ADVERTISEMENT

പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച കുഞ്ഞാണ് ...’’
ആ ക്ലാസിക് ഡയലോഗിൽ അമ്മമാർ മക്കളുടെ മുൻപിൽ സൂപ്പർസ്‌റ്റാറുകളാകുന്ന കാലം കടന്നു പോകുകയാണ്. കാരണം പുതിയ കാലത്തെ പെൺകുട്ടികളിൽ മിക്കവരും വേദന കുറച്ചു സുഖപ്രസവം സാധ്യമാകുമോ എന്നു ചിന്തിക്കുന്നവരും അതിന്റെ സാധ്യതകളും മാർഗങ്ങളും ആരായുന്നവരുമാണ്. അതു കൊണ്ടു തന്നെ സുഖപ്രസവം എന്ന സങ്കൽപത്തിനു പുതിയ നിർവചനങ്ങളും വന്നു തുടങ്ങി.
 

സുഖപ്രസവം – വേദന കൂടാതെ
 

സുഖപ്രസവം എന്നു പറയുമെങ്കിലും പേരു പോലെ അത്ര സുഖകരമൊന്നുമല്ല അതെന്നു പ്രസവിച്ച സ്ത്രീകൾക്ക് അറിയാം. പ്രസവമുറിയിൽ വേദനിച്ചു കരഞ്ഞും തളർന്നും കടന്നു പോകുന്ന നിമിഷങ്ങൾ. അനുഭവസ്ഥരുടെ വിവരണങ്ങളിൽ ഭയന്നും ആശങ്കപ്പെട്ടുമാണ് ഒാരോ ഗർഭിണിയും പ്രസവത്തിനൊരുങ്ങുന്നത്. ‘‘ പ്രസവം സുരക്ഷിതമായാൽ മാത്രം പോര, അതു ഗർഭിണിക്കും കുടുംബാംഗങ്ങൾക്കും പോസിറ്റീവ് അനുഭവം കൂടിയാകണം എന്നു ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട് ’’– കോട്ടയം ഗവ. മെഡി.കോളജിലെ ഒബ്സ്‌റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രഫസറായ ഡോ. ആശാ ജി. നാഥ് പറയുന്നു. സിസേറിയൻ അല്ലാത്ത എല്ലാ പ്രസവങ്ങളും സുഖപ്രസവമാണെന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാൽ അങ്ങനെയല്ല, അമ്മയും കുഞ്ഞും യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ, ബാഹ്യ ഉപകരണങ്ങളുടെ സഹായം കൂടാതെ ആരോഗ്യകരമായി ഇരിക്കുന്ന അവസ്ഥയാണു സുഖപ്രസവം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ എല്ലാവർക്കും സുഖപ്രസവം ആകാം എന്ന ധാരണ ശരിയല്ല. ‘‘ സുഖപ്രസവം സാധ്യമാകുന്നതിനു കുഞ്ഞിന്റെ വലുപ്പം സാധാരണ നിലയിലായിരിക്കണം. അമ്മയ്ക്ക് ആരോഗ്യത്തെ ബാധിക്കത്തക്ക രോഗങ്ങളുണ്ടാകാൻ പാടില്ല. കുഞ്ഞിനു വളർച്ചക്കുറവു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകരുത്, അമ്മയുടെ ഇടുപ്പെല്ലിനു കുഞ്ഞിനു പുറത്തു വരാനാവശ്യമായ സ്ഥലം ഉണ്ടാകണം’’– ഡോ. ആശ വിശദമാക്കുന്നു.  എങ്കിലും അപ്രതീക്ഷിതമായി അടിയന്തരാവസ്ഥകളും പ്രതിസന്ധികളും വരാം. ഉദാ: പൊക്കിൾ‌ക്കൊടി പെട്ടെന്നു താഴെ വരിക, മറുപിള്ള വേർപെടുക മുതലായവ. ഇത്തരം അവസരങ്ങളിൽ സുഖപ്രസവം സാധ്യമാകാതെ വരാം. അത്തരം ഘട്ടങ്ങളിലാണ് അമ്മയെയും കുഞ്ഞിനെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിനു സിസേറിയൻ വേണ്ടി വരുന്നത്. ‘‘ഒരു ഗർഭിണിക്കു പ്രസവം പോസിറ്റീവ് അനുഭവം ആകണമെങ്കിൽ വേദന കുറവായിരിക്കണം. പ്രസവം അധികനേരം നീണ്ടു നിൽക്കരുത്. മാനസിക സമ്മർദം കുറയണം. ഇതിനു സഹായകരമായ ഒട്ടേറെ സാങ്കേതിക വഴികൾ ഇന്നു നിലവിലുണ്ട്. മരുന്ന് ഉപയോഗിച്ചുള്ള രീതികളും മരുന്നു കൂടാതെ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പൂരക രീതികളും ഇതിലുൾപ്പെടുന്നു. ലേബർ സ്യൂട്ടുകൾ ഉണ്ടെങ്കിലും ഒാൾട്ടർനേറ്റീവ് ബെർത് പൊസിഷനുകളും മറ്റും നമ്മുടെ ആരോഗ്യ സംവിധാനത്തിൽ പൂർണമായി സമന്വയിക്കപ്പെട്ടിട്ടില്ല. പലയിടങ്ങളിലും ചെയ്തു വരുന്നുണ്ട്. എന്നാൽ ഇതിനു പരിശീലനം സിദ്ധിച്ചവർ ഏറെ പ്രധാനമാണ്’’
– ഡോ. ആശ പറയുന്നു.
 

