Thursday 19 January 2023 04:53 PM IST

ഊണ് കഴിഞ്ഞാലുടൻ കുളിച്ചാൽ കുഴപ്പമുണ്ടോ, ഭക്ഷണശേഷം പുകവലിച്ചാൽ എന്തു സംഭവിക്കും: ഭക്ഷണശേഷം ചെയ്യരുതാത്ത 12 കാര്യങ്ങൾ...

Sruthy Sreekumar

Sub Editor, Manorama Arogyam

food345

ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ച ശേഷം മധുരം കഴിക്കുന്നവരുണ്ട്. പുക വലിക്കുന്നവരുണ്ട്. ചിലർക്ക് ഉടനെതന്നെ കിടന്ന് ഉറങ്ങാനാകും താൽപ്പര്യം. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചേക്കാം എന്നു വിചാരിക്കുന്നവരും കുറവല്ല. എന്നാൽ നിറഞ്ഞ വയറോടെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ എന്നു ചിന്തിച്ചിട്ടുണ്ടോ? ‘ഉണ്ടാൽ കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം’ എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. ശാസ്ത്രീയമായി വശകലനം ചെയ്യുമ്പോൾ ഇത്തരം പ്രവൃത്തികളിൽ ഹാനികരമായ ഘടകങ്ങൾ ഉണ്ടെന്നുതന്നെ മനസ്സിലാക്കാം. അത്തരം ചിലത് വായിച്ചറിയൂ.

1. പുക വലിക്കരുത്

ആഹാരശേഷം നമ്മുടെ ശരീരത്തിന്റെ ആഗിരണതോത് വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ പുകവലിച്ചാൽ സിഗരറ്റിലെ അപകടകാരികളെ വളരെ വേഗം ശരീരം വലിച്ചെടുക്കുന്നു. ഒരു സിഗരറ്റ് ഒരു തുള്ളി വിഷത്തിനു സമാനമാണ്. കൂടാതെ സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന വസ്തു രക്തധമനി ചുരുങ്ങുന്നതിനു കാരണമാകുന്നു. ആഹാരശേഷം ഹൃദയം രക്തത്തെ സുഗമമായ ദഹന പ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും വർധിച്ച അളവിൽ അയയ്്ക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയത്തിൽ ഉള്ള രക്തത്തിന്റെ അളവ് കുറവായിരിക്കും. നിക്കോട്ടിൻ കാരണം ധമനികൾ ചുരുങ്ങുന്നതോടെ ഹൃദയത്തിന്റെ പ്രവർത്തനം അപ്പാടെ തകരാറിലാകാം..

2. കഠിനമായ ശാരീരിക അധ്വാനം

ഹൃദയം ആഹാരശേഷം ദഹനത്തിനും ആഗിരണത്തിനും വേണ്ടി ആമാശയത്തിലേക്കും കുടലിലേക്കും കൂടുതൽ അളവിൽ രക്തം പമ്പ് ചെയ്യുന്നു. കഠിനമായ ശാരീരിക അധ്വാനം ചെയ്താൽ ശേഷിക്കുന്ന രക്തം കാലുകളിലേക്കും കൈകളിലേക്കും കൂടി പമ്പ് ചെയ്യപ്പെടുന്നതോടെ ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റാൻ സാധ്യത കൂടുതലാണ്. ശക്തമായതും അസാധാരണവുമായ ശാരീരിക ചലനങ്ങൾ (തല കുത്തി മറിയുക തുടങ്ങിയത്) കുടലിന്റെ സ്ഥാനം വ്യതിചലിച്ചാൽ ഉണ്ടാകുന്ന വോൾവുലസ് എന്ന അവസ്ഥയും ഹെർണിയ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

3. മലർന്നു കിടക്കരുത്

ആഹാരം കഴിഞ്ഞുടൻ മലർന്നു കിടക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. പുളിച്ചു തികട്ടലിനു സാധ്യത കൂടുതലാണ്. പുളിച്ചു തികട്ടുന്നതുകൊണ്ട് അന്നനാളത്തിനു ദോഷം സംഭവിക്കാം. ഭക്ഷണശേഷം അര മണിക്കൂർ കഴിഞ്ഞിട്ടു കിടക്കുന്നതാണ് ഉത്തമം. വലതുവശം ചരിഞ്ഞ് കിടക്കുന്നത് ദോഷം കുറയ്ക്കുവാൻ നല്ലതാണ്.

