Saturday 04 March 2023 12:36 PM IST : By സ്വന്തം ലേഖകൻ

പെട്ടെന്ന് വണ്ണം കുറയ്ക്കുമ്പോൾ ശരീരം അയഞ്ഞു തൂങ്ങും; അയഞ്ഞ ചർമ്മം മുറുക്കാന്‍ ഇതാണ് പരിഹാരം

body-change-news

കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കുകയോ സൗന്ദര്യത്തെക്കുറിച്ചു വ്യാകുലപ്പെടുകയോ ചെയ്യാത്ത ആരുണ്ടാകും? മൂക്ക് അൽപം കൂടി നേരെയായിരുന്നെങ്കിൽ, നിറം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നിങ്ങനെ പലതരം ചിന്തകളാണ്. കാലം മാറിയതോടെ സൗന്ദര്യസങ്കൽപങ്ങളും അതിനായുള്ള മാർഗങ്ങളും മാറി. െെവദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ സൗന്ദര്യസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കുമുള്ള നൂതന ചികിത്സാരീതികൾ ഏറെയുണ്ട്.

സൗന്ദര്യചികിത്സ തേടുമ്പോൾ

സൗന്ദര്യ ചികിത്സയിൽ വേണ്ടത്ര യോഗ്യതകൾ ഉള്ള കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റിനെയാണ് ആദ്യം സമീപിക്കേണ്ടത്. പക്ഷേ, ഇന്നു ഡോക്ടർമാർ അല്ലാത്തവർപോലും ഇത്തരം ചികിത്സകൾ ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അലർജി മുതലുള്ള പാർശ്വഫലങ്ങളോ മറ്റ് സങ്കീർണതകളോ വരാനുള്ള സാധ്യത കൂടുതലാണെന്നുമാത്രമല്ല അതു പിന്നീട് കൈകാര്യചെയ്യാൻ കഴിയാതെയും വരും. അതിന്റെ ഫലം ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരുമിച്ചുള്ള നഷ്ടമാണ്. കൂണുപോലെ പൊങ്ങുന്ന പല പാർലറുകളും ക്ലിനിക്കുകളും തെറ്റായരീതിൽ വിവിധ ചികിത്സകൾ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക.

വെളുക്കാൻ നല്ല വഴിയുണ്ട്

നാം എങ്ങനെ കാണപ്പെടണം എന്നത് ഒാരോ വ്യക്തിയുടെയും തികച്ചും വ്യക്തിപരമായ ആഗ്രഹമോ വാസനയോ ആണ്. അത് ഒരിക്കലും മറ്റുള്ളവർക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അനുസരിച്ചാവരുത്. കറുപ്പുനിറം വ്യാകുലപ്പെടുത്തുന്നവർക്ക് നിറം വർധിപ്പിക്കാൻ കെമിക്കൽ പീലിങ്ങും ലേസർ ട്രീറ്റ്മെന്റും തുടങ്ങി ഗ്ലൂട്ടാത്തയോൺ അടങ്ങിയ വിവിധതരം മരുന്നുകളും കുത്തിവയ്പുകളുമെല്ലാം ലഭ്യമാണ്. പക്ഷേ, വെളുക്കുന്നതുകൊണ്ടു മാത്രം പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾ അവസാനിക്കാറില്ലല്ലോ? െവറുതെ വെളുക്കുന്നതിനെക്കാൾ കലകളും പാടുകളും ഇല്ലാത്ത തെളിമയുള്ള ചർമം ഉണ്ടാവുക എന്നതാണ് പ്രധാനം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത്തരം ചികിത്സകൾ ചെയ്യാം. ഒാരോരുത്തരുടെയും ആവശ്യമനുസരിച്ച് വിവിധതരം കെമിക്കൽ പീലിങ്ങുകളോ, ലേസർ ടോണിങ് ചികിത്സകളോ, ക്രീമുകളോ, ഗുളികകളോ, ഇൻജക്‌ഷനുകളോ തിരഞ്ഞെടുക്കാം. ഇവ എത്രകാലം എങ്ങനെ ഉപയോഗിക്കണമെന്നത് ഒാേരാരുത്തരുടെയും ചർമപ്രകൃതത്തിനനുസരിച്ചു വ്യത്യാസപ്പെടും.

