മുഖത്തിനും മുടിക്കും അഴകു പകരാൻ കറ്റാർവാഴ , എന്നാൽ ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത് Aloe vera for Skin and Hair health
Mail This Article
ചർമസൗന്ദര്യവുമായി ബന്ധപ്പെട്ട ഏത് ഉൽപന്നങ്ങളുടെ പരസ്യത്തിലും കറ്റാർവാഴയെ നാം കാണുന്നുണ്ട്. അതുപോലെ തന്നെ മുടിയുടെ പരിചരണത്തിലും. കറ്റാർവാഴയുടെ ഗുണങ്ങളെ കൂടുതലായി തിരിച്ചറിഞ്ഞത് ആയുർവേദം ആണെന്നു പറയാം. കറ്റാർവാഴയുടെ ഉപയോഗം പൊതുവായി മൂന്നു വിഭാഗങ്ങളിലാണെന്ന് ആയുർവേദം വിശദമാക്കുന്നു. മുഖചർമം മാത്രമല്ല , ശരീരചർമം മുഴുവനും ഇതിൽ ഉൾപ്പെടുന്നു. അടുത്തത്, മുടിയുടെ പരിപാലനമാണ്. മൂന്നാമതായി കറ്റാർവാഴയുടെ മറ്റ് ഒൗഷധഗുണങ്ങളാണ്.
ചർമപരിപാലനം
കറ്റാർവാഴയെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായ കാര്യം ചർമപരിപാലനത്തിലെ മികവാണ്. ചർമം വരണ്ടു പോകാതെ ജലാംശത്തോടെ നിലനിർത്തുന്നത് ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. ചർമത്തിലെ ജലാംശം നിലനിർത്തുന്നതു കറ്റാർവാഴയുടെ പ്രധാനഗുണമാണ്. കറ്റാർവാഴ മികച്ച ഒരു മോയ്‌സ്ചറൈസർ ആണ്. സൺ ടാൻ മിക്കവരുടെയും സൗന്ദര്യപ്രശ്നമാണ്. വെയിലേറ്റു കരുവാളിച്ച ചർമത്തെ പൂർവസ്‌ഥിതിയിലാക്കുന്നതിനു കറ്റാർവാഴ വളരെ മികച്ചതാണ്. കറ്റാർവാഴ നേരിട്ടു ചർമത്തിൽ ഉപയോഗിക്കാം.
ചർമത്തിൽ പുരട്ടുമ്പോൾ
കറ്റാർവാഴ ചർമത്തിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. കറ്റാർവാഴപ്പോള അടർത്തിയെടുക്കുമ്പോൾ മഞ്ഞനിറമുള്ള ഒരു ദ്രവം (അലോ ലാറ്റക്സ് ) ഉൗറി വരുന്നതായി കാണാം. അതു ചർമത്തിൽ പുരളുന്നത് അസ്വാസ്ഥ്യവും ചൊറിച്ചിലും ഉണ്ടാക്കാം. 90 ശതമാനം പേരിലും ഈ ദ്രവം ചൊറിച്ചിലുണ്ടാക്കുന്നതായി കാണുന്നു.അതിനായി മുറിച്ചെടുത്ത പോള ചരിച്ചു വച്ച് ആ ദ്രവം മുഴുവനായി ഉൗറിപ്പോകുന്നതിന് അനുവദിക്കണം. അതിനുശേഷം പോളയുടെ വശത്തുള്ള മുള്ളുള്ള ഭാഗം മുറിച്ചു പോള തുറന്ന് ഉള്ളിലുള്ള ജെൽ സ്പൂണിൽ കോരി എടുക്കാം. ഈ ജെൽ നേരിട്ടു ചർമത്തിൽ പുരട്ടാം. ആവശ്യമെങ്കിൽ സ്‌പൂൺ കൊണ്ടു ജെൽ മെല്ലെ ഒന്നുടച്ചെടുക്കാം. മിക്സിയിലും കറ്റാർവാഴ ജെൽ അടിച്ചെടുക്കാം. ഈ ജെൽ ഒരു ഗ്ലാസ് ബോട്ടിലിൽ എടുത്തു ഫ്രിജിൽ സൂക്ഷിക്കാം. രണ്ടു മൂന്നു ദിവസത്തേക്കു ഫ്രിജിൽ സുരക്ഷിതമാണ്. കറ്റാർവാഴ ലഭ്യമല്ലാത്തതിനാൽ വിപണിയിൽ നിന്നു കറ്റാർവാഴ ജെൽ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ചീത്തയാകാതിരിക്കാൻ അതിൽ പ്രിസർവേറ്റീവുകൾ ചേർക്കാനിടയുണ്ട്. അതിനാൽ എത്ര മാത്രം ശുദ്ധമാണെന്ന് അറിയാനാകില്ല.
