ADVERTISEMENT

പിറവി എന്ന മനോജ്ഞമായ യാത്ര അമ്മയുടെയും കുഞ്ഞിന്റെയും മാത്രമല്ല, അവർക്കൊപ്പം നിഴൽ പോലെ സഞ്ചരിക്കുന്ന മറ്റൊരാളുടേതു കൂടിയാണ്. അവർ മൂവരും ഒരേ തൂവൽപക്ഷികളാണ്. പൊക്കിൾക്കൊടി വേർപെടുത്തുന്നുവെങ്കിലും അതിലും ദ‍ൃഢമായി അമ്മയുടെ ഹൃദയത്തോടു കുഞ്ഞിനെ ചേർത്തു വയ്ക്കുന്നത് അവരാണ്– ഗൈനക്കോളജിസ്‌റ്റ്. സ്ത്രീ ജീവിതത്തിന്റെ ആകുലതകളിലും വേദനകളിലും നിലാവെളിച്ചമായി നിറയുന്നവർ. കാലമേറെ കടന്നാലും അവരുടെ സ്നേഹനിർഭരമായ പുഞ്ചിരിയും ചേർത്തു പിടിച്ച കരങ്ങളും ഒാർമയിൽ നിന്നു മായുകയില്ല.

45 വർഷത്തിലേറെയായി സ്ത്രീരോഗ ചികിത്സാരംഗത്തു സജീവമായിരുന്ന ഡോ. ടി. ആർ. ഭവാനി തന്റെ ചികിത്സാജീവിതത്തിലെ അവിസ്‌മരണീയ അനുഭവങ്ങൾ ഒാർമിക്കുകയാണ്.

ADVERTISEMENT

ഡോക്ടറാകാൻ ഒരു കുഞ്ഞു സ്വപ്നം

ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് എന്റെ ജനനം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു മെഡിസിനു പഠിക്കണം എന്ന ആഗ്രഹമുണ്ടായത്. അതിനു കാരണമുണ്ട്, സുഖമില്ലാതാകുമ്പോൾ അച്ഛൻ ‍ഞങ്ങളെ ഡോക്ടറുടെ അരികിൽ കൊണ്ടുപോകും. മരുന്നു കഴിക്കുമ്പോൾ അസുഖം മാറും. അന്ന് അതെക്കുറിച്ചു വലിയ അദ്‌ഭുതത്തോടെയാണ് ഞാൻ ആലോചിച്ചിരുന്നത്. എന്റെ ചേച്ചിമാരൊക്കെ വീട്ടിലാണു പ്രസവിച്ചത്. അന്ന് ഒരു ലേഡി ഡോക്ടർ വീട്ടിൽ വരും, കുഞ്ഞിനെ കയ്യിൽ കൊടുക്കും. ആ ഡോക്ടറെ കാണുമ്പോൾ എനിക്കും അതുപോലെയാകണമെന്നു തോന്നി. ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ എന്റെ ആഗ്രഹം അച്ഛനോടു പറഞ്ഞു. നന്നായി പഠിച്ചു സ്കോളർഷിപ് ‌വാങ്ങിയാൽ വിടാം എന്ന് അച്ഛൻ പറഞ്ഞു. ഞാൻ നന്നായി പഠിച്ചു. പത്താം ക്ലാസ് പരീക്ഷയുടെ മാർക്ക് അനുസരിച്ചു സ്കോളർഷിപ് കിട്ടി. തുടർന്നു മികച്ച മാർക്കോടെ മെഡിസിന് അഡ്മിഷൻ നേടി. അങ്ങനെ ആ സ്വപ്നം സ്വന്തമായി. ജീവിതത്തിൽ ഏറെ സന്തോഷിച്ച സമയമായിരുന്നു അത്. എംബിബിഎസ് കഴിഞ്ഞയുടൻ വിവാഹം കഴിഞ്ഞു. ഞാൻ പിജി പഠിക്കുന്ന സമയത്ത് നൈറ്റ് ഡ്യൂട്ടിയിൽ 12 മണിക്കൂറിനുള്ളിൽ 60 പ്രസവം എടുത്തിട്ടുണ്ട്. എന്റെ പ്രസവദിവസം ഇന്നും ഒാർമയിലുണ്ട്, അന്നു ഞാൻ മൂന്നു പ്രസവം എടുത്തിരുന്നു. പ്രസവം കഴിഞ്ഞു പത്താം ദിവസം ജോലിയിലേക്കു തിരികെയെത്തി.

