സ്തനവലുപ്പം കുറവാണോ? വലുപ്പം കൂട്ടാൻ ഗ്രാഫ്റ്റിങ്, ആകൃതിക്കും ദൃഢതയ്ക്കും ഇംപ്ലാന്റ്: ഏതു തിരഞ്ഞെടുക്കണം? Breast Reduction and Augmentation Surgery
Mail This Article
ശരീരത്തിന് അനുയോജ്യമായ രൂപഭംഗിയുള്ള മാറിടം ഏത് സ്ത്രീക്കും ആത്മാഭിമാനവും ആത്മവിശ്വാസവും നൽകുന്ന ഒന്നാണ്. അതിന്റെ വലുപ്പത്തിലോ രൂപത്തിലോ ഉള്ള വ്യത്യാസങ്ങൾ സ്‌ത്രീകളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കാം. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണു സ്തനസൗന്ദര്യ ശസ്ത്രക്രിയകൾ. വ്യക്തികളുടെ താൽപര്യമനുസരിച്ചു സ്തനത്തിന്റെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സ്തനം പുനർനിർമിക്കാനുമൊക്കെ സഹായിക്കുന്ന ശസ്ത്രക്രിയകളെക്കുറിച്ച് അറിയാം.
സ്തന വലുപ്പം കുറയ്ക്കൽ
ശരീരപ്രകൃതിക്കൊപ്പം ചേരാത്ത വലുപ്പകൂടുതലുള്ള സ്തനങ്ങൾ പലപ്പോഴും വൈകാരികവും ശാരീരികവുമായിട്ടുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. സ്തനങ്ങളുടെ അടിയിൽ വിയർപ്പടിഞ്ഞു ചർമം അഴുകാം. ശരിയായി വ്യായാമം ചെയ്യാനോ കാ യിക അഭ്യാസങ്ങളിൽ ഏർപ്പെടാനോ സാധിക്കാതെ വരാം. സ്ഥിരമായ പുറംവേദന, തോൾവേദന, കൂന് മുതലായ പ്രശ്നങ്ങൾ ഉണ്ടാകാം. ദാമ്പത്യബന്ധത്തെ വരെ ബാധിക്കാം.
രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഈ ശസ്ത്രക്രിയ ഒരു വശമോ, രണ്ട് സ്തനങ്ങൾക്കുമായോ ചെയ്യാം. യു.എസ്.ജി, മാമോഗ്രാം എന്നീ പരിശോധനകൾ ശസ്ത്രക്രിയയ്ക്കു മുൻപായി ചെയ്യുകയും മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഡോക്ടറുമായി സംസാരിച്ചു ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും എടുക്കേണ്ട കരുതലുകൾ, നിയന്ത്രണങ്ങൾ, ശുശ്രൂഷകൾ എന്നിവ മുൻകൂട്ടി മനസ്സിലാക്കണം.
ജനറൽ അനസ്തീസിയയിലാണു ശസ്ത്രക്രിയ നടത്തുക. നാലഞ്ചു മണിക്കൂർ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയിൽ അധികമായുള്ള ഗ്രന്ഥികളും, കൊഴുപ്പും, ചർമവും ശാസ്ത്രീയമായ രീതിയിൽ നീക്കം ചെയ്യുകയും അധിക വലുപ്പമുള്ള മുലക്കണ്ണിന്റെ ഭാഗം (Nipple Areola Coplex) ചെറുതാക്കി വയ്ക്കുകയും ചെയ്യും.
ശാരീരിക പ്രത്യേകതയനുസരിച്ചു ചിലപ്പോൾ ലൈപ്പോസക്‌ഷനും ആവശ്യമായി വന്നേക്കാം.
ശസ്ത്രക്രിയയുടെ പാടുകൾ നന്നായി മറച്ചുവയ്ക്കത്തക്ക രീതിയിലാണു തുന്നലിടുക. ശേഷം രണ്ടു മൂന്നു ദിവസത്തേക്കു രക്തവും സ്രവങ്ങളും നീക്കാൻ ഡ്രെയിൻ ട്യൂബുകൾ ഇടുന്നു. ഇതു മാറ്റിയാൽ രോഗിയെ ഡിസ്ചാർജ് ചെയ്യും. പ്രത്യേകം രൂപകൽപന ചെയ്ത ബ്രെസ്റ്റ് സപ്പോർട്ടിനു വേണ്ടിയുള്ള ഇന്നർ വസ്ത്രങ്ങൾ മൂന്നു മാസത്തോളം ഉപയോഗിക്കണം. ഒരാഴ്ചയ്ക്കു ശേഷം ചെറിയ ജോലികൾ തുടങ്ങാം. ഒരുമാസത്തിനു ശേഷം സാധാരണപോലെ എല്ലാം തുടരാം.