ഒട്ടേറെ സൗന്ദര്യക്കൂട്ടുകൾ
ചർമത്തിന്റെ പ്രകൃതം വ്യത്യസ്തമാണ്. സാധാരണം, എണ്ണമയം, കോമ്പിനേഷൻ (എണ്ണമയമുള്ളതും വരണ്ടതുമായ ചർമം) എന്നിങ്ങനെ. കറ്റാർവാഴ ജെൽ നേരിട്ടോ, അതിലേക്കു മറ്റു ഘടകങ്ങൾ ചേർത്തോ ഉപയോഗിക്കാം. ചർമത്തിന്റെ പ്രകൃതം തിരിച്ചറിഞ്ഞാണു കറ്റാർവാഴ ജെല്ലിനോടു വിവിധ ചേരുവകൾ ചേർക്കേണ്ടത്. കറ്റാർവാഴ ജെല്ലിനൊപ്പം പാൽ, ബദാം മിൽക് എന്നിവ ചേർക്കാം. അൽപം വരണ്ട ചർമമാണെങ്കിൽ ബദാം മിൽക് ഉപയോഗിക്കുന്നതു നല്ലതാണ്. ബദാം കുതിർത്ത് അരച്ചു പിഴിഞ്ഞു പാലെടുക്കാം. കവിൾ ഒട്ടിയിരിക്കുന്നവർക്കു കറ്റാർവാഴ ജെൽ ബദാം മിൽക് കൂടി ചേർത്ത് ഉപയോഗിക്കുമ്പോൾ ചർമത്തിനു തുടുപ്പ് അനുഭവപ്പെടും. ചർമത്തിന്റെ കരുവാളിപ്പു മാറുന്നതിനും ഇതു നല്ലതാണ്. കറ്റാർവാഴയ്ക്കൊപ്പം വൻതേൻ ഉപയോഗിക്കുന്നവരുമുണ്ട്.
കറ്റാർവാഴ ജെൽ നല്ലൊരു ക്ലെൻസർ ആണ്. ചർമം വൃത്തിയാകാൻ ഇതു സഹായിക്കും. യാത്ര കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അൽപം ജെൽ എടുത്തു മുഖത്തു മൃദുവായി ഉരയ്ക്കുക. തുടർന്നു തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖം നന്നായി വൃത്തിയാകാനിതു സഹായിക്കും. കറ്റാർവാഴ മസാജ് ചെയ്യാൻ നല്ലതാണ്. മിക്സിയിൽ നന്നായി അടിച്ചെടുത്ത കറ്റാർവാഴ ജെൽ എടുക്കുക. ഇതു മുഖത്തു പുരട്ടിയശേഷം കൈകൾ കൊണ്ടു മെല്ലെ മസാജ് ചെയ്യുക. ഒരു ടോണറായും കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നുണ്ട്. റോസ് വാട്ടറിൽ കറ്റാർവാഴ ജെൽ യോജിപ്പിച്ചാൽ നല്ല ഒരു ടോണറായി. മുഖക്കുരുക്കൾ പലപ്പോഴും ചൊറിയുന്നതിലൂടെ പൊട്ടാറുണ്ട്. ഈ ചെറിയ മുറിവുകളെ സുഖപ്പെടുത്തുന്നതിനുള്ള കഴിവു കറ്റാർവാഴ ജെല്ലിനുണ്ട്. മുഖക്കുരു ഉള്ളവർക്കു കറ്റാർവാഴ പുരട്ടുന്നതു വളരെ ഗുണം ചെയ്യും
കൺതടങ്ങളിലെ കറുപ്പകറ്റും
കൺതടങ്ങളിലെ കറുപ്പ് (Dark Circle) മാറ്റുന്നതിനു കറ്റാർവാഴ ഫലപ്രദമാണ്. കറ്റാർവാഴ ജെൽ കണ്ണിനു താഴെ പുരട്ടി മൃദുവായി മസാജ് ചെയ്യാം. കുറേനാൾ മസാജ് ചെയ്യുമ്പോൾ കറുപ്പുനിറം മങ്ങുന്നതായി കാണാം. മാത്രമല്ല കറ്റാർവാഴ കണ്ണിനു തണുപ്പും നൽകും. കണ്ണടച്ച്, കണ്ണിനു താഴെ ജെൽ പുരട്ടി മൃദുവായി, ശ്രദ്ധയോടെ മസാജ് ചെയ്യാം. ഒരു ദിവസത്തിൽ അഞ്ചോ പത്തോ മിനിറ്റ് മസാജ് ചെയ്യാം. രാത്രി കിടക്കുന്നതിനു മുൻപു മസാജ് ചെയ്യുന്നതും നല്ലതാണ്. ഇതു കണ്ണുകളുടെ ആയാസം മാറ്റി ഉന്മേഷം നൽകുന്നു.
