ജീവിതമെന്നതു യാദൃച്ഛികതയുടെ ഒരു പാത മാത്രമല്ല. അതിസൂക്ഷ്മമായി ഒാരോ വ്യക്തിക്കും വേണ്ടി പ്രപഞ്ചം രൂപപ്പെടുത്തുന്ന ഒന്നാണെന്നു ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ? സഹജീവികളുടെ നോവുകാലങ്ങളിൽ അവരെ ചേർത്തു പിടിക്കുന്ന പലരും സമാനതകളോടെ ആ വേദനകൾ സ്വന്തം ജീവിതത്തിലും ഏറ്റു വാങ്ങാറുണ്ട്. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. എം. മാണിയുടെ മരുമകളായും രാഷ്ട്രീയ പ്രവർത്തകനും രാജ്യസഭാ പാർലമെന്റ് അംഗവുമായ ജോസ്. കെ. മാണിയുടെ ഭാര്യയുമായാണ് നിഷാ ജോസിനെ നാം അറിയുന്നത്. എന്നാൽ ഒരു സാമൂഹിക പ്രവർത്തകയായി നിഷ ഇവിടെത്തന്നെ ഉണ്ടായിരുന്നു. അർബുദ രോഗികൾക്കു മുടിയും വിഗ്ഗും ദാനം ചെയ്യുന്ന ഒരു കാരുണ്യപ്രസ്ഥാനത്തിലൂടെ നിഷ സാമൂഹ്യസേവനപാതയിലേക്കു 2013 ജൂൺ 19-നാണ് വരുന്നത്. ബോധവൽക്കരണ ക്യാംപുകളും ക്ലാസുകളുമായി അവരുടെ വേദനകൾക്കും ആശങ്കകൾക്കുമൊപ്പം നിഷയും സഞ്ചരിച്ചു. പത്തു വർഷങ്ങൾക്കിപ്പുറത്ത് 2023 ഒക്ടോബറിൽ അർബുദം തന്റെ ജീവിതത്തിലേക്കും എത്തിയെന്നു നിഷ അറിയുന്നുÐ വലതു സ്തനത്തിൽ അർബുദത്തിന്റെ ഒരു കുഞ്ഞുകണം.
പാലായിലെ വീട്ടിൽ രോഗത്തെക്കുറിച്ചുള്ള വൈകാരികതയിൽ ഉലഞ്ഞ്, ചിരി വാർന്നു പോയ ഒരാളെയല്ല കാണാനായത്. ആത്മധൈര്യം പകർന്ന ആനന്ദത്തിൽ കാൻസറിനെ തോൽപിക്കും എന്നു പറയുന്ന നിഷയേയാണ്- നിഷ മനസ്സു തുറക്കുന്നു
മാമോഗ്രാമിൽ ആദ്യ സൂചന
എല്ലാ സ്ത്രീകളേയും പോലെ ഞാനും ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ എത്ര തിരക്കിലും വർഷത്തിലൊരിക്കൽ കൃത്യമായി മാമോഗ്രാം ചെയ്യും. സ്വയം സ്തന പരിശോധനയും കൃത്യതയോടെ ചെയ്യും. ഒക്ടോബറിൽ ഡൽഹിയിലായിരുന്നപ്പോഴാണ് മാമോഗ്രാം ചെയ്യുന്നത്. കാൻസറസ് ആണ് എന്ന് അവർ പറയുകയായിരുന്നു. എട്ടു വർഷങ്ങൾക്കു മുൻപ് സ്വയം പരിശോധനയിൽ ഒരു സിസ‌്‌റ്റ് കണ്ടെത്തിയിട്ടുണ്ട്. അതു കാൻസറല്ല എന്നു കണ്ടെത്തിയിരുന്നു. ഓരോ വർഷവും മാമോഗ്രാം ചെയ്യുന്നതിന് മെഷീന്റെ അരികിലെത്തുമ്പോൾ ടെക്നീഷ്യൻസിനോടു ഞാൻ പറയും. നാലാം സ്‌റ്റേജ് വല്ലതും ആണെങ്കിൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല. ഇതുപോലൊരു നാണക്കേടില്ല എന്ന്. കാരണം സ്തനാർബുദം, നേരത്തെയുള്ള രോഗനിർണയം ഇവയുടെ ഭാഗമായി ഞാൻ ഒട്ടേറെ പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. പ്രസംഗിക്കുന്നതു ചെയ്തില്ലെങ്കിൽ എന്താണർത്ഥമുള്ളത്?
കാൻസർ വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. പാരമ്പര്യമായി സാധ്യത ഉണ്ടെങ്കിലും ഉറപ്പില്ലല്ലോ. മാമോഗ്രാമിൽ അർബുദ സൂചന കണ്ടപ്പോൾ എന്തുകൊണ്ട് ഞാൻ ? എന്നാണു ദൈവത്തോടു ചോദിച്ചത്. കണ്ണുകൾ നിറഞ്ഞതു പോലുമില്ല. നേരത്തെയുള്ള രോഗനിർണയം എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനാണ് എന്റെ രോഗം എന്നാണു ഞാൻ കരുതുന്നത്.
അമ്മച്ചിയും ഡാഡിയും
എന്റെ അമ്മച്ചിക്ക് ( ഡാഡിയുടെ അമ്മ) കാൻസർ വന്നിട്ടുണ്ട്. അമ്മച്ചി നല്ല മനക്കരുത്തുള്ള സ്ത്രീ ആയിരുന്നു. അമ്മച്ചിയുടെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിലായിരുന്നു ആശുപത്രിയിൽ നിന്നു സ്തനം നീക്കം ചെയ്ത് അമ്മച്ചി വീട്ടിലെത്തി. കാൻസറിന്റെ പേരിൽ അമ്മച്ചി ആരോടും ഒരു പരിഭവവും പറഞ്ഞില്ല. മുഖത്ത് ഒരു പുഞ്ചിരി നിലനിർത്തുകയും ചെയ്തു.
എന്റെ ഡാഡിക്കു നാവിൽ കാൻസർ ആയിരുന്നു. തിരുവനന്തപുരത്ത് റേഡിയേഷൻ ചികിത്സ കഴിഞ്ഞ് ഡാഡി ആലപ്പുഴ വരെ ഡ്രൈവ് ചെയ്യും. കാൻസറിനൊപ്പം ധീരമായി നില കൊണ്ട ഡാഡിയേയും അമ്മച്ചിയേയും കണ്ടു വളർന്നതിനാൽ കാൻസറിനെ ഞാൻ ഭയപ്പെട്ടില്ല. കാൻസർ എന്ന പദം എന്നെ ഒരിക്കലും അലോസരപ്പെടുത്തിയതുമില്ല.
ഉള്ളിൽ നിറയുന്നു ധൈര്യം
തുടർപരിശോധനകളായ അൾട്രാസൗണ്ട് സ്കാൻ , സിറ്റി സ്കാൻ ബയോപ്സി എല്ലാം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലാണു ചെയ്തത്. പരിശോധനകളെല്ലാം കഴിഞ്ഞ് ഞാൻ പല പരിപാടികളിലും പങ്കെടുത്തു. ഒരു ദിവസം രാവിലെ ഡൈ ടെസ്‌റ്റ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഛർദിച്ചു തളർന്നു. അന്ന് ഉച്ചയ്ക്കു തന്നെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തു. അവിടെ ഒരു വെഡ്ഡിങ് സിങ്ങറിനൊപ്പം ഞാൻ പാട്ടും പാടി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ എച്ച് ആർ കൺസൽറ്റന്റ് ആയിരുന്നു ഞാൻ. അവർ കാൻസർ സെന്റർ തുടങ്ങിയ കാലത്ത് ഒരു പാടു പ്രോഗ്രാമുകൾ അവർക്കൊപ്പം ചെയ്തിട്ടുണ്ട്. ലംപ് നീക്കുന്ന ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നടത്തിയത്. കീമോതെറപ്പി ചെയ്യേണ്ടതുണ്ടോ എന്നറിയുന്നതിന് ഒരു പരിശോധന കൂടി ചെയ്തു. സിംഗിൾ നോഡ്, ലംപ്, ഹോർമോൺ പൊസിറ്റീവ് എന്നതാണ് കാൻസറിന്റെ സ്ഥിതി. അതിനാൽ കീമോ ചെയ്യേണ്ടതില്ല. റേഡിയേഷൻ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. അതൊരു ശുഭ പ്രതീക്ഷയാണ്. ഇനി ചികിത്സ എവിടെ തുടരണം എന്നതിൽ തീരുമാ നത്തിലേക്ക് എത്തുന്നതേയുള്ളൂ. തനിച്ചാകുമ്പോഴെല്ലാം ഞാൻ ആലോചിക്കും, എനിക്കെന്താണ് ഇത്ര ധൈര്യം? മക്കൾ ഇടയ്ക്കു ചോദിക്കും- മമ്മ എന്താ സൂപ്പർ വുമണായോ എന്ന്.
എന്നെ കരയിച്ചത് കാൻസറല്ല
എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം കാൻസർ ബാധിച്ചതല്ല. അച്ചാച്ചന്റെ ( കെ. എം. മാണി) മരണമാണ്. ആ വേദനയിലാണു കരഞ്ഞത്, അതെന്നെ തകർത്തു കളഞ്ഞ ദുഃഖമാണ്. ആ കണ്ണീര് ഇപ്പോഴും തോർന്നിട്ടില്ല. അത്രയ്ക്കു സ്നേഹവും കരുതലും നൽകിയ ആളാണ്. അച്ചാച്ചന്റെ മരണശേഷം ഞങ്ങൾക്കെതിരെ പലരും പല ആരോപണങ്ങളും ഉന്നയിച്ചു. പല വാർത്തകളും പ്രചരിപ്പിച്ചു. അന്നു ഞങ്ങൾ കടന്നു പോയതു കടുത്ത മാനസിക സമ്മർദത്തിലൂടെയും വേദനയിലൂടെയുമാണ്. ആ സമ്മർദമാണ് എന്നിലേക്കു കാൻസറായി എത്തിയിരിക്കുന്നത് എന്നാണു ഞാൻ കരുതുന്നത്. സമ്മർദവും കാൻസറിനു കാരണമാണല്ലോ. ജീവിതത്തെ അടിമുടി തകർത്ത കണ്ണീരിന്റെ കൊടുമുടി കീഴടക്കി എനിക്കു വരാമെങ്കിൽ പിന്നെ കാൻസർ എന്നത് ഒന്നുമല്ല.
എന്റെ രോഗത്തെക്കുറിച്ച് അറിഞ്ഞു വിഷമിച്ചതെല്ലാം മറ്റുള്ളവരാണ്. എന്റെ അമ്മ കരഞ്ഞു തളർന്നു പോ യി. കുഞ്ഞുമാണി കരച്ചിലായിരുന്നു. പെൺമക്കൾ തളരാതെ പിടിച്ചു നിൽക്കുകയാണ്. ജോ (ജോസ് കെ.മാണി) എന്നത്തേയും പോലെ എന്നെ ചേർത്തുപിടിക്കുന്നു. ഒരു രോഗിക്ക് ഏറ്റവും അധികം വേണ്ടതു കുടുംബത്തിന്റെ പിന്തുണയാണ്. കുടുംബത്തിലെല്ലാവരും നൽകുന്ന സ്നേഹവും പരിഗണനയും വളരെ വലുതാണ്. വിഗ്ഗ് നൽകിയ രോഗികളുടെ മക്കൾ വിളിച്ചു. പരിചിതരും അപരിചിതരുമായ എത്രയോപേരാണ് സ്നേഹാന്വേഷണങ്ങളുമായി ഫോണിന്റെ മറുതലയ്ക്കലെത്തുന്നത്.
രാഷ്ട്രീയത്തിൽ എതിർചേരിയിൽ നിൽക്കുന്നവരും അ ന്വേഷിക്കുന്നു.െഎ ആം സോ ബ്ലെസ്ഡ്... ഇതിൽ കൂടുതൽ എന്താണ് എനിക്കു വേണ്ടത്.
നിറഞ്ഞ മനസ്സോടെ പോരാടണം
കാൻസർ സ്ഥിരീകരിച്ച സമയത്ത് , ഞാൻ ധീരമായ ഒരു തീരുമാനം കൂടി എടുത്തു. ഞാൻ ജോയോടു പറഞ്ഞു, ഞാൻ എന്റെ രോഗത്തെക്കുറിച്ചു ലോകത്തോടു തുറന്നു പറയാൻ പോകുകയാണ്. എനിക്ക് കാൻസർ രോഗി എന്ന വാക്കിന് ഒരു പുതിയ അർഥം നൽകണം. ഉള്ളിൽ വേദന അടക്കിപ്പിടിച്ച് കാൻസറിനോടു പോരാടുന്നവരുണ്ട്. എനിക്ക് അങ്ങനെ ആകേണ്ട. രോഗത്തെ പുഞ്ചിരിയോടെ സ്വീകരിച്ച്, അഭിമുഖീകരിച്ചു മുൻപോട്ടു പോകുന്ന ഒരാളാകണം. അതിന് ഞാൻ എന്റെ രോഗത്തെക്കുറിച്ചു ലോകത്തോടു പറയുകയാണ്.
ശസ്ത്രക്രിയയുടെ വേദനയും ബുദ്ധിമുട്ടുകളുമൊക്കെയുണ്ട്. വലതുകൈയിൽ ഇനി അധിക സമ്മർദം നൽകാനാകില്ല. എങ്കിലും ഞാൻ എന്റെ ജീവിതത്തെ വീട്ടിലടച്ചിടാൻ ഒരുക്കമല്ല. ഇപ്പോഴും തനിയെ ഡ്രൈവ് ചെയ്യുന്നു. പരിപാടികളിൽ പങ്കെടുക്കുന്നു. എന്റെ മനസ്സ് തളരാതെ ഇരിക്കണം എന്നതാണ് എന്റെ ലക്ഷ്യം. സാധാരണയായി കാൻസർ ചികിത്സയിൽ ബന്ധുക്കളാണു തീരുമാനങ്ങളെടുക്കുക. എന്റെ ചികിത്സയെക്കുറിച്ച് എനിക്കു
വ്യക്തമായ ധാരണകളും തീരുമാനങ്ങളുമുണ്ട്.
ഞാൻ വെള്ളമൊഴുകുന്നതു പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. എന്റെ വഴിയിൽ ആകസ്മികമായി വന്നുപെടുന്നവരാണ് ഒാരോരുത്തരും. എത്ര ദുരന്തങ്ങൾ സംഭവിച്ചാലും ജീവിതം മുൻപോട്ടു പൊയ്ക്കൊണ്ടേയിരിക്കും. ഞാനങ്ങനെയാണു വിശ്വസിക്കുന്നത്.
കാൻസർ സ്ഥിരീകരിച്ചപ്പോൾ ഉള്ളുലയാതെ ഇനി അടുത്തതെന്ത് എന്നു ധൈര്യപൂർവം ചിന്തിച്ചതിന്റെ കാരണം പിന്നീടാണു നിഷയ്ക്കു മനസ്സിലായത്. 356 കാൻസർ രോഗികളുടെ ജീവിതത്തോടു ചേർന്നായിരുന്നു നിഷയുടെ ജീവിതം. അവരുടെ ദുഃഖത്തോടു ചേർന്ന് ആ രോഗാവസ്ഥകളുടെ കാഠിന്യമെല്ലാം അന്നേ നിഷ മനസ്സിൽ സ്വീകരിച്ചതാണ്. അങ്ങനെ വരുമ്പോൾ ഇതിപ്പോൾ 357 -മത്തെ തവണയാണ്. മനസ്സിൽ നിന്നു ശരീരത്തിലേക്ക് അർബുദത്തിന്റെ പകർന്നാട്ടം എന്ന ഒരു വ്യത്യാസം മാത്രം.