ADVERTISEMENT

അടുത്ത ആഴ്ച ഏതോ സർജറി ഉണ്ടെന്നു കേട്ടല്ലോ?...

ഒാ...അതോ? ഗർഭപാത്രം എടുത്തു കളയണമെന്നു ഡോക്ടർ പറഞ്ഞു. അതിനുള്ള സർജറിയാണ്...

ADVERTISEMENT

ഇങ്ങനെ ഒരു വിശേഷം പറച്ചിൽ പോലെ വളരെ സാധാരണമായ ഒന്നായിരിക്കുന്നു സ്ത്രീകളിലെ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ. സിസേറിയൻ ശസ്ത്രക്രിയ കഴിഞ്ഞാൽ സ്ത്രീകൾ ഏറ്റവും കൂടുതൽ വിധേയരാകുന്ന ശസ്ത്രക്രിയയാണു ഗർഭപാത്രം നീക്കൽ അഥവാ ഹിസ്റ്ററക്ടമി (Hysterectomy). മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോൾ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ ഏറ്റവും കൂടുതൽ ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇക്കാര്യത്തിൽ കേരളം രാജ്യത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. ഇത്തരുണത്തിൽ ഈ ശസ്ത്രക്രിയയെ പറ്റി ഒരു വിചിന്തനം അത്യാവശ്യമാണ്.

ഗർഭം ധരിക്കാനും കുഞ്ഞുങ്ങൾ ഉണ്ടാകാനും ഗർഭപാത്രം കൂടിയേ തീരു. അതുകൊണ്ടുതന്നെ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ ചെയ്യുന്ന സ്ത്രീകൾ കുഞ്ഞുങ്ങൾ ഉള്ളവരായിരിക്കണം. കുഞ്ഞുങ്ങൾ ഇല്ലാത്ത സ്ത്രീകൾക്ക് ഈ ശസ്ത്രക്രിയ ഏതുവിധേനയും ഒഴിവാക്കാനാണ് ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നത്. ഇതിന് ഒരു അപവാദം കാൻസർ അഥവാ അർബുദം പോലെ സ്ത്രീകളുടെ ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളാണ്. ഗർഭപാത്രത്തിലോ അണ്ഡാശയത്തിലോ അർബുദരോഗം പിടിപെട്ടിട്ടുണ്ടെങ്കിൽ ജീവൻ രക്ഷിക്കുവാൻ വേണ്ടി അവർക്കു കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ പോലും ഗർഭപാത്രം എടുത്തു കളയേണ്ടതായി വരും.

ADVERTISEMENT

നീക്കേണ്ട സാഹചര്യങ്ങൾ അറിയാം

∙ ഗർഭപാത്രത്തിനോ ഗർഭപാത്രത്തിന്റെ മുഖം എന്നു വിശേഷിപ്പിക്കുന്ന സെർവിക്സിനോ (cervix) അസുഖം ബാധിച്ചു കഴിഞ്ഞാൽ ഗർഭപാത്രം കളയേണ്ടതായി വരും. ഗർഭപാത്രത്തിൽ വരുന്ന ഫൈബ്രോയ്ഡ് (fibroid) എന്നു വിളിക്കുന്ന മുഴകൾ, അഡിനോമയോസിസ്( adenomyosis) , ഗർഭപാത്രത്തിന് അകത്തു വരുന്ന കാൻസർ ആകാൻ സാധ്യതയുള്ള ചെറിയ പോളിപ്പുകൾ (polyp), ഗർഭാശയത്തിന് അകത്തും ഗർഭാശയ ഭിത്തികളിലും വരുന്ന കാൻസർ, ഗർഭാശയ മുഖത്തു വരുന്ന അർബുദം എന്നിവ ഉദാഹരണം

ADVERTISEMENT

 സ്ത്രീകൾക്കു വരുന്ന അമിതമായ രക്തസ്രാവം- പ്രത്യേകിച്ചും രക്തസ്രാവം കൊണ്ടു വിളർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ, പരിഹരിക്കാനും ഗർഭപാത്രം നീക്കാറുണ്ട്. ∙ രണ്ട് അണ്ഡാശയങ്ങളെയും ഒരുപോലെ ബാധിക്കുന്നചില അസുഖങ്ങൾ, മുഴകൾ, എൻഡോമെട്രിയോട്ടിക് സിസ്റ്റ് (endometriotic cyst or chocolate cyst) മുതലായവ പിടിപെട്ടിട്ടുണ്ടെങ്കിൽ രണ്ട് അണ്ഡാശയങ്ങളും എടുത്തു കളയേണ്ടി വരും. പിന്നെ, ഗർഭപാത്രം മാത്രം ബാക്കി വച്ചിട്ടു സ്ത്രീക്കു പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല. അങ്ങനെ വന്നു കഴിഞ്ഞാൽ അണ്ഡാശയങ്ങൾ മാറ്റുന്ന കൂട്ടത്തിൽ തന്നെ ഗർഭപാത്രവും മാറ്റേണ്ടി വരുന്നു