ADVERTISEMENT

സംഗീതയുടെ കഥ

15 വർഷങ്ങൾക്കു മുൻപാണ്. തൊടുപുഴയിലെ ഹോളിഫാമിലി ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. രണ്ടാമത്തെ ഗർഭകാലത്തിന്റെ കൺസൽറ്റേഷനു വന്നതാണു സംഗീത. ഗർഭകാലം സന്തോഷകരമായി നീങ്ങി. സംഗീതയുടെ ആദ്യപ്രസവവും എന്റെ മേൽനോട്ടത്തിലായിരുന്നു. ഒൻപതു മാസം തികഞ്ഞു. സംഗീതയ്ക്കു പ്രസവവേദന തുടങ്ങി. ലേബർ റൂമിലേക്കു കയറ്റി. ഞാൻ ലേബർ റൂമിലെത്തി അൽപനേരം കഴിഞ്ഞപ്പോൾ സംഗീതയ്ക്കു പെട്ടെന്നു ശ്വാസതടസ്സം വന്നു. ചുണ്ടുകൾ നീലനിറമായി. ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥ. അനസ്തെറ്റിസ്റ്റിനെയും ഫിസിഷനെയുമൊക്കെ വിളിച്ചു. പെട്ടെന്ന് എന്റെ മനസ്സിൽ ഇത് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസമാകാം എന്ന ചിന്തയുണ്ടായി. സംഗീതയുടെ ഭർത്താവിനോട് ഈ കാര്യം സൂചിപ്പിക്കാമെന്നു തീരുമാനിച്ചു. അദ്ദേഹം സംഗീതയ്ക്കൊപ്പം ഒപിയിൽ വരുമ്പോൾ ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ നോക്കിയിരിക്കുകയാണു പതിവ്. നോക്കുമ്പോൾ അദ്ദേഹം ഫോണിലെന്തോ തിരയുകയാണ്. സംഗീതയ്ക്ക് ഒരു കോംപ്ലിക്കേഷൻ വന്നിട്ടുണ്ടെന്നും ഗുരുതരാവസ്ഥയാണെന്നും പറഞ്ഞതിനൊപ്പം അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്താണെന്നു ഗൂഗിളിൽ സെർ‌ച് ചെയ്തു മനസ്സിലാക്കാനും അദ്ദേഹത്തോടു ഞാൻ പറഞ്ഞു. കാരണം വിവരങ്ങൾ വിശദമായി ധരിപ്പിക്കാൻ എനിക്കു സമയമുണ്ടായിരുന്നില്ല. അക്കാലത്ത് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം വന്നാൽ ജീവൻ രക്ഷിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. ഒട്ടേറെപ്പേർ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഗർഭസ്ഥ ശിശുവിനെ പൊതിഞ്ഞിരിക്കുന്ന സ്രവത്തിൽ നിന്ന് അൽപം തുള്ളികൾ രക്തചംക്രമണ വ്യവസ്ഥയിലെത്തുകയും, പിന്നീടു ശ്വാസകോശത്തിലെത്തി അവിടെ തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. അതു വലിയ സങ്കീർണതകളിലേക്കു നീങ്ങുന്നു. അങ്ങനെ രക്തം കട്ടപിടിക്കാത്ത സ്ഥിതിയുണ്ടാകും. ആദ്യം കുഞ്ഞിനെ പുറത്തെടുത്തു. ശ്വാസതടസ്സം ഉണ്ടായിരുന്ന കുഞ്ഞിനെ നിയോനേറ്റോളജിസ്റ്റിനെ ഏൽപിച്ചു. ചികിത്സ പെട്ടെന്നു തുടങ്ങി. ഫ്രഷ് ഫ്രോസൻ പ്ലാസ്മ ഉൾപ്പെടെ എല്ലാം ചികിത്സയ്ക്കു സജ്ജമാക്കി. എല്ലാ വിഭാഗത്തിലെയും ഡോക്ടർമാരുടെയും പിന്തുണ ലഭിച്ചു. 48 മണിക്കൂറോളം നീണ്ട സംയുക്ത കഠിനപരിശ്രമം. സംഗീത ജീവിതത്തിലേക്കു തിരികെയെത്തി. ഇന്ന് ഈ രോഗാവസ്ഥയുടെ ചികിത്സ വളരെ പുരോഗമിച്ചിട്ടുണ്ട്. എങ്കിലും സംഗീതയുടെ മടങ്ങിവരവ് അദ്ഭുതകരമായിരുന്നു.