ചർമത്തിനു നിറം നൽകാൻ ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തയോൺ അടങ്ങിയ മരുന്ന് പലരിലും പലതരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുക എന്നു മനസ്സിലാക്കിയിരിക്കണം. ചിലർ വെളുക്കാം. ചിലരിൽ വലിയ വ്യത്യാസമൊന്നും കാണില്ല. അത് അവരുടെ ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഏത് അളവിൽ എത്ര നാൾ ചികിത്സ ചെയ്യേണ്ടിവരും എന്നത് ഒാേരാ വ്യക്തിക്കും അനുസരിച്ചു വ്യതിയാനപ്പെടാം. അതിനാൽ ഇത്തരം മരുന്നുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരുകാരണവശാലും ഉപയോഗിക്കരുത്.

സൂര്യപ്രകാശം കരുതലോടെ

സൂര്യപ്രകാശത്തിൽ വർധിച്ചുവരുന്ന അൾട്രാവയലറ്റ് സാന്നിധ്യം ചർമത്തെ കരുവാളിപ്പിക്കുകയോ കറുത്ത പാടുകളും അലർജികളും വരുവാനോ ഇടയാക്കും. നമ്മൾ ഭൂരിഭാഗംപേർക്കും തവിട്ടുനിറമുള്ള ചർമമാണ്. തവിട്ടുനിറത്തിലുള്ള ചർമം വരണ്ടാലും തുടർച്ചയായ ഘർഷണം ഉണ്ടായാലും ആ ഭാഗം കറുപ്പുനിറമായി മാറാം.

സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷണം നേടുന്നതിന് സൺസ്ക്രീനുകളും ചർമവരൾച്ചയെ തടയുന്നതിനു ചർമപ്രകൃതിക്കനുസരിച്ചുള്ള മോയിസ്ച െെറസിങ് ക്രീമുകളും ഉപയോഗിക്കേണ്ടത് ചർമപരിരക്ഷണത്തിനു വളരെ അത്യാവശ്യമാണ്.

കണ്ണിനു ചുറ്റും കറുപ്പ്

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം വളരെ വ്യാപകമായി കാണുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. ഉറക്കമില്ലായ്മയും കംപ്യൂട്ടറുകളുടെയും ഫോണുകളുടെയും അമിത ഉപയോഗവും മൂലം കണ്ണുകൾക്കു ക്ഷീണവും കൺതടങ്ങൾക്ക് കറുപ്പുരാശിയും ഉണ്ടാവാം.

ക്രീമുകളും പീലിങ്ങും വഴി കൺതടങ്ങളിലെ കറുപ്പിനെ ചികിത്സിക്കാമെങ്കിലും കണ്ണുകൾക്ക് ആവശ്യമായ വിശ്രമം കൊടുക്കാനും നന്നായി ഉറങ്ങുവാനും ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ കൺതടങ്ങൾ കൂടുതലായി കുഴിഞ്ഞിട്ടുണ്ടെങ്കിൽ അതു കറുപ്പുനിറം കൂടുതൽ ഉള്ളതായി തോന്നിപ്പിക്കും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഫില്ലർ ഇൻജക്‌ഷൻ ഉപയോഗിച്ച് ആ കുഴിവുകൾ നികത്തുകയും ബോട്ടോക്സ് ഇൻജക്‌ഷനുകൾ ഉപയോഗിച്ചു കണ്ണിനു ചുറ്റുമുള്ള ചുളിവുകൾ മാറ്റുകയും ചെയ്താൽ കണ്ണിന്റെ സൗന്ദര്യം നിലനിർത്താൻ സാധിക്കും. കണ്ണിനു ചുറ്റുമുള്ള മൃദുചർമത്തെ സംരക്ഷിക്കാനുപകരിക്കുന്ന െഎ പാഡുകളും രക്തയോട്ടം വർധിപ്പിക്കാനുപകരിക്കുന്ന ക്രീമുകളുപയോഗിച്ചുള്ള മസാജുകളും ചെയ്യാവുന്നതാണ്.

