Tuesday 16 November 2021 12:25 PM IST : By സ്വന്തം ലേഖകൻ

‘ഫോർപ്ലേ’ തിരികെ നൽകും യൗവനകാല രതിലീലകൾ! 50കഴിഞ്ഞുള്ള ലൈംഗിക ഉത്തേജനത്തിന് ടിപ്സ്

sexx

പൂർവലീലകളിൽ പിടിമുറുക്കാം

ഇരുപതു വയസ്സുള്ളപ്പോൾ ലൈംഗിക പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സ്ത്രീ/ പുരുഷന്മാർക്കു ഉത്തേജനം ഉണ്ടാവും .മുപ്പതു -നാൽപത് വയസ്സിൽ, വെറുതെ ഓർത്താൽ ഉത്തേജനം ഉണ്ടാവണമെന്നില്ല, ഇണയുടെ ശരീരഭാഗങ്ങൾ നേരിൽ കാണുകയും ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.

അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ (പൂർവലീലകൾ വേണ്ടിവരും. അതായത് ദർശനവും സ്പർശനവും ലൈംഗിക വിനോദഭാവവും (മൂഡ് ) എല്ലാം ഒരുമിച്ചു വേണം. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

∙ ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കണം.

∙ സെക്സിന്റെ പടിവാതിലാണ് പൂർവലീലകൾ. അതിൽ വിരലുകൾ, ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾ മാത്രമല്ല അസ്വസ്ഥതയുണ്ടാക്കാത്തതരത്തിലുള്ള കടിയും നഖ പ്രയോഗവുമൊക്കെയാവാം.

∙ സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഘ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.

ഇവ ചെയ്തുനോക്കൂ...

അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.

∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ (അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.

∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.

∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.

∙ പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനിമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.

∙ മുൻപ് അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ, സ്ഥലങ്ങൾ (കിടപ്പു മുറിക്കു പകരം മറ്റു മുറികൾ) എന്നിവ തിരഞ്ഞെടുക്കുക.

പ്രശ്നങ്ങൾ പരിഹരിക്കാം

50 വയസ്സിനു മുകളിൽ 43 ശതമാനം സ്ത്രീകൾക്കും 31ശതമാനം പുരുഷന്മാർക്കും ലൈംഗിക താൽപര്യക്കുറവ്, ഉത്തേജന കുറവ്, ആസ്വാദ്യതയില്ലായ്‌മ തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾ കാണാറുണ്ട്. പ്രമേഹം ,രക്തസമ്മർദം, വിഷാദരോഗം, മദ്യപാനം, പുകവലി, പരസ്ത്രീ/പുരുഷ ബന്ധങ്ങൾ, മാനസിക രോഗാവസ്ഥകൾ തുടങ്ങിയവ ലൈംഗികബന്ധങ്ങളെ താറുമാറാക്കും. പരിഹാരങ്ങൾക്കായി സെക്സ് മെഡിസിൻ സ്പെഷലിസ്റ്റിനെ കാണാൻ ശ്രമിക്കണം.

∙ സ്ത്രീകൾ ലൈംഗികപ്രശ്നങ്ങൾ ഗൈനക്കോളജിസ്റ്റിനോടാണ് സംസാരിക്കാൻ താൽപര്യപ്പെടുന്നത്. ഹോർമോൺ സംബദ്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ അവർക്കു പരിഹരിക്കാൻ‌ കഴിയും.

∙ ലൈംഗിക താൽപര്യം കുറയുന്നവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലും ശ്രദ്ധവയ്ക്കണം. ആന്റി ഡിപ്രസന്റുകൾ, അലർജിക്കുള്ള ആന്റിഹിസ്റ്റമിനുകൾ, രക്തസമ്മർദമരുന്നുകൾ, അൾസർ മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവയിൽ ചിലതിന്റ പാർശ്വഫലമായി ലൈംഗികതാൽപര്യം കുറയാം. ഡോക്ടറോട് പറഞ്ഞ് മരുന്നുമാറ്റിയാൽ അതിനു പരിഹാരമാവും.

∙ വാർധക്യത്തിലും ചില രോഗാവസ്ഥകളിലും സംഭോഗം പലപ്പോഴും സാധിച്ചെന്നു വരില്ല. പക്ഷേ ചെറുപ്പ ത്തിലെ ആസ്വാദ്യതയുള്ള ലൈംഗികതയിൽ നിന്ന് രൂപപ്പെട്ടു വന്ന ആത്മബന്ധം ആണ് ആ ഘട്ടത്തിലെ ലൈംഗികാസ്വാദനമെന്ന് തിരിച്ചറിയുക.

വിവരങ്ങൾക്ക് കടപ്പാട്;


ഡോ. എസ്.ഡി.സിങ്
സീനിയർ സൈക്യാട്രിസ്റ്റ്,
കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
മെഡിക്കൽ മിഷൻ, കൊച്ചി