Wednesday 29 May 2024 03:39 PM IST : By ഡോ. അനിതാ മോഹന്‍

കരിക്ക് ഹൃദയാരോഗ്യത്തിനും ബിപി നിയന്ത്രണത്തിനും ഒന്നാന്തരം, സൗന്ദര്യത്തിനും നല്ലത്

ilaneer34r

നൂറ്റാണ്ടുകളായി നിത്യജിവിതത്തിന്റെ ഒരു ഭാഗമാണെങ്കിലും ഇളനീരിന്റെ ഗുണങ്ങൾ കൃത്യമായി കണ്ടെത്തിയിട്ട് അധിക നാളുകൾ ആയിട്ടില്ല. കൃത്രിമ പാനീയങ്ങൾക്കോ സ്പോർട്സ് പാനീയങ്ങൾക്കോ ഉള്ള പകരക്കാരനായി കരിക്കിൻവെള്ളം കുടിക്കാം.

പോഷകങ്ങൾ കൂടുതൽ ഇളനീർ വളരെ രുചികരവും എന്നാല്‍ മറ്റു മധുരപാനീയങ്ങളെ അപേക്ഷിച്ചു കാലറി വളരെ കുറവുമാണ്. പോഷകങ്ങളാൽ സമ്പന്നമാണ്. ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവശ്യ ഇലക്ട്രോലൈറ്റുകൾ, പോഷകങ്ങൾ, തുടങ്ങി ശരീരപ്രവർത്തനത്തിന് അനുയോജ്യമായ പല സംയുക്തങ്ങളും ഇവയിലുണ്ട്. 

വൈറ്റമിൻ സി, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, കോളിൻ തുടങ്ങിയ വൈറ്റമിനുകളാൽ സമൃദ്ധമാണ്. കരിക്കിന്റെ വെള്ളത്തിൽ നാരുകൾ, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കരിക്കിൻ കാമ്പാകട്ടെ പ്രോട്ടീൻ കൊണ്ടു സമൃദ്ധമാണ്. 

ഇളനീർ ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു. ശരീരത്തെ നിർജലീകരണത്തിൽ നിന്നും തടയുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധശക്തി വർധിപ്പിക്കുകയും മൂത്രവിസർജനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിനു ക്ഷീണം തോന്നുമ്പോൾ അൽപം കരിക്കിൻവെള്ളം കിട്ടിയാൽ ദാഹവും ക്ഷീണവും പമ്പ കടക്കും. നല്ല ഉന്മേഷം ലഭിക്കുകയും ചെയ്യും.

രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ഉള്ള കഴിവ് ഇവയ്ക്കു കൂടുതലാണ്. മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ധാരാളം ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്തു കഴിഞ്ഞയുടൻ കരിക്കിൻവെള്ളം കുടിക്കുന്നതു ക്ഷീണം അകറ്റുകയും നഷ്ടപ്പെട്ട ഊര്‍ജം ഉടനടി തിരികെ നൽകുകയും ചെയ്യും.

കരിക്ക് വരണ്ട ചർമം, മുഖക്കുരു എന്നിവ ഇല്ലാതാക്കി ത്വക്ക് മിനുസമുള്ളതാക്കുന്നു. ഇളം തേങ്ങയിൽ നിന്നെടുക്കുന്ന കരിക്കിൻ കാമ്പും വെള്ളവും വേനൽക്കാലത്തെ ക്ഷീണം മാറ്റാൻ കഴിവുള്ളതാണ്. വേനൽക്കാലത്തു ചൂടു കുറയ്ക്കുന്നതിനും ഉന്മേഷം ലഭിക്കുന്നതിനും കരിക്കിനേക്കാൾ നല്ലതു മറ്റൊന്നില്ല. 

ഹൃദയത്തിന് ഗുണകരം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കരിക്കിന്റെ കാമ്പിനു വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കും. പൂരിത കൊഴുപ്പ് ഉണ്ടെങ്കിലും ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുന്നതിന് ഇതു സഹായിക്കുന്നു. കരിക്കിന്റെ കാമ്പിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം െമച്ചപ്പെടും. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഒരു പങ്കു വഹിക്കുന്നു.

