വേനൽച്ചൂടിൽ എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. നാരുകളും ജലാംശവും അടങ്ങിയ തണ്ണിമത്തൻ ദാഹത്തെ ശമിപ്പിക്കുന്നു. വൈറ്റമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതാ തണ്ണിമത്തൻ കൊണ്ടു തയാറാക്കാവുന്ന രണ്ടു സൂപ്പർ ഡ്രിങ്കുകൾ.
1. കൂൾ റഷ്
ചേരുവകൾ
തണ്ണിമത്തൻ – 50 ഗ്രാം
കരിമ്പിൻ ജൂസ് –70 മിലീ
നാരങ്ങ – മൂന്നു ഗ്രാം
പുതിനയില – ഒരു ഗ്രാം
ഐസ് ക്യൂബുകൾ (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
∙ തണ്ണിമത്തൻ ചെറിയ കഷണങ്ങളായി മുറിച്ച് വിത്തു മാറ്റി, മിക്സിയിൽ ജൂസ് ആക്കി എടുക്കുക.
∙ ഇതിലേക്ക് കരിമ്പിൻ ജൂസും നാരങ്ങാനീരും പുതിനയിലയും ചേർത്ത് ഒന്നുകൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
∙ ഐസ് ക്യൂബുകൾ ചേർത്ത് ഒരു ഗ്ലാസിൽ വിളമ്പുക. കൂൾ റഷ് തയാർ.
2. ടെൻഡർ കോക്കനട്ട് മെലൺ ഫ്യൂഷൻ
ചേരുവകൾ
പാൽ – 100 മിലീ
തണ്ണിമത്തൻ – 100 ഗ്രാം
ഇളം കരിക്ക് – 50 ഗ്രാം
പഞ്ചസാര (ആവശ്യമെങ്കിൽ)
ഐസ് ക്യൂബുകൾ (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
∙ ഇളം കരിക്ക് ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് പാൽ ചേർത്തു മിക്സിയിൽ നന്നായി അടിക്കുക.
∙ വിത്തു മാറ്റി നന്നായി ഉടച്ചെടുത്ത തണ്ണിമത്തനിലേക്ക് ആദ്യം തയാറാക്കിയ പാൽ കരിക്കു മിക്സും ഐസ് ക്യൂബുകളും ചേർത്ത് ഒന്നു കൂടി മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കുക. (മധുരം കൂടുതൽ വേണ്ടവർക്ക് പഞ്ചസാരയും ഇതിനോടൊപ്പം ചേർക്കാവുന്നതാണ്). ടെൻഡർ കോക്കനട്ട് മെലൺ ഫ്യൂഷൻ തയാറായിക്കഴിഞ്ഞു.
∙ ഈ സമ്മർ റിഫ്രഷിങ് ഡ്രിങ്ക് ഒരു ഗ്ലാസ്സിലേക്ക് മാറ്റി വിളമ്പുക.
തയാറാക്കിയത്
സാന്ദ്രാ മേരി ജോളി
ന്യൂട്രിഷനിസ്‌റ്റ് ,
കൊച്ചി