കണ്ണിലുപയോഗിക്കുന്ന കോസ്മറ്റിക്കുകൾ തിരഞ്ഞെടുക്കുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അവ സ്ഥിരമായി പടർന്നു കൺതടങ്ങൾക്ക് അലർജിയും കറുപ്പുരാശിയും ഉണ്ടാക്കാം.

മുഖക്കുരുവും കുഴികളും

മുഖക്കുരു ഉണ്ടാക്കുന്ന കുഴികളും ചിക്കൻപോക്സോ ആക്സിഡന്റുകളോ മൂലമുണ്ടാകുന്ന കുഴികളും പാടുകളും മായാെത കിടക്കാറുണ്ട്. ഒരിക്കൽ കുഴി അഥവാ സ്കാർ ഉണ്ടായാൽ, ഒരു ചികിത്സയിലൂടെയും അവ പൂർണമായി മാറ്റാനാവില്ല. എന്നാൽ, പുതിയതരം ഫലവത്തായ ഫ്രാക്‌ഷനൽ ലേസർ ചികത്സകളും മീസോതെറപ്പിയും വഴി ഈ അടയാളങ്ങളെ നല്ലഅളവോളം മാറ്റാനാവും. പക്ഷേ, പല പ്രാവശ്യം െചയ്യേണ്ടിവരും എന്നുമാത്രം.പാടുകൾക്കനുസരിച്ചും ഒാേരാരുത്തരുടെയും ചർമപ്രകൃതിക്കനുസരിച്ചും എത്ര പ്രാവശ്യം ഈ ചികിത്സകൾ ചെയ്യേണ്ടിവരും എന്നതു വ്യത്യാസപ്പെട്ടിരിക്കും.

മുഖക്കുരു വന്നു തുടങ്ങുന്ന സമയത്തുതന്നെ ചികിത്സിച്ചാൽ മുഖക്കുരുവിനെ നിയന്ത്രിക്കാനും അതുമൂലം കുഴികളും പാടുകളും ഉണ്ടാവുന്നത് തടുക്കാനും സാധിക്കും. ആദ്യഘട്ടങ്ങളിൽ ക്രീമുകളും ഫേസ് വാഷുകളും ഉപയോഗിച്ചാണു ചികിത്സ. പ്രശ്നത്തിന്റെ വ്യാപ്തിക്കനുസരിച്ച് ഉപയോഗിക്കുന്ന മരുന്നുകളും ക്രീമുകളും വ്യത്യാസപ്പെടും. മരുന്നുകളും ക്രീമുകളും ഉപയോഗിച്ചു നിയന്ത്രിക്കാനാവാതെ വരുമ്പോൾ മുഖക്കുരുവിന്റെ ചികിത്സയിൽ കെമിക്കൽ പീലിങ്ങും ലേസർ ചികിത്സയും ഉപയോഗിക്കാറുണ്ട്.

അയഞ്ഞ ചർമം മുറുക്കാം

പ്രായം വർധിക്കുന്നതനുസരിച്ചു ചർമം അയഞ്ഞുതൂങ്ങുന്നതു പലരുടെയും പ്രശ്നമാണ്. ഈ അയഞ്ഞുതൂങ്ങലുകൾ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കൽ കൊണ്ടും വരാം. ഇതിനു പരിഹാരമായി ഇന്നു പലതരം ബോഡി ടൈറ്റനിങ് മെഷീനുകളും ഉപയോഗിക്കാറുണ്ട്. ഇവരിൽ ഹീറ്റ്, റേഡിയോ ഫ്രീക്വൻസി, അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ചു ചർമത്തിലെ കൊളാജനെ പാകപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇടവിട്ട് പല പ്രാവശ്യമായി ചെയ്യേണ്ടിവരും.

