‘ സ്ട്രെച് മാർക് യൂണിവേഴ്സ് നൽകുന്ന റിവാർഡ് ’ – മാതൃത്വത്തിലേയ്ക്കുള്ള മനോഹരയാത്രയെക്കുറിച്ച് മാളവിക Malavika ’s Happy Motherhood
Mail This Article
ഒരു ജനപ്രിയ റിയാലിറ്റി ഷോയിലൂടെയാണു മാളവിക കൃഷ്ണദാസ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. വീട്ടിലെ കുട്ടിയെപ്പോലെ മാളവിക നമുക്കു പ്രിയപ്പെട്ടവളായി. അഭിനേത്രിയും നർത്തകിയുമായ മാളവിക നൃത്തവും റീലുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇന്ന് ഒരു വയസ്സുകാരി ഗുൽസു എന്ന ഋത്വിയുടെ അമ്മയായി നമ്മുടെ മുൻപിലെത്തുന്ന മാളവിക തന്റെ ഗർഭകാലയാത്രയെക്കുറിച്ചു മനസ്സു തുറക്കുന്നു.
ആക്റ്റീവായി ഗർഭകാലം
ഗർഭകാലത്ത് ആദ്യത്തെ രണ്ടു മൂന്നു മാസം എനിക്ക് അൽപം ബുദ്ധിമുട്ടായിരുന്നു. സാധാരണ കഴിക്കുന്ന ചില ആഹാരങ്ങളോടു താൽപര്യമുണ്ടായിരുന്നില്ല. മനംപുരട്ടുന്ന തോന്നലുണ്ടായിരുന്നു. ആഹാരത്തിനു പൊതുവെ രുചിയില്ലായ്മ അനുഭവപ്പെട്ടു. ഇഡ്‌ലി, സാമ്പാർ പോലെ സാധാരണ ഭക്ഷണമൊന്നും കഴിക്കാനാകുമായിരുന്നില്ല. കുറച്ചു ഫ്ലേവർ കൂടിയവ മാത്രമേ കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. ഛർദി, തലചുറ്റൽ, ക്ഷീണം അങ്ങനെ ഒന്നും ഇല്ലായിരുന്നു. എപ്പോഴും കിടക്കുക, ഉച്ചമയക്കം അത്തരം ശീലങ്ങളും ഇല്ലായിരുന്നു. അത്യാവശ്യം ആക്റ്റീവായാണ് എന്റെ ഗർഭകാലം കടന്നുപോയത്. മൂന്നു മുതൽ ആറുമാസം വരെ വ്യായാമങ്ങളൊന്നും ചെയ്തില്ല. അതിനുശേഷം ചെറുതായി വ്യായാമങ്ങൾ ചെയ്തു തുടങ്ങി.
പ്രോട്ടീനും ആഹാരവും
ആസ്റ്റർ മെഡ്സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മായാദേവി കുറുപ്പ് ആയിരുന്നു എന്റെ ഡോക്ടർ. അധികം ആഹാരം കഴിച്ചു വണ്ണം വയ്ക്കേണ്ടതില്ല, 8–10 കിലോ കൂടിയാൽ മതി എന്നു ഡോക്ടർ പറഞ്ഞിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ മുതൽ ഞാൻ എല്ലാം കഴിച്ചു തുടങ്ങി. സാധാരണ ആഹാരമൊക്കെയാണു കഴിച്ചത്. പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുളപ്പിച്ച പയർ, കടല, ചിക്കൻ, പനീർ, മത്തി അങ്ങനെ എല്ലാം കഴിച്ചിരുന്നു. ജങ്ക്ഫൂഡ്– ഫ്രൈഡ് ഫൂഡ്, കാൻഡ് ഡ്രിങ്ക്സ്, ജൂസ് എല്ലാം ഒഴിവാക്കി. ചോക്‌ലെറ്റ് എനിക്കു വളരെ പ്രിയപ്പെട്ട ഒന്നാണ്. ചോക്‌ലെറ്റ്, ഷേക്, സ്വീറ്റ്സ് ഇവയും പരമാവധി ഒഴിവാക്കി. ഞാൻ പൊതുവെ ബേക്കറി വിഭവങ്ങൾ വളരെ കുറച്ചേ കഴിക്കാറുള്ളൂ. വണ്ണം വയ്ക്കരുത് എന്ന ചിന്ത ഗർഭകാലത്തിന്റെ തുടക്കം മുതൽ എന്റെ മനസ്സിലുണ്ടായിരുന്നു. ഇടയ്ക്കു ഡേറ്റ്സും നട്സും കഴിച്ചു. അൽപം കുങ്കുമപ്പൂവും കഴിച്ചിരുന്നു.ഓരോ ആഹാരനേരം കഴിഞ്ഞും ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാൻ അഞ്ചു മുതൽ പത്തുമിനിറ്റു നടന്നിരുന്നു.
മനസ്സിൽ സന്തോഷം നിറച്ച്
പ്രഗ്‌നൻസി ടൈമിൽ ഹാപ്പി ആയി ഇരിക്കാൻ ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു. സന്തോഷമുള്ള ഒരു അന്തരീക്ഷത്തിൽ ആയിരുന്നതിനാലാണ് അതു സാധിച്ചത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഐ വാസ് വെരി ലക്കി ടു ഹാവ് ഗുഡ് പീപ്പിൾ. ഐ വാസ് സറൗണ്ടഡ് ബൈ ഗുഡ് പീപ്പിൾ...ഭർത്താവ് തേജസ്സും അമ്മയും എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നു. പിന്നെ ഞാൻ വെറുതെയിരുന്നില്ല. ആ സമയത്തു പാട്ടു പഠിച്ചു. കർണാട്ടിക് മ്യൂസിക് ഞാൻ പഠിച്ചിട്ടുണ്ട്. വീണ്ടും കർണാട്ടിക് മ്യൂസിക് ക്ലാസിൽ ചേർന്നു. ഡാൻസ് ചെയ്യാം എന്ന റിസ്ക് എടുത്തില്ല. ഇഷ്ടപ്പെട്ട പാട്ടുപാടിയും സേഫ് ആയി ട്രാവൽ ചെയ്യാനാകുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്തും ഞാൻ സന്തോഷമായിരുന്നു. അത്യാവശ്യം ഷോപ്പിങ്ങിനും പോയി. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തു മനസ്സിനെ ഫ്രഷ് ആക്കി വച്ചു.
