Friday 19 January 2024 09:48 AM IST : By സ്വന്തം ലേഖകൻ

ചപ്പാത്തി കഴിച്ച് വെറുക്കേണ്ട, ചോറു കഴിച്ചും ഡയറ്റ് ചെയ്യാം; ഡയറ്റ് പാളാതിരിക്കാൻ 10 ടിപ്സ്

diet

വണ്ണം കുറയ്ക്കാനുള്ള പ്രത്യേക ആഹാരക്രമം എന്ന രീതിയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഡയറ്റ് നോക്കാത്തവരുണ്ടാകില്ല. പെട്ടെന്നൊരു ചടങ്ങ് വന്നാൽ അതിനു മുൻപ് രണ്ട് മൂന്നു കിലോ കുറഞ്ഞ് സ്ലിമ്മാകുന്നത് കേരളത്തിലും ട്രെൻഡായിക്കഴിഞ്ഞു. എന്നാൽ ഡയറ്റിങ് തുടങ്ങിയ പലർക്കും അത് പൂർത്തിയാക്കാനാകാറില്ല. നല്ലൊരു ശതമാനം പേർക്ക് വേണ്ടത്ര ഗുണഫലം കിട്ടാറുമില്ല. ശരിയായ ഗുണം കിട്ടാൻ എന്തൊക്കെ ചെയ്യണം?

1. ചോറു കഴിച്ച് ഡയറ്റ് ചെയ്യാം

ചോറില്ലാതെ പറ്റില്ലെങ്കിൽ ഇഷ്ടമില്ലാതെ ചപ്പാത്തി കഴിച്ച് ഡയറ്റിങ് വെറുക്കണ്ട. പകരം പാത്രത്തിൽ കറിയുടെ ഭാഗത്ത് ചോറ് എടുക്കുക. ചോറിടുന്ന ഭാഗത്ത് പലതരം കറികളെടുക്കുക. മീനും ചിക്കനും കറിവച്ചത് ചെറിയ അളവിൽ കഴിക്കാം. വയറുനിറയും ; ഭാരവും കുറയും.

2. എന്ത് കൊണ്ട് ഡയറ്റ് പരാജയം

മാറി മാറി ഡയറ്റ് പരീക്ഷിച്ച് പരാജയപ്പെടുന്നവർ ധാരാളം. ഒരു ഡയറ്റ് പോലും ഒരു മാസത്തിൽ കൂടുതൽ നോക്കാനായിട്ടില്ല എന്നു ചിലർ പറയും. ഈ പരാജയത്തിനു പിന്നിലെ കാരണങ്ങൾ പലതാണ്.

∙ ഫോക്കസ് ഇല്ല– ഭാരം കുറയ്ക്കാനായി ഡയറ്റ് തുടങ്ങിയാൽ കുറഞ്ഞത് ആറു മാസത്തെ പ്ലാൻ ഉണ്ടാകണം. മനസ്സ് അങ്ങനെ സെറ്റ് ചെയ്തിട്ട് മാത്രം ഡയറ്റിങ് തുടങ്ങുക.

∙ചിലർ അഞ്ചു ദിവസം ഡയറ്റ് ചെയ്യും. ആഴ്ചാവസാനം പരമാവധി ഭക്ഷണം കഴിക്കും. ഇത് ശരീരഭാരം കുറയുന്നതിന് തടസ്സമാണ്.

∙ ഡയറ്റിലാണെങ്കിലും കഴിക്കുന്നതിൽ സമയക്ലിപ്തത പാലിക്കണം. ഇല്ലെങ്കിൽ വിശപ്പ് കൂടി ഡയറ്റ് പാളിപ്പോകും. അതുമല്ലെങ്കിൽ ദൈനംദിനജോലികളെ പോലും ബാധിക്കുന്നത്ര ക്ഷീണം അനുഭവപ്പെടും. എപ്പോഴും രാത്രിഭക്ഷണം ഉറങ്ങുന്നതിന് 2–3 മണിക്കൂർ മുൻപേ കഴിക്കണം. രാത്രിഭക്ഷണം നേരത്തേയായാൽ പ്രാതലും നേരത്തേ കഴിക്കണം.

