന്ന പോലെ പോൺ ആസ്വദിക്കുന്നവരിലും തലച്ചോറിലെ ഡോപമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അമിതമായ ഉൽപാദനത്തിനും അതുവഴി അമിതമായ സന്തോഷത്തിനും കാരണമാകുന്നു. അതിനാൽ പലരും പോണോഗ്രഫി കണ്ട് ലൈംഗികസംതൃപ്തി നേടുന്നു. യഥാർഥ ജീവിതത്തിലെ പങ്കാളിയുമായുള്ള സെക്സ് അത്രതന്നെ അവർക്ക് ആസ്വാദ്യകരമായി മാറണമെന്നുമില്ല. ഈ ഘട്ടത്തിൽ പോണോഗ്രഫിയോടുള്ള ആശ്രിതത്വം കൂടുകയും അഡിക‌്‌ഷൻ രൂപപ്പെടുകയും ചെയ്യും.

ഇത്തരം പ്രശ്നങ്ങൾ മുൻതലമുറകളിൽ ഇല്ല എന്നല്ല, എന്നാൽ അവരുടെ മുന്നിൽ പോണോഗ്രഫി ഇന്നത്തെ മട്ടിൽ അനാവൃതമായതു പക്വതയുള്ള പ്രായത്തിലാണ്. എന്നാൽ പുതിയ തലമുറ അങ്ങനെയല്ല എന്നതാണ് അപായ സാധ്യത കൂട്ടുന്നത്. വിവാഹം വേണ്ടാത്തവർ ലോകമെമ്പാടും വിവാഹത്തോടുള്ള താൽപര്യം കുറഞ്ഞുവരുന്നുണ്ട്. അഥവാ വിവാഹം കഴിച്ചാലും അതിന്റെ പരാജയശതമാനം കൂടുന്നുമുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കു ചൂഴ്ന്നിറങ്ങിയാൽ ലൈംഗിക സംതൃപ്തി നേടാൻ വിവാഹജീവിതം നിർബന്ധമല്ല എന്ന കാഴ്ചപ്പാടു കൂടിയുണ്ട്. അതിന് ആക്കം കൂട്ടുന്നതു സ്വയം നിയന്ത്രണമില്ലാതെ പോകുന്ന പോൺ കാഴ്ചകളുമാണ്.

ശാരീരിക സംതൃപ്തിക്കായി പോണോഗ്രഫിയും വൈകാരിക സംതൃപ്തിക്കായി നായ്ക്കുട്ടികൾ അടക്കമുള്ള പെറ്റ്സും എന്ന ചിന്ത പലരിലും വളർന്നു വന്നിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ നാട്ടിൽ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവരുടെയും താല്പര്യമുണ്ടായിട്ടും പങ്കാളികളെ കിട്ടാനില്ലാത്തവരുടെയും എണ്ണം കൂടുന്നുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ ഇല്ലാതെ ജീവിക്കുവാനും അതവരെ സഹായിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞവർക്കിടയിൽ ബന്ധം വേർപെടുന്നതിന്റെ കാരണങ്ങളിലൊന്നായും അമിതമായ പോൺ കാഴ്ച മാറുന്നുണ്ട്. ഒരേ കിടക്കയിൽ രണ്ടു പുതപ്പുകൾക്കടിയിൽ രണ്ടു ലോകങ്ങൾ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഇതു കാരണമാകുന്നു. പിന്നീട് അതു പങ്കാളികൾ തമ്മിലുള്ള പരസ്പര വിശ്വാസമില്ലായ്മയ്ക്കും ക്രമേണ വിവാഹമോചനത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ വിരളമല്ല.

ധാദ് സിൻഡ്രം

അമിതമായ പോൺ കാഴ്ചയും അനുബന്ധമായ സ്വയംഭോഗവും ക്രമേണ അതുണ്ടാക്കുന്ന ആശങ്കകളും ധാദ് സിൻഡ്രം(Dhat Syndrome) എന്ന അവസ്ഥ ഉണ്ടാക്കാം. ഇന്ത്യയുൾപ്പെടെ ഏഷ്യയിലെ തെക്കൻ രാജ്യങ്ങളിലെ യുവാക്കളിൽ പ്രശ്നം താരതമ്യേന കൂടുതലാണ്. ശീഘ്രസ്ഖലനം, മൂത്രത്തിലൂടെ ശുക്ലം പോകുന്നതായുള്ള ഉത്കണ്ഠ എന്നിവ ലക്ഷണമായി കാണാം. പൊതുവെ താൻ അമിതമായി സ്വയംഭോഗം ചെയ്യുന്നു എന്ന് ഈ പ്രശ്നമുള്ളവർ വെളിപ്പെടുത്താറുണ്ട്. നമ്മുെട നാട്ടിൽ കൗമാരക്കാരിലും ഈ ലക്ഷണങ്ങൾ കാണാറുണ്ട്. പോണിനോട് അടിമത്തമുള്ളവർ അതു പരിഹരിച്ചാൽ ഇതു മാറുകയും ചെയ്യും.പോൺ പതിവായി കാണുന്നവരെ ക്രമേണ അതു ലൈംഗിക വൈകൃതങ്ങളിലേക്കു നയിക്കാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ വിവിധങ്ങളായ കാരണങ്ങളാൽ ലൈംഗിക ജീവിതത്തിന്റെ ഗുണമേൻമ ഇല്ലാതാകുന്നതായി തോന്നിയാൽ പോൺ കാഴ്ച നിർത്തണം. അതുപോലെ ദൈനംദിന ജീവിതപ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ തുടങ്ങിയാലും പോൺ നിയന്ത്രിക്കുകതന്നെ വേണം.

ഡോ. സന്ദീഷ് പി.ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഗവ. മാനസിക

ആരോഗ്യ കേന്ദ്രം,

കോഴിക്കോട്

Tags:
  • Manorama Arogyam