ADVERTISEMENT

എല്ലാവരും സാധാരണ രീതിയില്‍ ഭയത്തോടെ നോക്കിക്കാണുന്ന രോഗമാണ് അര്‍ബുദം. എന്നാൽ ഇന്നു വിവിധ സ്ക്രീനിങ് പരിശോധനകളിലൂടെ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുൻപേ തന്നെ അര്‍ബുദരോഗം കണ്ടുപിടിക്കാന്‍ സാധിക്കും. രോഗാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ നേരിയ രീതിയില്‍ പ്രകടമായാലും അതു സാരമാക്കാതെ പോകുന്നതാണ് കാന്‍സര്‍ രോഗനിര്‍ണയം വൈകുന്നതിന്റെ പ്രധാന കാരണം. രോഗം അവസാന ഘട്ടത്തില്‍ എത്തിയാല്‍ ശസ്ത്രക്രിയയിലൂടെയോ മരുന്നിലൂടെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയില്ല എന്നുള്ളതാണ് അര്‍ബുദത്തെ സംബന്ധിച്ചു വൈഷമ്യകരമായ ഒരു പ്രധാന വസ്തുത. രക്തബന്ധമുള്ള കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും അര്‍ബുദം ബാധിച്ചിട്ടുണ്ടെങ്കിലോ, അസാധാരണമായ ശാരീരിക മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കിലോ സ്ക്രീനിങ് പരിശോധനയ്ക്കു വിധേയരാകേണ്ടതാണ്.

ഗർഭാശയഗള അർബുദം 10 വർഷം മുൻപേ അറിയാം

ADVERTISEMENT

സ്ത്രീകളെ സംബന്ധിച്ചു കൂടുതലായും കണ്ടുവരുന്നതു സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയമുഖത്തെ (സെര്‍വിക്‌സ്) കാന്‍സര്‍, അണ്ഡാശയത്തിന്റെ അകത്തുള്ള കാന്‍സര്‍ എന്നിവയാണ്. ഇവയൊക്കെ തന്നെയും രോഗം ബാധിക്കുന്നതിനു മുൻപേ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉള്ളത് ഇന്ത്യയിലാണ്.

കേരളത്തിലെ ആരോഗ്യ സൂചികകള്‍ വളരെ മെച്ചപ്പെട്ടതുകൊണ്ട് രോഗികളുടെ എണ്ണം കേരളത്തില്‍ താരതമ്യേന കുറവാണ്. എന്നിരുന്നാലും കേരളത്തിലും അര്‍ബുദ രോഗനിര്‍ണയം നടക്കുന്നത് പ്രാരംഭഘട്ടത്തിലല്ല.

ADVERTISEMENT

കാന്‍സര്‍ സെർവിക്‌സ് വരുന്നതിനു 10 വര്‍ഷം മുൻപേ അത് കണ്ടുപിടിക്കാന്‍ സാധിക്കും. Ayer's spatula എന്ന ഉപകരണം വച്ച് ഗര്‍ഭാശയത്തിന്റെ മുഖത്ത് നിന്നു കോശങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നതിലൂടെ കാന്‍സര്‍ സര്‍വിക്‌സ് ഉണ്ടോ, അതിലേക്ക് നയിക്കുന്ന വ്യത്യാസങ്ങള്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കുന്നു. പരിശോധനാ ഫലം നോര്‍മല്‍ ആണെങ്കില്‍ മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും ഈ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 30 വയസ്സ് മുതല്‍ 65 വയസ്സ് വരെ പാപ് സ്മിയര്‍ പരിശോധന കൃത്യമായ ഇടവേളകളില്‍ (മൂന്ന് വര്‍ഷം കൂടുമ്പോള്‍) നടത്തേണ്ടതാണ്.

പരിശോധനാ ഫലം നോര്‍മല്‍ അല്ലെങ്കില്‍ രോഗിയെ കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ കാന്‍സര്‍ സെര്‍വിക്‌സിലേക്ക് നയിച്ചേക്കാവുന്ന കോശങ്ങളെ ഇലക്ട്രോ തെറാപ്പിയിലൂടെ എടുത്തുമാറ്റാന്‍ സാധിക്കുന്നു. അതിനുശേഷവും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്. ഇത്തരത്തില്‍ പരിശോധന നടത്തുന്നതിലൂടെ പ്രാരംഭഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം സാദ്ധ്യമാകുന്നു.

ADVERTISEMENT

തുടക്കത്തിലാണെങ്കിൽ സർജറി മതി

പ്രാരംഭ ഘട്ടത്തില്‍ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. കാന്‍സര്‍ അതിര്‍ത്തി ഭേദിച്ച് ഉള്ളിലെ കോശങ്ങളില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയയോ അതോടൊപ്പം കീമോതെറാപ്പി, റേഡിയോതെറപ്പി എന്നിവയോ ചെയ്ത് ആ രോഗിയുടെ ജീവിത ദൈര്‍ഘ്യം കൂട്ടാന്‍ സാധിക്കും. ഇതൊക്കെ സാദ്ധ്യമാകണമെന്നുണ്ടെങ്കില്‍ കൃത്യമായ പരിശോധനകളോടൊപ്പം ഗൈനക്കോളജിസ്റ്റ് കണ്‍സൽറ്റേഷനും നടത്തേണ്ടതാണ്.

കാന്‍സര്‍ സെർവിക്‌സിന്റെ ലക്ഷണങ്ങള്‍ വെള്ളപോക്ക്, ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ മാസമുറ കൂടാതെ ഇടയ്ക്ക് രക്ത പൊട്ടുകള്‍ കാണുക, ലൈംഗികബന്ധത്തിനുശേഷം രക്ത പൊട്ടുകള്‍ കാണുക എന്നിങ്ങനെയാണ്. യോനീഭാഗത്തോ ഗര്‍ഭാശയ മുഖത്തോ എന്തെങ്കിലും അണുബാധകള്‍ ഉണ്ടെങ്കിലോ ഇത്തരം രക്ത പാടുകള്‍ കാണാം. മാസമുറയ്ക്ക് ഇടയ്ക്ക് വരുന്ന രക്തസ്രാവം എപ്പോഴും കാന്‍സര്‍ ആയിരിക്കണമെന്നില്ല. എന്നാല്‍ അസാധാരണമായി വേദനയോ ചൊറിച്ചിലോ ഇല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വെള്ളപോക്ക് ഉണ്ടെങ്കില്‍ കാന്‍സര്‍ സെര്‍വിക്‌സ് ആണോ എന്ന് പരിശോധിക്കുക.

മാസമുറയിലെ വ്യത്യാസം ശ്രദ്ധിക്കണം

ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടെങ്കില്‍ മാസമുറയില്‍ വ്യത്യാസം വരിക, മാസമുറ നേരത്തെ വരിക, രക്തം വളരെയധികം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഈസ്ട്രജന്റെ അളവ് കൂടുമ്പോള്‍ ഗര്‍ഭാശയത്തിന്റെ അകത്തുള്ള പാട വളര്‍ന്നുകൊണ്ടിരിക്കുകയും ആര്‍ത്തവ സമയത്ത് രക്തസ്രാവം വളരെ കൂടുതല്‍ ആയിരിക്കുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്‍സൽറ്റ് ചെയ്യുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗര്‍ഭാശയത്തിന്റെ സ്‌കാന്‍ ചെയ്ത് ഗര്‍ഭാശയമുഖത്തിന്റെ അകത്തെ പാടയുടെ (Endometrium) ഘനം പരിശോധിച്ചു പ്രായത്തിനനുസരിച്ചുള്ള ഘനമേയുള്ളോ എന്നു മനസ്സിലാക്കേണ്ടതാണ്. അതില്‍ അസാധാരണമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ബയോപ്‌സിക്ക് വിധേയരാകേണ്ടതാണ്.

ബയോപ്‌സി ഫലത്തിന് അനുസൃതമായ ചികിത്സാരീതി തിരഞ്ഞെടുക്കാവുന്നതാണ്. ബയോപ്‌സി ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭാശയം എടുത്തുകളയുകയോ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരാവുകയോ ചെയ്യാവുന്നതാണ്.

ലക്ഷണങ്ങളില്ലാതെ ഒവേറിയൻ കാൻസർ

അണ്ഡാശയ കാന്‍സര്‍ രോഗികളില്‍ പിസിഒഡി ഉള്ളവര്‍, കൃത്യതയില്ലാത്ത മാസമുറ വരുന്നവര്‍, വണ്ണം കൂടുതല്‍ ഉള്ളവര്‍, പ്രമേഹമോ അമിത രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും അണ്ഡാശയ കാന്‍സറിന്റെ ചികിത്സയുടെ ചരിത്രം ഉള്ളവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

അണ്ഡാശയ കാന്‍സര്‍ ആണെങ്കില്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകില്ല എന്നതാണു ഖേദകരമായ ഒരു വസ്തുത. ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലാണ് ഇതു സാധാരണയായി കാണുന്നതെങ്കിലും ആര്‍ക്കുവേണമെങ്കിലും ഇത് വരാം. പ്രായത്തിനനുസരിച്ച് രോഗ തീവ്രത കൂടുന്നു.

ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ അണ്ഡാശ കാന്‍സര്‍ ബാധിക്കുമ്പോള്‍ ഉള്ള ലക്ഷണങ്ങള്‍ ആഹാരത്തോടുള്ള വെറുപ്പ്, വയറിനകത്ത് ഭാരം തോന്നുക, വിശപ്പില്ലായ്മ, ക്ഷീണം എന്നിങ്ങനെയാണ്. മാസമുറ കഴിയുന്ന സ്ത്രീകളില്‍ ഇത് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍ ആണെന്ന് കരുതി ഇവ അവഗണിക്കരുത്. 45 വയസ്സിനുശേഷം എല്ലാ സ്ത്രീകളും സ്‌ക്രീനിങ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. അണ്ഡാശയ കാന്‍സര്‍ പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ ഫലവത്തായ ചികിത്സ നല്‍കാന്‍ സാധിക്കുന്നു.

സ്തനാര്‍ബുദം കൂടുന്നു

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒന്നാണ് സ്തനാര്‍ബുദം. ഇതിന് വളരെ നൂതനമായ ചികിത്സ നിലവിലുണ്ട്. മുൻപ് അസുഖം ബാധിച്ച സ്തനം എടുത്തുകളയുകയാണു ചികിത്സാ മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നത്. ഇത് സ്ത്രീകളെ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിച്ചിരുന്നു. എന്നാല്‍ ഇന്ന് മറ്റു പല നൂതന ചികിത്സാരീതികളും ഉണ്ട്. രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുകയാണെങ്കില്‍ മുഴ മാത്രം എടുത്ത് കളഞ്ഞിട്ട് രോഗത്തിന്റെ ഘട്ടം അനുസരിച്ച് ആവശ്യമെങ്കില്‍ റേഡിയോ തെറാപ്പി, കീമോ തെറാപ്പി എന്നിവയ്ക്ക് വിധേയരാകാം.

ആരംഭ ഘട്ടത്തില്‍ രോഗം തിരിച്ചറിയുകയാണെങ്കില്‍ ലളിതമായ ചികിത്സയിലൂടെ രോഗശാന്തി നേടാന്‍ കഴിയും. എന്നാല്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ കണ്ടുപിടിക്കുമ്പോള്‍ അതിനനുസരിച്ച് ചികിത്സ ദുഷ്‌കരമാകുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിങ് പരിശോധനകള്‍ നടത്തേണ്ടതാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല.

എല്ലാ മാസവും സ്വയം പരിശോധന നടത്തുന്നതിന്റെ പ്രാധാന്യവും രീതിയും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഗര്‍ഭാശയ കാന്‍സര്‍, മാറിടത്തിലെ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവ പാരമ്പര്യമായും വരാന്‍ സാദ്ധ്യതയുള്ളതാണ്. അത്തരത്തില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഡോക്ടറോട് അത് തുറന്നു പറയേണ്ടതാണ്. രക്തപരിശോധനയിലൂടെ ജീന്‍ സ്റ്റഡി ചെയ്യുകയാണെങ്കില്‍ രോഗസാദ്ധ്യത മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു.

ഒരു പ്രായത്തിനുശേഷം രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത് അനിവാര്യമാണ്. അതിനെ പൈസ ചിലവുള്ള ഒരു പ്രക്രിയയായും ഭയത്തോടെയും നോക്കി കാണാതെ രോഗപ്രതിരോധ മാര്‍ഗ്ഗമായി കണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ പരിശോധനകള്‍ കൃത്യമായി നടത്തിയാല്‍ ആരോഗ്യകരമായ വിപത്തുകളില്‍ നിന്നും നമുക്ക് രക്ഷനേടാം.

English Summary:

Cancer screening plays a crucial role in detecting diseases before symptoms manifest. Early detection, particularly for cancers like cervical cancer, significantly improves treatment outcomes and survival rates. Regular screenings, such as Pap smears for cervical cancer and mammograms for breast cancer, are vital for women, especially those with a family history or unusual physical changes. While Kerala shows better health indicators, cancer diagnosis often occurs at later stages. Understanding the symptoms and undergoing timely medical consultations and checkups are paramount for preventing advanced-stage cancers and ensuring better health.

ADVERTISEMENT