തിളങ്ങുന്ന മുടിയിഴകൾക്ക് ബ്യൂട്ടി പാർലർ ട്രീറ്റ്മെന്റുകൾ Enhance Your Hair Beauty with Spa Treatments
Mail This Article
സൗന്ദ്യം പൂർണമാകണമെങ്കിൽ കേശസൗന്ദര്യം കൂടി വേണം. പോഷകഭക്ഷണങ്ങൾക്കു പുറമെ മുടിക്കു നൽകുന്ന പരിചരണവും കേശസൗന്ദര്യത്തിന് ആവശ്യമാണ്. ഇന്നു ബ്യൂട്ടി പാർലറുകളിൽ മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനു ചില മാർഗങ്ങളുണ്ട്. അവ പരിചയപ്പെടാം.
പരിചരണം നൽകും സ്പാ
മുടി നന്നായി വളരാനും മുടി വേരുകൾക്കു വേണ്ടത്ര പോഷണം എത്തിക്കാനും ഹെയർ സ്പാ ചെയ്യാം. ട്രീറ്റ്മെന്റിനു വിധേയമായ മുടി സ്പാ ചെയ്യുന്നത് മുടിയുടെ ആരോഗ്യം വർധിപ്പിക്കും. കെമിക്കൽ ട്രീറ്റ്മെന്റ് കഴിഞ്ഞ മുടിയിൽ എണ്ണ തേയ്ക്കരുത് എന്നു പറയാറുണ്ട്. അതുകാരണം മുടി വരണ്ടു പൊട്ടിപ്പോകാം. ഈ പ്രശ്നം ഒഴിവാക്കാൻ ഹെയർ സ്പാ ചെയ്യാം. കെരാറ്റിൻ, ബോട്ടോക്സ് പോലെ നീണ്ടകാലം നിലനിൽക്കുന്ന ഫലം സ്പായിലൂടെ ലഭിക്കില്ല. മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ കട്ടി കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്കു ഹെയർ സ്പാ പരിഹാരമാണ്.
മുടി ഷാംപു ഉപയോഗിച്ചു കഴുകി ഉണക്കിയശേഷം പ്രോട്ടീൻ ക്രീം പുരട്ടി ശിരോചർമത്തിൽ നന്നായി മസാജ് ചെയ്യും. തുടർന്നു മുടിയിൽ മാസ്ക് ഇടും. ഹെയർ ഫോളിക്കിളുകളെ ദൃഢമാക്കാനും പോഷകസന്പന്നമാക്കാനും ജലാംശം നിലനിർത്താനും ഹെയർ മാസ്ക് സഹായിക്കും. ഹെയർ മാസ്ക് പുരട്ടി കഴിഞ്ഞാൽ മുടി മൃദുവാകും. മാസ്ക് പുരട്ടി അല്പനേരം കഴിഞ്ഞാൽ മുടിയിൽ ആവി കൊള്ളിക്കും. ആവിയിൽ നിന്നുള്ള ചൂടു മാറിക്കഴിഞ്ഞശേഷം മുടി കഴുകി ബ്ലോ ഡ്രൈ ചെയ്തു സിറം പുരട്ടും. മുടി നന്നായി വളരാനും ആരോഗ്യത്തോടെയിരിക്കാനും മുടി വേരുകൾക്കു പോഷകങ്ങൾ എത്തിക്കാനും ഹെയർ സ്പാ നല്ലതാണ്.
കെരാറ്റിൻ ട്രീറ്റ്മെന്റ്
വരണ്ട, ഒതുക്കമില്ലാതെ കിടക്കുന്ന, കേടായ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മൃദുവാക്കുകയും െചയ്യുന്ന ട്രീറ്റ്മെന്റാണ് കെരാറ്റിൻ ട്രീറ്റ്മെന്റ്. നമ്മുെട ശരീരം ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് കെരാറ്റിൻ. നമ്മുടെ മുടി, ത്വക്ക്, നഖങ്ങൾ എന്നിവയ്ക്കു ശക്തിയും ഘടനയും നൽകാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണിത്. മുടിയുടെ പുറംഭാഗത്ത് ഒരു ആവരണം പോലെ സംരക്ഷണം നൽകുന്ന ട്രീറ്റ്മെന്റാണിത്. ആദ്യം മുടി വൃത്തിയായി കഴുകും. തുടർന്ന് ചെറിയ രീതിയിൽ ഉണക്കിയ ശേഷം ട്രീറ്റ്മെന്റ് ലിക്വിഡ് പുരട്ടിയ ഉടൻ തന്നെ ബ്ലോ ഡ്രൈ ചെയ്യും. 48 മണിക്കൂർ കഴിഞ്ഞു മാത്രമെ മുടി കഴുകാൻ പാടുള്ളൂ. ട്രീറ്റ്മെന്റ് കഴിഞ്ഞശേഷം കെരാറ്റിൻ ട്രീറ്റ്മെന്റിനായുള്ള പ്രത്യേകതരം ഷാംപൂവോ കണ്ടീഷനറോ ഉപയോഗിച്ചു മുടി കഴുകാം.
ട്രീറ്റ്മെന്റ് കഴിഞ്ഞാൽ സ്വാഭാവികമായി ഒഴുകി കിടക്കുന്നതരം ഹെയർ സ്‌റ്റൈൽ സ്വീകരിക്കുന്നതാണ് ഉത്തമം. കാരണം മുടി പിരിച്ചു കെട്ടുന്നത് മുടിയിൽ ചുളിവുകൾ വീഴാനും കോട്ടിങ് നഷ്ടപ്പെടാനും ഇടയാക്കും. ചുരുണ്ട മുടി ഉള്ളവർക്കും കെരാറ്റിൻ യോജിക്കും.
മുടിയുടെ കട്ടിയില്ലായ്മ, അറ്റം പിളരൽ, മുടിക്കാഴ, താരൻ ആരോഗ്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ കെരാറ്റിൻ ട്രീറ്റ്മെന്റ് ഉചിതമാണ്.
ബോട്ടോക്സ് ട്രീറ്റ്മെന്റ്
തകരാർ വന്ന മുടിക്കു പുതുജീവൻ നൽകുന്ന ട്രീറ്റ്മെന്റാണ് ബോട്ടോക്സ് ട്രീറ്റ്മെന്റ്. വൈറ്റമിൻ ഇ, വൈറ്റമിൻ ബി5, കൊളാജൻ കോംപ്ലക്സ് എന്നിവയാണ് സന്പുഷ്ടമായ ബോട്ടോക്സ് മുടി സംരക്ഷിക്കും. ട്രീറ്റ്മെന്റ് ചെയ്തു അധികനാൾ കഴിയും മുൻപെ ഭംഗി നഷ്ടപ്പെടുന്നുവെങ്കിൽ അതു പരിഹാരിക്കാൻ ഈ ട്രീറ്റ്മെന്റ് സഹായിക്കും. സ്ട്രെയിറ്റനിങ് ചെയ്തു കഴിഞ്ഞു മുടി കൂടുതൽ വരണ്ടതാകുക, അറ്റം ഭംഗിയില്ലാതെ കിടക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ബോട്ടോക്സ്. കനംകുറഞ്ഞ മുടിക്കു കൂടുതൽ കട്ടി തോന്നിക്കുകയും ചെയ്യും. ആദ്യം ട്രീറ്റ്മെന്റിനായുള്ള പ്രത്യേകതരം ഷാംപൂ ഉപയോഗിച്ചു മുടി നന്നായി കഴുകി വൃത്തിയാക്കും. മുടിയിലെ ക്യൂട്ടിക്കിൾ( മുടിയുടെ പുറംപാളി) തുറക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. അതിനുശേഷം മുടി ചെറുതായി ഉണക്കും. തുടർന്നു മുടി ഓരോ ലെയർ ആയി എടുത്ത് ട്രീറ്റ്മെന്റ് ക്രീം പുരട്ടും. ഏകദേശം 45 മിനിറ്റുകൾക്കു ശേഷം മുടി കഴുകും. അതിനുശേഷം മുടി ബ്ലോ ഡ്രൈ ചെയ്തശേഷം നന്നായി അയൺ ചെയ്യും. ട്രീറ്റ്മെന്റിനു ശേഷം പ്രത്യേക ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷനർ പുരട്ടണം. മുടി ഉണങ്ങിയ ശേഷം ഹെയർ സീറം പുരട്ടുന്നത് നല്ലതാണ്. നനഞ്ഞ മുടി പിരിച്ചു കെട്ടരുത്.
സാധാരണ ട്രീറ്റ്മെന്റുകളെ അപേക്ഷിച്ച് രാസപദാർഥങ്ങളുെട അളവു കുറവായ ട്രീറ്റ്മെന്റ് ആയതിനാൽ മുടിക്കു കേടുപാട് സംഭവിക്കില്ല. മുടി വരളുക, അറ്റം പിളർന്നു പോവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.
വിവരങ്ങൾക്കു കടപ്പാട്
ഡോ. റീമ പദ്മകുമാർ
റീംസ് ഹെർബൽ ബ്യൂട്ടി സൊലൂഷൻസ്
തിരുവനന്തപുരം