മരുന്ന്, വേദന കുറയ്ക്കുമോ?
 

മരുന്ന് ഉപയോഗിച്ചു പ്രസവവേദന കുറയ്ക്കുന്നതിൽ പ്രധാനമായും ഉൾപ്പെടുന്നത് എപ്പിഡ്യൂറൽ അനസ്തീസിയ ആണ്. നട്ടെല്ലിനു പിൻഭാഗത്തുള്ള എപ്പിഡ്യൂറൽ സ്പെയ്സിൽ, സുഷുമ്നാനാഡിക്കു പുറത്ത് ഒരു ട്യൂബ് അഥവാ കതീറ്റർ ഇട്ടു വയ്ക്കുന്നു. അതു ചെയ്യുന്നത് അനസ്തെറ്റിസ്‌റ്റാണ്. അതിലൂടെ മരുന്നു നൽകുന്നു.
ആ മരുന്നിന്റെ സമയ പരിധി കഴിയുമ്പോഴേക്കും വീണ്ടും മരുന്നു നൽകാം. ഇതിന് അനസ്തീസിയ നൽകുന്നതു പോലെ മോണിറ്ററിങ്ങും പ്രധാനമാണ്. പൾസ്, ബിപി ഇവ നിരീക്ഷിക്കുകയും വേണം. ഈ സാഹചര്യത്തിൽ എഴുന്നേറ്റു നടക്കാൻ സാധിക്കണമെന്നില്ല. ശരീരചലനങ്ങൾ നിയന്ത്രിതമായിരിക്കും. കുഞ്ഞു പുറത്തു വരുന്ന ഘട്ടത്തിൽ അമ്മ നന്നായി പുഷ് ചെയ്യണം. എന്നാൽ പ്രസവത്തിന്റെ അവസാനഘട്ടങ്ങളിൽ എപ്പിഡ്യൂറൽ അനസ്തീസിയ നൽകിയവരിൽ പുഷ് ചെയ്യാനുള്ള ശേഷി കുറവായി കാണാറുണ്ട്. അതിനാൽ ചിലരിൽ പ്രസവ ദൈർഘ്യം അൽപം കൂടുതലാകാം. ഇത്തരം സാഹചര്യങ്ങളിൽ വാക്വം / ഫോർസെപ്സ് മുതലായ ഉപകരണങ്ങളുടെ പിന്തുണ നൽകാറുണ്ട് ’’
– ഡോ. ആശ പറയുന്നു.
 

