ആർത്തവസമയത്തെ വേദനയെ ഭയക്കേണ്ട : പരിഹാരമുണ്ട് Relieving Menstrual Pain: Medical Treatments and Pain Management
Mail This Article
ആർത്തവവേദനയെ പ്രൈമറി ഡിസ്മെനോറിയ (Primary dysmenorrhea) എന്നും സെക്കൻഡറി ഡിസ്മെനോറിയ (Secondary dysmenorrhea) എന്നും രണ്ടായി തരംതിരിക്കാം. ഋതുമതിയായതിനു ശേഷം അണ്ഡോൽപാദനം നടന്നു തുടങ്ങുമ്പോഴുണ്ടാകുന്ന വേദനയെയാണു പ്രൈമറി ഡിസ്മെനോറിയ എന്നു പറയുന്നത്. ആർത്തവസമയത്തു ഗർഭാശയഭിത്തികൾ ചുരുങ്ങുകയും അതുകാരണം ഗർഭാശയകോശങ്ങളിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതിന്റെ ഫലമായി ഓക്സിജന്റെ അഭാവം ഉണ്ടാവുകയും ഗർഭാശയകോശങ്ങളിൽ നിന്നും പ്രോസ്റ്റാഗ്ലാൻഡിൻ (Prostaglandins) എന്ന രാസവസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. മേൽപ്പറഞ്ഞ രാസവസ്തുക്കളാണ് ആർത്തവവേദനയുടെ പ്രധാന ഉത്തരവാദികൾ. പ്രോസ്റ്റാഗ്ലാൻഡിൻ കൂടുതലുണ്ടാവുകയാണെങ്കിൽ ആർത്തവവേദനയും അതിനനുസൃതമായി കൂടാം.
25 വയസ്സിനു മുകളിൽ
സെക്കൻഡറി ഡിസ്മെനോറിയ സാധാരണയായി 25 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിലാണു കാണാറുള്ളത്. അടിവയറുവേദനയോടൊപ്പം അമിത രക്തസ്രാവവും ആർത്തവദിനങ്ങളിൽ ഇവരിൽ സാധാരണമാണ്.
ഗർഭാശയ മുഴകൾ, എൻഡോമെട്രിയോയിസ്, അഡിനോമയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, എൻഡോമെട്രിയൽ പോളിപ് എന്നിങ്ങനെ പല കാരണങ്ങളാൽ ഇവർക്ക് ആർത്തവവേദന അനുഭവപ്പെടാം.
വേദനാസംഹാരി കഴിക്കാം
ആർത്തവവേദനയ്ക്കുള്ള ഏറ്റവും സാധാരണമായ ചികിത്സയാണു പ്രോസ്റ്റാഗ്ലാൻഡിനുകളുടെ ഉൽപാദനം തടയാൻ സഹായിക്കുന്ന വേദനസംഹാരികൾ. ഈ ഗുളികകൾ ആർത്തവം തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപേ തന്നെ കഴിച്ചു തുടങ്ങിയാൽ വേദന തടയാൻ ഒരു പരിധി വരെ സഹായിക്കും. മെഫനാമിക് ആസിഡ് (Mefanamic acid) 500 ഗ്രാം വീതമുള്ള ഗുളിക ഒരെണ്ണം ദിവസത്തിൽ മൂന്നു പ്രാവശ്യം ആഹാരത്തിനു ശേഷം കഴിക്കാം. ഒരു ആർത്തവചക്രത്തിൽ അഞ്ചു ദിവസത്തിനു മുകളിൽ മേൽപ്പറഞ്ഞ ഗുളികകൾ ഉൾപ്പെടെയുള്ള നോൺസ്റ്റിറോയിഡൽ ആന്റിഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAID) ഗണത്തിൽപ്പെട്ട വേദനസംഹാരികളൊന്നും എടുക്കാതിരിക്കുക.
ചിലർക്കു വേദനാസംഹാരികൾ കഴിച്ചാൽ നെഞ്ചെരിച്ചിൽ, ആമാശയത്തിൽ അൾസർ എന്നിവ വരാം. കഴിയുന്നതും ഇവയെ തടയാനുള്ള മരുന്നുകൾ കൂടി ഒപ്പം കഴിക്കുക. അതുപോലെ തന്നെ NSAID ഗുളികകളുടെ ദുരുപയോഗം വൃക്കകൾക്കു ഹാനികരമാകാമെന്നതു കൊണ്ട് അവ ആവശ്യാനുസരണം മാത്രമേ കഴിക്കാൻ അനുവദിക്കാവൂ. മേൽപ്പറഞ്ഞ മരുന്നുകൾ, എടുക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കുന്നതും പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനു സഹായകമാകും. വേദനസംഹാരികൾ കൊണ്ടു മാത്രം ഫലം ലഭിക്കാത്തവര്‍ക്കു ഹോർമോണുകളടങ്ങിയ ഗുളികകൾ, ലിവോനോർജസ്ട്രൽ എന്ന ഹോർമോണടങ്ങിയ ഇൻട്രായൂട്ടറൈൻ കോൺട്രാസെപ്റ്റീവ് ഡിവൈസ് (IUCD), ഗോണാഡോട്രോപിൻ റിലീസിങ് ഹോർമോൺ (GNRH) കുത്തിവയ്പുകൾ ഉപയോഗിക്കുക വഴി ആർത്തവവേദന കുറയ്ക്കാൻ സഹായിക്കും. സെക്കൻഡറി ഡിസ്മെനോറിയ ഉള്ളവർക്കു വേദനാസംഹാരികൾ കൊണ്ടു ഫലം കണ്ടില്ലെങ്കിൽ കാരണം കണ്ടെത്തി ചികിത്സ നൽകണം.
ഡോ. എസ്. മായാദേവി കുറുപ്പ്
സീനിയർ കൺസൽറ്റന്റ് , ഒബ്സ്‌റ്റെട്രിക്സ് & ഗൈനക്കോളജി
ആസ്റ്റർ മെഡ്സിറ്റി, എറണാകുളം