മത്തങ്ങ കൊണ്ടുള്ള കറി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മത്തക്കുരുവോ ? അതു മിക്കവരും കളയുകയാണു ചെയ്യുന്നത്. വെറുതേ കളയുന്ന ഈ മത്തക്കുരു കൊണ്ട് നമുക്ക് ഒരു സൂപ്പർ സ്മൂത്തി തയാറാക്കാം.
മത്തങ്ങക്കുരുവിനെ നിസ്സാരമായി കാണേണ്ട. വളരെ പോഷകസമ്പന്നമാണിത്. നാരുകളും കാർബോഹൈഡ്രേറ്റും പ്രോട്ടീനും വൈറ്റമിൻ കെയും ആരോഗ്യകൊഴുപ്പുകളും ധാതുക്കളുമെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ ആന്റി ഒാക്സിഡന്റുകളും മഗ്നീഷ്യവും ഉണ്ട്.
മത്തക്കുരു പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെയും ബ്ലാഡറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നത് പുരുഷൻമാർക്ക് ഒരു സന്തോഷവാർത്തയാണ്. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ത്തുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും മത്തക്കുരുവിലെ പോഷകങ്ങൾ സഹായിക്കും. മുടി വളർച്ച മെച്ചപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക എന്നിവയ്ക്കും ഇതു സഹായകമാണ്. മത്തങ്ങക്കുരു ഡയറ്റിൽ ഉൾപ്പെടുത്താൻ ഏറെ എളുപ്പമാണ് എന്നതും പറയാതിരിക്കാനാകില്ല.
മത്തക്കുരു , വാൽനട്ട്സ്, സ്ട്രോബെറി , റോസ്‌റ്റഡ് ഒാട്സ് , തേൻ , സോയാ മിൽക് എന്നിവയാണ് ഈ സ്മൂത്തിക്കു വേണ്ട ചേരുവകൾ.
മൂന്നു സ്ട്രോബെറിയും 10ഗ്രാം മത്തക്കുരുവും മൂന്നു വാൽനട്സും ഒരു ടീസ്പൂൺ തേനും 10ഗ്രാം റോസ്‌റ്റഡ് ഒാട്സും 100 മീലി.സോയാ മിൽക്കും മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് സെർവിങ് കപ്പിലൊഴിച്ച് മേലേ അൽപം തേൻ കൂടി ഒഴിച്ചാൽ സ്മൂത്തി റെഡി.
എറണാകുളം വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗത്തിൽ ആർ ഡി ഇന്റേൺ ചെയ്യുന്ന കീർത്തനാ വൽസൻ ആണ് ഈ സ്മൂത്തി തയാറാക്കുന്നത്.
വിഡിയോ കാണാം.