ശ്വസിക്കാം, വേദന കുറയും
 

വേദന കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗമാണു നൈട്രസ് ഒാക്സൈഡ് അനാൽജെസിയ. ‘‘ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഒാക്സൈഡ് വേദന തുടങ്ങുന്ന സമയത്തു ശ്വസിക്കാം. വേദനയുടെ ഭാഗമായ കൺട്രാക്‌ഷനു 30 സെക്കൻഡു മുൻപാണു ശ്വസിക്കേണ്ടത്. പെട്ടെന്നു തന്നെ അതു പ്രവർത്തിച്ചു തുടങ്ങും. എന്നാൽ ചെറിയ നേരമേ ഫലം നീണ്ടു നിൽക്കൂ. അടുത്ത വേദനയുടെ തുടക്കമാകുമ്പോഴേയ്ക്കും വീണ്ടും ഈ പ്രക്രിയ ആവർത്തിക്കാം. ഇതിലൂടെ അമ്മയ്ക്കും കുഞ്ഞിനും കാര്യമായ പാർശ്വഫലങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ നൈട്രസ് ഒാക്സൈഡ് ശ്വസിക്കുന്നതിലൂടെ ഗർഭിണിക്കു ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. മനംപുരട്ടൽ, ഒാക്കാനം, ഛർദി, ചെറിയ തലചുറ്റൽ എന്നിവയാണവ. ഒന്നു രണ്ടു തവണ ശ്വാസം നന്നായി വലിച്ചെടുക്കുമ്പോൾ ആ ഇഫക്‌റ്റ് മാറും. രോഗിക്കു കുറച്ചു കൂടി സ്വയംനിയന്ത്രണവും ആത്മവിശ്വാസവും അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഗർഭിണിക്കു സ്വയം കാര്യങ്ങൾ ചെയ്യാനും സാധിക്കും’’ – ഡോ. ആശ പറയുന്നു.
 

എപ്പിഡ്യൂറൽ : തെറ്റിധാരണകൾ

പ്രസവവേദന കുറയ്ക്കുന്നതിനു ലോക വ്യാപകമായി സ്വീകരിക്കപ്പെട്ട രീതിയാണ് എപ്പിഡ്യൂറൽ അനസ്തീസിയ. ഇതിനു ചെറിയ പാർശ്വഫലങ്ങളുണ്ടെന്നു വിദഗ്ധർ പറയുന്നു. എപ്പിഡ്യൂറൽ സ്പെയ്സ് മാറി മരുന്നു സ്പൈനൽ കോഡിലെത്താനിടയായാൽ രക്തസമ്മർദം താഴാം. ചിലപ്പോൾ ഇത് അത്ര ഫലപ്രദമല്ലാതെയും വരാം. ‘‘ എപ്പിഡ്യൂറൽ അനസ്തീസിയയെക്കുറിച്ചു രണ്ടു തെറ്റിധാരണകളാണു നിലവിലുള്ളത്. ഒന്ന്, ഇതിന്റെ ഭാഗമായി നടുവേദന വരും. രണ്ട്, പ്രസവസാധ്യത കുറയും. എന്നാൽ ഈ പ്രസവരീതിയുടെ ഭാഗമായി നടുവേദന വരില്ല. സാധാരണയായി പ്രസവദൈർഘ്യം നീളുകയോ സിസേറിയൻ സാധ്യത കൂടാറോ ഇല്ല. വേദനയില്ലാതെ കിടക്കുമ്പോൾ, പ്രസവസാധ്യത കൂടുകയാണ്. ’’– തിരുവനന്തപുരം കിംസ് ഹെൽത് ആശുപത്രിയിലെ കൺസൽറ്റന്റ ് ഗൈനക്കോളജിസ്‌റ്റ് ഡോ. പി. റഫീഖ പറയുന്നു. മാസ്കു വച്ച് നൈട്രസ് ഒാക്സൈഡ് ശ്വസിക്കുന്ന രീതി കൂടാതെ വേദന കുറയ്ക്കുന്നതിന് ഒപിയോയിഡ് ഇൻജക്ഷനുകളും ഉണ്ട്. ട്രമഡോൾ, പെതിഡിൻ പോലുള്ള കുത്തിവയ്പുകളാണിവ. ഇവ വലിയ ഗുണഫലം നൽകാറില്ല. ചിലപ്പോൾ മയക്കം പോലെ അനുഭവപ്പെടാം. കുഞ്ഞിനു ചെറിയ ശ്വസനപ്രശ്നങ്ങൾക്കു സാധ്യത ഉണ്ടെന്നും
ഡോ. റഫീഖ വിശദമാക്കുന്നു.
 

