ADVERTISEMENT

ആര്‍ത്തവവിരാമം ശാരീരിക പ്രശ്നമാണെങ്കിലും ചെറുതല്ലാത്ത മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. പെരിമെനൊപോസ് കാലഘട്ടത്തിൽ ശാരീരിക മാനസിക മാറ്റങ്ങള്‍ക്കൊപ്പം, കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും തങ്ങളുടെ റോളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്ത്രീയെ സമ്മർദത്തിലാക്കുന്നു. അതുകൊണ്ടുതന്നെ പെരിമെനൊപോസ് ഘട്ടം മുതൽ സ്ത്രീയുടെ മാനസികാരോഗ്യത്തിനു പ്രാധാന്യം കൊടുത്തു തുടങ്ങണം.

സ്ത്രീ ജീവിതത്തിലെ മൂന്നിലൊരു ഭാഗം ആരംഭിക്കുന്നത് പെരിമെനൊപോസ് കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തെ ഭയക്കാതെ വിജയകരമായി നേരിടുക. ശാരീരിക മാനസികാരോഗ്യ പ്രശ്നങ്ങളെപ്പറ്റി അറിവുണ്ടായാൽ തന്നെ പരിഹാര മാർഗമായി. രോഗ ലക്ഷണങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുന്നത് ഈ നിർണായക ഘട്ടത്തെ വിജയകരമായി തരണം ചെയ്യാനും സമാന അവസ്ഥയിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവര്‍ക്ക് കരുതൽ നൽകാനും സാധിക്കും.

ADVERTISEMENT

ഒരു സ്ത്രീയുടെ ജീവിതത്തിന്റെ സെക്കൻഡ് ഇന്നിങ്സ് ആർത്തവവിരാമശേഷമാണു തുടങ്ങുന്നത് എന്നു ചിന്തിച്ചാൽ മതി. ശാരീരികമായി ഫിറ്റ് ആയി ഇരുന്നാൽ തന്നെ ബുദ്ധിമുട്ടുകളില്ലാതെ ആർത്തവവിരാമ കാലഘട്ടത്തെ നിഷ്പ്രയാസം മറികടക്കാൻ കഴിയും.  

വിഷാദം കടന്നു വരുന്നത്

ADVERTISEMENT

പെരിമെനൊപോസ് സമയത്ത് ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകള്‍ നമ്മുടെ ശരീരത്തില്‍ കുറയുകയാണല്ലോ. ഈസ്ട്രജന് നമ്മുടെ തലച്ചോറിലും പ്രവര്‍ത്തനമേഖലകളുണ്ട്. ഇവയുടെ കുറവു നമ്മുടെ ഉറക്കം, മാനസികാവസ്ഥ, ഓർമശക്തി എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു.

ശരീരഭാരം വർധിക്കുക, തീവ്രമായ ചൂട് അനുഭവപ്പെടുക, രാത്രികാലങ്ങളിലെ അമിതമായ വിയര്‍പ്പ്, ലൈംഗിക ജീവിതത്തില്‍ ഉണ്ടാകുന്ന വിരക്തി, യോനിയില്‍ ഉണ്ടാകുന്ന വരള്‍ച്ച എന്നിവയെല്ലാം സ്ത്രീകളില്‍ ബുദ്ധിമുട്ടുണ്ടാക്കും. മധ്യവയസ്കരില്‍ ഡയബറ്റീസ്, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രണത്തിൽ അല്ലെങ്കിൽ ക്ഷീണം, മാനസികപ്രശ്നങ്ങള്‍ ഇവ വര്‍ധിക്കാനും കാരണമാകും.

ADVERTISEMENT

മക്കളുടെ കൗമാരം, അവര്‍ പഠനത്തിനോ ജോലിക്കോ വേണ്ടി വീടു വിട്ടുപോകുന്നത്, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം, അവരുടെ വിയോഗം, തൊഴില്‍ മേഖലയില്‍ വർധിച്ചു വരുന്ന ഉത്തരവാദിത്തങ്ങള്‍ എന്നിങ്ങനെ പല വെല്ലുവിളികളും മാനസികമായി സ്ത്രീകൾ ഈ സമയത്തു നേരിടേണ്ടി വരുന്നുണ്ട്. ആര്‍ത്തവം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ സഹിച്ചില്ലേ പറ്റൂ എന്നുള്ള മുന്‍വിധി, ഇതിനു ചികിത്സയില്ല എന്നുള്ള തെറ്റിധാരണ ഇവ കാരണം ചികിത്സയെപ്പറ്റി ചിന്തിക്കാന്‍ ബഹുഭൂരിപക്ഷം സ്ത്രീകളും തയാറാകുന്നില്ല.

