Saturday 26 June 2021 05:22 PM IST

ചോറുൾപ്പെടെ എല്ലാം കഴിച്ച് 92 കിലോയിൽ നിന്നും 68 കിലോ ആയ അനുഭവം പങ്കുവച്ച് മീനാക്ഷി കിഷോർ

Asha Thomas

Senior Sub Editor, Manorama Arogyam

weightmeen4343

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് എന്നു പറയുമ്പോഴേ നാം സാധാരണ കേൾക്കുന്ന ഒരു ചോദ്യമാണ്, ഏതു ഡയറ്റാണ് നോക്കുന്നത് എന്ന്.... പ്രിയപ്പെട്ട വിഭവങ്ങളെല്ലാം ഒഴിവാക്കി ഏതെങ്കിലും പ്രത്യേക ഡയറ്റ് കർശനമായി പിൻതുടർന്നാലേ ശരീരഭാരം കുറയ്ക്കാനാകൂ എന്നൊരു മിഥ്യാധാരണ നമുക്കെല്ലാമുണ്ട്. എന്നാൽ തിരുവനന്തപുരം സ്വദേശി മീനാക്ഷി കിഷോർ 26 കിലോ കുറച്ചത് പ്രത്യേകിച്ചൊരു ഡയറ്റിന്റെയും കൂട്ടില്ലാതെയാണ്. അതെങ്ങനെയെന്ന് അറിയണ്ടേ? മീനാക്ഷിയുടെ അനുഭവം വായിക്കാം.

‘‘2018 ഒക്ടോബർ 28 നാണ് വണ്ണം കുറയ്ക്കാനുള്ള പരിശ്രമം ആരംഭിക്കുന്നത്. പാലക്കാട് ശാന്തിഗിരി ആയുർവേദ കോളജിൽ ആയുർവേദ വൈദ്യപഠനത്തിലായിരുന്നു ഞാൻ. ഭരതനാട്യം പരിശീലിക്കാറുണ്ടായിരുന്നെങ്കിലും വൈദ്യപഠനത്തിന്റെ സ്ട്രെസ്സിൽ തൽക്കാലത്തേക്ക് നൃത്തം അഭ്യസിക്കേണ്ടെന്നു വച്ചു. നൃത്തപരിശീലനം അവസാനിപ്പിച്ചതോടെ വണ്ണം കൂടിത്തുടങ്ങി. ഭാരസൂചി 92 കിലോയിലേക്കെത്തിയപ്പോഴേക്കും ശരീരം പണിമുടക്കിത്തുടങ്ങി. വല്ലപ്പോഴും ഒന്നു ചുവടുവയ്ക്കുമ്പോഴേ കിതച്ചുതുടങ്ങി. പല നല്ല ഡ്രസ്സുകളും പാകമാകാതിയ കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ രൂപം തന്നെ മാറിപ്പോയി.

സ്വന്തം ഡയറ്റ്

ഭാരം കുറയ്ക്കാൻ പ്രത്യേകിച്ചൊരു ഡയറ്റും വേണ്ട എന്നു തീരുമാനിച്ചു. ഒാരോരുത്തർക്കും കഴിക്കാൻ ഇഷ്ടമുള്ളതും വർക്ക് ആകുന്നതുമായ ഭക്ഷണം സ്വയം കണ്ടെത്തുന്നതാണ് നല്ലത്. അതാവുമ്പോൾ ഡയറ്റ് പാതിക്കു വച്ച് നിർത്തേണ്ടിവരില്ല. ഏതെങ്കിലും ഭക്ഷണം ഒഴിവാക്കുന്നതിനു പകരം, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് കുറയ്ക്കുക എന്ന ആരോഗ്യകരമായ മാർഗ്ഗമാണ് സ്വീകരിച്ചത്. അതുകൊണ്ടെന്താ, ചോറ് പോലും വേണ്ടെന്നു വയ്ക്കേണ്ടിവന്നില്ല. പക്ഷേ, മധുരവും മൈദയും രണ്ടു മാസത്തേക്ക് പൂർണമായി ഒഴിവാക്കി.

