Friday 04 March 2022 03:33 PM IST : By മനോരമ ആരോഗ്യം ആർകൈവ്

മനസ്സ് മുറുകി തുടങ്ങുമ്പോഴേ ഡീപ് ബ്രീതിങ്; ജോലികളെ മുൻഗണന അനുസരിച്ച് തരംതിരിച്ച് ചെയ്യാം: പിരിമുറുക്കം പരിഹരിക്കാൻ മാർഗ്ഗങ്ങൾ

cdscs343

ഏഴെട്ടു വർഷം പ്രമേിച്ചു കല്യാണം കഴിച്ചതാണ്. പക്ഷേ ഒരുമിച്ചു സിമന്റു ബഞ്ചിലിരുന്നു സ്വപ്നം കണ്ട ജീവിതമല്ല ജീവിച്ചു തുടങ്ങിയപ്പോൾ...ഫാനിടുന്നതു മുതൽ കിടന്നുറങ്ങുന്ന സമയത്തിനു വരെ വിരുദ്ധാഭിപ്രായങ്ങൾ...വാശികൾ..പിണക്കങ്ങൾ...മാറിക്കിടക്കലുകള്‍...രണ്ടു വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾ..സമൂഹത്തിന്റെ പരിഹാസനോട്ടങ്ങൾ...പ്രണയപൂർവമായ നിമിഷങ്ങൾക്കു പകരം സർവ്വത്ര പിരിമുറുക്കം...

പിരിമുറുക്കം വരിഞ്ഞുമുറുക്കാത്ത ജീവിതങ്ങളില്ല എന്നായിരിക്കുന്നു. ലോണെടുക്കാൻ പിരിമുറുക്കം അടച്ചുതീർക്കാൻ അതിലേറെ പിരിമുറുക്കം. മുഖക്കുരു മുതൽ പൈൽസ് വരെ ചെറുതോ വലുതോ ആയ രോഗങ്ങൾ മനസ്സിനെ അസ്വസ്ഥരാക്കാത്തവരായി ആരുണ്ട്. കുട്ടികളെ വളർത്തുമ്പോൾ, പ്രത്യേകിച്ച് അൽപം വാശിക്കുടുക്കകളാണെങ്കിൽ പിരിമുറുക്കത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.

ഇനി വ്യക്തിപരമായ കാര്യങ്ങളൊക്കെ മാറ്റിവച്ച് ജോലിക്ക് പോയാലോ? സഹപ്രവർത്തകരുടെ പാരവയ്പ് മുതൽ മേലുദ്യോഗസ്ഥന്റെ കോപം വരെ ക്യൂ നിൽക്കുകയാണ് പിരിമുറുക്കത്തിലാഴ്ത്താൻ. ഇതിനിടയിൽ അടിയന്തിര മീറ്റിങ്ങുകൾ, ടാർജറ്റ് തികയ്ക്കൽ, കുഴപ്പക്കാരായ ക്ലയന്റുകളുമായുള്ള ഇടപാടുകൾ, ഡെഡ്ലൈനുകളുടെ പ്രഷർ...മനസ്സ് എപ്പോഴും പ്രഷർ കുക്കർ പോലെ സമ്മർദത്താൽ തിങ്ങിവിങ്ങി നിൽക്കുകയാകും. ചിലർ പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ ഫോണിന്റെ റിങ്ടോൺ വരെ ‘ഫോൺ എടുക്കടാ’ എന്നാക്കും.

സ്ത്രീ ഉദ്യോഗസ്ഥരാണെങ്കിൽ പിരിമുറുക്കത്തിന്റെ വോൾട്ടേജ് കുറച്ചുകൂടി കൂടുതലായിരിക്കും. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി, കുട്ടികളെ ഒരുക്കി, ഭർത്താവിനെയും കുട്ടികളെയും കഴിപ്പിച്ച് ബസ്സിനു പിറകേ ഒാടുന്നതിനിടയിൽ പല തവണ എമർജൻസി ഹോർമോണുകളുടെ കുത്തൊഴുക്ക് അനുഭവിക്കുന്നുണ്ടവർ.

