ADVERTISEMENT

ഋതുമതിയായ മകൾ മാസത്തിലെ ‘ആ ദിവസങ്ങളിൽ’ അനുഭവിക്കുന്ന വേദനകളും അസ്വാസ്ഥ്യങ്ങളും ഏതൊരു മാതാപിതാക്കൾക്കും ആശങ്ക സമ്മാനിക്കും. ഈ സമയത്ത് നാപ്പ്കിൻ, മെൻസ്‌ട്രുവൽ കപ്പ്, ശുചിത്വം എന്നിവ സംബന്ധിച്ച സംശയങ്ങൾ തീർക്കാം

∙ മെൻസ്‌ട്രുവൽ കപ്പ് എപ്പോൾ ?
ഋതുമതിയായതിനു ശേഷം ഏതു പ്രായത്തിലും മെൻസ്‌ട്രുവല്‍ കപ്പ് ഉപയോഗിച്ചു തുടങ്ങാമെങ്കിലും പല ഘടകങ്ങളെ ആസ്പദമാക്കി വേണം പറ്റുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടത്. ആദ്യമായി കുട്ടിയുടെ ശാരീരിക വളർച്ച, മാനസികമായ സ്വീകാര്യത, വൃത്തിയോടു കൂടി അതു കൈകാര്യം ചെയ്യാനുള്ള കഴിവ് ഇവയെല്ലാം ഉണ്ടോ എന്നുറപ്പു വരുത്തണം. അമ്മമാർ ഇതിനെക്കുറിച്ചെല്ലാം കുട്ടികൾക്കു പറഞ്ഞുകൊടുക്കുക. അതിനു സാധ്യമല്ലെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം. ഓരോ കുട്ടിയും അവർക്കു ചേരുന്ന കപ്പ് തിരഞ്ഞെടുത്തില്ലെങ്കിൽ ജനനേന്ദ്രിയം മുറിയാനുള്ള സാധ്യതയുണ്ട്. കഴുകി വൃത്തിയായി സൂക്ഷിക്കുന്നത് അതിലും പ്രധാനമാണ്. ഇവയെല്ലാം പറ്റുമെങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്കു കപ്പിന്റെ ഉപയോഗം പാടുള്ളൂ. 12–13 വയസ്സുള്ള പെൺകുട്ടികൾക്കാണു മേൽപ്പറഞ്ഞ രീതിയിൽ കപ്പ് ഉപയോഗിക്കാൻ സാധിക്കാറുള്ളൂ. കപ്പ് ഉപയോഗിച്ചാലും അതോടൊപ്പം തന്നെ സാനിട്ടറി നാപ്കിനുകളുടെ ഉപയോഗവും അമിതരക്തസ്രാവം ഉള്ളവർക്കു വേണ്ടി വരും

∙ നാപ്കിനുകൾ തിരഞ്ഞെടുക്കുന്പോൾ

ഓരോരുത്തരും ആവശ്യാനുസരണം തിരഞ്ഞെടുക്കേണ്ട ഒന്നാണു നാപ്കിനുകൾ. കഴുകി വൃത്തിയാക്കുന്നവ, ഉപയോഗശേഷം കളയാവുന്നവ, കോട്ടൻ നാപ്കിനുകൾ, പ്ലാസ്റ്റിക് ഇല്ലാത്തവ ഇവയെല്ലാം ഇന്നു ലഭ്യമാണ്. ഉപയോഗശേഷം കളയാവുന്നവ നല്ലതാണെങ്കിലും അതു കത്തിക്കുന്നതു കാരണം വായുമലിനീകരണം ഉണ്ടാകുന്നു. കഴിയുന്നതും കോട്ടൻ നാപ്കിനുകൾ ഉപയോഗിക്കുന്നതാണു നല്ലത്. പെർഫ്യൂമ്ഡ് നാപ്കിനുകൾ കാരണം ചിലർക്കു ചർമത്തിന് അലർജി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

∙ നാപ്കിൻ എപ്പോൾ മാറ്റണം?

ശുചിത്വം പാലിക്കാനും അണുബാധ തടയാനും, ദുർഗന്ധം ഇല്ലാതിരിക്കാനും സാനിട്ടറി പാഡുകൾ ഇടയ്ക്കിടയ്ക്കു മാറ്റേണ്ടതാണ്. അമിത രക്തസ്രാവം ഉള്ളവർ ഒന്നു–രണ്ടു മണിക്കൂറിനുള്ളിലും സാധാരണ രക്തസ്രാവം ഉള്ളവർ നാല്–ആറു മണിക്കൂറിനുള്ളിലും പാഡുകൾ മാറ്റുക. അങ്ങനെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ ചർമത്തിന് അണുബാധയുണ്ടാവാനും അലർജി ആയി മാറാനും സാധ്യതയുണ്ട്. അതിനാൽ പാഡ് നിറഞ്ഞില്ലെങ്കിലും സമയപരിധി കഴിഞ്ഞാൽ മാറ്റണം.

∙ ആ ദിവസങ്ങളിെല ശുചിത്വം

ദിവസവും രണ്ടുനേരം സ്വകാര്യഭാഗങ്ങൾ സോപ്പും (സാധാരണയായി കുളിക്കാനുപയോഗിക്കുന്ന സോപ്പ് മതി) ഇളം ചൂടുവെള്ളമോ തണുത്തവെള്ളമോ ഉപയോഗിച്ചു വൃത്തിയാക്കുന്നതു നിർബന്ധമായും ചെയ്തിരിക്കണം. എന്നാൽ സോപ്പിന്റെ അമിത ഉപയോഗവും ഒപ്പം വളരെയധികം ചൂടുള്ള വെള്ളവുമായാൽ അതു യോനീചർമത്തിനു നീറ്റലുണ്ടാക്കാനും പിന്നീട് അണുബാധയുണ്ടാകാനും കാരണമായേക്കാം. വജൈനൽ വാഷുകൾ ഓരോരുത്തരുടേയും ചർമത്തിനു
ചേരുന്നതു തിരഞ്ഞെടുത്തില്ലെങ്കിൽ അലര്‍ജി ഉണ്ടാവാം. യാത്രാവേളകളിലും മറ്റും ഉപയോഗിക്കാനായി ഫെമിനിൻ വൈപ്പ്സ് (Feminine wipe) ഇപ്പോൾ നിലവിലുണ്ട്. ആർത്തവദിനങ്ങളിൽ സ്വകാര്യഭാഗങ്ങൾ കഴുകിയതിനു ശേഷം ടോയ‌‌്ലറ്റ്
പേപ്പർ കൊണ്ടു തുടച്ചുണക്കി നനവില്ലാതെ വയ്ക്കുന്നതു ശീലമാക്കുന്നത് അണുബാധ തടയാൻ സഹായിക്കും

ADVERTISEMENT

ഡോ. എസ്. മായാദേവി കുറുപ്പ്
സീനിയർ കൺസൽറ്റന്റ്
ഒബസ്‌റ്റെട്രിക്സ് & ഗൈനക്കോളജി
ആസ്റ്റർ മെഡ്‌സിറ്റി, എറണാകുളം

ADVERTISEMENT
English Summary:

Menstrual hygiene is crucial for women's health. This article provides guidance on choosing and using menstrual cups and sanitary napkins, along with tips for maintaining cleanliness during menstruation to prevent infections and discomfort.

ADVERTISEMENT
ADVERTISEMENT