Thursday 16 June 2022 03:42 PM IST

പ്രായം മുപ്പതു തൊട്ടപ്പോഴേ മുഖം പ്രായമായവരുടേത് പോലെ; നിമിഷ നേരം കൊണ്ട് ആ പഴയ ചന്തം കിട്ടും; മാർഗങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

instant-beauty

രാവിലെ ഒാഫിസിൽ പോകാൻ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് മുഖമാകെ നീരു വന്ന് വീങ്ങിയപോലെ. തലേന്ന് ഒരുപാട് താമസിച്ച് ഉറങ്ങിയതിന്റെ പ്രശ്നമാണ്. ഇനി എന്തു ചെയ്യും? വിങ്ങിവീർത്ത മുഖവുമായി വന്ന് ‘നിനക്ക് എന്തുപറ്റി?’ എന്ന ചോദ്യം കേട്ട് മടുക്കാനൊന്നും പുതിയകാലത്തെ പെൺകുട്ടികളെ കിട്ടില്ല. നേരേ ഫ്രീസറിൽ നിന്ന് ഒരു ഐസ് കഷണം എടുക്കുന്നു ഒരു ടവലിൽ പൊതിഞ്ഞ് മുഖത്തു കൂടി ഒന്നു രണ്ടു തവണ തടവുന്നു. മുഖമതാ സൂപ്പർ ഫ്രഷ്... ഇങ്ങനെ നൊടിയിട കൊണ്ട് സുന്ദരിയാകാൻ സഹായിക്കുന്ന പൊടിക്കൈകളും ഇൻസ്റ്റന്റ് മേക്ക് ഒാവർ ടിപ്സും അറിയാം. ഒപ്പം വളരെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ സൗന്ദര്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ചികിത്സകളെക്കുറിച്ചും വായിക്കാം.

നിമിഷനേരം കൊണ്ട് സൗന്ദര്യം കൂട്ടാം

∙ രാവിലെ ചർമം മഞ്ഞുതുള്ളി പോലെ ഫ്രഷ്. പക്ഷേ, വൈകിട്ടാവുമ്പോഴേക്കും വരണ്ട് ജീവനറ്റ് പ്രായമായവരുടെ പോലെ. പോംവഴിയുണ്ട്. ഒഴിഞ്ഞ പെർഫ്യൂം ബോട്ടിലിൽ അൽപം റോസ് വാട്ടർ കരുതുക. ഇടയ്ക്ക് ഒന്ന് സ്പ്രേ ചെയ്യുക. റോസ് വാട്ടർ ചർമത്തിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തും, നീർവീക്കം കുറയ്ക്കും.

∙ അടക്കമൊതുക്കമില്ലാത്ത മുടിയാണ് നിങ്ങളുടേതെങ്കിൽ രാത്രി കിടക്കും മുൻപ് അൽപം ബേബി പൗഡർ മുടിയിൽ വിതറുക. പിറ്റേന്ന് ഒരു പ്രശ്നവുമില്ലാതെ മുടി ചീകിക്കെട്ടാം.

∙ നിമിഷനേരം കൊണ്ട് തിരമാല പോലെ ഒഴുകിക്കിടക്കുന്ന മുടി ആക്കണമെന്നുണ്ടോ?. ആദ്യം മുടി വേര് മുതൽ അറ്റം വരെ സിറമോ ജെല്ലോ പുരട്ടുക. എന്നിട്ട് മുടി മുകളിലേക്ക് ചീകി നെറുകയിൽ ലൂസ് ബൺ ആയി കെട്ടുക. എന്നിട്ട് ഒാഫിസിൽ പോകാൻ നേരം അഴിച്ചിട്ട് മൃദുവായി ചീകിയൊതുക്കുക. നല്ല കട്ടിയുള്ള വേവി ആയ മുടി റെഡി.

