Wednesday 11 August 2021 05:22 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കും, വായ്‌നാറ്റം തടയും: സാലഡ് കുക്കുമ്പർ ദിവസവും കഴിച്ചാൽ സംഭവിക്കുന്നത്

sald43543563

സാലഡ് കുക്കുംബർ എന്ന സാലഡ് വെള്ളരി കാഴ്ചയ്ക്ക് അതിമനോഹരമാണ്. മുറ്റത്തെ അടുക്കളത്തോട്ടത്തിൽ സാലഡ് വെള്ളരി വളർത്തുന്നവരും പതിവായി വിപണിയിൽ നിന്ന് അത് വാങ്ങുന്നവരുമാണ് നാം. സാലഡ് കക്കിരിക്ക എന്നൊരു പേരു കൂടി ഇതിനുണ്ട്. ഒരു പഴം കഴിക്കുന്നത്ര ആസ്വാദ്യതയോടെ കഴിക്കാവുന്ന ഒരു പച്ചക്കറി എന്ന് സാലഡ് വെള്ളരിയെ വിശേഷിപ്പിക്കാം. വളരെയധികം പോഷക സമൃദ്ധമായ ഒന്നാണിത്.

ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു ആരോഗ്യ വാർത്തയാവുകയാണ്.

നിറയെ പോഷകങ്ങൾ

പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ധാരാളമായുണ്ട്.

എത്ര കഴിക്കാം? എങ്ങനെ?

സാലഡ് വെള്ളരി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. പച്ചയായോ അച്ചാറിട്ടോ കഴിക്കാം. കാലറി കുറഞ്ഞ ഒരു ലഘുഭക്ഷണമായും ഇത് ആഹാരത്തിൽ ഉൾപ്പെടുത്താം. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ കൂടുതൽ കഴിച്ചാലും കുഴപ്പമില്ല. പോഷകാംശം കൂടുതൽ ലഭിക്കാൻ തൊലിയോടുകൂടി കഴിക്കുന്നതാണു നല്ലത്. തൊലി കളയുന്നതോടെ ജലത്തിന്റെ അളവു കുറയുകയും വൈറ്റമിൻ, ധാതുലവണങ്ങൾ പോലുള്ളവ ഒരു പരിധി വരെ നഷ്ടപ്പെടുകയും ചെയ്യുന്നു. തയമിൻ, െെറബോഫ്ലേവിൻ, നിയാസിൻ, വൈറ്റമിൻ ബി–6, എ എന്നിവയും സാലഡ് വെള്ളരിയിൽ അടങ്ങിയിരിക്കുന്നു.

പ്രധാന ആരോഗ്യ വസ്തുതകൾ

സാലഡ് വെള്ളരിയെക്കുറിച്ചുള്ള ചില ആരോഗ്യ വസ്തുതകൾ അറിയാം. ∙ സൂര്യതാപത്തെ ശമിപ്പിക്കാൻ സാലഡ് വെള്ളരി ഉപയോഗിക്കാം. ∙ മുൻപു നടന്ന ചില
ഗവേഷണങ്ങൾ പറയുന്നത് ഇവയിൽ അടങ്ങിയ ചില സംയുക്തങ്ങൾ കാൻസർ തടയാൻ സഹായിക്കുന്നു എന്നാണ്. ∙ഹൃദ്രോഗങ്ങളെ
തടയാൻ ഇതിലെ ലിഗ്‌നൻ എന്ന വസ്തു സഹായകമാണ്.

സാലഡ് വെള്ളരിയിലെ കുക്കുർബീറ്റേഷ്യംസ് (A, B, C, D & E) കാൻസർ കോശങ്ങളുടെ വിഭജനവും നിലനിൽപും തടയുന്നതിലൂടെ കാൻസറിനെ അകറ്റിനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദം തടയാൻ സോഡിയത്തിന്റെ അളവു ഭക്ഷണത്തിൽ കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ അളവു കൂട്ടുകയും ചെയ്യുന്നത് ഉത്തമമാണെന്ന് അമേരിക്കൽ ഹാർട്ട് അസോസിയേഷൻ (AHA) പറയുന്നു. കുക്കുർബീറ്റേഷ്യംസും ഇതിൽ ഒരു പ്രധാന പങ്കു
വഹിക്കുന്നു.