വ്യാപകമായി പ്രചാരത്തിലുള്ള മറ്റൊരു സ്കിൻ ടൈറ്റനിങ് ചികിത്സയാണ് ത്രെഡ് ലിഫ്റ്റ് (Thread Lift). ത്രെഡ് ലിഫ്റ്റ് ചികിത്സയിൽ ഒരു പ്രാവശ്യം ചികിത്സ ചെയ്യുമ്പോൾ തന്നെ പ്രകടമായ മാറ്റങ്ങൾ കാണാം. ഏതു ശരീരഭാഗത്തും ഈ ത്രെഡ് ലിഫ്ട് ചികിത്സ ചെയ്യാമെങ്കിലും സാധാരണയായി മുഖത്താണ് കൂടുതൽ ചെയ്യാറുള്ളത്. മരവിപ്പിക്കുന്ന ക്രീമുകൾ പുരട്ടി ചർമം മരവിപ്പിച്ച് ചർമത്തിൽ നിക്ഷേപിക്കുന്ന ഈ ത്രെഡുകൾ (നൂലുകൾ) ചർമത്തിനു മുറുക്കവും മിനുസവും നൽകുന്നു. ഒരു വർഷത്തോളം നിലനിൽക്കുന്ന ഈ ചികിത്സയുടെ ഫലം കുറയുന്നതനുസരിച്ചു പുതിയ ത്രെഡുകൾ നിക്ഷേപിച്ചു ചർമത്തിന്റെ മുറുക്കം നിലനിർത്താം.

ചുളിവുമാറ്റാൻ കുത്തിവയ്പ്

പ്രായമാകുന്നതനുസരിച്ചു ചർമം അയഞ്ഞുതൂങ്ങുന്നതോെടാപ്പം ചുളിവുകളും കുഴിവുകളും പ്രത്യക്ഷപ്പെടാറുണ്ട്. ബോട്ടുലിനം ഇൻജക്‌ഷൻ ഉപയോഗിച്ച് ഈ ചുളിവുകളെ ഇല്ലാതാക്കിയും ഫില്ലർ ഇൻജക്‌ഷനുകളുപയോഗിച്ചു കുഴിവുകളെ നികത്തിയും ചർമത്തിന്റെ ഭംഗിയും മുഖത്തിന്റെ വടിവുകളും നിലനിർത്താൻ സാധിക്കും. കൃത്രിമത്വം തോന്നിക്കാതെ വേണ്ട അളവിൽ വേണ്ടിടത്ത് അനുയോജ്യമായ ചികിത്സ ചെയ്തു സ്വാഭാവിക ഭംഗി നിലനിർത്തുക എന്നത് ഒരു കലയാണ്.നമ്മുടെ ആവശ്യം ഡോക്ടറോട് വ്യക്തമായി പറയാൻ ശ്രദ്ധിക്കണം.

ഹൈഡ്രാഫേഷ്യൽ

പ്രധാന വിശേഷാവസരങ്ങളിൽ തിളങ്ങുന്ന ചർമവുമായി പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്തവരാരുണ്ട്? ചർമത്തിനു തിളക്കം നൽകുന്ന പ്രത്യേകതരം പീലുകളും െെഹഡ്രാഫേഷ്യലുകളും ലേസർ ടോണിങ് ട്രീറ്റ്മെന്റുകളും ഇന്നു ലഭ്യമാണ്. ഇവ ഒാേരാരുത്തരുടെയും ചർമം മനസ്സിലാക്കി ആ ചർമത്തിനനുസരിച്ചു നിശ്ചിതമായ അളവിൽ വേണ്ടതുപോലെ ചെയ്താൽ ആരെയും അസൂയപ്പെടുത്തുന്ന ഫലം ലഭിക്കാം.

വാംപയർ‌ ഫേഷ്യൽ‌

അവരവരുെട ശരീരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ(പി ആർ പി) ഉപയോഗിച്ച് മുഖചർമത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി ചെയ്യുന്ന ചികിത്സയാണ് വാംപയർ ഫേഷ്യൽ. യഥാർഥത്തിൽ മുടിവളർച്ചയ്ക്ക് തലയിൽ ചെയ്യുന്ന പിആർപി ചികിത്സ പോലെയാണ് ഇത്. പക്ഷേ എല്ലാവരിലും ഇതു

കാര്യമായി പ്രയോജനം ചെയ്യില്ല.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മീര ജെയിംസ്

കൺസൽറ്റന്റ്
കോസ്മറ്റിക്
ഡെർമറ്റോളജിസ്റ്റ്,
ബോ ഏസ്തെറ്റികാ കോസ്മറ്റിക്
ഡെർമറ്റോളജി ക്ലിനിക്,  എറണാകുളം, കൊച്ചി