ADVERTISEMENT

നാലാമത്തെ കുഞ്ഞ്

30 വർഷങ്ങൾക്കു മുൻപാണ്. 19 വയസ്സുള്ള ഒരു പെൺകുട്ടിയും ഭർത്താവും ഒപിയിലെത്തി. മീര എന്നാണു പേര്, ഗർഭിണിയാണ്. പ്രണയിച്ചു വിവാഹം കഴിച്ചതിനാൽ പെണ്‍കുട്ടിക്കു വീട്ടുകാരുടെ പിന്തുണയില്ല. അവളും ഭർത്താവും സാമ്പത്തിക പ്രതിസന്ധിയിലുമാണ്. കൺസൽറ്റേഷൻ തുടങ്ങി രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വയർ ആവശ്യത്തിലേറെ വലുതായി എനിക്കുതോന്നി. ഏതായാലും ഒരു കുട്ടിയല്ല, ഇരട്ടക്കുട്ടികളാകാം എന്നു കരുതി. അന്നു സ്കാനിങ് ഒക്കെ മിക്കവർക്കും ഭയമാണ്. നിർബന്ധിച്ചാൽ മാത്രമേ പലരും തയാറാകൂ. എന്തെങ്കിലും കുഴപ്പം വരുമോ എന്ന ഭയവും ചെലവേറിയതിനാലുള്ള മടിയുമുണ്ട്. മീരയേയും സ്കാനിങ്ങിന് ഏറെ നിർബന്ധിക്കേണ്ടി വന്നു. സ്കാനിങ്ങിൽ ഇരട്ടക്കുട്ടികളാണെന്നു മനസ്സിലായി. ‘ഒരു കുഞ്ഞിനെ തന്നെ വളർത്താൻ മാർഗമില്ല അപ്പോഴാണ്..’ എന്ന് അവർ നിസ്സഹായരായി പറഞ്ഞു. അഞ്ചാം മാസമായപ്പോൾ വയർ ഏറെ വലുതായി. മീര നന്നേ മെലിഞ്ഞ കുട്ടിയാണ്. കാലുകളിൽ വലിയ തോതിൽ നീരും ഉണ്ട്. ഇരട്ടക്കുട്ടികളാകില്ല എന്നു മനസ്സിലായി. അഞ്ചാം മാസത്തിൽ സൗജന്യമായി സ്കാന്‍ ചെയ്യാൻ തീരുമാനിച്ചു. സ്കാനിങ്ങിൽ രണ്ടു കുട്ടികളുടെ സാന്നിധ്യം ദൃശ്യമായി. എന്നാൽ പെട്ടെന്ന് അതിനൊപ്പം മറ്റൊരു കുഞ്ഞിന്റെ അവ്യക്തരൂപം കൂടി തെളിഞ്ഞു. അങ്ങനെ ‘ട്രിപ്‌ലെറ്റ്’ ആണെന്നു തിരിച്ചറിഞ്ഞു. അങ്ങനെ മൂന്നു കുട്ടികൾ എന്ന ധാരണയിലെത്തി. എട്ടാം മാസത്തിന്റെ തുടക്കത്തിൽ തന്നെ മരുന്നും ഭക്ഷണവുമെല്ലാം സൗജന്യമായി നൽകാമെന്നു പറഞ്ഞു മീരയെ അഡ്മിറ്റാക്കി. അവളുടെ അച്ഛനെയും അമ്മയെയും വിവരമറിയിച്ചു. പക്ഷേ, അവർ വന്നില്ല. 11–ാം ദിവസം അർധരാത്രി വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നു. മീരയ്ക്കു വേദന തുടങ്ങിയിരിക്കുന്നു. ഞാൻ ഓടിയെത്തുമ്പോൾ മീര ലേബർ റൂമിലുണ്ട്. എന്റെ അസിസ്റ്റന്റ ് ഡോക്ടർ അവിടെയുണ്ട്. പ്രസവം പുരോഗമിക്കുന്നു. ആദ്യത്തെ കുഞ്ഞു പുറത്തു വന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞുങ്ങളും വന്നു– പെൺകുട്ടികളാണ്. മറുപിള്ള എടുക്കുന്നതിനുവേണ്ടി നീട്ടിയ എന്റെ കൈകളിലേക്ക് അതാ നാലാമത്തെ കുഞ്ഞ്. സ്കാനിൽ വെളിപ്പെടാതെ മറഞ്ഞിരുന്ന ആ കുഞ്ഞ് ഇന്നും കൗതുകമുള്ളൊരു ഒാർമയാണ്. അത് ആൺകുട്ടി ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞു. യാദൃശ്ചികമായി ഒരു ദിവസം മീരയെയും കുടുംബത്തെയും വഴിയില്‍ വച്ചു കണ്ടു. അച്ഛനും അമ്മയ്ക്കുമൊപ്പം ഒാമൽ പുഞ്ചിരിയോടെ നാലു മുഖങ്ങൾ. പിന്നീട് ആശുപത്രിയിൽ വരാതിരുന്നതു നിവ‍ൃത്തികേടുകൊണ്ടാണെന്നും അന്നു മിഠായി വാങ്ങി തരാനുള്ള മാർഗം പോലുമില്ലായിരുന്നുവെന്നും പറഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു. കുട്ടികൾ നന്നായി പഠിക്കുമെന്ന് അവൾ പറഞ്ഞു. സമ്മാനങ്ങളൊക്കെ നൽകിയാണ് ഞാൻ കുട്ടികളെ യാത്രയാക്കിയത്.

ഹേമ ജീവിതത്തിലേക്ക്

വർഷങ്ങൾക്കപ്പുറത്ത് ഒരു തിരുവോണദിനം. അന്ന് അയൽപക്കത്തുള്ള വ്യക്തി പെട്ടെന്നു വീട്ടിൽ വന്നു വിളിക്കുകയാണ്. അദ്ദേഹം ആകെ ഭയന്നിരിക്കുന്നു. ‘ഹേമയ്ക്കു തീരെ സുഖമില്ല. ഡോക്ടർ ഒന്നു വരാമോ? എന്നാണു ചോദിക്കുന്നത്. അവരുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. ‘ഹേമ പ്രഗ്‌നന്റായിരുന്നു ഡോക്ടർ’. ഞാൻ നോക്കുമ്പോൾ ഹേമ വിളറി വെളുത്തു കട്ടിലിൽ കിടക്കുകയാണ്. കിടക്ക രക്തത്തിൽ നനഞ്ഞിരിക്കുന്നു. അമിത രക്തസ്രാവമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഹീമോഗ്ലോബിൻ രണ്ടു ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലോപ്യൻ ട്യൂബ് പൊട്ടിയതാണ്. ട്യൂബിലായിരുന്നു ഗർഭധാരണം. പെട്ടെന്ന് അടിയന്തര ചികിത്സകൾ നൽകി. 27 വയസ്സുള്ള ഹേമയുടെ രണ്ടാം ഗർഭമായിരുന്നു അത്. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ്. പക്ഷേ അവർക്ക് എന്തോ ആ ഗർഭം ഉൾക്കൊള്ളാനായില്ല. അബോർട്ടു ചെയ്യാൻ ഞാൻ സമ്മതിക്കില്ല എന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ രഹസ്യമായി ഗർഭം അലസിപ്പിക്കുന്ന ഡോക്ടറെ തിരഞ്ഞുപോയി. പക്ഷേ കണ്ടെത്തിയത് വ്യാജ ഡോക്ടറെ ആയിരുന്നു. അദ്ദേഹം എന്തോ മരുന്നും നൽകി. പക്ഷേ, ഹേമയുടെ ഗർഭം ഫലോപ്യൻ ട്യൂബിലായിരുന്നു എന്നു മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മരുന്നു കഴിച്ചു ഗർഭം അലസിപ്പോകുന്നതിന്റെ ഭാഗമാണു രക്തസ്രാവം എന്നു ഭർത്താവും കരുതി. എന്നാൽ രക്തസ്രാവം നിലയ്ക്കാതായപ്പോൾ അദ്ദേഹം ആശങ്കയിലായി. ആശുപത്രിയില്‍ നടന്നതു ജീവൻ മരണ പോരാട്ടമായിരുന്നു. പത്തു ബോട്ടിലോളം രക്തം ഹേമയ്ക്കു നൽകേണ്ടി വന്നു എന്നാണ് ഒാർമ. എന്തായാലും ഹേമ ജീവിതത്തിലേക്കു തിരികെയെത്തി.

വായനയും എഴുത്തും

കർമമേഖലയിലെ ഒരു പ്രതിസന്ധി ഘട്ടത്തിലും എന്റെ മനസ്സു തളർന്നില്ല. ധൈര്യം നഷ്ടമായില്ല. 70 വയസ്സു വരെ സന്തോഷത്തോടെ ജോലി ചെയ്തു. തുടർന്നു ഭർത്താവിനെ ശുശ്രൂഷിക്കാനായി ജോലിയിൽ ഇടവേളയെടുത്തു. ഇപ്പോൾ വിശ്രമജീവിതമാണെങ്കിലും ചിട്ടയോടെയുള്ള ജീവിതശൈലി പാലിക്കുന്നുണ്ട്. രാവിലെ നാലരയ്ക്ക് ഉണരും. കാപ്പി കുടിച്ചിട്ട് ഒരു മണിക്കൂർ ഫ്ലാറ്റിന്റെ ഇടനാഴിയിലൂടെ നടക്കും. കുളി കളിഞ്ഞു നിറയെ വായന. ജേണലുകളിൽ എഴുതാറുണ്ട്. അടുത്തൊരു ക്ലിനിക്കിൽ ആഴ്ചയിൽ രണ്ടു ദിവസം അൽപസമയം കൺസൽറ്റേഷനും നടത്തുന്നു.

ചില സ്വപ്നങ്ങൾ അതിമനോഹരമായാണു സഫലമാകുന്നത്. ഡോ. ഭവാനിയുടെ കുഞ്ഞുന്നാളിലെ സ്വപ്നം പോലെ, ആ കൈകളിലൂടെ എത്ര കുരുന്നുകളാണു ജീവിതത്തിന്റെ മധുരം നുണയാൻ വന്നുചേർന്നത്. എത്ര തലമുറകൾക്കാണ് അവർ പ്രിയപ്പെട്ട ഡോക്ടറമ്മയായത്.

ADVERTISEMENT