സംഘര്‍ഷങ്ങളോടു പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടു കൊണ്ടു വരുന്ന അഡ്ജസ്റ്റ്മെന്‍റ് ഡിസോര്‍ഡര്‍, വിഷാദരോഗം, ഉത്കണ്ഠ എന്നിവയാണ് ആർത്തവവിരാമ സമയത്തു കൂടുതലായി കാണപ്പെടുന്ന മാനസികാവസ്ഥകൾ. സ്കിസോഫ്രീനിയ, സംശയരോഗം എന്നിവയും കുറഞ്ഞ നിരക്കില്‍ കണ്ടുവരുന്നു. മുന്‍കാലത്തു മാനസികരോഗങ്ങള്‍ അനുഭവിച്ചിട്ടുള്ളവർ, പാരമ്പര്യം ഉള്ളവർ, മെനൊപോസിന്‍റെ ലക്ഷണങ്ങൾ, പ്രത്യേകിച്ചു ഹോട്ട് ഫ്ലാഷസ് തീവ്രമായി അനുഭവിക്കുന്നവര്‍, ജീവിതത്തില്‍ ദുരനുഭവങ്ങള്‍ കൂടുതലായി അനുഭവിച്ചവര്‍ എന്നിവരില്‍ മാനസികാരോഗ്യം നഷ്ടപ്പെടുന്നതു കൂടുതലായി കാണപ്പെടാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

തീഷ്ണമായ നിരാശ, തന്നെക്കൊണ്ട് ഒന്നിനും പറ്റില്ല എന്നുള്ള ചിന്ത, വിരക്തി, അകാരണമായ കുറ്റബോധം, വിശപ്പും ഉറക്കവും ഇല്ലാതിരിക്കുക, ദൈനംദിന ജോലികള്‍ ചെയ്യാന്‍ താൽപര്യമില്ലായ്മ, ആത്മഹത്യ പ്രവണത, ഈ ബുദ്ധിമുട്ടുകള്‍ പ്രഭാതത്തില്‍ കൂടുതലായി അനുഭവപ്പെടുക, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുക അല്ലെങ്കില്‍ ദിനംപ്രതി കൂടി വരിക എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. അധികം വൈകാതെ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നതാണു ഗുണകരമാകുക.

സൈക്യാട്രിസ്റ്റ് നിങ്ങളുടെ പ്രശ്നങ്ങളും, അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും മനസ്സിലാക്കിയതിനു ശേഷമാണു ചികിത്സ നിശ്ചയിക്കുന്നത്. വിഷാദരോഗം,  അമിതമായ ഉത്കണ്ഠ എന്നീ രോഗങ്ങള്‍ക്കു മരുന്നുകള്‍ അത്യന്താപേക്ഷിതമാണ്. ജീവിതപ്രശ്നങ്ങള്‍, അഡ്ജസ്റ്റ്മെന്‍റ് ഡിസോര്‍ഡര്‍ എന്നിവയ്ക്കു സൈക്കോതെറാപ്പിയും അ ത്യാവശ്യമാണ്.

ജീവിതശൈലി നൽകും മാനസികാരോഗ്യം

വ്യായാമം, സമീകൃതആഹാരം, യോഗ, ധ്യാനം, നല്ല സൗഹൃദ കൂട്ടായ്മകള്‍ ഇവയെല്ലാം പോസിറ്റീവ് കാഴ്ചപ്പാട് നമുക്കു നല്‍കുക മാത്രമല്ല, അമിതവണ്ണം കൂടുന്നതും നിയന്ത്രിക്കും.

മധ്യവയസ്സില്‍ എത്തി നില്‍ക്കുന്ന സ്ത്രീ തീര്‍ച്ചയായും പല പ്രതിസന്ധികളും തരണം ചെയ്തിട്ടുണ്ട്. അതിനായി ഉപയോഗിച്ച ആരോഗ്യകരമായ വഴികളുണ്ടാകും. നല്ല സൗഹൃദങ്ങൾ, പ്രാർഥന, ഹോബികൾ, വായന, പാചകം, ചെടി വളര്‍ത്തല്‍ എന്നിങ്ങനെ എന്തുമാകാം. വീണ്ടും ആ ഇഷ്ടങ്ങളിലേക്കു മടങ്ങുന്നതു ഗുണം ചെയ്യും.

മെനൊപോസ് ശാരീരിക- മാനസിക പ്രശ്നങ്ങളെ നേരിടാന്‍ സ്ത്രീകള്‍ക്കു കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് മക്കളുടെയും, ജീവിത പങ്കാളിയുടെയും പിന്തുണ ആവശ്യമാണ്. ആര്‍ത്തവവിരാമം സ്ത്രീകളുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്ന അവബോധമുണ്ടാകണം. അത് അവരെ കൂടുതല്‍ മനസ്സിലാക്കാനും അര്‍ഹിക്കുന്ന സ്നേഹവും പരിഗണനയും നല്‍കാനും സഹായിക്കും.

കടപ്പാട്: ഡോ. ഐശ്വര്യ ആർ. നായർ, അസി. പ്രഫസർ, ഡിപാർട്മെന്റ് ഓഫ് സൈക്യാട്രി, ട്രാവൻകൂർ മെഡിക്കൽ കോളജ്, കൊല്ലം

ADVERTISEMENT