ദിവസവും ഇങ്ങനെ അഡ്രിനാലിൻ റഷ് അനുഭവിക്കുന്നതു പോരെങ്കിൽ ഇതാ വരുന്നു അപ്രതീക്ഷിതമായ സംഭവങ്ങൾ. വലിയ അപകടങ്ങളോ ട്രാൻസ്ഫറോ പങ്കാളിയുടെ മരണമോ പോലെ മൊത്തം ജീവിതത്തെയും പിടിച്ചുകുലുക്കാൻ പോന്ന ദുരന്തങ്ങൾ.

താങ്ങാനാവുന്നതിനൊക്കെ ഒരു പരിധിയുണ്ട് എന്നു പലരും പറഞ്ഞുകേട്ടിട്ടില്ലേ? അതുപോലെയാണ് പിരിമുറുക്കത്തിന്റെ കാര്യവും. ഒരു ടോളറൻസ് ലെവലുണ്ട്. അതിനപ്പുറമുള്ള പിരിമുറുക്കം അനുഭവിക്കേണ്ടിവരുമ്പോൾ അത് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ എന്ന പോലുള്ള പ്രശ്നങ്ങൾക്കിടയാക്കും.

ഇനി ഒന്നും സംഭവിക്കാതെ തന്നെ പിരിമുറുക്കം അനുഭവിക്കുന്നവരുണ്ട്. ചുമ്മാ നെഗറ്റീവായി ചിന്തിച്ചുകൂട്ടി ശോകം അനുഭവിക്കുന്നവർ. ഭർത്താവ് പതിവിലും അഞ്ചുമിനിറ്റ് വൈകിയാൽ അങ്ങേരുടെ വണ്ടി അപകടത്തിൽ പെട്ടു എന്നു കരുതി സംഭ്രമിക്കുന്നവർ. കുഞ്ഞ് സ്കൂൾ വിട്ടു വരുന്ന സമയത്തിൽ നിന്നു സെക്കൻഡ് കഴിഞ്ഞാൽ ആലോചിച്ച് ഉത്കണ്ഠപ്പെടുന്നവർ...

എന്നുകരുതി പിരിമുറുക്കമേ ഇല്ലാതായാലോ? അപ്പോഴും ശരിയാവില്ല. കൃത്യസമയത്ത് ജോലികൾ തീർക്കാൻ, പെട്ടെന്ന് ഒരു പ്രസംഗം പറയാൻ ഒക്കെ ഒരൽപം പിരിമുറുക്കത്തിന്റെ കിക്ക് വേണം. ആ അഡ്രിനാലിൻ റഷ് ഉണ്ടാവുമ്പോഴേ ശരീരം ഉഷാറാകൂ...ഇന്ദ്രിയങ്ങളെല്ലാം ഉണർന്നെഴുന്നേൽക്കൂ...

എങ്ങനെയാണ് ഈ അഡ്രിനാലിൻ റഷ് സംഭവിക്കുന്നത് എന്നറിയണ്ടേ?

ചെറിയ വെല്ലുവിളികളെ പോലും യുദ്ധസമാനമായാണ് ശരീരം കണക്കാക്കുന്നത്. ഒരു പട്ടി കടിക്കാൻ വരുമ്പോഴും രണ്ടു വാക്കു പറയാനായി ആരെങ്കിലും അപ്രതീക്ഷിതമായി വിളിക്കുമ്പോഴും ശരീരത്തിൽ ഒരേ മാറ്റങ്ങളാണ് നടക്കുന്നത്. ആദ്യം പിരിമുറുക്കത്തെ കുറിച്ച് മനസ്സിലാക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ചെറുകേന്ദ്രമാണ് . ഉടനടി മനസ്സിനെയും തലച്ചോറിനെയും സജ്ജമാക്കാനുള്ള അടിയന്തിര നടപടികൾക്ക് തുടക്കം കുറിയ്ക്കുന്നു. നാഡികളും ഹോർമോൺ വ്യവസ്ഥയും വഴി അഡ്രിനൽ ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് അ‍ഡ്രിനാലിൻ, കോർട്ടിസോൾ എന്നീ രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കുന്നു. അഡ്രിനാലിൻ നെഞ്ചിടിപ്പും ബിപിയും കൂട്ടുകയും ശരീരത്തിനു മതിയായ ഉൗർജം നൽകുകയും ചെയ്യും. കോർട്ടിസോളാകട്ടെ രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ നിരക്ക് വർധിപ്പിക്കുകയും തലച്ചോറിന് മതിയായ ഗ്ലൂക്കോസ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ശരീരത്തിന് അടിയന്തിരമായി ആവശ്യമില്ലാത്ത പല പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാം, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണങ്ങളിൽ വ്യത്യാസം വരാം, പ്രത്യുൽപാദനപരവും വളർച്ചാപരവുമായ കാര്യങ്ങളും താൽക്കാലികമായി തടസ്സപ്പെടാം.

