ADVERTISEMENT

രോഗകാലം പലർക്കും തിരിച്ചറിവിന്റെ കാലം കൂടിയാണ്. ജീവിതം ആഘോഷത്തിന്റേതു മാത്രമല്ല, ആരോഗ്യത്തിന്റേതു കൂടിയാണ് എന്ന തിരിച്ചറിവിന്റേത്. കാൻസർ രോഗം കൊച്ചി സ്വദേശിനിയായ മായ സാബുജിക്കു മുൻപിൽ തെളിച്ചതു തിരിച്ചറിവിന്റെ പാതയായിരുന്നു. ജീവിതത്തിലേക്കു കാൻസർ കടന്നുവന്നപ്പോൾ രോഗത്തോടൊപ്പം അനാരോഗ്യകരമായ ജീവിതരീതികൾക്കും ഫുൾ േസ്റ്റാപ് ഇടാൻ മായ തീരുമാനിച്ചു. ആ അനുഭവം ഇവിടെ പങ്കുവയ്ക്കുന്നു.

പ്രതീക്ഷിച്ചിരുന്ന അതിഥി
വർഷം 2017. അന്നെനിക്ക് 49 വയസ്സ്. ഭർത്താവ് സാബുജി രാഘവൻ സ്കോട്ട്ലൻഡിൽ ആണ്. ഞങ്ങൾക്കു രണ്ടു മക്കൾÐ ഐശ്വര്യയും അതുൽ കൃഷ്ണയും. അവരുെട പഠനാവശ്യത്തിനായി െബംഗളൂരുവിലേക്കു ഞാൻ താമസം മാറ്റി. ജീവിതം ആസ്വദിച്ചിരുന്ന കാലം. 2017 ജൂണിലാണു ബെംഗളൂരുവിൽ താമസമാക്കിയത്. അതേ മാസം വലതു സ്തനത്തിൽ ചെറിയ മുഴ ഞാൻ തന്നെ കണ്ടെത്തി. കേരളത്തിലേക്കുള്ള അടുത്ത വരവിൽ മാമോഗ്രാം ചെയ്യാം എന്നു തീരുമാനിച്ചു. പിന്നീട് ഓണത്തിനാണു നാട്ടിൽ വരുന്നത്. അവധിയെല്ലാം കഴിഞ്ഞു ബെംഗളൂരുവിലേക്കു മടങ്ങുന്നതിനു മുൻപ് എറണാകുളത്തെ ഒരു ലാബിൽ പോയി മാമോഗ്രാം ചെയ്തു.
എന്റെ അച്ഛനും മുത്തശ്ശനും ഉൾപ്പെടെയുള്ള ബന്ധുക്കൾ കാൻസർ ബാധിതരായിരുന്നു. അതു കൊണ്ട് എനിക്കു കാൻസർ വരാനുള്ള സാധ്യത മുന്നിൽ കണ്ട് 45 വയസ്സു മുതൽ മാമോഗ്രാമും മറ്റു പരിശോധനകളും ചെയ്യുന്നുണ്ടായിരുന്നു. മാമോഗ്രാമിന്റെ ഫലം വന്നപ്പോൾ അവിടെയുള്ളവർ പറഞ്ഞത് എത്രയും പെട്ടെന്ന് ഒരു സർജനെ പോയി കാണണമെന്നാണ്. അപ്പോഴെ എനിക്കു മനസ്സിലായി, മാമോഗ്രാമിൽ പ്രശ്നമുണ്ടെന്ന്.

ADVERTISEMENT

ആശുപത്രിയിലേക്ക്
എന്റെ ബന്ധുവായ കാർഡിയോളജിസ്റ്റ് ഡോ. സന്ദീപ് രാജശേഖരൻ അന്നു രാജഗിരി ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണു ചികിത്സയ്ക്കായി ഡോ. സഞ്ജു സിറിയക്കിന്റെ പക്കൽ എത്തുന്നത്. എന്റെ കാൻസർ പൂർണമായി ഭേദമാക്കാൻ കഴിയുമെന്നു ഡോക്ടർക്കു വിശ്വാസമായിരുന്നു. അതോടെ എന്റെ ആത്മവിശ്വാസവും കൂടി. ഒാങ്കോളജി വിഭാഗത്തിലെ എല്ലാ സ്റ്റാഫുകളും നല്ല പിന്തുണ നൽകി. കൂടാതെ കുടുംബാംഗങ്ങളും ഒപ്പം നിന്നു. ബയോപ്സി എടുത്തതിൽ നിന്നു കാൻസർ രണ്ടാമത്തെ സ്റ്റേജിലേക്കു കടന്നു എന്നു മനസ്സിലായി.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാഴ്ചയ്ക്കു ശേഷം കീമോതെറപ്പി തുടങ്ങി. ശസ്ത്രക്രിയയ്ക്കു ശേഷം ഭർത്താവു മടങ്ങിയിരുന്നു. പിന്നീട് എന്റെ അമ്മയായിരുന്നു കൂട്ട്.
ആദ്യ കീമോതെറപ്പി കഴിഞ്ഞപ്പോൾ തന്നെ മുടി കൊഴിയാൻ തുടങ്ങി. അപ്പോൾ ഞാൻ മുടി ബോയ് കട്ട് സ്‌റ്റൈൽ ആക്കി. എന്നാൽ ഓരോ വട്ടം കീമോതെറപ്പി ചെയ്തു കഴിയുമ്പോഴും മുടികൊഴിച്ചിൽ കൂടി വന്നു. ഒടുവിൽ മുടിയുടെ അവസ്ഥ കണ്ടു ഡിപ്രഷൻ വരുമെന്നൊക്കെ എനിക്കു തോന്നി. ഒടുവിൽ മുടി മുഴുവൻ വടിച്ചു കളഞ്ഞു. പിന്നീടു വിഗ് വച്ചായിരുന്നു യാത്രകളെല്ലാം. കീമോയ്ക്കൊപ്പം തന്നെ എനിക്കു കുത്തിവയ്പും ഉണ്ടായിരുന്നു. കീമോതെറപിക്കു ശേഷം റേഡിയേഷനും വേണ്ടി വന്നു. അമൃത ആശുപത്രിയിലായിരുന്നു റേഡിയേഷൻ ചെയ്തത്.