∙ വലിയ മേക്കപ് ഇല്ലാതെ ഒാഫിസിൽ വന്ന ദിവസം അപ്രതീക്ഷിതമായി ഒരു പാർട്ടിക്കു പോകേണ്ടി വന്നു എന്നുവയ്ക്കുക. മേക്കപ് കിറ്റ് ഇല്ലെങ്കിലും വിഷമിക്കണ്ട. ഒരൽപം കോംപാക്റ്റ് പൗഡർ എടുത്ത് മുഖം മിനുക്കുക. ഇനി ലിപ്സ്റ്റിക് എടുത്ത് കൺപോളകൾക്കു മീതെയും കവിളെല്ലുകളിലും ഒന്നോടിച്ചുപുരട്ടുക, ചർമത്തിലേക്ക് പതിയെ ബ്ലെൻഡ് ചെയ്ത് കൊടുക്കുക.

∙ പെട്ടെന്ന് ഒരു ഫങ്ഷൻ വന്നു. അണിയേണ്ടത് സ്‌ലീവ്‌ലസ് ഡ്രെസ്സാണ്. തോളിലെ ചർമം ആകെ കരുവാളിച്ച് പാണ്ട് പിടിച്ചിരിക്കുന്നു. ചർമത്തിന് ഇൻസ്റ്റന്റ് തിളക്കം കിട്ടണമെങ്കിൽ വഴിയുണ്ട്. നീളമുള്ള ഹാൻഡിൽ ഉള്ള ബ്രഷ് കൊണ്ട് ശരീരം മുഴുവൻ ബ്രഷ് ചെയ്യുക. ഇത് രക്തയോട്ടം കൂട്ടുമെന്നു മാത്രമല്ല ലിംഫാറ്റിക് ഡ്രെയിനേജ് മെച്ചപ്പെടുത്തും. താഴെ നിന്ന് ഹൃദയഭാഗത്തേക്ക്, മുകളിലേക്ക് വേണം ബ്രഷ് ചെയ്യാൻ. എന്നിട്ട് നന്നായി ഒന്നു കുളിക്കുക. ചർമം മൃദുവും പുതുമയുള്ളതുമാകും. ഇനി മേക്കപ് ഇടുമ്പോൾ തോളിൽ പാടുള്ളിടത്ത് കൺസീലർ പൊട്ടുപൊട്ടായി ഇട്ട് ചർമത്തിലേക്ക് ബ്ലെൻഡ് ചെയ്യുക.

∙ ഫിൽ‍റ്റർ കാപ്പി ഉണ്ടാക്കിയശേഷം മിച്ചം വന്ന തരികൾ അൽപം ഒലീവ് ഒായിലും ചേ ർത്ത് സ്ക്രബ് ആയി ഉപയോഗിച്ചാലും ചർമം തിളങ്ങും.

instant-beauty-1

∙ ആകെ ഉറക്കം തൂങ്ങിയ മട്ടാണോ? കണ്ണിന്റെ തൂങ്ങിയ ലുക്ക് മാറ്റാൻ കണ്ണിന്റെ മൂക്കിനോട് ചേർന്നുള്ള ഭാഗത്ത് അൽപം ലുമിനൈസർ പുരട്ടുക.

∙ മുടി ആകെ വരണ്ട് തിളക്കമറ്റ് കിടക്കുന്നെങ്കിൽ ചെറുചൂടുവെള്ളത്തിൽ കഴുകുക. തുടർന്ന് ഐസ് വാട്ടർ ഒഴിച്ച് ഈർപ്പം ഒപ്പിമാറ്റുക. ഇത് മുടിയുടെ ക്യൂട്ടിക്കിൾ അടച്ച് മുടിക്ക് തിളക്കം നൽകും.

∙ മാനിക്യൂർ ചെയ്യാൻ സമയം കിട്ടിയില്ലെങ്കിൽ നെയിൽ കട്ടറിനുള്ളിലെ ഉരയ്ക്കുന്ന ഭാഗം കൊണ്ട് നഖം പോളിഷ് ചെയ്യുക. തുടർന്ന് അൽപം മോയിസ്ചറൈസർ പുരട്ടി തിരുമ്മുക. മാനിക്യൂർ ചെയ്തതല്ലെന്ന് ആരും പറയില്ല.