സ്ഥിരമായി പിരിമുറുക്കം അനുഭവിക്കുന്നവരിൽ അടിക്കടി രോഗങ്ങൾ വരുന്നതിനും ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും പിന്നിലെ കാരണമിതാണ്. സ്ട്രെസ്സ് സംബന്ധിച്ച മുന്നറിയിപ്പ് തലച്ചോറിലെ മൂഡ് മാറ്റങ്ങളുടെയും പേടിയുടെയും കേന്ദ്രങ്ങളെയും സ്വാധീനിക്കാറുണ്ട്. അതുകൊണ്ടാണ് പെട്ടെന്നു േസ്റ്റജിൽ കയറേണ്ടിവരുമ്പോൾ നെഞ്ച് പടപടാ മിടിക്കുന്നും കൈ വിയർക്കുന്നതുമൊക്കെ.

ഭീഷണിയുണ്ടാക്കിയ സാഹചര്യം മാറുന്നതോടെ ഹോർമോൺ കളികൾ അവസാനിപ്പിച്ച് ശരീരം വിശ്രാന്തിയിലേക്കു വരും. തൽക്കാലം പണിമുടക്കിയ ശരീരവ്യവസ്ഥകളെല്ലാം പ്രവർത്തം പുനരാരംഭിക്കും. എന്നാൽ റിലാക്സ് ചെയ്യാനോ പൊരുത്തപ്പെടാനോ പോലുമുള്ള ഇടവേളകളില്ലാതെ തുടർച്ചയായ പിരിമുറുക്ക എപ്പിസോഡുകളിൽ പെട്ടുപോകുന്നവരിൽ ശരീരവും മനസ്സും എപ്പോഴും മുൾമുനയിലായിരിക്കും.

ക്രോണിക് സ്ട്രെസ്സ് എന്ന ഈ അവസ്ഥയെ തുടർന്നു പ്രധാനമായും പ്രകടമാകുന്നത് താഴെ പറയുന്ന ലക്ഷണങ്ങളാണ്.

∙ രാവിലെ ആരെങ്കിലും നിർബന്ധിച്ച് എഴുന്നേൽപിക്കേണ്ടി വരിക. തുടർച്ചയായ പിരിമുറുക്കങ്ങൾക്കായി ചെലവഴിച്ച് അത്യാവശ്യത്തിനുള്ള അടിയന്തിര ഹോർമോൺ (കോർട്ടിസോൾ) പോലും ഇല്ലാതെ വരുന്നതാണ് കാരണം.

∙ കൃത്യമായി നിർവചിക്കാനാകാത്ത വേദനകൾ. എപ്പോഴും മുതുകുവേദന, കൈ വേദന

∙ എപ്പോഴും ക്ഷീണം, കിടക്കണമെന്നു തോന്നുക

∙ ഉറക്കം ലഭിക്കാൻ പ്രയാസം. ഇടയ്ക്ക് വച്ച് ഞെട്ടിയുണരുക.

∙ ഭക്ഷണത്തിനു രുചിയുണ്ടെങ്കിലും ഇഷ്ടപ്പെട്ട വിഭവങ്ങളാണെങ്കിലും കഴിക്കാൻ മടുപ്പ്.

അല്ലെങ്കിൽ അമിതവിശപ്പ്. പിരിമുറുക്കത്തെ ഇഷ്ട ഭക്ഷണം കഴിച്ച് തോൽപിക്കാനുള്ള ശ്രമം. ചോക്ലേറ്റ്, ചിക്കൻ പോലുള്ള ഭക്ഷണങ്ങളാണ് പിരിമുറുക്കത്തിന്റെ സമയത്ത് ആളുകൾ സാധാരണ കഴിച്ചുകാണുന്നത്. പണ്ട് സ്ത്രീകളാണ് ഇത്തരം പ്രതികാരനടപടികൾക്ക് മുതിർന്നിരുന്നതെങ്കിൽ ഇപ്പോൾ പുരുഷന്മാരാണ്.

