ADVERTISEMENT

“കഴിക്കുന്നതൊക്കെ മുടിയിലേക്കാണല്ലോ പോകുന്നത്”
നല്ല മുടിയുള്ളവരെ കാണുമ്പോൾ ആരെങ്കിലുമൊക്കെ ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ?... കരുത്തോടെയും അഴകോടെയും മുടി വളരണമെങ്കിൽ ആഹാരം പോഷക സമ്പന്നമായിരിക്കണം. കൃത്യമായ അളവിൽ വൈറ്റമിനുകളും ധാതുക്കളും ആഹാരത്തിലൂടെ ലഭിച്ചാൽ മുടിയിഴകൾ തിളക്കത്തോടെയിരിക്കും. മുടിയുടെ കാര്യത്തിൽ ഏറ്റവും പ്രധാനം പാരമ്പര്യം തന്നെയാണ്. എന്നാൽ പാരമ്പര്യമില്ലെങ്കിലും പോഷകാഹാരം കഴിച്ചാൽ മതി, മുടി മനോഹാരിതയോടെ കൂടെയുണ്ടാകും.

ഇന്ന് ആഹാരം തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കൊഴുപ്പും ഉപ്പും അടങ്ങിയ ജങ്ക് ഫൂഡ് കഴിക്കുമ്പോൾ വിശപ്പു കുറയും. അതുകൊണ്ടു തന്നെ പോഷകാഹാരം കഴിക്കാൻ മടിയാകും. ജങ്ക് ഫൂഡ് കഴിക്കുന്നതു കൊണ്ടുള്ള  ദഹനക്കുറവും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ADVERTISEMENT

മുടി തിളങ്ങാൻ ഒമേഗ 3 ഫാറ്റി ആസിഡ്

മുടിയുടെ ആരോഗ്യത്തിൽ എസൻഷ്യൻ ഫാറ്റി ആസിഡുകൾക്കു തനതായ പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക്. തലയോടിലെ ചർമത്തിന്റെ കോശസ്തരങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ തലയോടു വരണ്ടതാകാതെ, മുടി തിളക്കത്തോടെ വളരാൻ സഹായിക്കുന്നു. ചൂര, അയല, മത്തി പോലെ കൊഴുപ്പുള്ള മീനുകൾ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും കഴിക്കുന്നത് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ഉറപ്പാക്കും. ഫ്ലാക്സ് സീഡ് ഓയിൽ, ഫ്ലാക്സ് സീഡ്സ്, ചിയാ സീഡ്സ്, കനോല ഓയിൽ, വാൽനട്ട്, മറ്റു നട്സ്, സോയാബീൻ ബ്രോക്ക്‌ലി, കോളിഫ്ളവർ, ബ്രസൽ സ്പ്രൗട്ട്സ് പോലുള്ള പച്ചക്കറികളിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉണ്ട്.

ADVERTISEMENT

പ്രോട്ടീൻ നൽകും കരുത്ത്

കെരാറ്റിൻ എന്ന പ്രോട്ടീനാണു മുടിയുടെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ പ്രോട്ടീൻ സംഭരണം കുറയുമ്പോൾ കെരാറ്റിന്റെ ഉത്പാദനവും മന്ദഗതിയിലാകും. മുടിയുടെ വളർച്ച കുറയും. മുടി ദുർബലമാകും. പ്രോട്ടീൻ അടങ്ങിയ ആഹാരം മുടിയുടെ വളർച്ചയ്ക്കു സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.  മുടി കരുത്തോടെ വളരുന്നതിനും തിളക്കമുള്ളതാകുന്നതിനും കെരാറ്റിൻ ആവശ്യമാണ്. കെരാറ്റിന്റെ ഏറ്റവും നല്ല ഉറവിടം നിറമുള്ള പച്ചക്കറികളും പഴങ്ങളുമാണ്. വൈറ്റമിൻ എ കൂടുതലുള്ള ഭക്ഷണ സാധനങ്ങളിൽ കെരാറ്റിനും നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. കാപ്സിക്കം, തക്കാളി, സൺഫ്ളവർ സീഡ്സ്, ചീരയില, കാരറ്റ് ഇതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. അതുപോലെ കൊഴുപ്പു കുറഞ്ഞ മാംസത്തിലും കൊഴുപ്പു നീക്കിയ ചിക്കനിലും ചൂര മത്സ്യത്തിലുമൊക്കെ പ്രോട്ടീനിന്റെ സാന്നിധ്യമുണ്ട്.

