പാട്ടു പഠിച്ചും യാത്ര ചെയ്തും മനസ്സിനെ സന്തോഷിപ്പിച്ച കാലം – ഗർഭകാലയാത്രയെക്കുറിച്ച് മാളവിക കൃഷ്ണദാസ് Malavika Krishnadas shares her Pregnancy Journey
Mail This Article
ഒരു ജനപ്രിയ റിയാലിറ്റി ഷോയിലൂടെയാണു മാളവിക കൃഷ്ണദാസ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. വീട്ടിലെ കുട്ടിയെപ്പോലെ മാളവിക നമുക്കു പ്രിയപ്പെട്ടവളായി. അഭിനേത്രിയും നർത്തകിയുമായ മാളവിക നൃത്തവും റീലുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇന്ന് ഒരു വയസ്സുകാരി ഗുൽസു എന്ന ഋത്വിയുടെ അമ്മയായി നമ്മുടെ മുൻപിലെത്തുന്ന മാളവിക തന്റെ ഗർഭകാലയാത്രയെക്കുറിച്ചു മനസ്സു തുറക്കുന്നു.
ആക്റ്റീവായി ഗർഭകാലം
ഗർഭകാലത്ത് ആദ്യത്തെ രണ്ടു മൂന്നു മാസം എനിക്ക് അൽപം ബുദ്ധിമുട്ടായിരുന്നു. സാധാരണ കഴിക്കുന്ന ചില ആഹാരങ്ങളോടു താൽപര്യമുണ്ടായിരുന്നില്ല. മനംപുരട്ടുന്ന തോന്നലുണ്ടായിരുന്നു. ആഹാരത്തിനു പൊതുവെ രുചിയില്ലായ്മ അനുഭവപ്പെട്ടു. ഇഡ്‌ലി, സാമ്പാർ പോലെ സാധാരണ ഭക്ഷണമൊന്നും കഴിക്കാനാകുമായിരുന്നില്ല. കുറച്ചു ഫ്ലേവർ കൂടിയവ മാത്രമേ കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഛർദി, തലചുറ്റൽ, ക്ഷീണം അങ്ങനെ ഒന്നും ഇല്ലായിരുന്നു. എപ്പോഴും കിടക്കുക, ഉച്ചമയക്കം അത്തരം ശീലങ്ങളും ഇല്ലായിരുന്നു. അത്യാവശ്യം ആക്റ്റീവായാണ് എന്റെ ഗർഭകാലം കടന്നുപോയത്. മൂന്നു മുതൽ ആറുമാസം വരെ വ്യായാമങ്ങളൊന്നും ചെയ്തില്ല. അതിനുശേഷം ചെറുതായി വ്യായാമങ്ങൾ ചെയ്തു തുടങ്ങി.
മനസ്സിൽ സന്തോഷം നിറച്ച്
പ്രഗ്‌നൻസി ടൈമിൽ ഹാപ്പി ആയി ഇരിക്കാൻ ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു. സന്തോഷമുള്ള ഒരു അന്തരീക്ഷത്തിൽ ആയിരുന്നതിനാലാണ് അതു സാധിച്ചത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഐ വാസ് വെരി ലക്കി ടു ഹാവ് ഗുഡ് പീപ്പിൾ.
ഐ വാസ് സറൗണ്ടഡ് ബൈ ഗുഡ് പീപ്പിൾ... ഭർത്താവ് തേജസ്സും അമ്മയും എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നു. പിന്നെ ഞാൻ വെറുതെയിരുന്നില്ല. ആ സമയത്തു പാട്ടു പഠിച്ചു. കർണാട്ടിക് മ്യൂസിക് ഞാൻ പഠിച്ചിട്ടുണ്ട്. വീണ്ടും കർണാട്ടിക് മ്യൂസിക് ക്ലാസിൽ ചേർന്നു. ഡാൻസ് ചെയ്യാം എന്ന റിസ്ക് എടുത്തില്ല. ഇഷ്ടപ്പെട്ട പാട്ടുപാടിയും സേഫ് ആയി ട്രാവൽ ചെയ്യാനാകുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്തും ഞാൻ സന്തോഷത്തോടെയിരുന്നു. അത്യാവശ്യം ഷോപ്പിങ്ങിനും പോയി. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തു മനസ്സിനെ ഫ്രഷ് ആക്കി വച്ചു.
(അഭിമുഖത്തിന്റെ പൂർണരൂപം മനോരമ ആരോഗ്യം 2026 ജനുവരി ലക്കത്തിൽ വായിക്കാം)