∙ മുകളിലെ കൺപോളയിലെ അകത്തേ ഭാഗത്ത് ഇരുണ്ട ബ്രൗൺ നിറത്തിലുള്ള ലൈനർ ഉപയോഗിച്ച് എഴുതുക. ഇരുണ്ട തവിട്ടു ലൈനറും കണ്ണിന്റെ വെള്ളയും തമ്മിലുള്ള കോൺട്രാസ്റ്റ് മൂലം കണ്ണ് വിടർന്നതായി തോന്നും.

∙ പെട്ടെന്ന് മുടിക്ക് തിളക്കവും ഭംഗിയും വേണമെങ്കി ൽ ഷാംപൂ ചെയ്തശേഷം ആപ്പിൾ സിഡർ വിനഗർ‍ കൊണ്ട് കഴുകുക.

∙ മുപ്പതുകളിൽ എത്തിയപ്പോഴേക്കും ചർമം പ്രായമായവരുടെ പോലേയാകും ചിലരിൽ. ഇതു തടയാൻ ഷീറ്റ് ഫെയ്സ് മാസ്കുകൾ സഹായിക്കും. ഇത് മാസ്ക് പോലെ മുഖത്ത് ഒട്ടിക്കാം. ചർമം ജലാംശമുള്ളതും മൃദുവുമാക്കാൻ ഇവ സഹായിക്കും. ഒാരോ തരം ചർമത്തിനും പ്രത്യേക മാസ്കുകൾ ലഭ്യമാണ്.

∙ ചുണ്ട് വരണ്ടുണങ്ങുന്നതു സ്ഥിരം പ്രശ്നമായവർക്ക് അൾട്രാ ഹൈഡ്രേഷൻ വേണം. ഒരു രാത്രി മുഴുവൻ പുരട്ടി വയ്ക്കുന്ന തരം ലിപ് ബാമുകൾ ചർമത്തിലേക്ക് ആഴ്ന്നിറങ്ങി ചുണ്ട് മൃദുവും കോമളവുമാക്കും.

∙ അടുക്കളയിലെ പാത്രം കഴുകലും പുറത്തെ സൂര്യപ്രകാശവും ഏറ്റവും ദോഷം ചെയ്യുന്നത് കൈകൾക്കാണ്. പരുപരുത്ത, വരണ്ട കൈകളാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഹൈഡ്രേറ്റിങ് ഹാൻഡ് മാസ്ക് ഉപയോഗിക്കാം. ഇതൊരു ഗ്ലൗസ് പോലെ കയ്യിൽ കിടന്നുകൊള്ളും. ഇത് ഇട്ടുകൊണ്ട് സാധാരണ ജോലികളെല്ലാം ചെയ്യാം.

∙ പാദങ്ങൾ വിണ്ടുകീറി വരണ്ടിരിക്കുന്നത് വലിയ സൗന്ദര്യപ്രശ്നം ത ന്നെയാണ്. വരണ്ടുണങ്ങൽ തടയാൻ ഫൂട് മാസ്കുകൾ ലഭിക്കും. ഇനി അതിനു സമയമില്ലെങ്കിൽ രാത്രി അര മണിക്കൂർ നേരം ഉപ്പും നാരങ്ങാനീരും ഷാംപൂവും കലർത്തിയ വെള്ളത്തിൽ കാൽ മുക്കിവയ്ക്കുക. തുടർന്ന് സോപ്പും പ്യുമിക് സ്റ്റോണും ഉപയോഗിച്ച് ഉപ്പൂറ്റി ഉരച്ചു കഴുകുക. വിരലുകൾക്കിടയിലുള്ള ഭാഗവും നഖങ്ങളും പഴയ ടൂത് ബ്രഷ് കൊണ്ട് ഉരസി വൃത്തിയാക്കുക. എന്നിട്ട് ഫൂട് ക്രീമോ മോയിസ്ചറൈസറോ നല്ല കട്ടിയിൽ പുരട്ടി സോക്സ് ഇടുക. രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ പാദം സിൽക്കി സ്മൂത്ത്.