ADVERTISEMENT

മുടിയുടെ സ്വന്തം ബയോട്ടിൻ

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളിൽ ഏറ്റവും പ്രാധനപ്പെട്ടതാണ് ബി 7 എന്ന ബയോട്ടിൻ. മുടിയുടെ വളർച്ചയിൽ പ്രകടമായി ഇടപെടുന്ന പോഷകമാണിത്. ഫോളിക്കിളിന്റെ വളർച്ച കൂട്ടുന്നതിനു ബയോട്ടിൻ സഹായകമാണ്. ഫോളിക്കിൾ എന്ന രോമകൂപങ്ങൾ ആരോഗ്യമുള്ളതായാൽ മാത്രമേ പുതിയ മുടി രൂപപ്പെടുകയുള്ളൂ. ബയോട്ടിന്റെ ഏറ്റവും നല്ല ഉറവിടമാണു പയറുവർഗങ്ങൾ. കാരറ്റ്, ബദാം, വാൽനട്ട്, കോളിഫ്‌ളവർ, മുട്ടയുടെ മഞ്ഞക്കരു, അണ്ടിപ്പരിപ്പു വർഗങ്ങൾ, കൂണ്‍ (ഓയിസ്റ്റർ മഷ്റൂം) ഇവയിൽ ഇതു ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇരുമ്പു നൽകും ആരോഗ്യം

ഹെയർ ഫോളിക്കിളുകൾ ഓക്സിജന്‍ സ്വീകരിക്കുന്നതു ചുവന്ന രക്താണുക്കളിലുള്ള ഇരുമ്പിൽ നിന്നാണ്. മുടിയിഴകളുടെ വേരുകളിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിച്ചാൽ മാത്രമേ മുടിയ്ക്ക് ആരോഗ്യം ലഭിക്കൂ. ശരീര‌ത്തിൽ ഇരുമ്പിന്റെ സംഭരണകേന്ദ്രമായ പ്രോട്ടീനായ ഫെറിറ്റിന്റെ കുറവു മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കാം. ഈ ഘട്ടത്തിൽ ഇരുമ്പ് അടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കാം. ചുവന്ന മാംസം ആണ് ഏറ്റവും നല്ല ഉറവിടം. ഇരുമ്പിനൊപ്പം വൈറ്റമിൻ സിയും കൂടി ആഹാരത്തിലുള്‍പ്പെടുത്തിയാൽ മാത്രമേ ഇരുമ്പിന്റെ ആഗിരണം നന്നായി നടക്കൂ. മുട്ട, സ്പിനച്ച്, കൊഴുപ്പു നീക്കിയ ബീഫ്, ചൂര , സോയബീൻ ഇവയൊക്കെ ഉൾപ്പെടുത്താം.

