ADVERTISEMENT

45 വയസ്സുള്ള കോർപറേറ്റ് പ്രഫഷനലായ ആ സ്ത്രീയുടെ പ്രശ്നം അതിതീവ്രമായ ദേഷ്യം ആയിരുന്നു. 10 ഉം എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് അവർക്കുള്ളത്. പ്രഫഷനൽ തിരക്കിനിടയിലും അധികമാരുടെയും പിന്തുണയില്ലാതെയാണ് അവർ കുട്ടികളെ വളർത്തിയത്. ജോലിഭാരമുണ്ടെങ്കിലും ദിവസവും അവരോടൊപ്പം ക്വാളിറ്റി ടൈം ചെലവിട്ടു. അവരുടെ ശാരീരിക–മാനസിക വികാസത്തിനുവേണ്ട സാഹചര്യങ്ങളെക്കുറിച്ചു മനസ്സിലാക്കി അതെല്ലാം ഒരുക്കി നൽകി. പക്ഷേ, രണ്ടു വർഷമായി കാര്യങ്ങളെല്ലാം ആകെ തകിടംമറിഞ്ഞിരിക്കുകയാണ്. 10 വയസ്സുള്ള മൂത്തമകനും അമ്മയുമായാണു പ്രധാനപ്രശ്നം.

കൗമാരത്തിലേക്കു കാൽവയ്ക്കുന്ന മകന്റെ ചെറിയ കുറ്റപ്പെടുത്തലുകളോടും പക്വതയില്ലാത്ത വിമർശനങ്ങളോടും അവർ അതിതീവ്രമായി പ്രതികരിച്ചു തുടങ്ങി. ഒരു കൊച്ചുകുട്ടിയാണെന്ന പരിഗണന പോലും നൽകാതെ കടുത്ത ഭാഷയിൽ ചീത്തവിളിച്ചും അരിശംപൂണ്ടു പൊട്ടിത്തെറിച്ചും അമ്മ പ്രതികരിച്ചപ്പോൾ അതവനെ ആഴത്തിൽ സ്പർശിച്ചു. അവനും തീവ്രമായി തന്നെ പ്രതികരിച്ചു.

ADVERTISEMENT

അടുത്ത സുഹൃത്തുക്കളായിരുന്ന അമ്മയും മകനും കടുത്ത വിരോധികളായ പോലെ. അരിശം ഇരച്ചുതള്ളി വരുന്ന സമയത്തു ചെയ്യുന്നതും പറയുന്നതുമൊന്നും അവർക്ക് ഒാർമയേയില്ല. ഒടുവിൽ തന്റെ വ്യക്തിത്വം തന്നെ മാറിപ്പാകുന്നുവെന്ന ഭയം അതികഠിനമായപ്പോൾ അവർ സഹായം തേടി വന്നതാണ്. ആർത്തവ വിരാമത്തിനു മുന്നോടിയായുള്ള ഹോർമോൺ മാറ്റങ്ങളായിരുന്നു അവരെ ദേഷ്യക്കാരിയും വൈകാരികമായി താളം തെറ്റിയവളുമാക്കിയത്.

സ്ത്രീകളിൽ ആർത്തവവിരാമത്തോട് അനുബന്ധിച്ച് ഈസ്ട്രജൻ ഹോർമോൺ നിരക്കിൽ വ്യത്യാസം വരുമ്പോൾ അതുവരെ അമർത്തിവച്ച വികാരങ്ങൾ കെട്ടുപൊട്ടിച്ചു നിയന്ത്രണമില്ലാതെ പുറത്തുവരുന്നു. ഒരാളുടെ വ്യക്തിത്വം തന്നെ മാറിപ്പോയോ എന്നു തോന്നുന്നവിധം അതികോപം പ്രകടമാകുന്നു. കുട്ടികളോടു മാത്രമല്ല പങ്കാളിയോടോ ചിലപ്പോൾ തന്നോടു തന്നെയോ അകാരണമായ, അതിതീവ്രമായ ദേഷ്യം തോന്നാം. സ്വയം വിലയില്ലാത്തവളും നിസ്സഹായയുമായി കരുതാം.

ADVERTISEMENT

എന്തുകൊണ്ട് ഈ മാറ്റങ്ങൾ ?

ADVERTISEMENT

ഒരു സ്ത്രീയുടെ മാനസിക ശാരീരിക വികാസത്തിലെ പ്രധാനഘട്ടമാണ് ആർത്തവം. സ്ത്രീ ശരീരം ഓരോ ആർത്തവസമയത്തും ധാരാളം മാറ്റങ്ങളിലൂടെ യാണ് കടന്ന് പോകുന്നത്. സ്ത്രീയുടെ വികാരങ്ങളെ ആർത്തവചക്രം സ്വാധീനിക്കുന്നുണ്ട്. ആർത്തവവിരാമം അടുക്കുമ്പോഴും സ്ത്രീ ശരീരം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

ആർത്തവവിരാമത്തിനെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം– പെരിമെനോപോസ് (ആർത്തവ വിരാമത്തിന് 3–10 വർഷം മുൻപുള്ള ഘട്ടം), മെനോപോസ്, പോസ്റ്റ് മെനോപോസ് (ആർത്തവ വിരാമത്തിനു തൊട്ടുശേഷം). സാധാരണയായി 45 നും 55 നും ഇടയിലുള്ള പ്രായത്തിലാണ് ഈ ഘട്ടങ്ങളിലൂടെ സ്ത്രീ കടന്നുപോകുന്നത്. ചിലരിൽ നാൽപതുകളുടെ തുടക്കത്തിൽ തന്നെ പെരിമെനോപോസ് മാറ്റങ്ങൾ പ്രകടമാകാം.

ഈ മൂന്നു ഘട്ടങ്ങളിലും മാനസിക ശാരീരിക വ്യതിയങ്ങൾ ഉണ്ടാകുമെങ്കിലും ഏറ്റവും അധികം സമ്മർദം ഉണ്ടാകുന്നതു പെരിമെനോപോസ് ഘട്ടത്തിലാണ്. ഈ സമ്മർദത്തിന്റെ ഫലമായി അതികഠിനവും പെട്ടെന്നുള്ളതുമായ ദേഷ്യം, ഇറിറ്റേഷൻ എന്നിവ 70 ശതമാനത്തോളം സ്ത്രീകളിലും കാണുന്നു. ചിലപ്പോൾ ചെറിയ കാര്യങ്ങളിൽ, മറ്റു ചിലപ്പോൾ കാരണമൊന്നുമില്ലാതെ ദേഷ്യം പതഞ്ഞുപൊങ്ങും. പൊട്ടിത്തെറിക്കും. ചെറിയ അലോസരങ്ങളോടുപോലും ക്ഷമയില്ലാതെ പ്രതികരിക്കും. എപ്പോഴും മനസ്സ് അസ്വസ്ഥമായിരിക്കും. ഇതോടൊപ്പം ഉത്കണ്ഠ, പെട്ടെന്നു കരയുക, ക്ഷീണം, ഉറക്കമില്ലായ്മ എന്നീ പ്രശ്നങ്ങളും പ്രകടമാകാം.

വെറും ദേഷ്യമല്ലിത്– കാരണങ്ങളറിയാം

സാധാരണ ദേഷ്യം പോലെയല്ല പെരിമെനോപോസ് റേജ്. വളരെ പെട്ടെന്നുണ്ടാകുന്ന മൂഡ് വ്യതിയാനമാണ് ഇതിന്റെ പ്രത്യേകത. ഇത്രയും അനിയന്ത്രിതമായ ദേഷ്യം എങ്ങനെ വന്നു എന്ന് ആ വ്യക്തിക്ക് പോലും മനസ്സിലാവില്ല. എന്താണു ദേഷ്യത്തിനിടയാക്കിയത് എന്നു തിരിച്ചറിയാൻ പോലും ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാം. ചിലപ്പോൾ അങ്ങനെയൊരു കാരണം പോലും ഉണ്ടാകണമെന്നില്ല.

കാരണങ്ങൾ

∙ ഹോർമോണുകളുടെ വ്യതിയാനം - ഈസ്ട്രജൻ കുറയുന്നതു കാരണം സെറടോണിൻ, ഡോപമിൻ നിരക്കു കുറയുന്നു. ഈ രണ്ടു ഹോർമോണുകളും നമ്മുടെ ഊർജനിരക്ക് നിലനിർത്തുന്നതിനും മൂഡ് സ്ഥിരതയോടെ നിർത്താനും ആവശ്യമാണ്.

∙ പ്രൊജസ്റ്ററോൺ കുറവ് – മനസ്സു ശാന്തമാക്കി വയ്ക്കാൻ പ്രൊജസ്റ്ററോൺ ഹോർമോൺ അത്യാവശ്യമാണ്.

ഇതിന്റെ നിരക്കു കുറയുമ്പോഴാണു മനസ്സ് എളുപ്പം അസ്വസ്ഥമാകുന്നതും തടുക്കാൻ കഴിയാത്ത വൈകാരികവിക്ഷോഭത്തിന് അടിമപ്പെടുന്നതും.

∙ ഉറക്കം കുറയുന്നു - പെരിമോനോപോസിനെ തുടർന്നു ശരീരം മുഴുവൻ തിരമാലകൾ പോലെ ചൂട് അലയടിക്കുന്നതായി (Hot flashes) അനുഭവപ്പെടുന്നു.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ശരീരം മുഴുവൻ വിയർക്കുന്നു. ഇതു ദിവസവുമുള്ള സമ്മർദങ്ങളെ ശാന്തമായി കൈകാര്യം ചെയ്യാനുള്ള ശേഷി കുറയ്ക്കുന്നു.

∙ ഈസ്ട്രജൻ കുറയുന്നത് തലച്ചോറിന്റെ രസതന്ത്രത്തെ തന്നെ താളംതെറ്റിക്കുന്നു. തലച്ചോറിനെ ശാന്തമാക്കാൻ സഹായിക്കുന്ന ഗാബ എന്ന രാസത്വരകത്തിന്റെ ഉൽപാദനം കുറയ്ക്കുന്നു.
∙ ക്ഷീണവും മറ്റു ശാരീരിക ലക്ഷണങ്ങളും– തലവേദന, സന്ധിവേദന എന്നിവ പൊടുന്നനെയുള്ള അതിതീവ്രമായ കോപത്തിന് ഇടയാക്കുന്നു.

∙ ദിനവുമുള്ള സമ്മർദങ്ങൾ– ജോലിയുടെ ടെൻഷനും കുട്ടികളുടെ പരിചരണവും വൃദ്ധരായ മാതാപിതാക്കളുടെ ശുശ്രൂഷയും എല്ലാം ചേർന്ന് വൈകാരികമായ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുന്നു.

∙ ഈ ഘട്ടത്തിൽ പണ്ടുമുതലേ മനസ്സിൽ അടിഞ്ഞുകിടക്കുന്ന നെഗറ്റീവ് വികാരങ്ങൾ തലപൊക്കാം. അതുകൊണ്ടാണ് ചെറിയൊരു പ്രശ്നം വരുമ്പോൾ അതിനോട് അതീതീവ്രമായ പ്രതികരണം രൂപപ്പെടുന്നത്.

∙ ആർത്തവവിരാമത്തിനു തൊട്ടുമുൻപുള്ള ഘട്ടത്തിൽ മൂഡ് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ പെരിമെനോപോസൽ റേജിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത് ആർത്തവചക്രവുമായി ബന്ധപ്പെട്ട് ആകണമെന്നില്ല,അങ്ങനെയൊരു രീതി കാണാൻ പറ്റില്ല.

വിഷാദവും ഉറക്കക്കുറവും

വിഷാദം വളരെ സാധാരണമായി കാണുന്നു. പെട്ടെന്നു കരച്ചിൽ വരിക, നിരാശയും നിസ്സഹായതയും അനുഭവപ്പെടുക. സാധാരണ ചെയ്യുന്ന പ്രവർത്തികളിലൊന്നും ഒരു താൽപര്യവും കാണിക്കാതിരിക്കുക. ആകപ്പാടെ മരവിച്ച അവസ്ഥ. അതിന്റെ കൂടെ പേശികൾക്കു മുറുക്കം, തലകറക്കം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഒാർമപ്രശ്നങ്ങൾ, ഉറക്കം കുറയുക എന്നിവയും കാണപ്പെടാം.


ഉറക്കവും ഈസ്ട്രജൻ നിരക്കും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ശരീരതാപനില കുറയ്ക്കാനും സെറടോണിൻ ഉൽപാദനം മെച്ചപ്പെടുത്താനും ഈസ്ട്രജൻ സഹായിക്കുന്നു. സെറടോണിൻ മെലടോണിന്റെ മുന്നോടിയാണ്. ശരീരതാപനില കുറയുന്നതും സെറടോണിൻ നിരക്കു കൂടുന്നതും ഉറക്കത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.

എന്തു ചെയ്യണം?

പല കാരണങ്ങൾ കൊണ്ടാണ് പെരിമെനോപോസ് മാറ്റങ്ങൾ ഉണ്ടാകുന്നത് അതുകൊണ്ടു തന്നെ വ്യത്യസ്തമായ ചികിത്സാരീതികൾ ഉപയോഗിക്കാറുണ്ട്.

∙ ഹോർമോണൽ തെറപ്പി

∙ ഈസ്ട്രജനും പ്രൊജസ്റ്ററോണും സംയുക്തമായി നൽകുക

∙ ഈസ്ട്രജൻ ഗുളികകൾ, ക്രീമുകൾ, പാച്ചുകൾ എന്നിവ നല്ലത്.

∙ ചെറിയ അളവിൽ ഗർഭനിരോധന ഗുളികകളും ഉപയോഗിക്കുന്നു. ചിലപ്പോൾ വിഷാദരോഗത്തിനുള്ള മരുന്നുകളും വേണ്ടിവരാം.

∙ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പി– അതിതീവ്രമായ വൈകാരിക പ്രതികരണങ്ങളെ തിരിച്ചറിയാനും മാനേജ് ചെയ്യാനും സഹായിക്കുന്നു.

∙ ജീവിതക്രമീകരണം– കാപ്പി, മദ്യം ഇവ കുറച്ചുപയോഗിക്കുക. ഉറക്കം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യുക എന്നിവ ശ്രദ്ധിക്കാം.

∙ വ്യായാമം– മനസ്സിനെ സന്തോഷഭരിതമാക്കുന്ന എൻഡോർഫിൻ ഹോർമോണിന്റെ അളവു വർധിപ്പിക്കുന്നു, തന്മൂലം ഉത്കണ്ഠയും മൂഡ് മാറ്റങ്ങളും കുറയുന്നു. പെരിമെനോപോസ് ഘട്ടത്തിൽ അസ്ഥി സാന്ദ്രത കുറയാം. അതിനെ പ്രതിരോധിക്കാനും വ്യായാമം സഹായകമാണ്. നടത്തമോ യോഗയോ ഒക്കെ ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. മായ നായർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൊച്ചി

English Summary:

Understanding perimenopause rage is crucial as hormonal shifts cause intense anger and mood swings in women. This article delves into the causes, symptoms, and effective management strategies for this common perimenopausal symptom, offering guidance and support.

ADVERTISEMENT