∙ കറുപ്പു പടർന്ന ചുണ്ടുകളാണെങ്കിൽ ലിപ്സ്റ്റിക് ഇ ട്ടാലും നിറം കൃത്യമായി കിട്ടണമെന്നില്ല. മാത്രമല്ല ചുണ്ടിന്റെ അരികുകളിലൂടെ കറുപ്പുനിറം പുറത്തേക്കു കാണും. ഒരു തുള്ളി ഫൗണ്ടേഷനോ കൺസീലറോ ചുണ്ടിൽ നന്നായി പുരട്ടിയ ശേഷം ലിപ്സ്റ്റിക് ഇടുക. ലിപ്സ്റ്റിക്കിന്റെ യഥാർഥ നിറം തന്നെ ലഭിക്കും.

∙ രാവിലെ മേക്കപ് ഇടാൻ കണ്ണാടിയുടെ മുൻപിൽ നിന്നപ്പോഴാണ് മുഖക്കുരു ചുവന്നു വിങ്ങി നിൽക്കുന്നത്. ഒരൽപം വാസ്‌ലിൻ എടുത്ത് മുഖക്കുരുവിന്റെ മുകളിൽ പുരട്ടുക. ഇത് ചുവപ്പു കുറയ്ക്കും.

∙ മസ്കാര ഇട്ടാലും കൺപീലികൾക്ക് ഒരു ജീവനില്ല എങ്കിൽ പീലികളിൽ ഒരൽപം ഗ്ലിസറിൻ പുരട്ടിയിട്ട് മസ്കാര ബ്രഷ് കൊണ്ട് ഒന്നു തടവുക. തിളങ്ങുന്ന കറുത്തുവളഞ്ഞ പീലികൾ റെഡി. പീലികളിൽ ബ്രഷ് കൊണ്ട് അൽപം ടാൽകം പൗഡർ ഇട്ടിട്ട് മസ്കാരയിട്ടാലും പീലികൾക്ക് കൂടുതൽ കട്ടി തോന്നും.

∙ മുടിക്ക് തിളക്കമില്ല എങ്കിൽ ഒരു പയർമണിയുടെയത്രയും ബേബി ഒായിൽ എടുത്ത് മുടിയുടെ പുറമെയും അഗ്രങ്ങളിലും പുരട്ടുക. ഇനി മുടി 10 മിനിറ്റ് ചുറ്റിക്കെട്ടി വച്ചശേഷം നന്നായി ചീകിയിടുക.

∙ കണ്ണ് കരഞ്ഞപോലെ വീങ്ങിയിരുന്നാൽ ടീ ബാഗ് നനച്ച് 5–10 മിനിറ്റ് കണ്ണിനു മുകളിൽ വയ്ക്കുക.

∙ എപ്പോഴും മുഖത്ത് എണ്ണ കിനിയുന്നത് പരിഹരിക്കാൻ വഴിയുണ്ട്. യാത്രാവേളകളിലും ഒാഫിസിൽ പോകുമ്പോഴും ഒന്നോ രണ്ടോ ബ്ലോട്ടിങ് പേപ്പർ കരുതുക. ഇതുകൊണ്ട് അധികമുള്ള എണ്ണ ഒപ്പിയെടുക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അഞ്ജന മോഹൻ-കൺസൽറ്റന്റ് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ്, സ്കിൻ സീക്രട്ട്സ് ക്ലിനിക്, ഇടപ്പള്ളി, കൊച്ചി

ശിവ-മേക്കപ് ആർട്ടിസ്റ്റ്, തൃശൂർ