പല്ലിനും എല്ലിനും

ഒരുതരം ബാക്ടീരിയയുടെ അടിഞ്ഞുകൂടലാണ് വായ്നാറ്റത്തിനു കാരണം. സാലഡ് വെള്ളരിയിലെ െെഫറ്റോന്യൂട്രിയന്റുകൾ ഈ ബാക്ടീരിയകളെ നശിപ്പിക്കുന്നു. വായ്നാറ്റം ഉള്ളവർ ചെയ്യേണ്ടത് ഇത്ര മാത്രം. സാലഡ് വെള്ളരി മുറിച്ച് അണ്ണാക്കിനോടു ചേർത്തു വയ്ക്കുക. വളരെ പെട്ടെന്നു തന്നെ വായ്നാറ്റത്തിനു കാരണമാകുന്ന ബാക്ടീരിയകൾ നശിക്കും.

പല്ലുകളെയും മോണകളെയും ശുചിയായി സൂക്ഷിക്കാനും ഇതു സഹായിക്കുന്നു. വൈറ്റമിൻ കെ, പല്ലിലെ കാൽസ്യത്തിന്റെ ആഗിരണം കൂട്ടാൻ സഹായിക്കുന്നു. ഒരു കപ്പ് സാലഡ് കക്കിരിക്കയിൽ 8.5 െെമക്രോഗ്രാം വൈറ്റമിൻ കെ യും കാൽസ്യവും അടങ്ങിട്ടുണ്ട്. ഇവ സംയോജിച്ച് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമം, മുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇനി വെള്ളരിക്കാ നീര് മുഖത്തു പുരട്ടുന്നത് ചർമസൗന്ദര്യത്തിനും നല്ലതാണ്. വെള്ളരി പതിവായി കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാനാകുമെന്നും പറയുന്നുണ്ട്. ശരീരം തണുപ്പിക്കാനും ഇതു സഹായിക്കുന്നു.

ഒഴിവാക്കേണ്ടവർ ആര് ?

സാലഡ് വെള്ളരി പോഷകസമൃദ്ധമാണെന്നു പറഞ്ഞാലും ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ∙ സാലഡ് വെള്ളരി അപൂർവമായി ചിലരിൽ അലർജിക്കുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. അങ്ങനെയുള്ളവർ കരുതലെടുക്കുക. ∙ ഗർഭാവസ്ഥയിൽ സാലഡ് കക്കിരിക്ക ഒരുപാടു കഴിക്കാതിരിക്കുന്നതാണു നല്ലത്. ഡോക്ടറുടെ നിർദേശവും തേടാം. ഇത് കൂടുതൽ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കുന്നു. ചിലപ്പോൾ വയറുവേദന ഉണ്ടാക്കാം. അത്തരം കാരണങ്ങളാൽ ഗർഭാവസ്ഥയിൽ പ്രയാസം നേരിടാം.

നല്ല ദഹനത്തിന്

സാലഡ് വെള്ളരി കഴിക്കുന്നത് ദഹനം സുഖപ്രദമാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവു കൂട്ടുന്നതുകൊണ്ടു തന്നെ മലബന്ധം പോലുള്ള രോഗാവസ്ഥകൾ തടയാം. സാലഡ് വെള്ളരിയിൽ നാരുകളുടെ അംശവും വളരെ കൂടുതലാണ്. പെക്ടിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഒരു ജെൽ പോലെ ആമാശയത്തിലേക്ക് അലിഞ്ഞ് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇതു കൊണ്ടുള്ള പ്രധാന ഗുണം ഏറെ നേരം വയർ നിറഞ്ഞിരിക്കുന്ന പ്രതീതി ഉണ്ടാകും എന്നതാണ്. അത് ശരീരഭാരം കുറയ്ക്കാനുള്ള കുറുക്കു വഴി കൂടിയാണ്.

ശരീരഭാരം കുറയ്ക്കാൻ

ഇടയ്ക്ക് വല്ലതുമൊക്കെ കൊറിക്കണമെന്നു തോന്നുമ്പോൾ സാലഡ് വെള്ളരി കഴിച്ചോളൂ. ഇതിൽ ഊർജം 45 കാലറി മാത്രമേ ഉള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതു സഹായിക്കും. ഇതിൽ 96 ശതമാനവും ജലമാണ്. അന്നജവും ഊർജവും കുറവാണ്. അതുകൊണ്ടുതന്നെ കാലറി കൂടിയ ഭക്ഷണങ്ങൾക്കു പകരമായി എത്ര വേണമെങ്കിലും ഇതു കഴിക്കാം.

ഡോ.സൂസൻ ഇട്ടി

ചീഫ് ക്ലിനിക്കൽ

ന്യൂട്രിഷനിസ്‌റ്റ്

ആസ്‌റ്റർ മെഡ്സിറ്റി,

കൊച്ചി