ADVERTISEMENT

ശബ്ദം കൊണ്ട് മായാജാലമൊരുക്കുന്നവരാണ് വോയിസ് ആർട്ടിസ്റ്റുമാർ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും സ്വരം കൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചവർ. നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ മാസ്മര ശബ്ദഭംഗിയുടെ ആരോഗ്യരഹസ്യം അറിയാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്. പ്രമുഖരായ ചില വോയിസ് ആർട്ടിസ്റ്റുമാരുടെ ശബ്ദസംരക്ഷണ വഴികൾ അറിയാം.

വാർത്തകൾ വായിക്കുന്നത് സുഷമ... നേരിട്ടു കണ്ടിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പരിചിതമാണ് ഈ ശബ്ദം. നീണ്ടകാലം റേഡിയോ അവതാരകയും ന്യൂസ് റീഡറുമായി റിട്ടയർ ചെയ്തശേഷം നൃത്തവും നാടകാഭിനയവുമായി വീണ്ടും സജീവമാവുകയാണ് സുഷമ. സ്വകാര്യ യൂട്യൂബ് ചാനലിനായി അവതരണവും ചെയ്യുന്നുണ്ട്.

ADVERTISEMENT

‘‘ ഡിഗ്രി അവസാന വർഷമാണ് എഐആറിലേക്ക് സെലക്ഷൻ കിട്ടുന്നത്. തുടക്കക്കാലത്ത് അനൗൺസർ ആയിരുന്നു. കുട്ടിക്കാലത്ത് സുഷമ എന്ന പേര് ശരിക്ക് പറയാൻ തന്നെ എനിക്ക് പ്രയാസമായിരുന്നു. അവിടെ നിന്ന് കഠിനമായി പരിശ്രമിച്ചു തന്നെയാണ് ശബ്ദ മേഖലയിൽ മുന്നേറിയത്. മധ്യതിരുവിതാംകൂർ–ഒാണാട്ടുകരക്കാരിയാണ് ഞാൻ. ഞങ്ങൾ പൊതുവേ സംസാരിക്കുന്നത് അച്ചടിഭാഷയിലാണ്. അതു

കൊണ്ട് സ്ലാങ് പ്രശ്നമൊന്നുമില്ലായിരുന്നു.

ADVERTISEMENT

ആവികൊള്ളൽ

നമ്മുടെ പൊതുവായ ആരോഗ്യം സംരക്ഷിക്കുന്നത് ശബ്ദത്തിനും ഗുണകരമാണെന്നാണ് എന്റെ പക്ഷം. തൊണ്ട–മൂക്ക്–ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിന് ദിവസവും രാവിലെയും വൈകിട്ടും ആവികൊള്ളും. അത് ഒരു അനുഷ്ഠാനം പോലെ മുടങ്ങാതെ ചെയ്യുന്ന കാര്യമാണ്. വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടാണ് ആവികൊള്ളുക. ദിവസവും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ശ്വസനവ്യായാമങ്ങളും ചെയ്യാറുണ്ട്. ശ്വാസം ശക്തിയായി അകത്തേക്ക് എടുത്ത് ഉള്ളിൽ പിടിച്ചുനിർത്തി വളരെ പതുക്കെ പുറത്തുവിടുന്ന വ്യായാമമൊക്കെ അതിന്റെ ചിട്ടയോടെ തന്നെ ചെയ്യുമായിരുന്നു.

ADVERTISEMENT

എന്തും ചെറുചൂടോടെ

തണുത്തവെള്ളവും തണുത്ത ഭക്ഷണവും പൊതുവേ കഴിക്കാറില്ല. എന്തും ചെറുചൂടോടെ മാത്രം കഴിക്കാൻ ശ്രദ്ധിക്കും. പൊതുവെ ഹെൽതി ഫൂഡിനോടാണ് താൽപര്യം. മധുരം വലിയ താൽപര്യമില്ല. രാത്രി സാലഡാണ് പൊതുവെ കഴിക്കാറ്. ഏറ്റവും മിതമായ തോതിൽ നല്ല പോഷകഗുണമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കും. അവക്കാഡോയുടെ കൂടെ മല്ലിയിലയും നാരങ്ങായും കുരുമുളകും ചേർത്ത് സാലഡ് പോലെ കഴിക്കാൻ വലിയ ഇഷ്ടമാണ്. സുക്കിനി, ബ്രോക്കോളി പോലുള്ള പച്ചക്കറികളും പ്രിയപ്പെട്ടതാണ്.

കുടുംബപരമായി ആസ്മയുടെയും പ്രമേഹത്തിന്റെയും സാധ്യതയുണ്ട്. അതുകൊണ്ട് പണ്ടുമുതലേ ഞാൻ ഹെൽ‌ത് കോൺഷ്യസാണ്.

കോളജ് കാലത്ത് മോഹിനിയാട്ടം പഠിച്ചിരുന്നു. ഇപ്പോൾ വീണ്ടും പരിശീലിക്കുന്നുണ്ട്. നാടകാഭിനരംഗത്തും സജീവമാവുകയാണ്. മഹാഭാരതത്തിലെ കൗരവരുെട സഹോദരിയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദുശ്ശള എന്ന നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രാമായണത്തിലെ കൈകേയിയും സീതയും കഥാപാത്രങ്ങളായുള്ള നാടകത്തിൽ കൈകേയിയുടെ വേഷമാണ് ഇനി ചെയ്യാൻ പോകുന്നത്.

ADVERTISEMENT