ഉറപ്പാക്കണം കാത്സ്യവും സിങ്കും

കാൽസ്യം ഹോർമോണുകളുടെയും എൻസൈമുകളുടെയും ഉൽപാദനത്തിനു സഹായിക്കുന്നു. മുടിയുടെ വളർച്ചയിൽ നിർണായക സ്ഥാനമുള്ള ആൻഡ്രജൻ ഹോർമോണുകളുടെയും ബയോട്ടിന്‍ എൻസൈമുകളുടെയും ഉത്പാദനത്തിലും കാൽസ്യത്തിനു റോളുണ്ട്. ഇരുമ്പിനെ ആഗിരണം ചെയ്യാനും കാൽസ്യം സഹായിക്കുന്നു. പാൽ, ബദാം, യോഗർട്ട്, പാലുൽപ്പന്നങ്ങൾ, സോയ മിൽക്, പച്ചിലകൾ, നട്സ് ഇവിയലെല്ലാം കാൽസ്യം ഉണ്ട്.  കാൽസ്യം ഏറ്റവുമധികം ലഭിക്കുന്നത് അയല, ചാള, കൊഴുവ പോലുള്ള ചെറിയ മീനുകളിൽ നിന്നാണ്. ഈ മത്സ്യങ്ങളുടെ മുള്ളുകളിൽ നിന്നു കാൽസ്യം ലഭിക്കുന്നു.

സിങ്ക് ഹെയർ ഫോളിക്കിളുകളെ ബലപ്പെടുത്തി മുടി കൊഴിച്ചിൽ തടയുന്നതിനും ശിരോചർമത്തിലെ എണ്ണ ഗ്രന്ഥികളുടെ പ്രവർത്തനം നന്നായി നടക്കുന്നതിനും സഹായിക്കുന്ന ധാതുവാണ്. ഇതു മുടിയിഴകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. സിങ്കിന്റെ അപര്യാപ്തത മുടികൊഴിച്ചിലിലേക്കു നയിക്കും. താരൻ, വരൾച്ച ഇവയിൽ നിന്നും സിങ്ക് സംരക്ഷിക്കുന്നു. ഓയിസ്റ്റർ, ഷെൽ ഫിഷ്, കൊഞ്ച് തുടങ്ങിയ കടൽ വിഭവങ്ങളെല്ലാം സിങ്കിനാൽ സമ്പന്നമാണ്. കൂൺ, ചീര, കശുവണ്ടി എന്നിവയിൽ സിങ്ക് ഉണ്ടെങ്കിലും സിങ്കിന്റെ ഏറ്റവും മികച്ച ഉറവിടം കറുത്ത എള്ളാണ്. കറുത്ത എള്ളുണ്ട ആഹാരത്തിലുൾപ്പെടുത്താം. സൂര്യകാന്തി വിത്തുകൾ, പീനട്സ്, മുഴു ധാന്യങ്ങൾ, ബീഫ്, കുഞ്ഞാടിൻ മാംസം, പോർക്ക് എന്നിവയിലും സിങ്ക് ഉണ്ട്.

വെള്ളം കുടിക്കാം മുടി വരളാതിരിക്കാൻ

മുടി വരണ്ടു പൊട്ടിപ്പോകാതിരിക്കാൻ മുടിയിലെ ജലാംശം നിലനിർത്തണം. 12 വയസു തൊട്ടു 45 വയസു വരെ ദിവസവും രണ്ടര ലിറ്റർ വെള്ളം കുടിക്കാം. പ്രായമാകുന്തോറും ചർമവും മുടിയും വരണ്ടു തുടങ്ങും. അപ്പോൾ മൂന്നര ലിറ്ററോളം കുടിക്കാം. ജലാംശം ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

സമീകൃതാഹാരം കഴിക്കുക എന്ന ശീലം നമുക്കു വളർത്തിയെടുക്കാം. അതോടെ മുടിയുടെ ആരോഗ്യവും അഴകും നൂറു ശതമാനവും ഉറപ്പായിക്കഴിഞ്ഞു. മുടിയെ സ്നേഹിക്കാൻ ഏറ്റവും നല്ല മാർഗം ഇതു തന്നെയല്ലേ?



വിവരങ്ങൾക്കു കടപ്പാട്
ഡോ. റീനാ ജിജോ വളപ്പില
ചീഫ് ഡയറ്റീഷൻ
അമല ഇൻസ്‌റ്റി‌റ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് , തൃശൂർ

ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്
നെ‍ടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , മൂവാറ്റുപുഴ

ADVERTISEMENT