ആന്റിനേറ്റൽ ക്ലാസുകൾ
ഗർഭകാലത്തു ഹോസ്പിറ്റലിൽ നിന്ന് ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന ആന്റിനേറ്റൽ ക്ലാസുകൾ വളരെ സഹായകമായിരുന്നു. എല്ലാ പുതിയ അമ്മമാർക്കും ഈ ക്ലാസുകൾ ലഭിക്കണം എന്നാണ് എനിക്കു പറയാനുള്ളത്. ഗർഭകാലം, ഡെലിവറി ഘട്ടങ്ങൾ– എപ്പിഡ്യൂറൽ അനസ്തീസിയ, പോസ്റ്റ് നേറ്റൽ ഹെൽത്, മെന്റൽ ഹെൽത്, പേരന്റിങ് രീതികൾ അങ്ങനെ അറിയേണ്ട എല്ലാ കാര്യങ്ങളും ഈ ക്ലാസുകളിൽ നിന്നറിഞ്ഞു.ആ സമയത്തു ഞാൻ പ്രഗ്‌നൻസിയുമായി ബന്ധപ്പെട്ടു മയോക്ലിനിക്കിന്റെ ഒരു ബുക്കും വായിച്ചിരുന്നു. വയറിനുള്ളിൽ കുഞ്ഞിന്റെ ഓരോ വളർച്ചാഘട്ടങ്ങളെക്കുറിച്ചും വായിച്ചറിഞ്ഞു. കുഞ്ഞ് ഗർഭാവസ്ഥയിലായിരിക്കുമ്പോൾ തന്നെ ധാരാളം സംസാരിക്കണമെന്നു ഞാൻ കേട്ടിട്ടുണ്ട്. ഗുൽസു വയറ്റിലായിരുന്നപ്പോൾ ഞാൻ കുഞ്ഞിനോടു ധാരാളം സംസാരിക്കുമായിരുന്നു. പാട്ടും പാടിക്കൊടുത്തു.
സ്ട്രെച് മാർക് എന്ന റിവാർഡ്
എന്റേതു സിസേറിയൻ സെക്‌ഷനായിരുന്നു. ഇപ്പോൾ അത്യാവശ്യം നന്നായി മുടി കൊഴിയുന്നുണ്ട്. ഗർഭകാലത്തു സ്കിൻ ടാഗുകളൊക്കെ വന്നിരുന്നു. സ്ട്രെച്ച് മാർക്കുകൾ കാണുമ്പോൾ ആദ്യം എനിക്കു വലിയ വിഷമം ആയിരുന്നു. ഇപ്പോൾ ഞാനതിനെ ഒരു റിവാർഡ് ആയാണു കാണുന്നത്. നമ്മൾ ഒരു ജീവനെ പുറത്തു കൊണ്ടുവന്നിരിക്കുന്നു. അതിനു യൂണിവേഴ്സ് നൽകുന്ന റിവാർഡ് ആണത്. എവ്‌രി വുമൺ കാൻ ഡു വണ്ടേഴ്സ് എന്ന് അതു നമ്മെ ഒാർമിപ്പിക്കുന്നു. അമിതവണ്ണമൊന്നും എനിക്കു വന്നില്ല. ഗർഭകാലത്തു 12 കിലോയോളം വർധിച്ചിരുന്നു. പെട്ടെന്നു തന്നെ അതു കുറഞ്ഞു. ഇപ്പോൾ ഞാൻ 57 കിലോയിൽ തിരിച്ചെത്തിയിരിക്കുകയാണ്.
അമ്മമാർ വ്യത്യസ്തരാണ്
നമ്മുടെ അടുത്ത വീട്ടിലെ ഒരു അമ്മ നമ്മെക്കാൾ നന്നായി കുട്ടിയെ വളർത്തുന്നുണ്ടാകും. നല്ല പേരന്റിങ് ചെയ്യുന്നുണ്ടാകും. ഒരിക്കലും അവരോടു നമ്മെ താരതമ്യം ചെയ്യേണ്ടതില്ല. ഓരോരുത്തരുടെ പേരന്റിങ്ങും വ്യത്യസ്തമാണ്. കുഞ്ഞിനെ വളർത്തിത്തുടങ്ങുമ്പോൾ നമുക്കു പുതിയ ആശയങ്ങൾ ലഭിക്കും. ആ ഫ്ലോയിൽ പോവുക. അതിയായി സമ്മർദപ്പെട്ട് ഒന്നും ചെയ്യാതിരിക്കുക. മദർഹുഡിനെ എന്‍ജോയ് ചെയ്യുക. നമുക്കായി മീ ടൈം കണ്ടെത്തുകയും വേണം. അമ്മയാകുന്നതോടെ ക്ഷമയും സെൽഫ്‌ലെസ്നെസുമൊക്കെ നമ്മിലേക്കു തനിയെ വരും.ഞാനിപ്പോൾ ഹാപ്പിയാണ്.