പിരിമുറുക്കത്തിന്റെ ശരീരസൂചനകൾ

തലവേദന പ്രത്യേകിച്ച് നെറ്റിയിലുണ്ടാകുന്ന വേദന, പല്ലു കടിച്ച് സംസാരിക്കുക, തോളുകൾ ഉയർത്തിപ്പിടിച്ച് ആയാസകരമായ ചലനങ്ങൾ, നഖം കടിക്കൽ, കാൽ വിറയ്ക്കുക

∙ ആർത്തവ ക്രമക്കേടുകൾ, ആർത്തവ പൂർവ പ്രശ്നങ്ങൾ തീവ്രമാകുക

∙ അടിക്കടി അണുബാധകൾ

∙ തൊട്ടുമുൻപ് ആലോചിച്ചിരുന്നതു പോലും മറന്നുപോവുക, ഒാർമയെ മൂടി എപ്പോഴുമൊരു മൂടൽമഞ്ഞു നിൽക്കുന്ന അനുഭവം.

∙ ലൈംഗികതാൽപര്യം കുറയുക

∙ ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളോ ഇലക്ട്രോലൈറ്റ് ബാലൻസ് ഇല്ലാത്തതുമൂലം ഇപ്പിനോട് അമിത താൽപര്യമോ കാണാറുണ്ട്.

പിരിമുറുക്ക ഹോർമോണായ കോർട്ടിസോൾ അടിക്കടി ഉൽപാദിപ്പിക്കപ്പെടുന്നത് ശരീരപ്രവർത്തനങ്ങൾക്ക് തകരാർ വരുത്തുന്നതു മൂലം ഉത്കണ്ഠ, വിഷാദം തുടങ്ങി ഹൃദ്രോഗങ്ങൾക്ക് പോലും ഇടയാക്കും.

ഭ്രാന്തു പിടിപ്പിക്കുന്ന പിരിമുറുക്കം

സ്ഥിരമായി ശരീരം ഇങ്ങനെയുള്ള ‘യുദ്ധനടപടികൾക്ക്’ ഇരയാകുന്നത് മാനസികമായും ശാരീരികമായും തകരാറുകൾ സൃഷ്ടിക്കാം. ചിലരിൽ പിരിമുറുക്കത്തിനു തുടർച്ചയായി അടിപ്പെടുന്നത് വ്യക്തിത്വത്തെ സാരമായി ബാധിച്ച് തീവ്രമനോരോഗങ്ങൾക്കു പോലും കാരണമാകാം. വെറുതേ പറയുന്നതല്ല. മനോരോഗങ്ങളുടെ – പരിശോധിച്ചാൽ അതിലേക്കു നയിച്ച കാരണങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് പിരിമുറുക്കമെന്നു ഗവേഷകർ തന്നെ പറയുന്നു. യു. കെയിൽ നടത്തിയ പഠനത്തിൽ ഏതാണ്ട് 12 മില്യൺ ആളുകളാണ് മാനസികാോഗ്യം സംബന്ധിച്ച പ്രശ്നങ്ങളുമായി ഡോക്ടറെ കാണാനെത്തുന്നത് എന്നു പറയുന്നു. അമിത പിരിമുറുക്കവുമായി ബന്ധപ്പെട്ടുവ്ള ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് കൂടുതൽ.

എല്ലാവരേയും പിരിമുറുക്കം ഒരുപോലല്ല ബാധിക്കുന്നത്. പിരിമുറുക്കത്തോടുള്ള പ്രതികരണങ്ങളിലെ വ്യത്യാസങ്ങളുടെ പ്രധാനകാരണം ജീനുകളാണ്. ജന്മനാ തന്നെ സ്ട്രെസ്സ് ടോളറൻസ് കൂടിയവരുണ്ട്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്നു കേട്ടിട്ടില്ലേ? എന്നാൽ ചെറിയൊരു പിരിമുറുക്കം വരുമ്പോഴേ തളർന്നുപോകുന്നവരോ അമിതമായി പ്രതികരിക്കുന്നവരോ ഉണ്ട്.

ജീവിതാനുഭവങ്ങളാണ് മറ്റൊരു ഘടകം. ചെറുപ്പം മുതലേ അവഗണനയും സ്നേഹരാഹിത്യവും അനുഭവിച്ച് ജീവിച്ചവർ എളുപ്പം പിരിമുറുക്കത്തിലകപ്പെടാം.