ബെർതിങ് പൊസിഷനുകൾ

 

‘‘ഗർഭപാത്രത്തിൽ നിന്നു വരുന്ന വേദന നാഡീവ്യൂഹത്തിലൂടെ വേദനാകേന്ദ്രത്തിലേക്ക് എത്തുന്നതാണു പ്രസവ വേദനയുടെ കാരണം. ഈ വേദനയുടെ സംവേദനം അനുഭവപ്പെടുന്നതിനു മുൻപായി സ്പർശമോ മർദമോ കൊടുക്കുന്നതിലൂടെ പെയ്ൻ ഫൈബറുകൾ അഥവാ സവിശേഷമായ നാഡീ അഗ്രഭാഗങ്ങളെ തടയാനാകുന്നു.അപ്പോൾ വേദന കുറഞ്ഞതായി അനുഭവപ്പെടുന്നു’’– ഡോ. ആശ ജി.നാഥ് പറയുന്നു.  പ്രസവസമയത്ത് ലേബർ റൂമിൽ ഒരു ബെർത് കംപാനിയൻ വേണമെന്നു ലോകാരോഗ്യസംഘടന തന്നെ നിർദേശിക്കുന്നുണ്ട്. അതു പ്രസവിക്കുന്ന സ്ത്രീക്കു പിന്തുണയും കരുതലും നൽകുന്ന ഒരാളായിരിക്കണം– ഭർത്താവാണ് ഏറ്റവും അഭികാമ്യം. അല്ലെങ്കിൽ അമ്മയോ സഹോദരിയോ ആകാം. മാനസികമായി പിന്തുണ നൽകാൻ സാധിക്കുന്ന ഒരാൾ പ്രസവസമയത്ത് ഉടനീളം ഉണ്ടാകുന്നതു വളരെ ഗുണം ചെയ്യും’’
– ഡോ. റഫീഖ വിശദമാക്കുന്നു.
 

പ്രിയമേറും ലേബർ സ്യൂട്ട്
 

പ്രിയപ്പെട്ടവർക്കൊപ്പം ലേബർ സ്യൂട്ടിൽ പ്രസവിക്കുന്നത്  ഇന്നു സാധാരണമായി കഴിഞ്ഞു. ലേബർ സ്യൂട്ട് പുതിയ ഒരു സങ്കൽപം അല്ല. അതു കുറേ വർഷങ്ങളായി നാട്ടിൽ ഉണ്ട്. വിദേശ നാടുകളിൽ പണ്ടു കാലം മുതൽ ലേബർ സ്യൂട്ട് സംവിധാനം പ്രചാരത്തിലുണ്ട്. ലേബർ സ്യൂട്ട് വേർതിരിക്കപ്പെട്ട ഒരു ഭാഗമാണ്. പൊതുവെ ലേബർ റൂമിൽ ഗർഭിണിയുടെ അടുത്ത് ബെർത് കംപാനിയൻ ഉണ്ടെങ്കിലും മറ്റു ഗർഭിണികളും ബന്ധുക്കളുമൊക്കെ ഉണ്ടാകാം. കർട്ടൻ കൊണ്ടു വേർതിരിക്കപ്പെട്ട ഇവിടെ പ്രസവസമയത്ത് ബെർത് കംപാനിയനു നിൽക്കാനും സാധിക്കില്ല. എന്നാൽ ലേബർ സ്യൂട്ട് സൗകര്യപ്രദമായ ഇടമാണ്. അതു രണ്ടായി വിഭജിച്ചിട്ടുണ്ടാകും. ഒരു സ്ഥലത്ത് ഗർഭിണിക്കു കിടക്കുന്നതിനുള്ള ബെഡ് ഉണ്ടാകും. അവിടെ പ്രിയപ്പെട്ടവർക്കു കൂടെ നിൽക്കാം. കൂടെ നിൽക്കുന്നവർക്കു റെസ്‌റ്റ് ചെയ്യുന്നതിനുള്ള സ്ഥലവും പ്രത്യേകമായി വാഷ് റൂമും ഉണ്ടാകും. കൂടെ നിൽക്കുന്നവർക്കു രാത്രിയിലും പകലും ലേബർസ്യൂട്ടിൽ ചെലവഴിക്കാം. സ്വകാര്യത കാത്തു സൂക്ഷിക്കാനാകുന്നു എന്നതാണു പ്രധാന നേട്ടം. ഗർഭിണിക്കു നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും സൗകര്യം ഉണ്ട്. എപ്പിഡ്യൂറൽ അനസ്തീസിയ നൽകുന്നതും ഈ ബെഡിൽ തന്നെയാണ്. നിയോനേറ്റോളജിസ്‌റ്റിനു നവജാതശിശുപരിചരണത്തിനുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. ‘‘ ഗർഭിണി കിടക്കുന്ന ബെഡ് തന്നെയാണു ഡെലിവറി കോട്ട് ആയി മാറ്റുന്നത്. പ്രസവത്തിനു വേണ്ടി ഷിഫ്‌റ്റ് ചെയ്യേണ്ടി വരുന്നില്ല. അതേ ബെഡിൽ തന്നെ പ്രസവം നടക്കുന്നു. എപ്പിസിയോട്ടമി സ്‌റ്റിച്ച് ഇടുന്നതും പോസ്‌റ്റ് നേറ്റൽ നിരീക്ഷണവും അവിടെത്തന്നെയാണ്. തുടരെ മെഡിക്കൽ അസിസ്‌റ്റൻസ് ലേബർ സ്യൂട്ടിലുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. ലേബർ സ്യൂട്ട് അനുഭവത്തിലൂടെ ഗർഭിണിയുടെ സമ്മർദം കുറയുന്നു. സിസേറിയൻ വേണ്ടി വന്നാൽ മാത്രം തിയറ്ററിലേക്കു മാറ്റേണ്ടി വരാം. ചെലവു കൂടുതലായതിനാൽ എല്ലാവർക്കും താങ്ങാനാകില്ല എന്നതാണ് ഒരു പരിമിതി.’’– ഡോ. റഫീഖ വിശദമാക്കുന്നു.
ഗർഭിണിക്കു പ്രസവം ഒരു പോസിറ്റീവ് അനുഭവം ആകണമെങ്കിൽ താനും അതിൽ പങ്കെടുക്കുന്നുണ്ട് , കൂടെയുള്ളവർ തന്നെ പിന്തുണയ്ക്കുന്നുണ്ട് എന്നു ബോധ്യം വരണം. മാനസിക സമ്മർദമാണു വേദന കൂടുതലായി തോന്നാനുള്ള ഒരു കാരണം. ഈ സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനുള്ള മറ്റു മാർഗങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണു ലേബർ ഡെലിവറി സ്യൂട്ടുകളുടെ സൗകര്യവും പ്രാധാന്യവും പ്രസക്തിയും വ്യക്തമാകുന്നത്. ഈ ലേബർ സ്യൂട്ടുകളിൽ ഏറ്റവും അടുപ്പമുള്ള ആളുകൾ, ഭർത്താവ് , മാതാപിതാക്കൾ എല്ലാം ഗർഭിണിക്ക് ഒപ്പം ഉണ്ടാകും. അവർ കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ മാനസിക സമ്മർദം നന്നായി കുറയുന്നു. സമ്മർദം നന്നായി കുറയുമ്പോൾ എൻഡോർഫിൻ പോലുള്ള ഹോർമോണുകൾ വർധിക്കുന്നു. പ്രസവത്തിന്റെ ദൈർഘ്യം കുറയുന്നു. വേദന കുറവായി അനുഭവപ്പെടുന്നു.
 

ഗുണമേകും ശരീരനിലകൾ
 

‘‘ഡെലിവറി സ്യൂട്ടിൽ ഒരു ലേബർ കംപാനിയൻ ഉണ്ടെങ്കിൽ വ്യത്യസ്തങ്ങളായ ബെർതിങ് പൊസിഷനുകളും ശ്രമിക്കാം (Alternative birth Positions). ലേബർ കംപാനിയൻ പിന്തുണ നൽകുന്ന രീതി ഇന്ന് ഗവ.ആശുപത്രികളിലും നിലവിലുണ്ട്. ഒാൾട്ടർനേറ്റീവ് ബെർതിങ് പൊസിഷനുകൾ എന്നതിലൂടെ ഉദ്ദേശിക്കുന്നതു മുഴുവൻ നേരവും കിടക്കാതെ പിന്തുണയോടു കൂടി ചലനാത്മകമായ ശരീരനിലകൾ സ്വീകരിക്കുന്നതാണ്. സ്ക്വാറ്റിങ്, സ്‌റ്റാൻഡിങ്, നീലിങ് എന്നിവയാണ് ഉദാഹരണങ്ങൾ. ’’– ഡോ. ആശ പറയുന്നു. ശരീരചലനങ്ങൾ പല രീതിയിലും ഗർഭിണിക്ക് ആത്മവിശ്വാസമേകും.
പ്രസവവേദനയും പ്രസവസമയവും കുറയ്ക്കാം. പ്രസവസമയം കുറയ്ക്കുന്നതും ഒരു പോസിറ്റീവ് അനുഭവം ആണ്. പ്രസവിക്കാൻ സ്ഥിരമായി ഒരു പൊസിഷൻ അഥവാ ശരീര നില തന്നെ വേണം എന്ന ചിന്താഗതിയും മാറുകയാണ്. കാലാകാലമായി നിന്നും ഇരുന്നും കുത്തിയിരുന്നുമൊക്കെ സ്ത്രീകൾ പ്രസവിച്ചിരുന്നു. അതിൽ നിന്നു കുറച്ചു രീതികൾ കടമെടുത്തു പുതിയ ശരീരനിലകൾ പരിശ്രമിക്കുന്നവരെ ഇന്നു കാണാം. ‘‘പൊതുവെ ലോ റിസ്ക് ഗർഭിണികളെയാണ് ഒാൾട്ടർനേറ്റീവ് ബെർത്തിങ് പൊസിഷനുകൾ ശ്രമിക്കുന്നതിനു തിരഞ്ഞെടുക്കുന്നത്. ഹൈറിസ്ക് ഗർഭിണികൾ മറ്റു പൊസിഷനുകൾ സ്വീകരിക്കുമ്പോൾ കുഞ്ഞിന്റെ മോണിറ്ററിങ് ബുദ്ധിമുട്ടാകാം.’’– ഡോ. ആശ വിശദമാക്കുന്നു.

 

മെറ്റേണിറ്റി ബോളുകൾ
 

പ്രസവത്തിന് ഒരുക്കമായ ശരീരനിലകളെ പിന്തുണയ്ക്കുന്നവയാണു മെറ്റേണിറ്റി ബോളുകൾ. ഇവ പൊതുവെ രണ്ടു വിഭാഗത്തിലുണ്ട്. ഉരുണ്ട ആകൃതിയിലുള്ള സ്വിസ് ബോൾ, തോടുള്ള നിലക്കടലയുടെ ആകൃതിയുള്ള പീനട്ട് ബോൾ. സ്വിസ് ബോളിനു മുകളിൽ ഗർഭിണി ഇരുന്നു റോക്കിങ് ചലനങ്ങൾ,അതായത് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും റൊട്ടേറ്ററി ചലനങ്ങൾ നൽകുന്നു. ഇതു പരിശീലനം സിദ്ധിച്ച ഫിസിയോതെറപ്പിസ്‌റ്റിന്റെ സഹായത്തോടെ ചെയ്യാം. ഈ പരിശീലകനു ലേബർ കംപാനിയനെ ഈ മാർഗങ്ങൾ പഠിപ്പിക്കാവുന്നതുമാണ്. ഈ ചലനങ്ങളിലൂടെ സമ്മർദം കൂടുന്നതു കാരണം ലേബർ പെയ്ൻ കുറഞ്ഞ തോതിലെ അറിയാനാകൂ. ആത്മനിയന്ത്രണത്തിനൊപ്പം സമ്മർദം കുറയുന്നു. നല്ല ഹോർമോണുകൾ കൂടുന്നു, പ്രസവം സമാധാനപരമായി പുരോഗമിക്കുന്നു. എപ്പിഡ്യൂറൽ അനസ്തീസിയ നൽകിയ ഗർഭിണികൾക്കും പീനട്ട് ബോൾ ഉപയോഗിച്ചു നിശ്ചിത വ്യായാമങ്ങൾ ചെയ്യാനാകും. അങ്ങനെ ചെയ്യുമ്പോൾ പ്രസവം കൂടുതൽ പുരോഗമിക്കുന്നതായും കണ്ടിട്ടുണ്ട്.
 