∙ ആഹാരനിയന്ത്രണം, പ്രത്യകിച്ച് കാർബോഹൈഡ്രേറ്റ് നിയന്ത്രണം തുടങ്ങുന്നതോടെ ചിലർക്ക് മധുരത്തോട് കൊതി തുടങ്ങും. ഇത് ഡയറ്റിങ് തകർക്കും. കർശന നിയന്ത്രണത്തേക്കാൾ പ്രായോഗികം കൊതി തോന്നുന്ന ഭക്ഷണം അൽപം മാത്രം രുചിച്ചു നോക്കുന്നതാണ്.

3. ഉപവാസം ഡയറ്റിങ്ങാണോ

ഉപവാസം ഒരുതരം ഡീടോക്സിഫിക്കേഷൻ ഡയറ്റാണ്. അതായത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുള്ള വഴി. യാതൊരു ആരോഗ്യപ്രശ്നവുമില്ലാത്തവർ ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നതിൽ തെറ്റില്ല. എന്നാൽ പ്രമേഹരോഗികളെ പോലുള്ളവർ ഉപവസിക്കുന്നതിനു മുൻപ് ഡോക്ടറുടെ അനുവാദം തേടണം. അതേപോലെ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യകരമല്ല.

4. നെറ്റ് നോക്കി ഡയറ്റ് ചെയ്യാമോ

ഉപവാസം ഒരുതരം ഡീടോക്സിഫിക്കേഷൻ ഡയറ്റാണ്. അതായത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുള്ള വഴി. യാതൊരു ആരോഗ്യപ്രശ്നവുമില്ലാത്തവർ ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നതിൽ തെറ്റില്ല. എന്നാൽ പ്രമേഹരോഗികളെ പോലുള്ളവർ ഉപവസിക്കുന്നതിനു മുൻപ് ഡോക്ടറുടെ അനുവാദം തേടണം. അതേപോലെ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യകരമല്ല.

5. കുട്ടികൾക്ക് ഡയറ്റിങ്ങ് വേണോ

മെലിഞ്ഞിരിക്കുന്നതാണ് കൗമാരക്കാരുടെയിടയിലെ ട്രെൻഡ്. അതിനായി പട്ടിണി കിടക്കുന്നവർ വരെയുണ്ട്. എന്നാൽ അമിതവണ്ണമോ പോളിസിസ്റ്റിക് ഒാവറി സിൻഡ്രമോ പോലുള്ള രോഗമില്ലാത്ത കുട്ടികൾക്ക് ഡോക്ടർ നിർദേശിച്ചിട്ടില്ലെങ്കിൽ കർശനമായ ഭക്ഷണനിയന്ത്രണം വേണ്ട. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിർബന്ധമായും പ്രാതൽ കഴിക്കണം. മധുര–ശീതള പാനീയങ്ങൾക്കു പകരം ധാരാളം വെള്ളം കുടിക്കണം. തവിടുനീക്കാത്ത ധാന്യങ്ങളും നാരുകളടങ്ങിയ ഭക്ഷണവും കൂടുതൽ കഴിക്കണം. സംസ്കരിച്ച ഭക്ഷണവും എണ്ണപ്പലഹാരങ്ങളും കുറയ്ക്കണം. ബോറടി മാറ്റാൻ ഭക്ഷണം കഴിക്കരുത്. വിശക്കുമ്പോൾ മാത്രം കഴിക്കണം.

6. ഗർഭിണികൾ ഡയറ്റ് ചെയ്താൽ

ഗർഭകാലത്ത് രണ്ടുപേർക്കുള്ള ചോറ് കഴിക്കണമെന്നാണ് പണ്ടുള്ളവർ പറയുക. യഥാർഥത്തിൽ പ്രോട്ടീനാണ് ഏറ്റവും നന്നായി ഗർഭകാലത്ത് ലഭിക്കേണ്ടത്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് പ്രോട്ടീൻ കൂടിയേ തീരൂ. അതിന് പാൽ, ഏത്തപ്പഴം, മുട്ട, മീൻ എന്നിങ്ങനെ പോഷകമൂല്യവും പ്രോട്ടീൻ മൂല്യവുമേറിയ ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രമേഹമുള്ള ഗർഭിണികളിൽ തുടക്കത്തിൽ ഡയറ്റ് പറയാറുണ്ട്. മധുരപരലഹാരങ്ങളും മധുരവും കുറയ്ക്കുക. ചോറ് കുറയ്ക്കുക, വറുത്ത ഭക്ഷണം ഒഴിവാക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങളാണു പറയുക.

7. കുറഞ്ഞ ഭാരം കൂടാതെ നോക്കാം

വീട്ടിൽ ഒരു വെയിങ് ബാലൻസ് വാങ്ങിവയ്ക്കുക. എല്ലാ ആഴ്ചയും ഭാരം നോക്കണം. ഒന്നോ രണ്ടോ കിലോ കൂടുമ്പോഴേ ഡയറ്റ് അൽപമൊന്ന് മുറുക്കിപ്പിടിച്ച് കുറയ്ക്കണം. ദിവസമുള്ള പ്രവൃത്തികൾക്കായി വേണ്ടിവരുന്ന ഊർജത്തേക്കാൾ അധികം ഊർജം ശരീരത്തിലെത്താതെ ശ്രദ്ധിക്കണം. വല്ലപ്പോഴും വയറ് അറിയാതെ കൂടുതൽ കഴിച്ചാൽ തന്നെ വ്യായാമം ചെയ്ത് ചെലവാക്കണം.

8. രോഗികൾക്ക് ഡയറ്റ് ചെയ്യാമോ

രോഗങ്ങളുള്ളവർ ഡയറ്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗസ്വഭാവം, തീവ്രത, മറ്റു രോഗങ്ങൾക്കുള്ള സാധ്യത എന്നിവ കണക്കിലെടുത്തു വേണം ഡയറ്റ് തീരുമാനിക്കേണ്ടത്. വൃക്ക–കരൾ രോഗികൾ പ്രത്യേകിച്ചും.

9. മീൽ റീപ്ലേസ് ഡയറ്റ് എന്താണ്

ഏതു നേരത്താണോ ഭക്ഷണം കൂടുതൽ കഴിക്കുക, ആ മീൽ ഒഴിവാക്കി പകരം ഒരു പാനീയം കുടിക്കുന്നതാണ് മീൽ റീപ്ലെയ്സ്മെന്റ് ഡയറ്റ്. ചില കമ്പനികൾ ഇതിനായി മീൽ റീപ്ലെയ്സ്മെന്റ് ഡ്രിങ്കുകൾ ഇറക്കുന്നുണ്ട്. ഇത്തരം പാനീയങ്ങളിൽ കൊഴുപ്പും കാലറിയും കുറവായിരിക്കും, ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടാവുകയും ചെയ്യും.

10.മൂലയൂട്ടുമ്പോൾ

ഗർഭകാലത്തേക്കാളും കൂടുതൽ ഭക്ഷണാവശ്യം ഉള്ള ഘട്ടമാണിത്. മുലയൂട്ടുന്ന അമ്മമാരിൽ ദിവസവും അര മുതൽ മുക്കാൽ ലീറ്റർ പാലുണ്ടാകുന്നുണ്ട്. 100 മി,ലീറ്റർ പാലിൽ 67 കാലറി ആണുള്ളത്. അപ്പോൾ മുക്കാൽ ലീറ്റർ പാലുണ്ടാകണമെങ്കിൽ എത്രയധികം കാലറിയുടെ ഊർജാവശ്യമുണ്ടെന്ന് ഊഹിക്കാമല്ലോ? അവർ കാലറി സാന്ദ്രതയേറിയ നല്ല ഭക്ഷണം കൂടുതൽ കഴിക്കണം. ധാരാളം വെള്ളവും കുടിക്കണം. എന്നാൽ, കുഞ്ഞ് മറ്റു ഭക്ഷണം കഴിച്ചുതുടങ്ങിയാൽ (ആറു മാസത്തിനുശേഷം) അമ്മയ്ക്ക് അൽപം കർശനമായി ഡയറ്റ്നോക്കാം.

വിവരങ്ങൾക്കു കടപ്പാട്;
ഡോ. അനിതാ മോഹൻ,
പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം

Tags:
  • Diet Tips