പോഷകാഹാരം കഴിക്കുന്നുണ്ടോയെന്നു ചോദിച്ചാൽ പൊതുവെ സ്ത്രീകൾ പറയും എന്തെങ്കിലുമൊന്നു കഴിക്കാൻ തന്നെ സമയം കുറവാണ്, പിന്നല്ലേ? എന്ന്.
പുരുഷന്റെയും സ്ത്രീയുടെയും ശരീരഘടന വ്യത്യസ്തമാണ്. ആർത്തവം, ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിങ്ങനെ ഏറെ ജൈവപ്രക്രിയകളിലൂടെ കടന്നു പോകുന്നവളാണു സ്ത്രീ. അതുകൊണ്ടുതന്നെ ചില പോഷകങ്ങളും വൈറ്റമിനുകളും ധാതുക്കളും സ്ത്രീകൾക്കു കൂടുതൽ ആവശ്യമാണ്. ഓരോ കാലത്തും ആവശ്യമായ രീതിയിൽ ആഹാരം ക്രമീകരിക്കുകയാണു പ്രധാനം.
വേണം സമീകൃതാഹാരം
സമീകൃതാഹാരമാണു വേണ്ടത്. ശരീരഭാരത്തിനും ഉയരത്തിനും അനുസരിച്ച് ഒാരോരുത്തരും തങ്ങളുടെ ബിഎംഐ അറിയേണ്ടതുണ്ട്. ഊർജം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, വൈറ്റമിനുകൾ എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തണം. ചിലതിനു കൂടുതൽ പ്രാധാന്യം നൽകണം. തവിടോടു കൂടിയ ധാന്യങ്ങൾ, മില്ലറ്റ്സ് ഇവ കഴിക്കാം. പ്രോട്ടീനുവേണ്ടി പരിപ്പ്, പയറുവർഗങ്ങൾ, ഇറച്ചി, മുട്ട, മത്സ്യം
ഇവ കഴിക്കാം. ആരോഗ്യ കൊഴുപ്പുകളും ഉൾപ്പെടുത്തണം. ഇരുമ്പ് ഏറെ പ്രധാനമാണ്. ഇരുമ്പ് അടങ്ങിയ ഇലക്കറികളും ഈന്തപ്പഴവും കഴിക്കാം. ഇരുമ്പ് അടങ്ങിയവ കഴിക്കുമ്പോൾ അതിനൊപ്പം വൈറ്റമിൻ സി ഉൾപ്പെടുത്തുന്നതിലൂടെ ഇരുമ്പിന്റെ ആഗിരണം നന്നായി ഉറപ്പു വരുത്താം. പേരയ്ക്ക, നാരങ്ങ ഇവയിലെല്ലാം വൈറ്റമിൻ സി ഉണ്ട്. ഇരുമ്പ് അടങ്ങിയ ആഹാരം കഴിക്കുമ്പോൾ ഒരു മണിക്കൂർ
മുൻപോ പിന്നിലോ ചായയും കാപ്പിയും കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കാൽസ്യം മറക്കരുത്
കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഓസ്റ്റിയോപൊറോസിസ് തടയാനും കൂടിയാണിത്. 1000 മി.ഗ്രാം കാൽസ്യം ഒരു ദിവസം ആവശ്യമുണ്ട്. റാഗിയിലും മുരിങ്ങിയില പോലെ ഇരുണ്ട പച്ചനിറമുള്ള ഇലക്കറികളിലും കാൽസ്യം ധാരാളമുണ്ട്. ചെറിയ മത്സ്യങ്ങൾ മുള്ളോടു കൂടി കഴിക്കുന്നതു കാൽസ്യം ലഭ്യത ഉറപ്പു വരുത്തും. വൈറ്റമിൻ ഡിയുടെ സാന്നിധ്യത്തിലാണു കാൽസ്യം നല്ല രീതിയിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്. വൈറ്റമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടം സൂര്യപ്രകാശമാണ്. വെള്ളം ഉപാപചയ പ്രവർത്തനങ്ങൾക്കും ദഹനപ്രക്രിയയ്ക്കും ചർമാരോഗ്യത്തിനും ഭംഗിക്കും ശരീരോഷ്മാവു നിലനിർത്താനും ആവശ്യമാണ്. 10-12 ഗ്ലാസ് വരെ വെള്ളം ദിവസവും കുടിക്കാം. കൊഴുപ്പു നീക്കിയ പാൽ കുടിക്കുന്നതും നല്ലതാണ്. രക്താതിസമ്മർദം ഇല്ലെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ദിവസവും ഉപയോഗിക്കാം.
വിരാമകാലത്ത്
ആർത്തവ വിരാമമാകുമ്പോൾ ഈസ്ട്രജന്റെ അളവു കുറയും. ഈ സമയത്ത് സോയ ആഹാരത്തിൽ ഉൾപ്പെടുത്താം. ഓട്സ്, ചേമ്പ്, കാച്ചിൽ ഇവയും കഴിക്കാം. മൈദ, പഞ്ചസാര, കാപ്പി എന്നിവ നിയന്ത്രിക്കാം. ഒമേഗ3, ഒമേഗ 6 കൊഴുപ്പുകൾ ആഹാരത്തിലുൾപ്പെടുത്തണം. നട്സ് 30 ഗ്രാം വീതം കഴിക്കാം. ഫ്ലാക്സ് സീഡ്, ഹോട്ട് ഫ്ലഷസ് നിയന്ത്രിക്കും. ഒന്നു മുതൽ രണ്ടു ടീസ്പൂൺ വരെ പൊടിച്ച ഫ്ലാക്സ് സീഡ് ഉൾപ്പെടുത്താം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ, മുംതാസ് ഖാലിദ് ഇസ്മയിൽ
കൺസൽറ്റന്റ് ക്ലിനിക്കൽ
ന്യൂട്രിഷനിസ്‌റ്റ് , കൊച്ചി