മസാജ് ചെയ്യാം
 

‘‘ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ഒാൾട്ടർനേറ്റീവ് മെഡിസിനിൽ ഉൾപ്പെടുന്ന മറ്റു ചില മാർഗങ്ങളാണു ശ്വസന വ്യായാമങ്ങൾ അഥവാ ബ്രീതിങ് എക്സർസൈസുകൾ, മസാജുകൾ, വാട്ടർ എമേർഷൻ ടെക്നിക്കുകൾ, ട്രാൻസ് ക്യൂട്ടേനിയനിയസ് ഇലക്ട്രിക്കൽ നെർവ് സ്‌റ്റിമുലേഷൻ (TENS) മുതലായവ. ഗർഭിണിയുടെ പുറത്തും ഇടുപ്പു ഭാഗത്തും മസാജ് ചെയ്തു നേരിയ മർദം കൊടുക്കുന്നു. ഇതിലൂടെ ഗർഭിണി വേദന അറിയുന്നതു കുറയുന്നു.’’ – ഡോ. ആശ പറയുന്നു. ‘‘പല ദമ്പതികളും വിവാഹശേഷം ജോലിസംബന്ധമായും മറ്റും മാതാപിതാക്കളുടെ കൂടെയാകില്ല താമസിക്കുന്നത്. അതുകൊണ്ടു ഗർഭം ആരംഭിക്കുന്ന കാലം മുതൽ സമ്മർദവും ഉത്കണ്ഠയും ഉണ്ടാകും. ഈ ഘട്ടത്തിൽ പ്രസവത്തെക്കുറിച്ചും പ്രസവവേദനയെക്കുറിച്ചും സമഗ്ര വിവരങ്ങൾ ഉൾപ്പെടുന്ന ആന്റി നേറ്റൽ ക്ലാസുകൾ പ്രധാനമാണ്. ഇതിനൊപ്പം ഫിസിയോതെറപ്പി സെഷനുകളും നൽകാറുണ്ട്. ഇതിൽ ഒാരോ ട്രൈമസ്‌റ്ററിലും ചെയ്യേണ്ട വ്യായാമങ്ങൾ – ഗർഭത്തിന്റെ അവസാനഘട്ടം വരെ ചെയ്യേണ്ടവയെല്ലാം ഉൾപ്പെടുന്നു. വ്യായാമങ്ങൾ പെൽവിക് പേശികളുടെ റിലാക്സേഷനു സഹായിക്കുന്നു. പ്രസവം കുറച്ചു കൂടി എളുപ്പമുള്ളതാക്കുന്നു. ലേബർറൂമിലും യോഗയും ബോൾ വ്യായാമങ്ങളുമുൾപ്പടെ വ്യായാമത്തിനുള്ള സെഷനുകൾ നൽകാറുണ്ട്. ബ്രീതിങ്ങും വളരെ ഫലപ്രദമാണ് ’’– ഡോ. റഫീഖ പറയുന്നു.
നല്ലൊരു ഡീപ് ബ്രീതിങ് എല്ലാവർക്കും റിലാക്സേഷൻ തരുന്നതു പോലെ ഗർഭിണിക്കും ഗുണകരമാകുന്നു. പാന്റ് –പാന്റ് ബ്ലോ എന്ന ശൈലിയിൽ ചെറു ശ്വസനവും ദീർഘ നിശ്വാസവും തുടങ്ങാം. ആഴത്തിൽ ശ്വാസമെടുത്തു വായിലൂടെ മെല്ലെ നിശ്വസിക്കാം. ഇതിലൂടെ വയറിലെ പേശികൾ നന്നായി ഒാക്സിജൻ നിറവുള്ളതാകുന്നു. സമ്മർദം കുറയുന്നു. സ്വാഭാവികമായി സ്ട്രെസ്സ് ഹോർമോണുകൾ കുറയുന്നു. അപ്പോൾ എൻഡോർഫിൻ പോലെ പോസിറ്റീവായ ഹോർമോണുകൾ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നു. പ്രസവ ദൈർഘ്യം കുറയുന്നതായും പഠനങ്ങൾ ഉണ്ട്.

പ്രസവം സമാധാനപരവും ആനന്ദകരവുമായ ഒരു അനുഭവമായി മാറുമെങ്കിൽ, വേദനയാൽ അലോസരപ്പെടാത്ത ഒരു നല്ല ഒാർമ ആകുമെങ്കിൽ പ്രസവവേദന കുറയ്ക്കാനുള്ള വഴികൾ നല്ലതു തന്നെയല്ലേ?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT