Wednesday 08 February 2023 02:42 PM IST : By സ്വന്തം ലേഖകൻ

‘എന്നതാടി ഉണ്ടാക്കി വച്ചിരിക്കുന്നത് കരിഞ്ഞുപോയല്ലോ’: കുറ്റം പറയുന്ന ഭർത്താക്കൻമാർ അറിയാൻ

father-joseph-4

ജീവിതത്തിൽ എന്തു സംഭവിക്കുമ്പോഴും നെഗറ്റീവ് കമന്റ് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്. മഴക്കാല ംവന്നാൽ പറയും എന്തൊരു മഴയാ, ചൂടുകാലത്ത് പറയും എന്തൊരു ആവിയാ... ഒാരോന്നും അതായിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാതെ നിഷേധാത്മകമായ കമന്റ് പറയുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാൻ ആവില്ല. ഇന്നു ലോകം മുഴുവൻ നെഗറ്റീവ് ഫീലിങ്സിന്റെ കാലമാണ്. പ്രത്യേകിച്ച് കോവിഡ് 19–ന്റെ പശ്ചാത്തലത്തിൽ.

നമ്മൾ നല്ല ജോളി മൂഡിലായിരിക്കുമ്പോൾ ഫോൺവിളി, ഇടപെടലുകൾ, സന്ദർശനങ്ങൾ ഒക്കെ നടത്താറുണ്ട്. പക്ഷേ, മൂഡ് ഔട്ടാകുമ്പോൾ രീതി മാറും. ഞാനോർത്തിട്ടുണ്ട്, ലോക്ഡൗൺ കാലത്ത് ഫോൺവിളിയും സ്നേഹാന്വേഷണങ്ങളും വളരെ കൂടുമെന്ന്. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. ആനാളുകളിൽ നമ്മൾ നമ്മളെത്തന്നെ വെറുത്തു. നമ്മൾക്ക് നമ്മെത്തന്നെ മടുത്തു. നമ്മൾ നമ്മോടു തന്നെ ഒരു അകൽച്ച പാലിച്ചുതുടങ്ങി. ഫോൺവിളിക്കാനെന്നല്ല, ഒന്നും ചെയ്യാൻ തോന്നുന്നില്ല. എന്തു ചോദിച്ചാലും പറയും ‘ഒരിതില്ല, ഏതാണ്ടെ പോലെ...’ ഈ രണ്ടു വാക്കുകൾ കൂടപ്പിറപ്പുകളായി മാറി.

കിട്ടാതെ പോയ ഒരു മാർക്ക്

നമ്മൾ എപ്പോഴാണ് നെഗറ്റീവ് കമന്റുകൾ പറയുക എന്നു ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടക്കേട് ഉള്ളിൽ വരുമ്പോഴാണ് നെഗറ്റീവ് കമന്റുകൾ പറയുക. ഇഷ്ടമാണോ, പ്രോത്സാഹനത്തിന്റെ കമന്റുകൾ പറയാൻ നമ്മൾ പഠിക്കും. ഒാർത്തുനോക്കുക. 100ൽ 99 മാർക്ക് വാങ്ങിയ കുട്ടിയോട് എവിടെപ്പോയെടാ ബാക്കി ഒരു മാർക്ക് എന്നു ചോദിക്കുന്നത് നെഗറ്റീവ് കമന്റാണ്. മോൻ ഇത്രയും മാർക്ക് വാങ്ങിച്ചല്ലോ , നന്നായി. പരിശ്രമിച്ചാൽ ഇതിലേറെ വാങ്ങിക്കാം എന്നു പറയുന്നതാണ് പൊസിറ്റീവ് കമന്റ്. ഭാര്യ നല്ലൊരു ഭക്ഷണം ഉണ്ടാക്കി വലിയ കാര്യമായി അതു വിളമ്പിവച്ചു. അപ്പോഴതാ ഭർത്താവ് പറയുന്നു–എന്നതാടി ഉണ്ടാക്കി വച്ചിരിക്കുന്നത്. കരിഞ്ഞുപോയല്ലോ, ഗുണമില്ലല്ലോ?

ഇതു കൊള്ളാം, അൽപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്ര മൂത്തുപോകാതെ നോക്കാമായിരുന്നു എന്നാണ് പറയുന്നതെങ്കിലോ? അവൾ അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധയോടെ വച്ചുവിളമ്പിയേനേ. ഒാർക്കുക.... ശാന്തമായും സൗമ്യമായും നമുക്കു വിമർശനങ്ങൾ നടത്താനാകും.

ചിലർ എപ്പോഴും നെഗറ്റീവേ പറയൂ. ചിലർ എന്തിലും പൊസിറ്റീവ് കണ്ടെത്തും. തൊലി വെളുത്ത ഒരുത്തൻ കല്യാണം കഴിച്ചത് ഇരുനിറമുള്ള ഒരു യുവതിയെ. ഒരു വർഷം കഴിഞ്ഞ് കുഞ്ഞു പിറന്നപ്പോൾ, കുഞ്ഞിന് കറുത്തനിറം. വേല വയ്ക്കുന്നവരും പാരവയ്ക്കുന്നവരുമൊക്കെ തക്കം നോക്കി ഇരിപ്പായിരുന്നു. അവർ പറഞ്ഞുകൊടുത്തു. നീ വെളുത്തത്, ഭാര്യയ്ക്ക് ഇരുനിറം. പിന്നെ കുഞ്ഞെങ്ങനെ കറുത്തുപോയി?

