ADVERTISEMENT

പ്രസവാനന്തരം ആശുപത്രിയിൽ തുടരുന്ന കാലത്തും അമ്മയുടെയും നവജാതശിശുവിന്റെയും ആഹാരം പോഷകപ്രധാനമാണ് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിന് ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.


∙ സാധാരണ പ്രസവമാണെങ്കിൽ തെളിഞ്ഞ ദ്രാവകങ്ങളിൽ ഡയറ്റ് ആരംഭിക്കാം. അതായത് ഇളനീർ, നേർത്ത കഞ്ഞിവെള്ളം, സൂപ്പുകൾ (ക്ലിയർ വെജിറ്റബിൾ സൂപ്പ്, പയർ പരിപ്പ് സൂപ്പ് ), ആപ്പിൾ ജൂസ്, നാരങ്ങാവെള്ളം ഇവയിൽ ഒന്നു നൽകാം.
∙ ഛർദി, വയറു കമ്പിക്കൽ പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ മയമുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കാൻ ഡോക്ടർ നിർദേശിക്കും. കഞ്ഞി, ചെറുപയർ, എളുപ്പം ദഹിക്കുന്ന പച്ചക്കറികൾ, തൈര് ഇവ കഴിച്ചു തുടങ്ങാം. കുഴപ്പമില്ല എങ്കിൽ അടുത്ത ദിവസം മുതൽ ചോറ്, ചപ്പാത്തി പോലെ സാധാരണ ഡയറ്റിലേക്കു വരാം.

ADVERTISEMENT

∙സിസേറിയൻ കഴിഞ്ഞവർ ശസ്ത്രക്രിയയ്ക്കു മുൻപേ ഫാസ്റ്റിങ് ആയിരിക്കും. സിസേറിയൻ കഴിഞ്ഞ് നിശ്ചിത സമയത്തിനുശേഷം ക്ലിയർ ലിക്വിഡ് ആയിത്തന്നെയാണു ഡയറ്റ് ആരംഭിക്കുന്നത്. ഇളനീർ ഉൾപ്പെടെയുള്ളവയിൽ ഏതെങ്കിലും നൽകിത്തുടങ്ങാം. കുഴപ്പങ്ങളില്ലെങ്കിൽ ഫുൾ ലിക്വിഡ് അതായത് പാൽ ചേർത്ത ചായ പോലെയുള്ളവ നൽകാം.

∙ സൂപ്പ് ആണെങ്കിൽ ക്ലിയർ സൂപ്പിനു പകരം കട്ടിയുള്ള സൂപ്പ് (thick soup) നൽകാം. മോര്, പാൽ, ലസ്സി പോലെയുള്ളവ ഇതിൽ ഉൾപ്പെടുത്താം. വയറിനു ബുദ്ധിമുട്ടൊന്നും പ്രകടമാകുന്നില്ലെങ്കിൽ നോർമൽ ഡയറ്റിലേക്കു മാറാം. ഒന്നോ രണ്ടോ ചായയോ, കാപ്പിയോ ദിവസം കുടിക്കാം. എന്നാൽ കഫീൻ അധികമാകാതെ ശ്രദ്ധിക്കണം.

ADVERTISEMENT

∙ പ്രസവം നോർമലായാലും സിസേറിയനായാലും ആദ്യം ഉൗറി വരുന്ന കൊളസ്ട്രം എന്ന പാൽ കുഞ്ഞിനെ കുടിപ്പിക്കേണ്ട ഘട്ടമാണിത്. പ്രസവശേഷമുള്ള ആദ്യരണ്ടു മൂന്നു ദിവസങ്ങളിൽ കുറച്ചു പാൽ മാത്രമേ ഉണ്ടാകൂ. ഈ സമയത്തു മുലപ്പാലിനു പകരം പൊടിപ്പാലോ, പശുവിൻപാലോ കൊടുക്കരുത്.
∙ മുലപ്പാൽ വർധനവിനു പാൽ കുടിക്കുന്നതു സഹായകമാണ്. ധാരാളം വെള്ളവും കുടിക്കണം. മുലപ്പാൽ നന്നായി ഉൽപാദിപ്പിക്കപ്പെടുന്നതിന് ശരീരത്തിൽ ജലാംശം കൂടുതൽ ആവശ്യമാണ്. പാൽ, ലസ്സി പോലുള്ളവ ഉൾപ്പെടുത്താം. ദിവസം ഒന്നോ രണ്ടോ തവണ പാൽ കുടിക്കുന്നതു നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ലീനാ സാജു
ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗം
കിംസ് ഹെൽത് , തിരുവനന്തപുരം

ADVERTISEMENT
ADVERTISEMENT