വ്യക്തിത്വ പ്രത്യേകത കൊണ്ടു തന്നെ എളുപ്പം പിരിമുറുക്കത്തിലകപ്പെടുന്നവരുമുണ്ട്. ടൈപ്പ് എ വ്യക്തിത്വങ്ങൾ ഉദാഹരണം. അതീവ മത്സരബുദ്ധിയുള്ളവരും കഠിനാധ്വാനികളും വിവിധ ജോലികൾ ഏകോപിപ്പിച്ചു ചെയ്യാൻ മിടുക്കരായവരുമാണിവര്. ഇവരിൽ ചെറിയൊരു വെല്ലുവിളി പോലും പിരിമുറുക്കത്തിന്റെ ഉന്നതിയിലെത്തിക്കും.

എങ്ങനെ നേരിടാം, പരിഹരിക്കാം?

പിരിമുറുക്കത്തെ നേരിടാൻ ആദ്യം വേണ്ടത് ‘എനിക്ക് പിരിമുറുക്കം ഉണ്ടെന്നുള്ള’ സ്വയം ബോധമാണ്.

പിരിമുറുക്കം അനുഭവപ്പെടാൻ സാധ്യത കൂടുതലുള്ളവർ അക്കാര്യം മനസ്സിലാക്കുകയും പിരിമുറുക്കത്തിനടിപ്പെട്ടു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും വേണം. പിരിമുറുക്കമകറ്റാൻ ഒരു ഒറ്റമൂലിയില്ല. വ്യത്യസ്തമായ കാരണങ്ങളാൽ സമ്മർദത്തിന് അടിപ്പെടുന്നവർക്ക് അതാത് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില നടപടികൾ വേണ്ടിവരും.

കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുക– ദാമ്പത്യപ്രശ്നങ്ങൾ, ജോലിഭാരം, കുട്ടികളെ വളർത്തൽ പോലുള്ള സമ്മർദ സാഹചര്യങ്ങളാണ് പിരിമുറുക്കത്തിനിടയാക്കുന്നത് എങ്കിൽ പ്രായോഗികമായ പരിഹാരം സാധ്യമാണോ എന്നു നോക്കാം. ഒഴിവാക്കാൻ പറ്റുന്ന സമ്മർദ സാഹചര്യങ്ങളെ എഴിവാക്കുക. ഒരുതരത്തിലും മാറ്റാനാവാത്ത സാഹചര്യങ്ങളാണെങ്കിൽ അത് ഉൾക്കൊള്ളുക. അവയെ ലഘുവായി കാണാനും സ്വയം ശാന്തമായിരിക്കാനും വേണ്ടുന്ന നടപടികൾ സ്വീകരിക്കുക.

∙ തിരക്കുപിടിച്ച ജീവിതരീതിയാണ് പിരിമുറുക്കമുണ്ടാക്കുന്നതെങ്കിൽ ദൈനംദിന പ്രവൃത്തികളെ വിശകലനം ചെയ്യുക. കൂടുതൽ മുൻഗണന വേണ്ടവ, സ്വയം ചെയ്താൽ മാത്രം ശരിയാകുന്നവ, മറ്റാരെയെങ്കിലും ഏൽപിക്കാവുന്നവ, ഇപ്പോൾ അത്യാവശ്യമില്ലാത്തവ എന്നിങ്ങനെ വേർതിരിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. ∙ എപ്പോഴും ഉത്കണ്ഠപ്പെട്ട് ടെൻഷൻ അടിക്കുന്നവർ വെറുതെ ചടഞ്ഞുകൂടിയിരിക്കരുത്. നെഗറ്റീവായ ചിന്തകൾ മനസ്സിനെ നശിപ്പിക്കാതെ എപ്പോഴും പ്രവർത്തന നിരതരാകുക. വായനയോ പൂന്തോട്ട നിർമാണമോ തുടങ്ങി പുതിയൊരു വിഷയം പഠിക്കുന്നതുപോലും പരീക്ഷിക്കാം.

പൊതുവായ വഴികൾ

∙ വല്ലാതെ പിരിമുറുക്കം അനുഭവപ്പെട്ടു തുടങ്ങുമ്പോഴേ അബ്ഡൊമിനൻ ഡീപ് ബ്രീതിങ് വ്യായാമം ചെയ്യാം. രാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ചെയ്യാം. ഒരു കസേരയിൽ നിവർന്നിരുന്ന് ഒരു കൈ നെഞ്ചിലും മറുകൈ വയറിനു മുകളിലും വച്ച് സാവധാനം ശ്വാസം ഉള്ളിലേക്കെടുക്കുക. മൂന്നുവരെ എണ്ണുന്നത്ര സമയം ഉള്ളിൽ വച്ച് സാവധാനം പുറത്തേക്കുവിടുക. ഇതു കുറേ തവണ ആവർത്തിക്കുക. മനസ്സും ശരീരവും അൽപമൊന്ന് അയഞ്ഞതായി അനുഭവപ്പെടും. രാവിലെയും വൈകുന്നേരവും പതിവായി ചെയ്യുക.

∙ മെഡിറ്റേഷൻ– ഇതൊരുതരം സാക്ഷിയാകലാണ്. ചിന്തകളിൽ നിന്നും മുക്തമായി ശരീരത്തിൽ നിന്നു മാറിനിന്നു സ്വന്തം ജീവിതത്തെ നിരീക്ഷിക്കുക. പലതരം ചിന്തകൾ ഈ സമയത്തു മനസ്സിലൂടെ പാഞ്ഞുപോകും. ഒന്നിലും മുഴുകരുത്. ദിവസവും ഇങ്ങനെ ശീലിക്കുക. പതിയെ ഇത്തരമൊരു മനോഭാവത്തിലേക്ക് നാം അടുക്കും.

∙ പതിവായി ഏതെങ്കിലും വ്യായാമം ചെയ്യുക. വ്യായാമത്തിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ മനസ്സിനു സുഖാനുഭവം നൽകും. ചെറു നടത്തം, കഴുത്തുചുഴറ്റിയുള്ള വ്യായാമങ്ങൾ, എയ്റോബിക് വ്യായാമങ്ങൾ, ചിരി വ്യായാമം എന്നിവയെല്ലാം ശാരീരികവും മാനസികവുമായ ആയാസമകറ്റും.

∙ നല്ലൊരു സപ്പോർട്ട് സംവിധാനം ഉണ്ടെങ്കിൽ വളരെവേഗം പിരിമുറുക്കത്തെ നേരിടാം. സുഹൃത്തുക്കളോ സാമൂഹിക കൂട്ടായ്മകളോ പോലെ ആശ്രയിക്കാവുന്ന ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക. ആർക്കെങ്കിലും പ്രശ്നമുണ്ടായാൽ പിന്തുണയ്ക്കുന്നതു പോലെ നമുക്കൊരു പ്രശ്നം വന്നാൽ പിന്തുണ ചോദിക്കാനും പഠിക്കുക.

∙ പ്രിയപ്പെട്ടവരുടെ മരണം, വിവാഹമോചനം പോലെ ഗൗരവകരമായ സാഹചര്യങ്ങളിൽ സ്വയമൊരു ശാന്തമാകൽ സാധിച്ചെന്നു വരില്ല. കുടുംബാംഗങ്ങളുടെയോ അടുപ്പമുള്ളവരുടെയോ സഹായം ആവശ്യപ്പെടാം. അതു ാധിക്കുന്നില്ലെങ്കിൽ മാനസിക രോഗവിദഗ്ധന്റെ സഹായം തേടാം.

പതിവായുള്ള പിരിമുറുക്കം സ്വഭാവത്തെപ്പോലും മാറ്റുന്നതായി തോന്നുന്നുവെങ്കിൽ വിദഗ്ധ സഹായം തേടാൻ മടിക്കരുത്. വിവിധതരം മസിൽ റിലാക്സേഷൻ വ്യായാമങ്ങൾ, ബയോഫീഡ് ബാക്ക് പോലെ ഉപകരണസഹായത്തോടെയുള്ള റിലാക്സേഷൻ, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പി പോലെ മനോഭാവത്തെ ശക്തമാക്കാനുള്ള തെറപ്പികൾ എന്നിങ്ങനെ വിവിധ ചികിത്സാനടപടികൾ ഉണ്ട്.

Tags:
  • Mental Health
  • Manorama Arogyam