മൂലയൂട്ടുന്ന സ്ത്രീകളിൽ ഈ ശസ്ത്രക്രിയ ചെയ്താൽ പാൽ ഉള്ളിൽ കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലാണ്. പിന്നീടു പാൽ ചുരത്താനുള്ള കഴിവിനെ സാരമായി ബാധിക്കാനുമിടയുണ്ട്. അതുകൊണ്ടു ഫാമിലി പ്ലാനിങ് പൂർത്തിയാക്കിയ ശേഷം ശസ്ത്രക്രിയ നടത്തുന്നതാണ് അഭികാമ്യം.
സ്തനം വലുതാക്കൽ
സ്തനവളർച്ച ശരീരത്തിന് ആനുപാതികമായിട്ടല്ലെങ്കിൽ അതു മാനസികമായ അസ്വസ്ഥതകൾക്കും വിഷാദ രോഗങ്ങൾക്കും സാമൂഹികമായ ഇടപെടലുകളിലെ അകൽച്ചയ്ക്കും പലപ്പോഴും കാരണമാകാറുണ്ട്. ഇതിനുള്ള പരിഹാരമാണു സ്തനങ്ങൾ വലുതാക്കാനുള്ള ശസ്ത്രക്രിയകൾ അഥവാ ഒാഗ്‌മെന്റേഷൻ മാമ്മോപ്ലാസ്റ്റി ( Augmentation Mammoplasty). ഇതു രണ്ടു തരമുണ്ട്. 1. സിലിക്കോൺ ഇംപ്ലാന്റ്സ് 2. ഫാറ്റ് ഗ്രാഫ്റ്റിങ്.
∙ സിലിക്കോൺ ഇംപ്ലാന്റ്സ്
കൂടുതൽ സ്ത്രീകളും ഇഷ്ടപ്പെടുന്നതു സ്തനങ്ങളുടെ സമാന സ്വഭാവമുള്ള സിലിക്കോൺ ഇംപ്ലാന്റാണ്. സ്തനങ്ങളുടെ പുറകിൽ പേശികൾക്കു പിന്നിലോ, മുൻപിലോ ആയി ഉദ്ദേശിക്കുന്ന വലുപ്പത്തിലുള്ള ഇംപ്ലാന്റ്സ് നിക്ഷേപിക്കുന്നു. സ്തനങ്ങളുടെ താഴെയുള്ള സ്ഥലത്തു കക്ഷത്തിലോ മുലക്കണ്ണിനും സമീപമോ ചെറിയ മുറിവ് ഉണ്ടാക്കിയാണ് ഇംപ്ലാന്റേഷൻ നടത്തുന്നത്. ഒരു വശത്തോ, രണ്ടു വശത്തോ ഒരുമിച്ചോ ആയി ഇതു ചെയ്യാം. ഇന്നു ലഭ്യമായ നല്ല ഗുണനിലവാരമുള്ള ഇംപ്ലാന്റുകൾ 15- 20 വർഷം വരെ യാതൊരു പ്രശ്നവും കൂടാതെ ഇരിക്കും. വളരെ ചുരുക്കമായി ഇംപ്ലാന്റ് മൈഗ്രേഷനും കാപ്സ്യൂൾ ഫോർമേഷനും ഈ ശസ്ത്രകിയയ്ക്കു ശേഷം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതില്ല. ഉടൻ ഫലം കിട്ടുന്നതിനാൽ ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർ പൊതുവെ തൃപ്തരാണ്.
21 വയസ്സു കഴിഞ്ഞവരിലാണു സാധാരണ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നത്. മാറിടവലുപ്പം വർധിപ്പിക്കാൻ മാത്രമല്ല സ്തനങ്ങൾക്ക് ആകൃതി നൽകുവാനും ഉറപ്പു നൽകാനും ഇംപ്ലാന്റേഷൻ നടത്താറുണ്ട്.
∙ ഫാറ്റ് ഗ്രാഫ്റ്റിങ്
സ്തനങ്ങളുടെ വലുപ്പം പരിമിതമായ രീതിയിൽ വർധിപ്പിക്കാനും സുന്ദരമായ ആകൃതി കൊടുക്കാനും ഇംപ്ലാന്റേഷൻ ചെയ്യുമ്പോൾ പുറമെ മിനുസപ്പെടുത്താനും ശരീരത്തിൽ അധികതോതിൽ നിക്ഷേപിക്കപ്പെടുന്ന ഭാഗങ്ങളിൽ നിന്നും കൊഴുപ്പു ശേഖരിച്ചു നടത്തുന്ന ശസ്ത്രക്രിയാണു ഫാറ്റ് ഗ്രാഫ്റ്റിങ്. കീഹോളിലൂടെ വയറിന്റെയോ തുടയുടേയോ ഭാഗങ്ങളിൽ നിന്നുമാണു കൊഴുപ്പ് സാധാരണയായി ശേഖരിക്കുന്നത്. ചെറിയ സൂചി സമാനമായ കാനുലയിലൂടെ സ്തനങ്ങളുടെ പല ഭാഗങ്ങളിലായി ഈ കൊഴുപ്പു കുത്തിവച്ച് നിക്ഷേപിക്കുന്നതിലൂടെ വിന്യാസം കൂടുകയും ഇരു സ്തനങ്ങളും ഒരേ രൂപംത്തിലാവുകയും ചെയ്യുന്നു.
ലോക്കൽ അനസ്തീസിയയോ സെഡേഷനിലൂടെയോ ഈ പ്രക്രിയ ചെയ്യാവുന്നതാണ്. നിക്ഷേപിക്കുന്ന കൊഴുപ്പിന്റെ 25- 30 ശതമാനം ക്രമേണ വലിഞ്ഞു പോകുന്നതിനാൽ ചെറിയ തോതിലുള്ള ഓവർ കറക്‌ഷൻ ശസ്ത്രകിയാ സമയത്തു ചെയ്യേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഈ പ്രക്രിയ ആവർത്തിക്കാം. സ്വന്തം ശരീരത്തിലെ തന്നെ ശരീരകലകൾ ഉപയോഗിക്കുന്നതിനാൽ ഭൂരിഭാഗം സ്ത്രീകളും ഫാറ്റ് ഗ്രാഫ്റ്റിങ് ഇഷ്ടപ്പെടുന്നു.
ഇടിഞ്ഞുതൂങ്ങൽ മാറ്റാൻ
മുലയൂട്ടലിനു ശേഷമോ, വാർധക്യത്തിലോ മാറിടങ്ങൾ ശോഷിച്ചും ഇടിഞ്ഞു തൂങ്ങിയും രൂപഭംഗി നഷ്ടപ്പെടാറുണ്ട്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് മാസ്േറ്റാപെക്സി അഥവാ ബ്രസ്റ്റ് ലിഫ്റ്റ്. ഇതുവഴി ഇടിഞ്ഞുതൂങ്ങൽ മാറി യൗവനത്തിലെ പോലെയുള്ള ദൃഢവും ഉയർന്നതുമായ രൂപഭംഗിയുള്ള മാറിടങ്ങൾ ലഭിക്കുന്നു. ആവശ്യമെങ്കിൽ ഇംപ്ലാന്റേഷനും ഫാറ്റ് ഗ്രാഫ്റ്റിങ്ങും ഇതോടൊപ്പം ചെയ്യാൻ സാധിക്കും. ബ്രസ്റ്റ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതശൈലിയിൽ ചില ക്രമീകരണങ്ങൾ വേണ്ടിവരും.
വലുപ്പ വ്യത്യാസങ്ങൾ
ചെറിയ വലുപ്പ വ്യത്യാസങ്ങൾ സ്ത്രീകളിൽ വളരെ സാധാരണമാണ്. ശരീരപ്രകൃതിക്കൊത്ത വലുപ്പമില്ലായ്മ, വലുപ്പ വ്യത്യാസങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉള്ളിൽ മുഴകളോ, കട്ടി പിടിക്കലോ ഉണ്ടോ എന്ന് ആദ്യമെ കണ്ടുപിടിക്കണം. ലഘുവായ വലുപ്പ വത്യാസങ്ങൾക്കു പ്രത്യേക ചികിത്സയുടെ യാതൊരാവശ്യവുമില്ല. എന്നാൽ ഇതു മാനസികാരോഗ്യത്തെ ബാധിക്കുന്നുവെങ്കിൽ ഓട്ടോലോഗസ് ഫാറ്റ് ഗ്രാഫ്റ്റിങ് നടത്തി സമാനത സൃഷ്ടിക്കാം ആവശ്യമെങ്കിൽ ഇംപ്ലാന്റ് ശസ്ത്രക്രിയ മുഖേന വലുപ്പവും രൂപഭംഗിയും വേണ്ട രീതിയിൽ ശരിപ്പെടുത്താനാകും.
ബ്രസ്റ്റ് റീ കൺസ്ട്രക്‌ഷൻ
സ്തനാർബുദത്തിന്റെ ചികിത്സയുടെ ഭാഗമായുള്ള പ്രധാന ശസ്ത്രക്രിയയാണു മാസ്റ്റക്ടമി അഥവാ സ്തനം നീക്കം ചെയ്യുക. ശസ്ത്രക്രിയയിലൂടെ സ്തനാർബുദത്തെ പൂർണമായും നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണിത്. മാനസികമായ ഏറ്റവും തയാറെടുപ്പു നടത്തേണ്ട ഘട്ടമാണിത്. സ്ത്രീത്വത്തിന്റെ ഏറ്റവും പ്രസക്തമായ ശരീരഭാഗം എന്നേയ്ക്കുമായി അടർത്തി മാറ്റുമ്പോൾ സ്വയം അംഗീകരിക്കാൻ മിക്ക രോഗികൾക്കും ബുദ്ധുമുട്ടുകാറുണ്ട്. ഇതിനുള്ള പരിഹാരമാണു പ്ലാസ്റ്റിക് സർജറി വഴി കൃത്രിമമായി സ്തനങ്ങൾ പുനർനിർമിക്കുന്ന പ്രക്രിയയായ സ്തനപുനർനിർമാണം അഥവാ ബ്രസ്റ്റ് റീ കൺസ്ട്രക്‌ഷൻ. സ്തന പുനർനിർമാണത്തിനു പ്രധാനമായും രണ്ട് സമീപനങ്ങളാണുള്ളത്.
1.ഫ്ലാപ് റീകൺസ്ട്രക്‌ഷൻ
വയർ, നിതംബം, തുട പോലുള്ള ഭാഗങ്ങളിൽ നിന്നു കൃത്യമായി പ്ലാൻ ചെയ്ത പ്രകാരം ശരീരകലകൾ എടുത്ത് അതിനെ മാറിടത്തിൽ രൂപപ്പെടുത്തി സ്ഥാപിക്കുന്ന വളരെ സങ്കീർണമായ ശസ്ത്രക്രിയയാണിത്. TRAM FLAP, DIEP FLAP, LD FLAP പോലുള്ള ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രോഗികൾക്കു വളരെ സ്വാഭാവികമായി തോന്നുന്ന സ്തനങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.
2. ഇംപ്ലാന്റ് അടിസ്ഥാനമാക്കിയുളള പുനർനിർമാണം
ഈ രീതിയിൽ, നെഞ്ചിലെ പേശിയുടെ അടിയിലോ, മുകളിലോ ശേഷിക്കുന്ന സ്തനഭാഗങ്ങൾക്കു താഴെയോ ഇംപ്ലാന്റ് സ്ഥാപിക്കുന്നു.
ഈ പുനർനിർമാണ ശസ്ത്രക്രിയകൾ മാസ്റ്റക്ടമി ചെയ്യുമ്പോഴോ അതിനു ശേഷമോ ചെയ്യാം. ഓരോ രോഗിയുടെയും അവസ്ഥയും സൗന്ദര്യപരിഗണനകളും രോഗത്തിന്റെ കാഠിന്യവും കണക്കിലെടുക്കണം. കീമോ തെറപ്പി, റേഡിയേഷൻ പോലുള്ള അനുബന്ധ ചികിത്സാരീതികളുടെ ആവശ്യകതയും ചർച്ച ചെയ്താണു തീരുമാനം എടുക്കേണ്ടത്.
ശേഷമുള്ള കരുതലുകൾ
പൂർണ രോഗവിമുക്തി നേടാനും പിന്നീടുള്ള ശാരീരികവും മാനസികവും വൈകാരികവുമായ തിരിച്ചു വരവിനും ശരിയായ പരിചരണവും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കലും അനിവാര്യമാണ്. സ്തനശസ്ത്രകിയയ്ക്കു ശേഷം വേദനയും അസ്വസ്ഥതകളും സാധാരണമാണ്.
ശസ്ത്രക്രിയാ സംഘം നൽകുന്ന നിർദേശങ്ങളും നിബന്ധനകളും മരുന്നുകളും പാലിക്കണം. മുറിവുകൾ ഉണങ്ങാനും അണുബാധ ഉണ്ടാകാതിരിക്കാനും വേണ്ട എല്ലാ കരുതലുകളും ആവശ്യമാണ്. ഡോക്ടർ നിർദേശിക്കുന്ന ബ്രാകളോ പ്രഷർ ഗാർമെന്റ്സോ തന്നെ ധരിക്കണം.
എയർ കോമഡോർ ഡോ. പോളിൻ ബാബു
സീനിയർ കൺസൽറ്റന്റ്, പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി,
മാർ സ്ലീവാ മെഡിസിറ്റി പാലാ