ADVERTISEMENT

ഒരു ശലഭത്തിന്റെ ജനനം പോലെയാണു ചില അതിജീവനങ്ങൾ. ഇരുട്ടിന്റെ ഉള്ളറകളിൽ നിന്നു വർണഭംഗിയോടെ പുറത്തു വരുന്ന മനുഷ്യർ. അദ്‌ഭുതം കൂറുന്ന കണ്ണുകൾക്കു മുൻപിൽ, തിളക്കം തെല്ലും മായാത്ത പുഞ്ചിരിയോടെ കൂടുതൽ മനോഹരമായി അവർ ജീവിച്ചു തുടങ്ങും. അർബുദ ശസ്ത്രക്രിയയിലൂടെ തനിക്കു നഷ്ടമായ തൈറോയ്ഡ് എന്ന ശലഭഗ്രന്ഥിയുടെ ഓർമയിൽ യുവ എഴുത്തുകാരി ദിവ്യ വേലായുധൻ ഒരു പുസ്തകം തന്നെ എഴുതി. വേദനയും കണ്ണീരും ആനന്ദവും ഒന്നു ചേരുന്ന വായനാനുഭവം. ദിവ്യയുടെ ജീവിതവും അതിജീവനവും ശലഭ മനോഹരമായി അവിടെ പുനർജനിക്കുന്നുണ്ട്.

അർബുദമെത്തുന്നു

ADVERTISEMENT

സെപ്റ്റംബറിലെ ഓണക്കാലമാണ്. കുറച്ചു ദിവസങ്ങളായി തൊണ്ടയിൽ അനുഭവപ്പെടുന്ന ആ കരകരപ്പ് മാറുന്നില്ലല്ലോ എന്നു ദിവ്യ ആലോചിച്ചു. അതിനും കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അഭിനേത്രി ജുവൽ മേരി അർബുദത്തെ അതിജീവിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോ ദിവ്യ കാണുന്നത്. ‘പൂച്ച മാന്തിയ തൊണ്ട’ എന്നു ജുവൽ മേരി പരാമർശിച്ചതു ദിവ്യ ശ്രദ്ധിച്ചിരുന്നു. ദിവസങ്ങൾ കഴിയവെ തൊണ്ടയിലെ കരകരപ്പ് അസ്വാഭാവികമായി അനുഭവപ്പെട്ടു. കഴുത്തിനോടു ചേർന്നു ചെറിയൊരു വീക്കവും ഉണ്ടായിരുന്നു.

ഒാണത്തിനു പന്തളത്തെ വീട്ടിലെത്തിയപ്പോൾ ഈ തടിപ്പിനെക്കുറിച്ച് അമ്മയും തിരക്കി. പനി വന്നു ലിംഫ് നോഡു വീർത്തതാകുമെന്നു ദിവ്യ പറഞ്ഞു. ജോലി സ്ഥലമായ തിരുവനന്തപുരത്തു തിരിച്ചെത്തിയ ദിവ്യ സ്പ്രിങ് ഗാർഡൻ ക്ലിനിക്കിലെ ഡോ. റീത്താ ചാക്കോയെ കാണാൻ തീരുമാനിച്ചു. ദിവ്യയ്ക്ക് ഏറെ പ്രിയപ്പെട്ടൊരു ഡോക്ടറാണു റീത്ത. കഴുത്തിലെ വീക്കത്തെക്കുറിച്ചും തൊണ്ടയിലെ കരകരപ്പിനെക്കുറിച്ചും പറഞ്ഞപ്പോൾ ഡോ. റീത്ത അൾട്രാസൗണ്ട് എടുക്കാൻ നിർദേശിച്ചു. മറ്റു പരിശോധനകളും ചെയ്തു. അന്നു തന്നെ റിസൽട്ടു വന്നു. തീരുമാനങ്ങളെല്ലാം പെട്ടെന്നായിരുന്നു. ഒരു സർജറി വേണം. ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജിയും ( FNAC ) ചെയ്യണം. ലാബ് റിപ്പോർട്ടിൽ പാപ്പിലറി തൈറോയ്‌ഡ് കാർസിനോമ സംശയിക്കുന്നു. അതാണ് എഫ് എൻ എ സി ചെയ്യാൻ നിർദേശിച്ചത്. സംഭവിക്കുന്നതെന്തെന്നറിയാതെ ഒരു നിമിഷം പതറിപ്പോയി ദിവ്യ.

ADVERTISEMENT

ശസ്ത്രക്രിയയിലേക്ക്

ദിവ്യയും ജീവിതപങ്കാളി അജീഷും ഒരു ലക്ഷദ്വീപ് യാത്ര പ്ലാൻ ചെയ്ത് ഏറെ സന്തോഷത്തിലായിരുന്ന സമയമാണ്. ആരോഗ്യവതിയായ ദിവ്യയ്ക്കാകട്ടെ ശസ്ത്രക്രിയ ആദ്യ അനുഭവവും. തൈറോയ്ഡ് കാൻസർ ആയിരിക്കുമോ എന്ന ഭയവും കഴുത്തിൽ സൂചി കുത്തുമെന്ന ചിന്തയും ദിവ്യയെ അലട്ടിത്തുടങ്ങി. എഫ് എൻ എ സി കഴിഞ്ഞു. അനന്തപുരി ഹോസ്പിറ്റലിൽ ഹെഡ് ആൻഡ് നെക്ക് സർജൻ ഡോ. ജയകുമാർ ആർ. മേനോനായിരുന്നു ശസ്ത്രക്രിയ ചെയ്തത്. കുടുംബവും പ്രിയപ്പെട്ടവരും ദിവ്യയോടൊപ്പം നിന്നു.