രാവിലെ സാധാരണ കഴിച്ചിരുന്ന ഭക്ഷണം തന്നെ അളവു കുറച്ചു കഴിച്ചുതുടങ്ങി. ഇഡ്‌ലി, ദോശ, ചപ്പാത്തി ...3–4 എണ്ണം കഴിച്ചിരുന്നത് രണ്ടെണ്ണമാക്കി. രാവിലെ ആറര–ഏഴു മണിക്ക് കോളജിലേക്ക് പോകാനിറങ്ങും. അതിനു മുൻപേ പ്രാതൽ കഴിക്കും. ഊണിനു മുൻപ് കോളജ് കാന്റീനിൽ നിന്ന് എന്തെങ്കിലും സ്നാക്സ് കഴിക്കും. എണ്ണപ്പലഹാരമല്ല, എള്ളുണ്ടയോ കടല മിഠായിയോ പോലെ ഹെൽതി ആയ എന്തെങ്കിലും. ഉച്ചയ്ക്ക് നിറയെ കറികൾ കഴിക്കും, ചോറ് വളരെ കുറച്ച് മാത്രം എടുത്ത് കറിപോലെ കഴിക്കും. രാത്രി ഭക്ഷണം മിക്കവാറും ചപ്പാത്തിയാണ്. വൈകിട്ട് ഏഴു മണി കഴിഞ്ഞാൽ ഒന്നും കഴിക്കില്ല.

ഇടനേരങ്ങളിൽ പുറത്തുനിന്നുള്ള എണ്ണപ്പലഹാരം കഴിക്കുന്ന രീതിയുണ്ടായിരുന്നു മുൻപ്. അതു നിർത്തി. കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ചു. അപ്പോഴും എണ്ണയിൽ മുക്കി വറുത്തവയൊക്കെ വേണ്ടെന്നു വച്ചു. വീട്ടിലിരിക്കുന്ന ദിവസം മാമ്പഴമോ ചക്കപ്പഴമോ ഒക്കെ ഒന്നു രണ്ട് കഷണം സ്നാക്സ് ആയി കഴിക്കും. അല്ലെങ്കിൽ ഒന്നോ രണ്ടോ ഡൈജസ്റ്റീവ് ബിസ്ക്കറ്റോ ആരോറൂട്ട് ബിസ്ക്കറ്റോ കഴിക്കും.

കറുവപ്പട്ട മാജിക്

ധാരാളം വെള്ളം കുടിക്കും അതു നേരത്തെ മുതലുള്ള ശീലമാണ്. വണ്ണമുള്ളപ്പോഴും വെള്ളം നന്നായി കുടിക്കുമായിരുന്നു. അതുകൂടാതെ ദിവസവും രണ്ട് ഗ്ലാസ്സ് ഗ്രീൻ ടീ കുടിച്ചിരുന്നു. കറുവപ്പട്ട പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ച് ആ വെള്ളം കുടിക്കുമായിരുന്നു. മിൽക്ക് ഷേക്കിലും ജ്യൂസിലും സൂപ്പിലുമൊക്കെ ഒരു ചെറിയ സ്പൂൺ കറുവപ്പട്ട പൊടി ചേർക്കും. രുചി കൂടുമെന്നു മാത്രമല്ല കൊഴുപ്പ് എരിക്കാനും കറുവപ്പട്ട നല്ലതാണ്.

ആദ്യത്തെ രണ്ടാഴ്ച നല്ല പ്രയാസം തോന്നിയിരുന്നു. പക്ഷേ, ഞാൻ ദിവസവും വെയിങ് മെഷീനിൽ നോക്കും. ഏതാനും ഗ്രാം ഭാരക്കുറവാണെങ്കിൽ പോലും അതു കാണുന്നത് വളരെ സന്തോഷം നൽകിയിരുന്നു. ആ സന്തോഷമായിരുന്നു മുന്നോട്ടുപോകാനുള്ള പ്രചോദനം.

dwqrqr

നൃത്തവും ബാഡ്മിന്റണും

നൃത്തപരിശീലനവും പുനരാരംഭിച്ചു. ഭരതനാട്യം ദിവസവും കുറച്ചു നേരം പരിശീലിക്കും. ഇല്ലെങ്കിൽ വെറുതെ ഒരു പാട്ട് വച്ച് മതിവരുവോളം നൃത്തം ചെയ്യും. ഇടയ്ക്ക് സൂംബാ മ്യൂസിക് വച്ച് കുറച്ചുനേരം തകർത്തു ചുവട് വയ്ക്കും. ചില ദിവസങ്ങളിൽ കുച്ചിപ്പുടിയും മോഹിനിയാട്ടവും പരിശീലിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ബാഡ്മിന്റൺ കളിക്കും.

അങ്ങനെ നൃത്തവും ഡയറ്റുമായി 74 കിലോയിലെത്തി. അപ്പോഴാണ് മിസ്സ് കേരള മത്സരത്തിന് അപേക്ഷിക്കുന്നത്. ഏകദേശം ഒരു മാസം കഴിഞ്ഞ് കൊച്ചി ലീ മെരിഡിയനിൽ വച്ചായിരുന്നു സെമി ഫൈനൽ. അപ്പോഴേക്കും ശരീരഭാരം 68 കിലോയായി കുറഞ്ഞിരുന്നു. 10 ദിവസം കഴിഞ്ഞ് ഫൈനൽ സ്േറ്റജിലെത്തിയപ്പോഴേക്കും ഒരു കിലോ കൂടി കുറച്ച് 67 കിലോയായി.

മത്സരമെല്ലാം കഴിഞ്ഞപ്പോഴേക്കും ലോക്‌ഡൗൺ വന്നു. വീട്ടിലിരിപ്പ് തുടങ്ങിയതോടെ വീണ്ടും ശരീരഭാരം കൂടിത്തുടങ്ങി. പക്ഷേ, ഇത്തവണ പിടിവിട്ടു പോകുംമുൻപേ ഡയറ്റും നൃത്തവുമായി ശരീരഭാരത്തെ ഈസിയായി വരുതിയിലാക്കാനായി. ഇപ്പോൾ വീണ്ടും 68 കിലോയിവലെത്തി. അഞ്ചടി ആറിഞ്ചാണ് ഉയരം. എന്റെ മാതൃകാ ശരീരഭാരത്തിനടുത്താണ് ഇപ്പോൾ.

ഇപ്പോൾ ഡയറ്റ് നോക്കലൊക്കെ വളരെ ഈസിയാണ്. എന്തു കഴ്ിച്ചാലാണ് അതു കൊഴുപ്പായി ശരീരത്തിൽ അടിയുക എന്നു നല്ല ധാരണയുണ്ട് ഇപ്പോൾ. അതനുസരിച്ച് കഴിക്കും. ചില ദിവസം ചീറ്റിങ് ഡേ ആണ്. അന്ന് ഒരു നിയന്ത്രണവും വയ്ക്കില്ല. പക്ഷേ, പിറ്റേന്നു നൃത്തം ചെയ്തോ ഡയറ്റിൽ ചില്ലറ നിയന്ത്രണം വച്ചോ ആ കാലറിയെ എരിച്ചുകളയും.

ധാരാളം പേർ ശരീരഭാരം കുറച്ചതിന്റെ രഹസ്യമറിയാൻ വിളിക്കുകയും മെയിൽ ചെയ്യുകയും ചെയ്യാറുണ്ട്. അവർക്കൊക്കെ എങ്ങനെ ഡയറ്റ് ക്രമീകരിക്കാം എന്നു പറഞ്ഞുകൊടുക്കും. ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ഒരു കോഴ്സ് പൂർത്തിയാക്കാറായി ഇപ്പോൾ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മാർഗനിർദേശങ്ങൾ സ്വാസ്ഥ്യ ബൈ മീനാക്ഷി എന്ന ഇൻസ്റ്റഗ്രാം പേജിൽ കാണാം. ഭാവിയിൽ ആയുർവേദത്തിന്റെ അടിസ്ഥാനത്തിലൂന്നി ഫിറ്റ്നസ്സ് ആൻഡ് വെൽനസ്സ് മേഖലയിൽ പ്രവർത്തിക്കണമെന്നാണ് സ്വപ്നം. ’’

സ്വപ്നങ്ങളെക്കുറിച്ച് പറയുമ്പോൾ അഴുകുള്ള ആ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കമുള്ള ചിരി വിടരുന്നു.

Tags:
  • Fitness Tips
  • Manorama Arogyam
  • Diet Tips