വീടിന്റെ വിളക്കായി കുടുംബത്തെ ചേർത്തുപിടിക്കുകയും പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി തൊഴിൽമേഖലയിൽ തിളങ്ങുകയും ചെയ്യുന്ന സ്ത്രീകളുടെ കാലമാണിത്. ഈ ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യം അവർ പലപ്പോഴും അവഗണിക്കുകയാണു പതിവ്. അങ്ങനെ നാളുകൾ കടന്നു പോകവെ ജീവിതത്തിലെ നിശ്ശബ്ദമായ ഇടവേളകളൊന്നിൽ ആരും ക്ഷണിക്കാത്ത ഒരു അതിഥി കടന്നു വരാം – സ്തനാർബുദം.
അടുത്തിടെ ഒരു കോർപറേറ്റ് സ്ഥാപനത്തിൽ മൊബൈൽ മാമോഗ്രാം ക്യാംപു നടത്തി. 42 കാരി റീനുവും സഹപ്രവർത്തകർക്കൊപ്പം മാമോഗ്രാം ചെയ്യാൻ എത്തിയിരുന്നു. റീനു കൃത്യമായി സ്വയം സ്തനപരിശോധന നടത്തിയിരുന്നു. അതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണു തയാറായത്. സ്തനാർബുദത്തിന്റേതെന്നു കരുതുന്ന യാതൊരുവിധ ലക്ഷണങ്ങളോ കുടുംബപാരമ്പര്യ പശ്ചാത്തലമോ റീനുവിന് ഉണ്ടായിരുന്നില്ല. പക്ഷേ മാമോഗ്രാമിൽ അർബുദത്തിന്റെ സാധ്യതകൾ വെളിപ്പെടുത്തുന്ന ചില സൂചനകൾ തെളിഞ്ഞു. വലിയ ആശങ്കയിലേക്കു വഴിമാറിയ നിമിഷങ്ങൾ. അടുത്ത ദിവസം റീനു ബയോപ്സി ചെയ്തു. അത് ആദ്യഘട്ടത്തിലുള്ള സ്തനാർബുദമാണെന്നു സ്ഥിരീകരിച്ചു. ലക്ഷണങ്ങൾക്കായി റീനു കാത്തുനിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഏറെ വൈകുമായിരുന്നു. ആരംഭഘട്ടത്തിൽ സ്തനാർബുദം കണ്ടെത്തിയതിനാൽ കീമോതെറപ്പി പോലുള്ള ചികിത്സകൾ ഒഴിവാക്കാൻ റീനുവിനു സാധിച്ചു. സ്തനാർബുദമുണ്ടെന്ന യാഥാർഥ്യം ആഘാതമായെങ്കിലും തുടക്കത്തിലേ കണ്ടെത്തിയതിനാൽ പൂർണമായി ഭേദമാക്കാമെന്ന ആശ്വാസത്തിലാണു റീനുവും കുടുംബവും.
സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടാകുന്നതായി വിവിധ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. മലയാളിയുടെ മാറിയ ജീവിതശൈലി രോഗസാധ്യത കൂട്ടുന്നതായും വിദഗ്ധർ പറയുന്നു.
സ്തനാർബുദം– രോഗികൾ കൂടുന്നു
സ്തനങ്ങളിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണു സ്തനാർബുദം. സാധാരണയായി സ്തനങ്ങളിൽ പാലുൽപാദിപ്പിക്കുന്ന ഗ്രന്ഥികളിലോ (Lobules) അവയെ മുലക്കണ്ണുമായി ബന്ധിപ്പിക്കുന്ന നാളികളിലോ (Ducts) ആണ് ഈ അസാധാരണ കോശവളർച്ച ആരംഭിക്കുന്നത്.
ആഗോളതലത്തിലും ഇന്ത്യയിലും സ്തനാർബുദം വർധിക്കുന്നു എന്നു ലാൻസെറ്റ് ഒാങ്കോളജിയിൽ പ്രസിദ്ധീകരിച്ച സമീപകാലപഠനം വലിയ ആശങ്കകളിലേക്കു വിരൽ ചൂണ്ടുന്നു.
‘‘2023 ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 2.30 ദശലക്ഷം പുതിയ സ്തനാർബുദ രോഗികളുണ്ട്. വാർഷിക മരണസംഖ്യയാകട്ടെ 7,64,000. 2050–ൽ 3.5 ദശലക്ഷം രോഗികളായി ഇതു വർധിക്കാമെന്നു കണക്കാക്കപ്പെടുന്നു. വാർഷിക മരണനിരക്ക് ആകട്ടെ 1.4 ദശലക്ഷവും. ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം 2040 ആകുമ്പോഴേക്കും വർഷം തോറും 2.5 ശതമാനം മരണനിരക്കു കുറയ്ക്കണമെന്നാണ്. ’’ – എറണാകുളം മെഡിക്കൽ സെന്ററിലെ അർബുദചികിത്സകനും അർബുദഗവേഷകനുമായ ഡോ. അജു മാത്യു പറയുന്നു.
ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ ഏറ്റവുമധികം നിർണയിക്കപ്പെടുന്ന ഗർഭാശയഗള കാൻസറിനെയും മറികടന്നാണു സ്തനാർബുദത്തിന്റെ കുതിപ്പ്.
‘‘1990 ൽ ഒരു ലക്ഷം സ്ത്രീകളിൽ 13 സ്തനാർബുദ കേസുകൾ എന്നത് 2023 ആയപ്പോഴേക്കും ഒരു ലക്ഷം സ്ത്രീകൾക്ക് 29.4 എന്ന നിലയിൽ വർധിച്ചു. പ്രായം അടിസ്ഥാനമാക്കിയുള്ള മരണനിരക്കിലും വർധനവ് ഉണ്ടായിട്ടുണ്ട്– ഡോ. അജു വിശദമാക്കുന്നു.
ആഗോളതലത്തിൽ സ്ത്രീകളിൽ എട്ടുപേരിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്തു സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു.
സ്ത്രീകളിൽ ഏകദേശം 13 ശതമാനം പേർക്കു രോഗനിർണയ സമയത്തു തന്നെ മെറ്റാസ്‌റ്റാറ്റിക് ബ്രസ്‌റ്റ് കാൻസർ, അതായതു കാൻസർ സ്തനത്തിനു പുറത്തേക്കു പടർന്ന അവസ്ഥ കണ്ടെത്തുന്നു എന്നതാണു ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത. മിക്കവരിലും അസ്ഥിയിലേക്കു കാൻസർ പടർന്ന നിലയിലാണു കണ്ടെത്തുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ നിന്നു മനസ്സിലാകുന്നതു മിക്ക സ്ത്രീകളിലും കാൻസർ ഏറെ വൈകിയാണു കണ്ടെത്തുന്നത് എന്നാണ്. അതുകൊണ്ടു രോഗം ഗുരുതരാവസ്ഥയിലെത്തുന്നതിനു സാധ്യത കൂടുന്നു.
ഉയരുന്ന ആശങ്ക
കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ ജീവിതത്തിലും നിശ്ശബ്ദമായി സ്തനാർബുദത്തിന്റെ കടന്നുകയറ്റം നടക്കുകയാണ്. ഒരിക്കൽ അപൂർവമെന്നു കേട്ടിരുന്ന സ്തനാർബുദം ഇന്നു സംസ്ഥാനത്തു സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്നതാണ് ആശങ്കയുണർത്തുന്ന വസ്തുത.
സർക്കാർ പുറത്തിറക്കിയ ഇക്കണോമിക് റിവ്യൂ 2025 (Economic Review 2025 (Pages 364-366) കാൻസർ ഒരു പ്രധാന 'പൊതുജനാരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട് എന്നു വ്യക്തമാക്കിയിട്ടുണ്ട്. വർഷം തോറും 66,000 ൽ അധികം കാൻസർ രോഗികളെ പ്രതീക്ഷിക്കുന്ന സ്ഥിതിയാണിപ്പോൾ. ഇതിൽ സ്തനാർബുദത്തിന്റെ നിരക്കു വളരെ ഉയർന്നതാണ്. സ്ത്രീകളിൽ കാണുന്ന കാൻസറുകളിൽ 30.6% സ്തനാർബുദമാണ്. മരണനിരക്കാകട്ടെ,37.5 ശതമാനവും.
ഏഴുപേരിൽ ഒരാൾ
‘‘ആലുവയിലെ രാജഗിരി കാൻസർ സെന്ററിലെ കണക്കുകൾ പ്രകാരം, ചികിത്സ തേടിയെത്തുന്ന ഓരോ ഏഴു കാൻസർ രോഗികളിലും ഒരാൾ സ്തനാർബുദ ബാധിതയാണ്. സ്തനാർബുദത്തിന്റെ വ്യാപനം നമ്മുടെ തൊട്ടടുത്തെത്തി നിൽക്കുന്നു എന്നതിന്റെ വലിയ തെളിവാണിത് ’’–രാജഗിരി ഹോസ്പിറ്റലിലെ മെഡിക്കൽ ഒാങ്കോളജി ആൻഡ് ഹെമറ്റോ ഒാങ്കോളജി സീനിയർ കൺസൽറ്റന്റ ് ഡോ. സഞ്ജു സിറിയക്കും കമ്യൂണിറ്റി ഒാങ്കോളജി വിഭാഗത്തിലെ ഡോ. ടി. എസ്. അമൃതയും വ്യക്തമാക്കുന്നു.
കാരണങ്ങളറിയാം
കേരളത്തിലെ മാറിയ ജീവിതശൈലിയാണ് ഈ അർബുദ വർധനവിനു പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊഴുപ്പും സംസ്കരിച്ച ഭക്ഷണങ്ങളും അധികമടങ്ങിയ പാശ്ചാത്യ ഭക്ഷണരീതിയിലേക്കുള്ള മാറ്റം, വ്യായാമക്കുറവ്, ശാരീരിക അധ്വാനം കുറയുന്നതും അതു കാരണമുണ്ടാകുന്ന അമിതവണ്ണവും (Obesity), വൈകിയുള്ള വിവാഹവും പ്രസവവും, ആദ്യ പ്രസവം 30 വയസ്സിനു ശേഷമാകുന്നത് എല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. പല കാരണങ്ങളാൽ മുലയൂട്ടൽ കുറയുന്നതും ഒരു കാരണമാണ്. ഒരു തരത്തിൽ സ്തനാർബുദം ‘ലൈഫ്സ്‌റ്റൈൽ കാൻസറാ’യി മാറിയിരിക്കുന്നു.
കൂടുതൽ സാധ്യത ആർക്ക്?
സ്തനാർബുദത്തെക്കുറിച്ചുള്ള സംശയങ്ങളിൽ ഏറ്റവും പ്രധാനമാണ് ഇതു വരാൻ സാധ്യതയുള്ളവർ ആരെല്ലാം എന്നത്. കുടുംബത്തിൽ ആർക്കെങ്കിലും (ഉദാ. അമ്മ , സഹോദരിമാർ) സ്തനാർബുദം വന്നിട്ടുള്ളവർ (Genetic factors), പ്രസവിക്കാത്ത സ്ത്രീകൾ, ആർത്തവം നേരത്തേ തുടങ്ങുകയും (12 വയസ്സിനു മുൻപ്) വൈകി അവസാനിക്കുകയും (50 വയസ്സിനു ശേഷം) ചെയ്യുന്നവർ, ഹോർമോൺ ചികിത്സകൾ എടുക്കുന്നവർ, മദ്യപാനം, പുകയില ഉപയോഗം എന്നിവയുള്ളവർ– ഇവരെല്ലാം സ്തനാർബുദ സാധ്യതയുള്ളവരാണ്. എന്നാൽ യാതൊരു റിസ്ക് ഫാക്ടറുകളും ഇല്ലാത്തവർക്കും ഇന്നു സ്തനാർബുദം കണ്ടുവരുന്നുണ്ട് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. ‘‘ ജീവിതശൈലിയിൽ വന്ന പല മാറ്റങ്ങളും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മയും കടുത്ത മാനസിക സമ്മർദവും കാൻസറിനു കാരണമാകുമോ എന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ വിട്ടുമാറാത്ത മാനസികസമ്മർദവും (Chronic Stress) ഉറക്കമില്ലായ്മയും കാൻസറിനു നേരിട്ടു കാരണമാകും എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും കാൻസർ സാധ്യതകളെ സ്വാധീനിക്കുകയും ചെയ്യാം ’’– ഡോ. അമൃത വിശദമാക്കുന്നു.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
സ്വയം സ്തനപരിശോധനയിലൂടെ (Breast Self Examination) താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ പ്രധാനമാണ്. സ്തനത്തിലോ കക്ഷത്തിലോ ഉള്ള തടിപ്പുകൾ അല്ലെങ്കിൽ മുഴകൾ, സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ ഉണ്ടാകുന്ന മാറ്റം, മുലക്കണ്ണുകളിൽ നിന്നുള്ള രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവങ്ങൾ, മുലക്കണ്ണുകൾ ഉള്ളിലേക്കു വലിഞ്ഞു പോകുക (Nipple inversion), ചർമം ഓറഞ്ചിന്റെ തൊലി പോലെ കാണപ്പെടുന്നത് എന്നിവയാണവ.
മാമോഗ്രാം : മാറ്റാം ധാരണകൾ
പല സ്ത്രീകൾക്കും മാമോഗ്രാം ചെയ്യാൻ ഭയമാണ്. വേദനയുണ്ടാകുമോ എന്ന ചിന്തയാണ് ഇതിനു കാരണം. എന്നാൽ മാമോഗ്രാം വളരെ ലളിതവും സുരക്ഷിതവുമായ ഒരു എക്സ്റേ (X-Ray) പരിശോധനയാണ്. ഈ പരിശോധനയ്ക്കായി മാമോഗ്രാം മെഷീന്റെ രണ്ടു പ്ലേറ്റുകൾക്കിടയിൽ സ്തനം പതിയെ അമർത്തി വയ്ക്കുന്നു (Compression). വളരെ കുറഞ്ഞ അളവിലുള്ള എക്സ്റേ റേഡിയേഷൻ ഉപയോഗിച്ചു സ്തനത്തിന്റെ ചിത്രങ്ങൾ എടുക്കുകയാണിതിലൂടെ ചെയ്യുന്നത്. സ്തനം അമർത്തുമ്പോൾ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടാം.
സ്തനത്തിൽ ഒരു മുഴയായി വളരുന്നതിനും രണ്ടു മുതൽ മൂന്നു വർഷങ്ങൾക്കു മുൻപു തന്നെ സ്തനത്തിലെ കാൻസർ മാറ്റങ്ങൾ കണ്ടെത്താൻ മാമോഗ്രാമിനു (Mammogram) സാധിക്കും. ചെറിയ തടിപ്പുകൾ തൊട്ടു മനസ്സിലാക്കാൻ കഴിയില്ല, പക്ഷേ സ്കാനിങ്ങിലൂടെ ഇതു വ്യക്തമാകും. 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും വർഷത്തിലൊരിക്കൽ മാമോഗ്രാം സ്ക്രീനിങ്ങിനു വിധേയരാകുന്നതു ഗുണകരമാണ്. ‘‘ആർത്തവത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സ്തനങ്ങളിൽ സ്വാഭാവികമായും ചെറിയ വേദന ഉണ്ടാകാം. ആർത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ മാമോഗ്രാം ചെയ്യാനുള്ള ദിവസം തിരഞ്ഞെടുത്താൽ അസ്വസ്ഥത പരമാവധി ഒഴിവാക്കാം ’’– ഡോ. അമൃത വിശദമാക്കുന്നു. 40 വയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്തനങ്ങളിലെ കോശങ്ങൾ കൂടുതൽ സാന്ദ്രതയുള്ളതായിരിക്കും (Dense breasts). അതിനാൽ ഇവർക്കു മാമോഗ്രാം അത്ര ഫലപ്രദമാകണമെന്നില്ല. പകരം താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം.
∙അൾട്രാസൗണ്ട് സ്കാനിങ് (USG Breast): ചെറുപ്പക്കാരിൽ സ്തനങ്ങളിലെ മുഴകൾ കൃത്യമായി കണ്ടെത്താൻ ഏറ്റവും അനുയോജ്യം അൾട്രാസൗണ്ട് സ്കാനിങ് ആണ്. ഇതു സുരക്ഷിതവും വേദനയില്ലാത്തതുമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ചെയ്യാം.
∙ബ്രെസ്റ്റ് എംആർഐ (Breast MRI): കുടുംബത്തിൽ സ്തനാർബുദ പാരമ്പര്യമുള്ള ചെറുപ്പക്കാരായ സ്ത്രീകൾക്കു ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ കൃത്യതയ്ക്കായി എംആർഐ സ്കാൻ ചെയ്യാവുന്നതാണ്.
ഇങ്ങനെ കരുതുന്നുണ്ടോ?
∙ വേദനയില്ലെങ്കിൽ കാൻസർ അല്ല ! – സ്തനാർബുദത്തിന്റെ പ്രാരംഭഘട്ടത്തിൽ ഭൂരിഭാഗം പേർക്കും യാതൊരുവിധ വേദനയും ഉണ്ടാകാറില്ല. വേദനയില്ലാത്ത മുഴകളാണു കാൻസറിന്റെ പ്രധാന ലക്ഷണം. അതിനാൽ വേദനയില്ല എന്നു കരുതി മുഴകളെ അവഗണിക്കരുത്.
∙ കുടുംബത്തിൽ ആർക്കും ഇല്ല, എനിക്കു വരില്ല !
– സ്തനാർബുദം ബാധിക്കുന്നവരിൽ 85-90 ശതമാനം പേർക്കും അങ്ങനെയൊരു കുടുംബപാരമ്പര്യം (Family history) ഉണ്ടാകാറില്ല. സ്തനാർബുദം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്കു റിസ്ക് കൂടുതലാണെന്നു മാത്രം.
∙ ബയോപ്സി ചെയ്താൽ കാൻസർ പടരും
– മുഴ കാൻസർ ആണോ എന്ന് ഉറപ്പിക്കാൻ ബയോപ്സി അനിവാര്യമാണ്. ഇതുകൊണ്ടു കാൻസർ പടരില്ല. ഈ ധാരണകൾ മാറ്റേണ്ട സമയമായിരിക്കുന്നു.
തേടി വരും പരിശോധനകൾ
മൊബൈൽ മാമോഗ്രഫി യൂണിറ്റുകളിലൂടെ (Mobile Mammography) സ്ത്രീകളിലേക്കു നേരിട്ടെത്തി സ്ക്രീനിങ് ക്യാംപുകൾ നടത്തുന്ന പദ്ധതികൾ ഇന്നു വിവിധ ആശുപത്രികളുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി കാണാനാകും. ഇതിലൂടെ വിദൂര പ്രദേശങ്ങളിൽ പോലും മികച്ച പരിശോധനാ സൗകര്യങ്ങൾ എത്തിക്കാനാകുന്നു. അങ്ങനെ രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നു. തുടക്കത്തിൽ തന്നെ ചികിത്സ ലഭ്യമാക്കാനാകുന്നു.
‘‘സ്തനാർബുദ സ്ക്രീനിങ് എളുപ്പമാക്കുന്നതിനായി മൊബൈൽ മാമോഗ്രഫി യൂണിറ്റ് സജ്ജമാക്കി രാജഗിരി ഹോസ്പിറ്റൽ ‘ആരോഗ്യമിത്രം’ എന്നൊരു പദ്ധതി ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ ആരോഗ്യസൗകര്യങ്ങൾ മെച്ചപ്പെട്ടതിനാൽ കൂടുതൽ സ്ക്രീനിങ്, കൂടുതൽ രോഗനിർണയം, കൂടുതൽ റിപ്പോർട്ടിങ് ഇവ നടക്കുന്നുണ്ട്. ഇതും സ്തനാർബുദത്തിന്റെ നിരക്ക് ഉയർന്നതായി കാണിക്കുന്നു. വൈകിയ സ്‌റ്റേജിലുള്ള രോഗനിർണയവും ഗ്രാമപ്രദേശങ്ങളിൽ അവബോധം കുറയുന്നതും വെല്ലുവിളിയായി അവശേഷിക്കുന്നു. ’’
– ഡോ. സഞ്ജു സിറിയക്കും ഡോ. അമൃതയും പറയുന്നു.
ശരീരം നൽകുന്ന സൂചനകളെ ശ്രദ്ധിച്ച് ആവശ്യമായ പരിശോധനകൾ സ്വീകരിക്കുന്നത് ഒാരോ സ്ത്രീയും സ്വയം നൽകുന്ന കരുതലാണ്. അവബോധത്തിന്റെ വെളിച്ചവും മുൻകരുതലിന്റെ കരുത്തും ഉണ്ടെങ്കിൽ ഈ യാത്ര ഭയത്തിന്റേതല്ല, പ്രത്യാശയുടേതാണ്.