ADVERTISEMENT

ശലഭഗ്രന്ഥികൾ

മുപ്പത്തിമൂന്നു വർഷങ്ങളായി കൂടെയുണ്ടായിരുന്ന തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യപ്പെട്ടു. ദിവ്യയുടെ വാക്കുകളിൽ ആ ഗ്രന്ഥി ശലഭങ്ങളാണ്. ‘ എന്റെ പ്രിയപ്പെട്ട ചിത്രശലഭങ്ങളെ ഞാൻ പറത്തി വിട്ടു. അവ പറന്നു പോയി. എനിക്കു കാണാൻ സാധിക്കാത്ത
ഒരു പൂന്തോട്ടത്തിൽ ഒളിച്ചു’ എന്നാണു ദിവ്യ അതേക്കുറിച്ചു പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം ഡിസ്ചാർജായി. സർജറിയുടെ ബുദ്ധിമുട്ടുകൾ ഏറെക്കുറെ ഭേദമായപ്പോഴേക്കും ബയോപ്സി റിസൽട്ടു വന്നു. കാൻസറാണ്– പാപ്പിലറി തൈറോയ്‌ഡ് കാർസിനോമ. ചികിത്സാഘട്ടങ്ങൾ തുടർന്നു. റേഡിയോ ആക്റ്റീവ് അയഡിൻ സ്കാനിങ്ങിനു ശേഷം റേഡിയോ ആക്റ്റീവ് അയഡിൻ ചികിത്സ തുടങ്ങി. തുടർന്ന് ഐസൊലേഷൻ കാലം. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിനാൽ ജീവിതകാലമാകെ തൈറോക്സിൻ ഗുളിക കഴിക്കേണ്ടി വരുമെന്ന യാഥാർഥ്യവും ദിവ്യ മനസ്സിലാക്കി.

അതിജീവന വഴികൾ

അർബുദം വന്നു പോയി. എന്നാൽ അതോർത്തു തകർന്നു പോകാൻ, ദിവ്യ ഒരുക്കമായിരുന്നില്ല. അതിജീവനത്തിന്റെ ഒാരോ ദിവസവും കടന്നു പോകാൻ ഒാരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്‌റ്റ് ദിവ്യ (To do list) തയാറാക്കി. മാനസികമായും ശാരീരികമായും കരുത്തോടെ തിരികെ വരാൻ പ്രായോഗിക പദ്ധതി തയാറാക്കി. ദിവസവും അര മണിക്കൂർ നടക്കുമെന്നു തീരുമാനിച്ചു. ജിമ്മിൽ പോയിത്തുടങ്ങി. എഴുത്തും വായനയും സജീവമാക്കി. ഓരോ ദിവസവും പലതരം കത്തുകളും കുറിപ്പുകളും തയാറാക്കി. ജേണലിങ് തുടങ്ങി. പ്രിയപ്പെട്ട സിനിമകൾ കണ്ടു. മനസ്സു തളരാതെ ജീവിതം മെല്ലെ തളിർക്കുന്നതു കണ്ടു നിന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കും ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്ങിൽ എംടെക്കും നേടിയിട്ടുണ്ട് മുപ്പത്തി മൂന്നുകാരിയായ ദിവ്യ. ‘മറന്നു വച്ച ഹൃദയം’, ‘ഏറ്റവും ഇളയ കുട്ടി ’, ‘മുതൽ കാതൽ’ എന്നീ നോവലുകളും ‘ഹൃദയം പൊട്ടിപ്പോയ കഷണങ്ങൾ ’ എന്ന കവിതാസമാഹാരവും രചിച്ചിട്ടുണ്ട്.സ്വന്തമായി ഒരു പബ്ലിഷിങ് ഹൗസും ഉണ്ട്.

ചിത്രശലഭങ്ങളെ വിട

അർബുദ ശസ്ത്രക്രിയ ചെയ്തതു 2025 സെപ്റ്റംബർ 15 നായിരുന്നു. തുടർന്ന് എഴുതാനാകുമെന്ന സ്ഥിതി വന്നപ്പോൾ ദിവ്യ മെല്ലെ എഴുതിത്തുടങ്ങി. അങ്ങനെ രണ്ടു ദിവസം കൊണ്ട് ഒരു പുസ്തകം എഴുതിത്തീർത്തു– തൈറോയ്ഡ് കാൻസർ വന്നു പോയ കഥയാണ് ‘ചിത്രശലഭങ്ങളെ വിട’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കാൻസർ തിരിച്ചറിഞ്ഞതും ചികിത്സാകാലവും മാത്രമല്ല, തൈറോയ്ഡ് അർബുദ ബാധിതരെ അതിജീവനത്തിനു പ്രചോദിപ്പിക്കുന്ന വഴികളും ഈ പുസ്തകത്തിലുണ്ട്. അതിജീവനകാലത്തു താൻ തയാറാക്കിയ കത്തുകളും കുറിപ്പുകളുമെല്ലാം ദിവ്യ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിൽ ദിവ്യ എഴുതി–‘‘പ്രിയപ്പെട്ട തൈറോയ്ഡ് നിനക്കു വിട, എന്റേതു മാത്രമായിരിക്കാൻ കഴിഞ്ഞ 33 വർഷങ്ങൾ Cherish ചെയ്തു കൊണ്ടു നിനക്കു വിട. നിന്നോടു സ്നേഹം മാത്രം. ’’

അർബുദം കവർന്ന ഒരുശലഭഗ്രന്ഥിയ്ക്ക് അത്രമേൽ ഹൃദ്യമായി നൽകുന്ന ഒരു യാത്രാമൊഴി കൂടിയാണ് ഈ പുസ്തകം.

ADVERTISEMENT