4. കാപ്പി ഉടൻ കുടിക്കേണ്ട

ഭക്ഷണശേഷം കാപ്പി കുടിക്കുന്നത് പുളിച്ചു തികട്ടലിനെ (ഗർഡ്) പ്രോത്സാഹിപ്പിക്കുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫിൻ എന്ന ആൽക്കലോയിഡ്, അമ്ലത്തിന്റെ ഉൽപ്പാദനം കൂട്ടുന്നതാണ് പുളിച്ചു തികട്ടലിനു കാരണം. കൂടാതെ ആസിഡിറ്റിക്കും കാരണമാകാം. ഇത് അന്ന നാളത്തിന്റെയും ആമാശയത്തിന്റെയും പ്രവർത്തനത്തെ തകരാറിലാക്കും.

ദഹനം എളുപ്പമാക്കാൻ മാർഗങ്ങൾ

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ഉമിനീർ ഉൾപ്പെടെയുള്ള ദഹനരസങ്ങളുടെ ഉൽപ്പാദനത്തെ സഹായിക്കും. ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഭക്ഷണശേഷം ജീരകം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കുക. ഭക്ഷണം കഴിവതും പാകം ചെയ്ത് ചൂടോടെ കഴിക്കണം. ഫ്രിഡ്ജിൽ വച്ച ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ ചില ഘടകങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കാം. ഇതു ദോഷം ചെയ്യും. തവിട് കളയാത്ത അരി, നാരുകൾ കൂടുതലുള്ള ഭക്ഷണം എന്നിവ ദഹനത്തിനു സഹായിക്കും. ആറ് മണിക്കൂറെങ്കിലും ഉറങ്ങുക. ഉറക്കക്കുറവ് ദഹനരസങ്ങളുടെ ഉൽപ്പാദനം കുറയ്ക്കും. ഏറ്റവും പ്രധാന കാര്യം ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുക എന്നതാണ്. റിലാക്സ് മൂഡ് വേണം. ടെൻഷൻ ദഹനരസങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.

5. ഇരുചക്ര വാഹനയാത്ര ഒഴിവാക്കാം.

‌നമ്മുടെ നാട്ടിലെ റോഡിന്റെ ശോചനീയാവസ്ഥയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത് ശരിയായ ദഹനത്തിനു തടസ്സമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ, കുലുങ്ങി കുലുങ്ങിയുള്ള യാത്ര ദഹനപ്രക്രിയയ്ക്കു തടസ്സം സൃഷ്ടിക്കുന്നു. ദഹന പ്രക്രിയ ശരിയായി നടക്കാൻ മിതമായ വിശ്രമം ആവശ്യമാണ്. വയറു കുലുങ്ങിയുള്ള യാത്ര ദഹനപ്രക്രിയയ്ക്കു വിഘ്നം സൃഷ്ടിക്കും.

6. മദ്യം വേണ്ടേ വേണ്ട

ഭക്ഷണശേഷം മദ്യപിച്ചാൽ കഴിച്ച ഭക്ഷണം ഛർദിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഛർദ്ദിക്കുന്നതിനിടെ ഭക്ഷണ അവശിഷ്ടങ്ങൾ തിരികെ അന്നനാളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. (ആസ്പിരേഷൻ). ഇത് അപകടകരമായ അവസ്ഥയാണ്.