∙ അണ്ഡാശയ മുഴകൾ നീക്കം ചെയ്യുമ്പോൾ ഗർഭപാത്രം കൂടി നീക്കണോ എന്നു തീരുമാനിക്കുന്നത്, എന്തു തരം മുഴയാണ് അണ്ഡാശയത്തിൽ വന്നിട്ടുള്ളത് എന്നതനുസരിച്ചാണ്. അണ്ഡാശയത്തിലെ മുഴ കാൻസറല്ലെങ്കിൽ, ഒരു അണ്ഡാശയത്തിൽ മാത്രമേ വന്നിട്ടുള്ളൂ എങ്കിൽ, ഒന്നുകിൽ ആ മുഴ മാത്രം നീക്കാം. അല്ലെങ്കിൽ അണ്ഡാശയവും മുഴയും ഒന്നിച്ചു മാറ്റാം. പക്ഷേ, കാൻസർ ആണെങ്കിൽ, അത് ഒരു അണ്ഡാശയത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ എങ്കിൽ പോലും ഗർഭപാത്രവും കൂടി മാറ്റേണ്ടി വരുന്നു.

∙ ചില സ്ത്രീകളിൽ പ്രസവത്തിൽ വരുന്ന ചതവുകൾ കൊണ്ടോ അല്ലെങ്കിൽ അവരുടെ തന്നെ ശരീരപേശികളുടെ ബലക്കുറവുകൊണ്ടോ യോനീഭാഗവും അതോടനുബന്ധിച്ചുള്ള അവയവങ്ങളും (മൂത്രസഞ്ചി, മലസഞ്ചി മുതലായവ) ഗർഭപാത്രം തന്നെയും താഴേക്കു വരുന്ന പ്രവണത കാണുന്നു. ഇതിനെ പ്രൊലാപ്സ് (Prolapse uterus) എന്നാണു വിളിക്കുന്നത്. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഗർഭപാത്രവും നീക്കേണ്ടി വരാം. ഇല്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ഗർഭപാത്രം താഴേയ്ക്കു തള്ളി വരാം.

മേൽപ്പറഞ്ഞ കാരണങ്ങൾക്കു ഗർഭപാത്രം നീക്കുമ്പോൾ സമയം എടുത്തു പ്ലാൻ ചെയ്തു ശസ്ത്രക്രിയചെയ്യാനുള്ള സമയം കിട്ടുന്നു. പക്ഷേ ജീവൻ രക്ഷിക്കാൻ വേണ്ടി അടിയന്തരമായി ചില അവസരങ്ങളിൽ ഗർഭപാത്രം എടുത്തു മാറ്റേണ്ടി വരുന്നു. പ്രസവാനന്തര രക്തസ്രാവമാണ് ഒരു പ്രധാന കാരണം. ഗർഭപാത്രം ചുരുങ്ങാതെ ഇരിക്കുകയും അതുകാരണം രക്തസ്രാവം അമിതമായി വരികയും ചെയ്താൽ സ്ത്രീയുടെ ജീവൻ നിലനിർത്താൻ വേണ്ടി ഗർഭപാത്രം എടുത്തു കളയുന്നു. എല്ലാ മുഴകളും നീക്കേണ്ടതില്ല എല്ലാ മുഴകളും (fibroid uterus) എടുത്തു കളയേണ്ട ആവശ്യമില്ല.

മുഴയുള്ള ഏതൊക്കെ സാഹചര്യങ്ങളിലാണു ഗർഭപാത്രം എടുത്തു കളയേണ്ടി വരുന്നത് എന്നു നോക്കാം.

∙ചെറിയ മുഴയാണെങ്കിലും അമിതമായ രക്തസ്രാവം ഉണ്ടാക്കുന്നെങ്കിലോ, അതു രക്തത്തിലെ ഹീമോഗ്ലോബിൻ തീരെ താഴ്ന്നു പോകാനിടയാക്കുന്നെങ്കിലോ, മരുന്നുകൾ കഴിച്ചിട്ടും രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ പറ്റുന്നില്ല എങ്കിലോ ഗർഭപാത്രം നീക്കണം.

∙മുഴകൾ കാരണം വയറിനു മൂന്നരമാസം ഗർഭത്തിന്റെ വലുപ്പം ഉണ്ടെങ്കിൽ – അതായത്, ഗർഭപാത്രം വലുതായതു വയറ്റിൽ തൊട്ടു നോക്കിയാൽ അറിയുന്നുവെങ്കിൽ– എടുത്തു കളയുന്നതാണു നല്ലത്. കാരണം അങ്ങനെ വലുപ്പം വച്ച ഗർഭപാത്രം മൂത്രനാളിക്കുഴലിനെ ഞെരിക്കുകയും വൃക്കകൾക്കു വീക്കം ഉണ്ടാക്കുകയും ചെയ്യും.

∙ ഫൈബ്രോയിഡ് ഗർഭപാത്രത്തിന്റെ താഴെയോ ഗർഭപാത്ര മുഖത്തോ (Cervical fibroid) ആണെങ്കിൽ മൂത്രസഞ്ചിയെ ഞെരുക്കുകയും സ്വതന്ത്രമായ മൂത്രം പോക്കിനെ തടയുകയും ചെയ്യും. അങ്ങനെ വരുമ്പോൾ മൂത്രതടസ്സം അനുഭവപ്പെടാം, വയറുവേദനയും ഉണ്ടാകാം. അങ്ങനെയുള്ള സ്ത്രീകളിൽ പലപ്പോഴും മൂത്രം പോകാനുള്ള ട്യൂബിടുമ്പോൾ ഒരു ലീറ്റർ മുതൽ ഒന്നര ലീറ്റർ വരെ മൂത്രം കെട്ടിക്കിടക്കുന്നതായിട്ടാണു കാണുന്നത്. സ്ത്രീയുടെ ആരോഗ്യത്തെ അതു സാരമായി ബാധിക്കും.

∙ പെട്ടെന്നു വളരുന്ന മുഴകളാണെങ്കിൽ കാൻസർ ആകാൻ സാധ്യത കൂടും. മുഴ അർബുദമാണെന്നു സംശയമുണ്ടെങ്കിലും ഗർഭപാത്രം എടുത്തു കളയണം.

∙ പ്രസവ സംബന്ധമായ ക്ഷതം വരുന്നതുകൊണ്ടോ, അണുബാധ വരുന്നതുകൊണ്ടോ ഗർഭപാത്രമുഖത്തിന് ആരോഗ്യക്കുറവു വരാം. ഗർഭപാത്രത്തിന്റെ മുഖം വീങ്ങുകയും ചുവക്കുകയും ചെയ്യുന്നു. സെർവിസൈറ്റിസ് അഥവാ സെർവിക്കൽ ഇറോഷൻ എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ പാപ്സ്മിയർ പരിശോധന ചെയ്തു കാൻസറിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നും കാൻസർ ആകാൻ സാധ്യതയുണ്ടോ എന്നും മനസ്സിലാക്കണം.

കാൻസറിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഗർഭപാത്ര നീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരാകണം. എന്നാൽ, കാൻസറിലേയ്ക്കു നയിക്കുന്ന അവസ്ഥ ആണെങ്കിൽ (Precancerous lesions) ആ ഭാഗം മാത്രം എടുത്തു കളയാൻ പറ്റും. ചെയ്യുന്ന ദിവസം തന്നെ തിരിച്ചു വീട്ടിൽ പോകാൻ പറ്റുന്ന അത്ര ലളിതമായ ശസ്ത്രക്രിയയാണിത്. പക്ഷേ ഇതിരുന്നാൽ കാൻസർ ആയി പോകും എന്നു പറഞ്ഞു സ്ത്രീകൾ പേടിക്കുകയും അവർ തന്നെ ഗർഭപാത്രം എടുത്തു കളയണമെന്നു ഡോക്ടറോട് അപേക്ഷിക്കുകയും ചെയ്യുന്നതായിട്ടാണു നാം കാണുന്നത്. ഇങ്ങനെയുള്ള സ്ത്രീകളെ കാര്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ മറ്റൊരു ഡോക്ടറെ കണ്ടു ശസ്ത്രക്രിയ നടത്തിക്കും. ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ കൂടാനുള്ള ഒരു കാരണം ഇത്തരം അനാവശ്യ ഭീതികളാണ്.

ഡോ. ലക്ഷ്മി അമ്മാൾ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം

ADVERTISEMENT