ലോകമെമ്പാടും പ്രശസ്തമായ ഒരു ഭാരം കുറയ്ക്കൽ പദ്ധതിയാണ് വെയിറ്റ് വാച്ചേഴ്സ് ഡയറ്റ്. ഇപ്പോൾ അത് WW ഡയറ്റ് എന്നാണറിയപ്പെടുന്നത്. ഒാപ്ര വിൻഫ്രി പോലുള്ള അതിപ്രശസ്തർ വരെ ഈ ഡയറ്റ് പിന്തുടർന്നു ഭാരം കുറച്ചവരാണ്.
1963ൽ ന്യൂയോർക്കിൽ ജീൻ നിഡേ (Jean Nidetch) എന്ന വനിത തന്റെ സുഹൃത്തുക്കൾക്കായി ഉണ്ടാക്കിയ വീക്‌ലി വെയിറ്റ് ലോസ് ഗ്രൂപ്പ് ആയാണ് WW ന്റെ തുടക്കം. ഒാരോ ഭക്ഷണത്തിനും അതിലടങ്ങിയിരിക്കുന്ന കാലറി, കൊഴുപ്പ്, മാംസ്യ അളവ്, ഷുഗർ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ സ്മാർട്ട് പോയിന്റുകൾ നൽകുന്നു. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ ദിവസവും നിശ്ചിത പോയിന്റിനുള്ളിൽ വരാവുന്നതുപോലെ വിഭവങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പോയിന്റ് കുറവും അനാരോഗ്യകരമായവയ്ക്ക് പോയിന്റ് കൂടുതലും ആയിരിക്കും.
പോർഷൻ കൺട്രോൾ, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നീ അടിസ്ഥാനങ്ങളിലൂന്നിയ വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് തികച്ചും ശാസ്ത്രീയമായതും സുരക്ഷിതവുമായ ഭാരം കുറയ്ക്കൽ പദ്ധതിയാണെന്നു പഠനങ്ങൾ പറയുന്നു.
സാംപിൾ ഡയറ്റ് കാണാം
പ്രാതൽ:
ഒാട്സ് –3 സ്പൂൺ കുറുക്കിയത് /മുഴു ഗോതമ്പ് ബ്രഡ്–2 കഷണം/ചുവന്ന അവൽ കൊണ്ടുള്ള ഉപ്പുമാവ്–1 കപ്പ്/ ബ്രൗൺ റൈസ് കൊണ്ടുള്ള പുട്ട്–1 കപ്പ്/ഒാട്സ് ഇഡ്‌ലി–3 എണ്ണം/നുറുക്ക് ഗോതമ്പ് ഉപ്പുമാവ്–1 കപ്പ്/മുളപ്പിച്ച പയർ അരച്ച ദോശ– 2 എണ്ണം
∙ മുട്ട–1/ചീസ് കഷണം–1/നട്സ്–10 എണ്ണം/കടല– അര കപ്പ്
∙ പാൽ–1 കപ്പ്/തൈര്–1 കപ്പ്
∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്
ഉച്ചഭക്ഷണം:
ചപ്പാത്തി–2 ചെറുത്/ബ്രൗൺ റൈസ്–1 കപ്പ്/നുറുക്കു ഗോതമ്പ് ചോറ്–1 കപ്പ്
∙ പയർ/കടല–1 കപ്പ്/മീൻ–3–4 കഷണം/മാംസം–2 വലിയ കഷണം
∙ പച്ചക്കറി സാലഡ്–2 കപ്പ്
സ്നാക്ക്:
നട്സ്–15 എണ്ണം/മുഴുഗോതമ്പ് ബ്രഡ്–2 എണ്ണം+ഒരു കഷണം ചീസ്// രണ്ടു പഴവർഗം+ഒരു കഷണം ചീസ്/ഡ്രൈ ഫ്രൂട്സും നട്സും –അര കപ്പ്/ കോൺ ടിക്കി–3 എണ്ണം/ഒാട്സ് അട+ചീസ്–ഒരു ചെറുത്
∙ പാൽ–1 കപ്പ്/തൈര്–1 കപ്പ്
രാത്രി:
ഉച്ചയ്ക്ക് കഴിച്ചതു തന്നെ കഴിക്കാം.
അല്ലെങ്കിൽ പാസ്ത–1 കപ്പ്+ബീഫ്–5,6 കഷണം+ചീസ്–2 കഷണം+പച്ചക്കറികൾ
∙ അല്ലെങ്കിൽ മീൻ–2 വലിയ കഷണം ഗ്രിൽ ചെയ്തത്+അര കപ്പ് ബ്രൗൺ റൈസ്+പച്ചക്കറികൾ
അല്ലെങ്കിൽ–ചിക്കൻ 2 വലിയ കഷണം+ഉരുളക്കിഴങ്ങ്–1 മീഡിയം+ചീസ്+പച്ചക്കറികൾ
അല്ലെങ്കിൽ ബോൺലെസ് ചിക്കൻ/ബീഫ് –6–8 കഷണം+പച്ചക്കറി സാലഡ്
പാചക എണ്ണ–ഒലീവെണ്ണ/ കനോള/ ഫ്ലാക്സ്സീഡ്/സാ ഫ്ളവർ/ സൺഫ്ളവർ –3–4 ടീസ്പൂൺ ദിവസവും
കഴിക്കാവുന്നത്
∙ കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ– തൊലിനീക്കിയ ചിക്കൻ, മുട്ട, സോയയിൽ നിന്നുള്ള ചീസ് (ടോഫു), മീൻ, കക്ക പോലെ തോടുള്ളതരം മത്സ്യങ്ങൾ, കൊഴുപ്പുനീക്കിയ പാലു കൊണ്ടുള്ള അധികം പുളിപ്പിക്കാത്ത തൈര്
∙ അന്നജമില്ലാത്ത പച്ചക്കറികൾ– ബ്രൊക്കോളി, ശതാവരി, കോളിഫ്ളവർ, പച്ചിലക്കറികൾ
∙ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്സ്– മധുരക്കിഴങ്ങ്, തവിടുനീക്കാത്ത തവിട്ടു കുത്തരി, ഒാട്മീൽ, ബീൻസ്, തവിടുനീക്കാത്ത ധാന്യങ്ങൾ
∙ ആരോഗ്യകരമായ കൊഴുപ്പുകൾ– അവക്കാഡോ, ഒലീവ് എണ്ണ, ്അണ്ടിപ്പരിപ്പ്
ഒഴിവാക്കേണ്ടത്
മധുരപാനീയങ്ങൾ, പൊട്ടറ്റോ ചിപ്സ്, സോസേജ് പോലെ സംസ്കരിച്ച മാംസഭക്ഷണം, മിഠായികൾ, കേക്കുകളും കുക്കീസും ഉൾപ്പെടെ ഉയർന്ന അളവിൽ ഷുഗറും പൂരിത കൊഴുപ്പും അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കണം.
വിവരങ്ങൾക്ക് കടപ്പാട്
സോളി ജയിംസ്
പോഷകാഹാരവിദഗ്ധ
കൊച്ചി