7. ഡ്രൈവിംഗ് അരുത്

വയർ നിറഞ്ഞു കഴിഞ്ഞാൽ ഉറക്കം വരാൻ സാധ്യതയുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ ആമാശയത്തിലേക്കും കുടലിലേക്കും കൂടുതൽ രക്തം പമ്പ് ചെയ്യപ്പെടുന്നതിനാൽ തലച്ചോറിലേക്കും മിതമായ അളവിലേ രക്തം ലഭിക്കുകയുള്ളൂ. ഇതാണ് ഉറക്കത്തിനും മന്ദതയ്ക്കും കാരണം. ഈ അവസ്ഥയിൽ വാഹനമോടിച്ചാൽ ഡ്രൈവിങ്ങിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വരും. കൂടാതെ രക്തപ്രവാഹത്തിന്റെ കൂറവ് മൂലം പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഇതു ഡ്രൈവിങ്ങിനെ പ്രതികൂലമായി ബാധിക്കും. ആഹാരശേഷം അര മണിക്കൂർ കഴിഞ്ഞു വാഹനമോടിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല.

8. മരുന്നുകൾ ഉടൻ വേണ്ട

ഭക്ഷണത്തിനു ശേഷം കഴിക്കേണ്ട ചില മരുന്നുകൾ ഉണ്ട്. ഇവ ഭക്ഷണത്തിനു തൊട്ടു പിന്നാലെ കഴിക്കരുത്. 15-30 മിനിറ്റ് കഴിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാൻ വേണ്ടിയാണിത്. അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ ഭക്ഷണശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് കഴിക്കാം. അന്റാസിഡുകൾ ഭക്ഷണശേഷം ഉടൻ കഴിക്കേണ്ടവയാണ്.

9. തണുത്ത വെള്ളത്തിൽ കുളിക്കരുത്

ഭക്ഷണശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉപാപചയ പ്രവർത്തനം, ദഹനം, ആഗിരണം എന്നീ പ്രക്രിയകൾക്കു തടസ്സമാണ്. തണുത്ത വെള്ളം ശരീരത്തിൽ വീഴുന്നത് ബാഹ്യവും ആന്തരീകവുമായ താപനിലയിലുണ്ടാക്കുന്ന വൈരുദ്ധ്യമാണ് പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണം. ഇതു ഹൃദയസ്പന്ദന നിരക്കിനെ വരെ ബാധിക്കാം.

10. സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക

ഭക്ഷണശേഷം നുര പതയുന്ന ശീതളപാനീയങ്ങൾ കുടിക്കുന്നതു വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഈ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന കാർബൺ ഡയോക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ വയറു പെരുക്കത്തിനു കാരണമാകും. ഇതു ദഹനക്കേടിനു വഴി തെളിക്കും. കൂടാതെ ഇവ ചീത്ത കൊളസ്ട്രോൾ അളവ് വർധിപ്പിക്കാം. അങ്ങനെ ഹൃദയാരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.

11. പ്രമേഹമുള്ളവരും പഴങ്ങളും

ഉച്ചഭക്ഷണം കഴിഞ്ഞാൽ കുറച്ചു മധുരമോ പഴമോ കഴിക്കുന്നത് ചിലരുടെ പതിവാണ്. എന്നാൽ പ്രമേഹപൂർവാവസ്ഥയിലുള്ളവരും പ്രമേഹമുള്ളവരും ആഹാരശേഷം മധുരം ഒഴിവാക്കുക. ഭക്ഷണത്തിനുശേഷം ശരീരത്തിലെ കാർബോഹൈഡ്രേറ്റ് അളവ് കൂടും. പിന്നാലെ മധുരം കൂടി ചെന്നാൽ ഗ്ലൂക്കോസ് നില ഉയരാൻ സാധ്യതയുണ്ട്.

12. ലൈംഗിക ബന്ധം

ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനാൽ ലൈംഗിക അവയവങ്ങളിൽ വേണ്ടത്ര എത്തില്ല. ഇത് ഉത്തേജനത്തേയും അതുവഴി ലൈംഗിക ബന്ധത്തേയും പ്രതികൂലമായി ബാധിക്കും. കിടപ്പറയിലെ പ്രകടനം മോശമാകാൻ സാധ്യതയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പത്മകുമാർ, ആലപ്പുഴ,

ഡോ. ടൈറ്റസ് ശങ്കരമംഗലം, തിരുവല്ല.

Tags:
  • Manorama Arogyam
  • Diet Tips