ആരോഗ്യകരമായ മൈക്രോബയോമിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ സൗഹൃദ ബാക്ടീരിയകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. അതിനാൽ കരിക്കിൻവെള്ളം ഒരു പ്രോബയോട്ടിക് പാനീയമാണെന്നു നിശ്ചയമായും പറയാം.

കരിക്കിലെ പോഷകഘടന ഗർഭിണികൾക്കു ഗുണം ചെയ്യും. ശരീരത്തിലെ നീര് കുറയ്‌ക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി സ്വഭാവം കരിക്കിൻവെള്ളത്തിനുണ്ട്. ശരീരത്തിന് ഒരു ഡീടോക്സിഫിക്കേഷൻ അനുഭവം കിട്ടും.

ശരീരഭാരം കുറയ്ക്കാൻ കരിക്കിൻവെള്ളവും കാമ്പും സഹായിക്കുന്നു. കരിക്കിൻവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മറ്റു ബയോഎൻസൈമുകളും ഉപാപചയ നിരക്കു വർധിപ്പിക്കും. അങ്ങനെ കൂടുതൽ ഊർജം ചെലവാകുന്നു. 80 ഗ്രാം ഇളം കാമ്പും രണ്ടു കപ്പ് കരിക്കിൻവെള്ളവും ഒരു ദിവസം കഴിക്കാം. 80 ഗ്രാം ഇളംകരിക്കിന്റെ കാമ്പിൽ ഏകദേശം 100  കാലറിയും 3 ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. 2–3 ഗ്രാം ഫൈബറും 8 ഗ്രാം കാർബോഹൈഡ്രേറ്റും 5 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കരിക്കിന്റെ പാകം അനുസരിച്ച് പോഷകഘടനയിൽ വ്യത്യാസം വരാം.  ഒരു കപ്പ് (240 ഗ്രാം) കരിക്കിൻവെള്ളത്തിൽ 44 കാലറി ഊർജം ഉണ്ട്. കൊഴുപ്പിന്റെ അംശം ഇല്ല. 

ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായി കുടിക്കുന്നതു ചില ആളുകളിൽ ദഹനസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനും അലർജി ഉണ്ടാകുന്നതിനും കാരണമാണ്. അതുപോലെ തന്നെ വൃക്ക സംബന്ധമായ അസുഖം ഉള്ളവരും കരിക്കിൻവെള്ളവും തേങ്ങാവെള്ളവും ഒഴിവാക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണു വില്ലൻ. ഗർഭിണികളും സ്ഥിരമായി കരിക്കിൻവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. പ്രമേഹരോഗികൾ കരിക്കിൻവെള്ളം നിയന്ത്രിക്കേണ്ടതാണ്.

ഇളനീർ പെട്ടെന്നു കേടാകുന്നതിനുള്ള സാധ്യത ഏറെയാണ്. സാധാരണ കരിക്കിൻവെള്ളം ഒന്നോ രണ്ടോ ദിവസം ഫ്രിജിൽ സൂക്ഷിക്കാം. പൊട്ടിക്കാത്ത കരിക്കാണെങ്കിൽ രണ്ടാഴ്ച വരെ തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കാം. എന്നാൽ ചൂടു കൂടിയ കാലാവസ്ഥയിൽ കരിക്കിൻ‍വെള്ളത്തിന്റെ സ്വാഭാവിക രുചിക്കു വ്യത്യാസം വരും. സാധാരണ ഊഷ്മാവിൽ 3–4 മണിക്കൂർ കഴിയുമ്പോൾ തന്നെ കരിക്കിൻവെള്ളത്തിന്റെ സ്വാദിനു വ്യത്യാസം വരുകയും കേടാകുകയും െചയ്യുന്നു. പാലും കരിക്കും ചേർത്തു പല ഭക്ഷണവസ്തുക്കളും ഉണ്ടാക്കുന്നുണ്ട്. ഇവയിലെല്ലാം ഊർജം വളരെ കൂടുതലായതിനാൽ വല്ലപ്പോഴും മാത്രം കഴിക്കുക. 

ഡോ. അനിതാ മോഹൻ

മുൻ സ്റ്റേറ്റ് ന്യുട്രിഷൻ ഒാഫിസർ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips