Friday 22 December 2023 04:33 PM IST

കാന്‍സര്‍ ആണെന്നറിഞ്ഞത് മാമോഗ്രാമില്‍, നേരത്തെയുള്ള രോഗനിർണയം എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനാണ് എന്റെ രോഗം ...

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

nisha3233

ജീവിതമെന്നത് യാദൃച്ഛികതയുടെ ഒരു പാത മാത്രമല്ല. അതിസൂക്ഷ്മമായി ഒാരോ വ്യക്തിക്കും വേണ്ടി പ്രപഞ്ചം രൂപപ്പെടുത്തുന്ന ഒന്നാണെന്നു ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ? സഹജീവികളുടെ നോവുകാലങ്ങളിൽ അവരെ ചേർത്തു പിടിക്കുന്ന പലരും സമാനതകളോടെ ആ വേദനകൾ സ്വന്തം ജീവിതത്തിലും ഏറ്റു വാങ്ങാറുണ്ട്.

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. എം. മാണിയുടെ മരുമകളായും രാഷ്ട്രീയ പ്രവർത്തകനും രാജ്യസഭാ പാർലമെന്റ് അംഗവുമായ ജോസ്. കെ. മാണിയുടെ ഭാര്യയുമായാണ് നിഷാ ജോസിനെ നാം അറിയുന്നത്. എന്നാൽ ഒരു സാമൂഹിക പ്രവർത്തകയായി നിഷ ഇവിടെത്തന്നെ ഉണ്ടായിരുന്നു. അർബുദ രോഗികൾക്കു മുടിയും വിഗ്ഗും ദാനം ചെയ്യുന്ന ഒരു കാരുണ്യപ്രസ്ഥാനത്തിലൂടെ നിഷ സാമൂഹ്യസേവനപാതയിലേക്ക് 2013 ജൂൺ 19നാണ് വരുന്നത്. ബോധവൽക്കരണ ക്യാംപുകളും ക്ലാസുകളുമായി അവരുടെ വേദനകൾക്കും ആശങ്കകൾക്കുമൊപ്പം നിഷയും സഞ്ചരിച്ചു. പത്തു വർഷങ്ങൾക്കിപ്പുറത്ത് 2023 ഒക്ടോബറിൽ അർബുദം തന്റെ ജീവിതത്തിലേക്കും എത്തിയെന്നു നിഷ അറിയുന്നു. വലതു സ്തനത്തിൽ അർബുദത്തിന്റെ ഒരു കുഞ്ഞുകണം.

പാലായിലെ വീട്ടിൽ രോഗത്തെക്കുറിച്ചുള്ള വൈകാരികതയിൽ ഉലഞ്ഞ്, ചിരി വാർന്നു പോയ ഒരാളെയല്ല കാണാനായത്. ആത്മധൈര്യം പകർന്ന ആനന്ദത്തിൽ കാൻസറിനെ തോൽപിക്കും എന്നു പറയുന്ന നിഷയേയാണ്. നിഷ മനസ്സു തുറക്കുന്നു

മാമോഗ്രാമിൽ ആദ്യ സൂചന

എല്ലാ സ്ത്രീകളേയും പോലെ ഞാനും ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ എത്ര തിരക്കിലും വർഷത്തിലൊരിക്കൽ കൃത്യമായി മാമോഗ്രാം ചെയ്യും. സ്വയം സ്തന പരിശോധനയും കൃത്യതയോടെ ചെയ്യും. ഒക്ടോബറിൽ ഡൽഹിയിലായിരുന്നപ്പോഴാണ് മാമോഗ്രാം ചെയ്യുന്നത്. കാൻസറസ് ആണ് എന്ന് അവർ പറയുകയായിരുന്നു. എട്ടു വർഷങ്ങൾക്കു മുൻപ് സ്വയം പരിശോധനയിൽ ഒരു സിസ‌്‌റ്റ് കണ്ടെത്തിയിട്ടുണ്ട്. അതു കാൻസറല്ല എന്നു കണ്ടെത്തിയിരുന്നു. ഓരോ വർഷവും മാമോഗ്രാം ചെയ്യുന്നതിന് മെഷീന്റെ അരികിലെത്തുമ്പോൾ ടെക്നീഷ്യൻസിനോടു ഞാൻ പറയും. നാലാം സ്‌റ്റേജ് വല്ലതും ആണെങ്കിൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല. ഇതുപോലൊരു നാണക്കേടില്ല എന്ന്. കാരണം സ്തനാർബുദം, നേരത്തെയുള്ള രോഗനിർണയം ഇവയുടെ ഭാഗമായി ഞാൻ ഒട്ടേറെ പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. പ്രസംഗിക്കുന്നതു ചെയ്തില്ലെങ്കിൽ എന്താണർത്ഥമുള്ളത്?

കാൻസർ വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. പാരമ്പര്യമായി സാധ്യത ഉണ്ടെങ്കിലും ഉറപ്പില്ലല്ലോ. മാമോഗ്രാമിൽ അർബുദ സൂചന കണ്ടപ്പോൾ എന്തുകൊണ്ട് ഞാൻ ? എന്നാണു ദൈവത്തോടു ചോദിച്ചത്. കണ്ണുകൾ നിറഞ്ഞതു പോലുമില്ല. നേരത്തെയുള്ള രോഗനിർണയം എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനാണ് എന്റെ രോഗം എന്നാണു ഞാൻ കരുതുന്നത്...

( ലേഖനത്തിന്റെ പൂർണ രൂപം 2024 ജനുവരി ലക്കം മനോരമ ആരോഗ്യത്തിൽ വായിക്കാം.)

cover3234
Tags:
  • Manorama Arogyam