വാക്സിങ്ങിനു ശേഷം ചർമത്തിൽ ഒരു മോയ്സ്ചറൈസർ ആയി കറ്റാർ വാഴ ജെൽ ഉപയോഗിക്കാം. പാൽ, തേൻ, ബദാം മിൽക്ക്, ചെറുപയറുപൊടി, കടലമാവ് എന്നിവയോടു യോജിപ്പിച്ചു പുരട്ടാം. മഞ്ഞളിനോട് അലർജിയില്ലാത്തവർക്കു മഞ്ഞളും കറ്റാർവാഴയും ചേർത്തു പുരട്ടാം. മിക്സിയിൽ അടിച്ചെടുക്കുമ്പോൾ കുഴമ്പുരൂപത്തിൽ ലഭിക്കുന്ന കറ്റാർവാഴ ജെൽ ഫെയ്സ് പായ്ക്കായി ഉപയോഗിക്കാനും ഉത്തമമാണ്.
മുടിയഴകും കറ്റാർവാഴയും
തലമുടിയുടെ പരിപാലനത്തിന് ഉപയോഗിക്കുന്ന കൂടുതൽ പദാർഥങ്ങളും തണുപ്പുള്ളവയാണ്. കറ്റാർവാഴയും ആയുർവേദവിധി പ്രകാരം ശീതം ആണ്. അതു കൊണ്ട് ഇതു മുടിക്കു നല്ലതാണ്. നല്ല ഉറക്കം കിട്ടാനും കറ്റാർവാഴ സഹായകമാണ്. മിക്സിയിൽ അടിച്ചെടുത്ത ജെൽ നേരിട്ടു തലയോടിലും മുടിയിലും പുരട്ടാം. തലയോടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. മുടിയിഴകളിൽ പുരട്ടുന്നതിലൂടെ വരൾച്ച മാറി മുടി തിളക്കമുള്ളതാകുന്നു. കറ്റാർവാഴ ജെൽ കുറച്ചു വെള്ളം ചേർത്തു നേർപ്പിച്ചാൽ ഹെർബൽ ഹെയർ സീറം ആയി ഉപയോഗിക്കാം. കറ്റാർവാഴ ജെല്ലിനൊപ്പം ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, ആര്യവേപ്പില, ഉലുവ എന്നിവ കൂടി ചേർത്താൽ നല്ല ഒരു ഹെയർപായ്ക്കായി. കറ്റാർവാഴയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി സ്വഭാവം ഉള്ളതിനാൽ അതു താരനെ അകറ്റുന്നു. താരന്റെ ഭാഗമായ ചൊറിച്ചിലും അസ്വസ്ഥതകളും നന്നായി കുറയ്ക്കാൻ സാധിക്കുന്നു. കറ്റാർവാഴയുടെ ക്ലെൻസിങ് മികവും വളരെയധികം ശ്രദ്ധേയമാണ്. തലയോട് വൃത്തിയാകാൻ കറ്റാർവാഴ സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കറ്റാർവാഴ ജെല്ലു കൊണ്ടു ശിരോചർമം വൃത്തിയാക്കുന്നതു നല്ലതാണ്.
മുടി വളരാൻ
കറ്റാർവാഴയ്ക്കു മുടി വളരാൻ സഹായിക്കുന്ന ഗുണവുമുണ്ട്. കറ്റാർവാഴ ജെൽ പുരട്ടുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയുന്നു. മുടിവേരുകൾക്കു ബലം ലഭിക്കുന്നു. മുടിവളർച്ചയേയും ഇതു സഹായിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കറ്റാർവാഴ ഹെയർപായ്ക്ക് ആയി ഉപയോഗിക്കാം. പണ്ടുകാലം മുതലേ കറ്റാർവാഴ എണ്ണ കാച്ചാൻ ഉപയോഗിക്കുന്നുണ്ട്. ഇന്നും കറ്റാർവാഴ ചേർത്തു കാച്ചിയ എണ്ണയ്ക്കു പ്രിയമേറെയാണ്. കറ്റാർവാഴ കൽക്കമായോ, നീരായോ ഇതിനുപയോഗിക്കുന്നു. വരണ്ട മുടിയുള്ളവർക്കു കറ്റാർവാഴ ദിവസവും പുരട്ടിയാലും കുഴപ്പമില്ല. ആഴ്ചയിൽ രണ്ടു ദിവസം ഇത് ഉപയോഗിക്കാം. കറ്റാർവാഴ തണുപ്പായതിനാൽ കഫക്കെട്ട്. ശ്വാസംമുട്ട്, ആസ്മ എന്നിവ ഉള്ളവർ ശ്രദ്ധിക്കണം. ഇങ്ങനെയുള്ളവർ നിറുകയിൽ കറ്റാർവാഴയുടെ ഉപയോഗം ഒഴിവാക്കണം. അവർ കറ്റാർവാഴ തലയിൽ തേച്ചാൽ പത്തുമിനിറ്റു കഴിഞ്ഞു കഴുകണം. എന്നാൽ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്കു കറ്റാർവാഴ തലയിൽ പുരട്ടി അരമണിക്കൂറോളം ഇരിക്കാം.
കറ്റാർവാഴ മുഖത്തു പുരട്ടുമ്പോൾ ചിലരിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. അവർ കയ്യിലോ മറ്റോ പുരട്ടി ചൊറിച്ചിൽ ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടു മുഖത്തു പുരട്ടിയാൽ മതിയാകും.
രോഗചികിത്സയിൽ ഇടംനേടി
കറ്റാർവാഴയ്ക്കു ചില സ്വഭാവഗുണങ്ങളുണ്ട്. ആന്റിഒാക്സിഡന്റ ് ഗുണം ഉള്ളതിനാൽ കറ്റാർവാഴ ഉള്ളിലേക്കു കഴിക്കാം. ചെന്നിനായകം എന്നതു കറ്റാർവാഴ ജെല്ലിന്റെ ഉണങ്ങിയ രൂപമാണ്. പണ്ടു കാലങ്ങളിൽ ചെന്നിനായകവും മുട്ടവെള്ളയും യോജിപ്പിച്ച് ഉളുക്കുണ്ടാകുമ്പോൾ നീരു വലിയാൻ ഉപയോഗിച്ചിരുന്നു. മുലപ്പാൽ കുടി നിർത്താൻ ചെന്നിനായകം ഉപയോഗിക്കുന്നതിൽ നിന്നു തീരെ ചെറിയ കുഞ്ഞുങ്ങൾക്കും കറ്റാർവാഴ സുരക്ഷിതമാണെന്നു വ്യക്തമാകുന്നു. എന്നാൽ ചെറിയ കുഞ്ഞുങ്ങൾക്കു കറ്റാർവാഴ നിർബന്ധമായും നൽകണം എന്ന് ഇത് അർഥമാക്കുന്നില്ല. ചില കഷായങ്ങളിലും ചെന്നിനായകം ചേർക്കുന്നുണ്ട്. ആന്റിബാക്‌റ്റീരിയൽ ഗുണവും ആന്റിഇൻഫ്ലമേറ്ററി ഗുണവും കറ്റാർവാഴയുടെ സവിശേഷതയാണ്. ഹൃദ്രോഗം, വൃക്ക, കരൾരോഗം എന്നിവയ്ക്കു ദീർഘകാല ചികിത്സയിലുള്ളവർ, ജന്മവൈകല്യങ്ങൾ ഉള്ളവർ ഇവരെല്ലാം ഡോക്ടറുടെ വിദഗ്ധ നിർദേശത്തോടെ മാത്രം കറ്റാർവാഴ ഉപയോഗിക്കുന്നതാണു നല്ലത്. ആന്റിഒാക്സിഡന്റ് സ്വഭാവം ഉള്ളതിനാൽ എല്ലാ രോഗാവസ്ഥകളിലും കോശനാശം വരാതെ ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവു കറ്റാർവാഴയ്ക്കുണ്ട്. അതു കൊണ്ടു തന്നെ മികച്ച ഒരു ഒൗഷധ സസ്യമായി കറ്റാർവാഴയെ കണക്കാക്കാം. കറ്റാർവാഴ ഒട്ടേറെ സ്പീഷിസുകളിൽ ലഭ്യമാണ്.
എന്നാൽ നമ്മുടെ നാട്ടിൽ സുലഭമായ, നമുക്കു സുപരിചിതമായ കറ്റാർവാഴയ്ക്കാണ് ഒൗഷധഗുണം ഉള്ളത്. ഏതൊക്കെ രോഗാവസ്ഥകളിൽ പ്രത്യേകിച്ച് സ്ത്രീരോഗചികിത്സയിൽ കറ്റാർവാഴ ഒരു ഔഷധമായി മാറുന്നു എന്നതാണ് ഇവിടെ പരാമർശിക്കുന്നത്. പൊള്ളലുകൾക്കും കറ്റാർവാഴ ഫലപ്രദമായ ഒൗഷധമാണ്. സൂര്യാഘാതം, സൂര്യാതപം പോലുള്ളവയുടെ ഭാഗമായ പൊള്ളലുകളിൽ കറ്റാർവാഴ ഫലപ്രദമായി കാണുന്നു. കറ്റാർവാഴയുടെ ശീതഗുണം അഥവാ തണുപ്പാണ് ഇവിടെ ഗുണകരമാകുന്നത്. അതു കൊണ്ടു തന്നെ ആയുർവേദത്തിലെ പ്രധാന ഒൗഷധമായ മുറിവെണ്ണയിൽ കറ്റാർവാഴ ജെൽ ഒരു പ്രധാന ചേരുവയാണ്. ചെറിയ പൊള്ളലുകളിൽ കറ്റാർവാഴ ജെൽ ഉപയോഗിക്കാം. കുഴിനഖം പോലുള്ള അണുബാധകളിൽ കറ്റാർവാഴ ഫലപ്രദമാകുന്നത് ആന്റി ബാക്ടീരിയൽ ഗുണം കൊണ്ടാണ്. കരൾ സംരക്ഷണത്തിനു കറ്റാർവാഴ ഉപയോഗിക്കുന്നു. ലിവർ ഫങ്ഷൻ പരിശോധനകളിൽ അസാധാരണഫലങ്ങൾ കാണുന്നവരിൽ കറ്റാർവാഴ
ജെൽ കഴിക്കുന്നതു മികച്ച ഫലം നൽകുന്നതായി പറയുന്നു.
കുമാരി എന്ന കറ്റാർവാഴ
കറ്റാർവാഴ സംസ്കൃതത്തിൽ കുമാരി എന്നാണ് അറിയപ്പെടുന്നത്. കുമാരി എന്ന പേരിൽ തന്നെ സ്ത്രീത്വം പ്രകടമാണ്. സ്ത്രീരോഗചികിത്സയിൽ കറ്റാർവാഴയ്ക്കു വലിയ പ്രാധാന്യം ആയുർവേദം നൽകിയിരിക്കുന്നതു കൊണ്ടാകാം കുമാരി എന്ന പേരു ലഭിച്ചത് എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഹോർമോൺ അസന്തുലനം , പിസിഒഡി പോലുള്ള പ്രശ്നങ്ങളിൽ ഹോർമോൺ നില ക്രമപ്പെടുത്തി ആർത്തവം കൃത്യമാക്കുന്നതിനു കറ്റാർവാഴ സഹായകരമാണ്. അതു കൊണ്ടു തന്നെ കുമാര്യാസവം എന്ന അരിഷ്ടത്തിന്റെ പ്രധാനഘടകം കറ്റാർവാഴയാണ്. ഗർഭാശയ രോഗങ്ങളിൽ ഇവ ഫലപ്രദമായി കാണുന്നു. മഞ്ജുഷ്ടാദി തൈലം എന്ന യോഗത്തിലും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. സീനിയ അനുരാഗ്
മെഡിക്കൽ ഒാഫിസർ
ഗവ. ആയുർവേദ ഡിസ്പെൻസറി
രാമപുരം, കോട്ടയം