ആരോഗ്യഭക്ഷണം മാത്രം
ചികിത്സാകാലയളവിൽ ആരോഗ്യകരമായ ഭക്ഷണം മാത്രമെ കഴിച്ചിട്ടുള്ളൂ. അമ്മയായിരുന്നു എന്റെ സ്വന്തം ഡയറ്റീഷൻ. രോഗം കണ്ടെത്തുന്ന സമയത്ത് എന്റെ ശരീരഭാരം 90 കിലോഗ്രാമിന് അടുത്തായിരുന്നു. അതു കുറയ്ക്കാൻ തീരുമാനിച്ചു. ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും ധാരാളം ഉൾപ്പെടുത്തി. ചോറിന്റെ അളവു കുറച്ചു. ചായയിലും മറ്റും മധുരം ഒഴിവാക്കി. പ്രോട്ടീൻ ലഭിക്കാൻ ദിവസവും മുട്ട കഴിക്കും. ഉച്ചഭക്ഷണത്തിനു മുൻപു മാതളം പോലെ എന്തെങ്കിലും പഴവർഗം കഴിക്കും. ഉച്ചഭക്ഷണശേഷം മൂന്നു മണിയോടെ ഈന്തപ്പഴമോ ഏതെങ്കിലും പഴമോ കഴിക്കും. കീമോയ്ക്കു പോകുമ്പോൾ അമ്മയോ സഹോദരിയോ കൂടെ ഉണ്ടാകുമായിരുന്നു. എന്നാൽ റേഡിയേഷനു ഞാൻ തനിച്ചാണു പോയത്. അതും സ്കൂട്ടർ ഓടിച്ച്.
ചികിത്സയെല്ലാം കഴിഞ്ഞു ഞാൻ വീണ്ടും ബെംഗളൂരുവിലേക്കു മടങ്ങി. ഇടയ്ക്കു പരിശോധനകൾക്കായി നാട്ടിലേക്കു വരും. ഇപ്പോൾ കൊച്ചിയിൽ ആണ്. എല്ലാ വർഷവും മാമോഗ്രാമും മറ്റും ചെയ്യുന്നുണ്ട്.
കോവിഡ് സമയത്തു ഭാരം കുറയ്ക്കാൻ ഒരു ട്രെയിനറുടെ സഹായം തേടി. ഓൺലൈൻ വഴിയായിരുന്നു പരിശീലനം. 90 കിലോയോളം ഭാരമുണ്ടായിരുന്ന ഞാൻ 78 കിലോയിൽ എത്തി. ശരീരം ഒന്നു ടോൺഡ് ആയി. പിന്നീട് വർക്ക് ഔട്ട് നിർത്തിയപ്പോൾ ഭാരം 82 കിലോ ആയി ഉയർന്നു. എനിക്കു തൈറോയ്ഡ് പ്രശ്നമുള്ളതിനാൽ ഹോർമോൺ ഗുളികകൾ കഴിക്കുന്നുണ്ടായിരുന്നു. ഇതും ശരീരഭാരം കൂടാൻ ഇടയാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ ഭാരം നിലനിർത്താൻ ശ്രമിക്കാറുണ്ട്. വീട്ടിൽ നായ്ക്കുട്ടി ഉണ്ട്. അതിനെയും കൂട്ടി 45 മിനിറ്റോളം നടക്കാൻ പോകും. മധുരം പൂർണമായി ഒഴിവാക്കി. ജങ്ക്
ഫൂഡുകൾ ഒന്നും കഴിക്കില്ല.
ഇന്നു പുറത്തു പോകുമ്പോഴെല്ലാം ചെറുപ്പക്കാർ ജങ്ക് ഫൂഡ് കഴിക്കുന്നതു കാണുമ്പോൾ ആശങ്ക തോന്നാറുണ്ട്. അവർക്കെല്ലാം 25 വയസ്സാകുമ്പോഴേക്കും എന്തെല്ലാം രോഗങ്ങൾ വരാം. കുറച്ചുകാലം മുൻപു വരെ ഞാനും അങ്ങനെയായിരുന്നു. വീക്കെൻഡ് ആയാൽ മാളിലൊക്കെ കറങ്ങി, സിനിമ ഒക്കെ കണ്ട്, ഹോട്ടൽ ഭക്ഷണമൊക്കെ കഴിച്ച്... വണ്ണം വയ്ക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. എനിക്കു കാൻസർ വന്നതിൽ എന്റെ ജീവിതശൈലിക്കുപരിയായി പാരമ്പര്യവും പ്രധാന ഘടകമായിരുന്നു. എന്റെ മകൾ 25 വയസ്സു കഴിഞ്ഞതു മുതൽ തന്നെ സ്ക്രീനിങ് പരിശോധനകൾ നടത്തുന്നുണ്ട്. എത്രത്തോളം നമ്മുടെ ശരീരത്തെ നന്നായി നോക്കുന്നുവോ അത്രത്തോളം ദീർഘായുസ്സും ലഭിക്കും...

ADVERTISEMENT
English Summary:

Cancer survival story of a Kochi native who embraced a healthy lifestyle after diagnosis. This is her inspiring journey and the positive changes she made.

ADVERTISEMENT
ADVERTISEMENT