കേട്ടുനിന്ന യുവാവ് വളരെ ശാന്തമായി പറഞ്ഞു. ‘‘സ്നേഹിതരെ എന്റെ ഭാര്യയ്ക്ക് ഒരു സ്വഭാവമുണ്ട്. എന്തു കറി വച്ചാലും കരിച്ചുകളയും. ’’

ഇങ്ങനെ ഫലിതരൂപത്തിൽ വിമർശനങ്ങളെ അതിജീവിക്കാനായാൽ എത്ര നന്നായി.

മൂന്നു നിയമങ്ങൾ

ജീവിതം ഒരു യാത്രയാണ്. സന്തോഷത്തിന്റെ അനുഭവമുണ്ടാകും. സങ്കടത്തിന്റെ അനുഭവമുണ്ടാകും. എന്തുവന്നാലും അതിനെ ഒരേ മനസ്സോടെ സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തുക. ചെറിയ ഒരു ഇഷ്ടക്കേട് വരുമ്പോൾ പൊട്ടിത്തെറിക്കരുത്. ചെറിയ ആഹ്ളാദം വരുമ്പോഴേ മതിമറന്നു തുള്ളിച്ചാടുകയുമരുത്. അതുകൊണ്ടാണ് പറയുക. ജീവിതത്തിൽ ശ്രദ്ധിക്കേണ്ട മൂന്നു നിയമങ്ങളുണ്ട്. ഒന്ന്, നിരാശപ്പെട്ട് ഇരിക്കുമ്പോൾ തീരുമാനം എടുക്കരുത്. രണ്ട്. ഒരുപാട് കോപം വരുമ്പോൾ സംസാരിക്കരുത്. മൂന്ന്, അമിതമായ ആഹ്ളാദം വരുമ്പോൾ വാഗ്ദാനങ്ങൾ കൊടുക്കരുത്. അത് ജീവിതത്തിന്റെ സുവർണനിയമങ്ങളായി കാണണം. കോപത്തോടെ പറയുന്ന വാക്കുകൾ ബന്ധങ്ങളെ മുറിക്കും. ആനന്ദത്തിൽ അമിതമായ വാഗ്ദാനം കൊടുക്കരുത്. ഇതൊക്കെ ജീവിതത്തിൽ അനുവർത്തിക്കേണ്ട പക്വതയുടെ പാഠങ്ങളാണ്.

നന്മയെ കാണുക

ഒരു ആപ്പിൾ നമ്മൾ കാണുന്നു. ചെറിയ ഒരു കേട്. ബാക്കി മുഴുവൻ നല്ലത്. ഈ കേടിന്റെ പേരിൽ ആപ്പിളെടുത്ത് നമ്മൾ കളയുമോ? ഈ കേട് ചെത്തിക്കളഞ്ഞിട്ട് ബാക്കി ഭാഗം നമ്മൾ ഭക്ഷിക്കും. എന്നാൽ ഭാര്യയോടുള്ള സമീപനം, ഭർത്താവിനോടുള്ള സമീപനം, അയൽവാസികളോടുള്ള സമീപനം.... ഇവയിലൊക്കെ എന്താണ് നമ്മൾ ചെയ്യുക. ഒരുപാട് നന്മയുണ്ടെങ്കിലും ഒരു ചെറിയ തിന്മ കണ്ടുപിടിച്ചിട്ട് നന്മയെ തള്ളിക്കളയും. ആപ്പിളിനോടും മാങ്ങയോടും കാണിക്കുന്ന കരുണയെങ്കിലും മനുഷ്യരോട് കാണിക്കണ്ടേ?

എത്രയോ നന്മയുള്ളവളാണ് എന്റെ ഭാര്യ. അവളുടെ ആ നന്മകളുടെ മുൻപിൽ ചെറിയൊരു കുറവ്–അതിനു നേരേ അങ്ങ് കണ്ണടച്ചേക്കുക. എത്രയോ നന്മയുള്ളവനാണ് എന്റെ ഭർത്താവ്. ഒരുപാട് നന്മകൾക്കിടയിൽ മറഞ്ഞുകിടക്കുന്ന ആ കൊച്ചുകുറവ്, അതങ്ങ് മറന്നുകളഞ്ഞേക്കുക.

നന്മയെ കണ്ട്, തിന്മയെ കണ്ടില്ലെന്നു നടിക്കാൻ പഠിക്കുക. അങ്ങനെയുള്ളപ്പോഴാണ് ജീവിതത്തിൽ നല്ല മനുഷ്യരായി മാറാൻ പറ്റുക. ജീവിതം ആഹ്ളാദത്തിന്റേതായി മാറുക. അതിനു ശ്രദ്ധിക്കേണ്ട

മൂന്നു കാര്യങ്ങൾ പറയട്ടെ.

ഒന്ന്, തന്നോടുതന്നെ രമ്യതപ്പെടുക. താനായിരിക്കുന്ന അവസ്ഥയോട് രമ്യതപ്പെടുക. അതിനെതിരെ പരാതി പറയാതിരിക്കുക.

രണ്ട്, അപ്രിയ അനുഭവം തന്നവരുണ്ട്. മുറിപ്പെടുത്തുന്ന കമന്റ്, രൂക്ഷ വിമർശനം, വേദനിപ്പിക്കുന്ന വാക്കുകൾ...അതൊക്കെയോർത്ത് വികാരസ്ഫോടനം നടത്തുകയും അവർക്കെതിരെ ഉള്ളിൽ ആലോചനകൾ നടത്തുകയും ചെയ്താൽ തളരുന്നതു നമ്മളാണ്.

മൂന്ന്, ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങളുണ്ടാകുമ്പോൾ അതു വ്യാഖ്യാനിക്കാൻ പോകരുത്. അങ്ങനെയൊക്കെ നമ്മൾ ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ വന്നത്, ദൈവശാപമാണ്...എന്നൊന്നും കരുതരുത്. വേദനയുള്ള അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക.