ADVERTISEMENT

ഒരു പുതുജീവൻ ഉള്ളിൽ തുടിക്കുമ്പോൾ ഏതു സ്ത്രീയുടെ മനസ്സാണ് ആഹ്ലാദം കൊണ്ടു നിറയാത്തത്? പക്ഷേ, ഗർഭകാലത്തു പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകാം. റോളിലെ മാറ്റങ്ങളും (അമ്മയാകുക, ജോലി നിർത്തുക), പങ്കാളിയുമായുള്ള ബന്ധത്തിലെ മാറ്റങ്ങളും, നല്ലൊരു അമ്മയാകാനാകുമോ എന്ന ചിന്തയും വരാം. ഗർഭസ്ഥ ശിശുവിനോ തനിക്കോ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്ന ഭയം, ഛർദി, ക്ഷീണം, ഉറക്കക്കുറവ് പോലെ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ, ഗർഭകാല സങ്കീർണതകൾ എന്നിവ ആകുലത വർധിപ്പിക്കാം.

പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ
രൂപഭംഗിയിലെ മാറ്റങ്ങൾ, പ്രസവത്തെക്കുറിച്ചുള്ള ഭയം, പിന്തുണയുടെ അഭാവവും ഒറ്റയ്ക്കാകലും പോലെയുള്ള കാര്യങ്ങൾ ഇവ അത്യന്തം  ഉത്കണ്ഠയിലേക്കു ഗർഭിണിയെ നയിക്കാം. അതുകൊണ്ടാണു പ്രസവത്തിനു മുൻപേ തന്നെ അമ്മയാകാനുള്ള മാനസികമായ തയാറെടുപ്പു പ്രധാനമാണെന്നു പറയുന്നത്.
‘‘ഗർഭിണി ആകുന്നതിനു മുൻപേ  ദിനചര്യ, ഭക്ഷണക്രമം, ജോലി എന്നിവയിലൊക്കെ കൊണ്ടുവരേണ്ട മാറ്റങ്ങൾ ആസൂത്രണം ചെയ്യാം. ഗർഭകാലത്തു പിന്തുണയ്ക്കൊരു സംവിധാനം കണ്ടെത്താം. ഇങ്ങനെ തയാറെടുത്തു ഗർഭിണിയാകുമ്പോൾ ഗർഭകാലം ആസ്വദിക്കാനും ഗർഭകാല പ്രശ്നങ്ങളെ എളുപ്പം കൈകാര്യം ചെയ്യാനുമാകും.’’ കൊച്ചി ഇന്ദിരാ
ഗാന്ധി കോ–ഒാപറേറ്റീവ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ ് സൈക്കോളജിസ്റ്റ് ഡോ. മായ നായർ പറയുന്നു.
മുൻപ് മാനസിക പ്രശ്നങ്ങൾ വന്നിട്ടുള്ളവരും മാനസിക പ്രശ്നങ്ങൾക്കു മരുന്നു കഴിക്കുന്നവരും ഗർഭം പ്ലാൻ ചെയ്യുമ്പോഴേ മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കേണ്ടതു വളരെ പ്രധാനമാണ്.
സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോഡർ, കടുത്ത വിഷാദം പോലുള്ള ഗുരുതരമായ മാനസിക രോഗങ്ങളുള്ളവർ, മുൻപത്തെ പ്രസവത്തിൽ പ്രസവാനന്തര സൈക്കോസിസ് അല്ലെങ്കിൽ കടുത്ത പ്രസവാനന്തര വിഷാദം അനുഭവിച്ചവർ, ഒബ്സസീവ് കംപൽസീവ് ഡിസോഡർ പോലുള്ള കടുത്ത ഉത്കണ്ഠാരോഗമുള്ളവർ, അനോറെക്സിയ അല്ലെങ്കിൽ ബുളിമിയ പോലുള്ള ഭക്ഷണ ക്രമക്കേടുകൾ ഉള്ളവർ എന്നിവരെല്ലാം ഗർഭം ആസൂത്രണം ചെയ്യും മുൻപേ ഡോക്ടറെ കാണേണ്ടതുണ്ട്.
‘‘പഠനത്തിന്റെയും പരീക്ഷകളുടെയും സ്ട്രെസ്സ് താങ്ങാനാകാതെ പല കൗമാരക്കാരും  ആന്റി ആങ്സൈറ്റി മരുന്നുകൾ കഴിക്കുന്നുണ്ട്. ഇങ്ങനെയുള്ളവർ ഗർഭം ആസൂത്രണം ചെയ്യുന്നതിനു മുൻപു മാനസികാരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടണം’’. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ കൺസൽറ്റന്റ ് ഗൈനക്കോളജിസ്റ്റ് ഡോ. സന്ധ്യ പ്രദീപ് പറയുന്നു.
പക്ഷേ, പല ഗർഭധാരണങ്ങളും ആസൂത്രണം ചെയ്യാത്തവയാണ്. അങ്ങനെ ഗർഭിണിയാകുന്നവർ എത്രയും വേഗം ഡോക്ടറെ കാണണം. ഡോക്ടർ നിങ്ങളോടു പറയാത്ത പക്ഷം, കഴിക്കുന്ന മരുന്നുകൾ പെട്ടെന്നു നിർത്തരുത്. രോഗം നിയന്ത്രണവിധേയമാണെങ്കിൽ പോലും വിദഗ്ധോപദേശം തേടണം. കാരണം, മുൻപു മാനസികപ്രശ്നങ്ങൾ അനുഭവിച്ച സ്ത്രീകൾക്കു പ്രസവശേഷം അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ADVERTISEMENT

വിഷാദവും ഉത്കണ്ഠയും
‘‘ഇന്നത്തെ ഗർഭിണികളിൽ പലരിലും ഉത്കണ്ഠ, വൈകാരികമായ ചാഞ്ചാട്ടം, വിഷാദലക്ഷണങ്ങൾ പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ കൂടുതലായി കാണുന്നു. കൂടുതലായി വരുന്നതാണോ അതോ ചെറിയൊരു സ്ട്രെസ്സ് പോലും കൈകാര്യം ചെയ്യാൻ പറ്റാത്തതിന്റെ പ്രതിഫലനമാണോ എന്നും ചിന്തിക്കണം’’. ഡോ. സന്ധ്യ പ്രദീപ് പറയുന്നു.
പങ്കാളികൾക്കിടയിലുള്ള പ്രശ്നങ്ങളും ഗർഭകാല ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ വിഷാദരോഗത്തിനു കാരണമാകാം. ഗർഭമെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതിനു മുൻപേ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തത്ര ക്ഷീണം, ഉറക്കക്കുറവ്, എന്തു കഴിച്ചാലും ഛർദി എന്നിവയൊക്കെ തുടരെ വരുന്നതു മാനസികമായി തളർത്തിക്കളായാം.

ഗർഭഭയം അഥവാ ടോക്കോഫോബിയ

ADVERTISEMENT

ഗർഭിണിയാകാനും പ്രസവിക്കാനുമുള്ള ഭയമാണു ടോക്കോഫോബിയ. ടോക്കോഫോബിയ ഉള്ളവർ പൊതുവേ ഇക്കാര്യം തുറന്നു പറയാറില്ല. മറ്റെന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞാകും ഗർഭിണിയാകാതിരിക്കുക. പൊതുവേ ഉത്കണ്ഠാസ്വഭാവം ഉള്ള വ്യക്തികളിൽ ടോക്കോഫോബിയയ്ക്കു സാധ്യത കൂടുതലാണെന്നു കണ്ടിട്ടുണ്ട്.  ഗർഭത്തെയും പ്രസവത്തെയും സംബന്ധിച്ചു ഭീതിദമായ വിവരണങ്ങൾ കേട്ടുവളർന്നവരിൽ പിൽക്കാലത്ത് അതൊരു ഫോബിയയാകാം. ഗർഭവവും പ്രസവവും സംബന്ധിച്ച ദുരനുഭവങ്ങളും ഫോബിയയിലേക്കു നയിക്കാം. പങ്കാളികൾക്കിടയിലെ താളപ്പിഴകൾ, സഹായത്തിന് ആളില്ലാത്ത അവസ്ഥ, വൈകാരികമായി  അവഗണിക്കപ്പെടുക എന്നിവയൊക്കെ ടോക്കോഫോബിയയിലേക്കു നയിക്കുന്നുണ്ട്. ഫോബിയ ഉള്ളവരുടെ മാനസിക വിശകലനം നടത്തിയ ശേഷം പ്രശ്നകാരണമായ ചിന്തകളെയും വിശ്വാസങ്ങളെയും തിരുത്തുന്ന  കൊഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പി നൽകുന്നു.

ഇത്തരം പ്രശ്നങ്ങൾ തടയാനായി∙നിങ്ങൾക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്തെങ്കിലും ചെയ്യാൻ (Me Time) എല്ലാ ആഴ്ചയും കുറച്ചു സമയം കണ്ടെത്തുക.
∙ മെഡിറ്റേഷൻ അല്ലെങ്കിൽ മൈൻഡ് ഫു ൾനെസ് മനസ്സിനെ ശാന്തമാക്കും. മൊബൈൽ ആപ്പുകൾ വഴിയും പരിശീലിക്കാം.
∙ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക.  മദ്യപാനം, പുകവലി ഇവ നിർത്തുക. വ്യായാമം മനസ്സിനെ സന്തോഷഭരിതമാക്കും.
∙ പങ്കാളിയുടെയും കുടുംബത്തിന്റെയും പിന്തുണ തേടുക.
∙ മാനസിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സ്വന്തം ഗൈനക്കോളജിസ്റ്റിനോടു തുറന്നു സംസാരിക്കുക.

ADVERTISEMENT
English Summary:

Pregnancy is a joyous time, but it can also bring about various mental health challenges for expecting mothers, including anxiety, depression, and fear of childbirth. Addressing these issues through proper preparation, seeking support, and professional guidance is crucial for a healthy pregnancy and transition into motherhood.

ADVERTISEMENT