ആർത്തവവിരാമശേഷം പലതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ സ്ത്രീകൾ നേരിടേണ്ടി വരാറുണ്ട്. പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞു ചികിത്സ തേടണ്ടേതു പ്രധാനമാണ്. അതുപോലെ തന്നെയാണു പോഷകങ്ങളുെട കാര്യത്തിലും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾ ചില സപ്ലിമെന്റുകൾ എടുക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്
ആർത്തവവിരാമത്തിനുശേഷം ശരീരത്തിനു ധാരാളം മൂലകങ്ങളും വൈറ്റമിനുകളും ആവശ്യമാണ്.
കാത്സ്യം: എല്ലുകളുടെ സാന്ദ്രത കുറയുന്നതിനാൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവ കൂടുതൽ ആവശ്യമായി വരുന്നു. കാത്സ്യം 1000-1200 മി.ഗ്രാം വരെ ഒരു ദിവസം ആവശ്യമാണ്. കാത്സ്യം ശരീരത്തിലേക്കു വലിച്ചെടുക്കാനും, എല്ലുകളുടെ ആരോഗ്യത്തിനും വൈറ്റമിൻ ഡി സഹായിക്കുന്നു. Vit D 600 IV ആണ് ഒരു ദിവസം വേണ്ടത്.
മഗ്നീഷ്യം : എല്ലുകളുടെ ആരോഗ്യത്തിനും, പേശികളുടെയും നാഡിവ്യൂഹത്തിന്റെയും പ്രവർത്തനത്തിനും, ശരീരത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. കൂടാതെ ആർത്തവവിരാമ പ്രശ്നങ്ങളായ ഉറക്കമില്ലായ്മ, ആധിയുണ്ടാകൽ എന്നിവയ്ക്കും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒരു പരിധിവരെ പരിഹാരമാകുന്നു.
ഊർജം നൽകും
ശരീരത്തിന് ആവശ്യമായ ഊർജം, ചർമം, തലമുടി എന്നിവയുടെ ആരോഗ്യം എന്നിവയ്ക്കു വൈറ്റമിൻ ബി 6, വൈറ്റമിൻ ബി12 എന്നിവ സഹായകമാകുന്നു.
വൈറ്റമിൻ ഇ- ആർത്തവവിരാമശേഷമുണ്ടാകുന്ന അമിതമായ ചൂട് നിയന്ത്രിക്കുന്നു.
വൈറ്റമിൻ സി- ശരീരത്തിന്റെ ഊർജ സ്രോതസ്സുകളുടെ പ്രവർത്തനത്തിനും എല്ലുകളുടെയും തരുണാസ്ഥികളുടെയും ആരോഗ്യത്തിനും വൈറ്റമിൻ സി ആവശ്യമാകുന്നു.
ഒമേഗ 3 ഫാറ്റ് – ആർത്തവവിരാമ പ്രശ്നങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണമാണ്.
പേഷകസമ്പന്ന ഭക്ഷണം പ്രധാനം
ആർത്തവവിരാമശേഷം പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെ എന്നു നോക്കാം.
1. കാത്സ്യം – പാലുൽപന്നങ്ങൾ (പാല്‍, തൈര്, പനീർ, യോഗർട്ട്) മുട്ട, റാഗി, എള്ള്, ബദാം, മുരിങ്ങയില, മത്സ്യം എന്നിവ.
2. വൈറ്റമിൻ ഡി- സൂര്യപ്രകാശം, മുട്ട, മത്തി, സാൽമൺ മുതലായ മത്സ്യം എന്നിവ
3. മാംസ്യം ( പ്രോട്ടീൻ ) – പേശികൾക്കു ബലം പകരാൻ മാംസ്യാഹാരങ്ങൾ ആവശ്യമാണ്. പരിപ്പ്, പയർവർഗങ്ങൾ, ബീൻസ്, സോയ, മുട്ട, മീൻ, ചെറുപയര്‍, ബദാം, വെളിച്ചെണ്ണ, ചിക്കൻ മുതലായവയിൽ ധാരാളമായി മാംസ്യം അടങ്ങിയിരിക്കുന്നു.
4. ഒമേഗ 3 ഫാറ്റി ആസിഡ്– ഹൃദയാരോഗ്യം സംരക്ഷിക്കാനായി സഹായകം. മത്സ്യം (മത്തി, അയല), വാൽനട്ട്, ഫ്ലാക്സ് സീഡ്
5. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ: ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ശരീരഭാരം കൂടുന്നതു തടയുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. കപ്പ, ചീര, പച്ചക്കറികൾ, പഴങ്ങൾ, തവിടുള്ള ധാന്യങ്ങൾ, ബ്രൗൺ റൈസ്, ചെറു ധാന്യങ്ങൾ (Millets) എന്നിവയിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു.
6. ആന്റിഓക്സിഡന്റ് – ഈസ്ട്രജൻ കുറവു കാരണമുണ്ടാകുന്ന രോഗപ്രതിരോധ പ്രശ്നങ്ങൾ പരിഹരിക്കാൻ ആന്റിഒാക്സിഡന്റ് സഹായിക്കുന്നു. ബെറികൾ (Strawberry), കാപ്സിക്കം, ഗ്രീൻ ടീ, ബ്രോക്‌ലി,മുതലായവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്.
7. ഫൈറ്റോഈസ്ട്രജൻ (Phytoestro gens) – സോയ ബീൻ, സോയ മിൽക്ക്, ഞവര, ചെറുപയർ, ചേന, കാച്ചിൽ മുതലായവയിൽ ധാരാളമായി ഫൈറ്റോഈസ്ട്രജൻ അഥവാ ചെടികളിൽ നിന്നുള്ള ഈസ്ട്രജൻ ഉണ്ട്. ഇവ ഭാഗികമായി ഈസ്ട്രജന്റെ ധർമം നിർവഹിക്കുന്നു.
ആർത്തവവിരാമം സംഭവിച്ചവർ മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നതു നല്ലതാണ്. പക്ഷേ ഇവ പോഷകാഹാരങ്ങൾക്കു പകരമല്ല. ആഹാരത്തിലൂെടയും മറ്റും പോഷകങ്ങൾ ലഭിക്കുന്നത് അപര്യാപ്തമാണ് എന്നു തോന്നുകയാണെങ്കിൽ മൾട്ടിവൈറ്റമിൻ എടുക്കാം. കാരണം ഒരു ദിവസം ആവശ്യമായ കാത്സ്യത്തിന്റെ അളവ് 1000 മി. ഗ്രാം വരും. അതുപോലെ തന്നെ വൈറ്റമിൻ ബി 6, ബി 12, വൈറ്റമിൻ ഡി, സി ഒക്കെ നല്ല അളവിൽ വേണം. മെനോപേസ് ഐസോ, സിങ്കോവിറ്റ് എന്നീ ഗുളികകൾ ലഭ്യമാണ്. എല്ലാവർക്കും മൾട്ടിവൈറ്റമിൻ വേണമെന്നില്ല.ഡോക്ടറുമായി ചർച്ച െചയ്തശേഷം ഇവ ഉപയോഗിക്കാം
ഡോ. ഗീതാലക്ഷ്മി പി.എൽ.
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ജില്ലാ ഹോസ്പിറ്റൽ, ചെങ്ങന്നൂർ