തുമ്മുമ്പോഴോ ഉറക്കത്തിലോ ശ്വാസകോശത്തിൽ പോകാം, സർജറി വേണ്ടിവരാം ; ഈ മൂക്കൂത്തികളെ സൂക്ഷിക്കണം.... How Nose Pins Can End Up in Your Lungs
Mail This Article
മൂക്കിന്മേൽ ഒരു കുഞ്ഞു മിന്നാമിനിങ്ങ് ഇരിക്കുന്നത്ര ചെറു തിളക്കമേ ഉള്ളൂ ആ പൊൻതരിക്ക്. പക്ഷേ, മിന്നുന്ന ഒരു തരി പൊന്ന്–മൂക്കുത്തി, ഇന്ന് സ്ത്രീകളുടെ ഏറെ പ്രിയപ്പെട്ട ആഭരണമാണ്. വജ്രത്തിന്റെ ചെറുതിളക്കം തുടങ്ങി സ്വർണത്തിലും വെള്ളിയിലും പ്ലാസ്റ്റിക്കിലുമൊക്കെ തീർത്ത മൂക്കുത്തികൾ ട്രെൻഡാണിന്ന്. വൃത്താകൃതിയിലും ചതുരവടിവിലും ജെ രൂപത്തിലും ഐ രൂപത്തിലുമൊക്കെ മൂക്കുത്തി കാണാം. പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ മൂക്കിലണിയുന്ന ഈ ഇത്തിരിക്കുഞ്ഞൻ നമ്മെ ആശുപത്രി കിടക്കയിലെത്തിക്കാം. മൂക്കുത്തി അബദ്ധത്തിൽ ശ്വാസകോശത്തിൽ പോയി, എൻഡോസ്കോപി ചെയ്തു പുറത്തെടുക്കേണ്ടി വന്ന കേസുകൾ ഈയടുത്തായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.
‘‘ഈയടുത്തു മൂക്കുത്തി ഉള്ളിൽ പോയിട്ടു മൂന്നു പേർ വന്നു. അവിചാരിതമായി എക്സ് റേ എടുത്തപ്പോഴാണ് മൂക്കുത്തി ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്നത് അവർ തിരിച്ചറിഞ്ഞത്.’’ അമൃത ഹോസ്പിറ്റലിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം ഡോ. ടിങ്കു ജോസഫ് പറയുന്നു.‘‘ ഇവരുടെ മൂക്കുത്തി മാസങ്ങൾക്കും വർഷങ്ങൾക്കും മുൻപേ കാണാതെ പോയതാണ്. കളഞ്ഞുപോയെന്നാണു വിചാരിച്ചിരുന്നത്. ഇടയ്ക്ക് ചെറിയ ചുമ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും അവർക്ക് അനുഭവപ്പെട്ടിരുന്നുമില്ല.
ഹെൽത് ചെക്കപ്പിന്റെ ഭാഗമായുള്ള എക്സ് റേയിലാണ് മൂക്കുത്തി ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്നതു കാണുന്നത്. മൂക്കുത്തി ഉള്ളിൽ പോയി വലിയ താമസമില്ലാതെ അറിഞ്ഞാൽ മിനിറ്റുകൾ കൊണ്ടു പുറത്തെടുത്തു കളയാം. അതുകൊണ്ടു മൂക്കുത്തി കളഞ്ഞുപോയി തിരികെ കിട്ടാതിരുന്നാൽ മൂക്കിനുള്ളിലേക്കു പോയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതു നല്ലതാണ്.’’ ഡോ. ടിങ്കു പറയുന്നു.
ചെറുതാണു പ്രശ്നം
വളരെ ചെറുതും കനം കുറഞ്ഞതുമായ മൂക്കുത്തികളും പിൻഭാഗം (ആണി/പിരി) മുറുക്കി ഇടാനാകാത്ത തരം മൂക്കുത്തികളുമാണു മൂക്കിനുള്ളിലേക്കു പോകാൻ സാധ്യതയുള്ളവ. അലർജിയുള്ളവരിൽ മൂക്കു ശക്തിയായി ചീറ്റുമ്പോഴോ തുമ്മുമ്പോഴോ ഇതു ശ്വാസകോശത്തിലേക്കു പോകാം. അതുകൊണ്ട് അലർജിയുള്ളവർ ഇത്തരം മൂക്കുത്തികൾ ശ്രദ്ധാപൂർവം ഉപയോഗിക്കുക. ഉറക്കത്തിൽ ശ്വാസമെടുക്കുമ്പോഴും മൂക്കുത്തി ഉള്ളിലേക്കു പോകാം. നേർത്തു നാരുപോലെയുള്ള മൂക്കുത്തികളും ഐ ഷേപ്പിലുള്ളവയും ജാഗ്രതയോടെ ഉപയോഗിക്കണം.
മൂക്കുത്തിയുടെ ആണി അഥവാ പിരി മുറുകി ഇരിക്കുന്നില്ലെങ്കിലോ ലോക്ക് ചെയ്യുന്ന തരം അല്ലെങ്കിലോ ഉപയോഗിക്കാതിരിക്കുക. അല്ലെങ്കിൽ ഉറങ്ങാൻ നേരം ഊരിവയ്ക്കുക.
അലർജിയും തുമ്മലും ഉള്ളവർ മൂക്കുത്തി ധരിച്ചുകൊണ്ടു ശക്തിയായി മൂക്കു ചീറ്റരുത്. മൂക്കൊലിപ്പ് ഉള്ളപ്പോൾ മൂക്കുത്തി ഊരി മാറ്റുന്നതാകും നല്ലത്.
എന്തെങ്കിലും കാരണവശാൽ മൂക്കുത്തി മൂക്കിനുള്ളിലേക്കു പോയതായി സംശയമുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഇഎൻടി ഡോക്ടറെ കാണുക. അതല്ല, മൂക്കുത്തി ഉള്ളിൽ പോയിട്ടു മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞിട്ടാണ് അറിയുന്നതെങ്കിൽ മൂക്കുത്തി ശ്വാസകോശത്തിന്റെ താഴ്ഭാഗത്തേക്കു പോയി അവിടെ തറഞ്ഞിരിക്കാനോ അതിന്മേൽ വളർച്ച ഉണ്ടാകാനോ ഒക്കെ ഇടയുണ്ട്. ചിലരിൽ ഇതു ശസ്ത്രക്രിയ ചെയ്തു പുറത്തെടുക്കേണ്ടി വരും. ഒാപ്പൺ സർജറി ചെയ്ത് ശ്വാസകോശത്തിന്റെ ഒരു ഭാഗം എടുത്തു കളയേണ്ടുന്ന അവസ്ഥ വരെയുണ്ടാകാം.
